Wednesday 14 November 2018 10:05 AM IST : By സ്വന്തം ലേഖകൻ

മക്കളെ മരണം തട്ടിയെടുത്തത് നാല് വർഷം മുമ്പ്; കണ്ണീരുറഞ്ഞ വീട്ടിൽ സന്തോഷം വിതറി ഈ രണ്ട് പാൽച്ചിരികൾ

twins

ചേർത്തല ∙ ആലപ്പുഴ വട്ടയാൽ വട്ടത്തിൽ വീട്ടിൽ‍ ദുഃഖസ്മൃതികൾക്കു മീതേ രണ്ടു പാൽച്ചിരികൾ പുനർജനിച്ചു – അനൂപും അനുഗ്രഹയും. നാലു വർഷം മുൻപുണ്ടായ അപകടത്തിൽ മരിച്ച അനുവിന്റെയും അനുഷയുടെയും മാതാപിതാക്കൾക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾ. മകനും മകളും നഷ്ടപ്പെട്ട വി.എസ്.വിൽസനും (46) വിമലയ്ക്കും (39) ഓഗസ്റ്റ് 3നു ജനിച്ചതും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.

2014 ജൂൺ 30നു കായംകുളം കരീലക്കുളങ്ങരയിലായിരുന്നു വിൽസനും വിമലയ്ക്കും പൊന്നോമനകളുൾപ്പെടെ 6 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട അപകടം. വിൽസനും വിമലയും മരണമുഖത്തുനിന്നു രക്ഷപ്പെട്ടതാണ്. മകൻ അനു (10), മകൾ അനുഷ (5), വിമലയുടെ പിതാവ് സേവ്യർ, മാതാവ് അലോഷ്യാമ്മ, സഹോദരൻ ആന്റണി സേവ്യർ, ആന്റണിയുടെ ഭാര്യ ടെൽമ റോസ് എന്നിവരാണ് അന്നു മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ആന്റണിയുടെ സുഹൃത്തിന്റെ കാറിൽ കൊല്ലത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. വിൽസന്റെ വലതുകാലും ഇടതുകൈയും ഒടിഞ്ഞു. താടിയെല്ലും വാരിയെല്ലും തകർന്നു. വലതു കണ്ണിന്റെ കാഴ്ച പോയി. ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു. തല നെടുകെ പിളർന്ന വിമല ജീവിതത്തിലേക്കു മടങ്ങിവരുമെന്ന് ഡോക്ടർമാർക്കു പോലും ഉറപ്പില്ലായിരുന്നു. നിശ്ചയദാർഢ്യമായിരുന്നു ഏറ്റവും വലിയ മരുന്ന്. രണ്ടു വർഷംകൊണ്ട് അവർ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. അപ്പോഴും മക്കളുടെയും ഉറ്റവരുടെയും വേർപാടിൽ അവർ നീറുകയായിരുന്നു.

ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തിനു തടസ്സമുണ്ടായിരുന്നു. വിമല പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നതാണ്. ആഗ്രഹം ഉപേക്ഷിക്കാൻ മനസ്സു വന്നില്ല. ഐവിഎഫ് ചികിത്സയിലൂടെ വീണ്ടും ഗർഭം ധരിക്കാൻ തീരുമാനിച്ചു. അതിനുള്ള ഭാരിച്ച ചികിത്സാ ചെലവു താങ്ങാൻ കഴിയുമായിരുന്നില്ല. ചേർത്തലയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു. എല്ലാം ശുഭകരമായി. വട്ടത്തിൽ വീട് ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുടെ ചിരിയിൽ ത്രസിക്കുകയാണ്. 

More