Monday 28 November 2022 01:06 PM IST : By ബിജു കുളങ്ങര

റസ്റ്റ് റൂമില്‍ വിശ്രമിക്കുന്നതിനിടെ അസ്വസ്ഥത; ജോലിക്കിടയിൽ ഹൃദയാഘാതം സംഭവിച്ചു യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

shaji6644vhj

ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു യുകെയിൽ മലയാളിക്ക് ആകസ്മിക മരണം. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കെ.എം. മത്തായിയുടെ മകൻ ഷാജി മാത്യു(46) ആണു മരിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ഷാജി കുടുംബസമേതം യുകെയില്‍ എത്തിയത്. ഭാര്യ ജൂബി ഷ്രൂസ്ബറി ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏഴും 11ഉം വയസുള്ള നെവിന്‍ ഷാജിയും കെവിന്‍ ഷാജിയുമാണ് മക്കള്‍.

വെള്ളിയാഴ്ച പതിവുപോലെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു  ഷാജി. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയിൽ ബ്രേക്ക് എടുത്തു റസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വസ്ഥത തോന്നിയത്. തുടർന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളികള്‍ എത്തുകയും സിപിആര്‍ കൊടുക്കുകയും ചെയ്തു. ആംബുലന്‍സ് ടീമും സ്ഥലത്തെത്തി. വെറും അഞ്ചു മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് ശനിയാഴ്ച അതിരാവിലെ മരണം സംഭവിച്ചു.

കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഷാജിക്ക് ഉണ്ടായിരുന്നില്ല. ഷ്രൂസ്ബെറി മലയാളി അസോസിയേഷന്‍ അംഗമായ ഷാജി മാത്യു മലയാളി സമൂഹത്തില്‍ വളരെ സജീവമായിരുന്നു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുറിയക്കോസ് യക്കോബായ സുറിയാനി പള്ളി അംഗമായിരുന്നു ഷാജിയും കുടുംബവും. മാതാവ്: സൂസൻ, സഹോദരങ്ങൾ: സിനി, സിബു. സംസ്കാരം പിന്നീട്.

Tags:
  • Spotlight