Thursday 28 March 2024 11:36 AM IST

‘തെളിവിന് ബാക്കിയുണ്ടായിരുന്നതു അവളുടെ കുഞ്ഞിപ്പാവയാണ്, അതിനു നാവുണ്ടായിരുന്നെങ്കിൽ’: കണ്ണീർ തോരാതെ വണ്ടിപ്പെരിയാർ

Binsha Muhammed

vandipperiyar-1

അന്നും നിർത്താതെ മഴ പെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ്, വെള്ളത്തുണിയിൽ പൊതിഞ്ഞ മകളുടെ കുഞ്ഞുടൽ നെഞ്ചോടു ചേർത്തു പിടിച്ച് ആ അച്ഛൻ ചെളിപുതഞ്ഞ കല്ലിട്ട പാതയിലൂടെ നടന്നു. കിലുക്കാംപെട്ടി പോലെ തുള്ളിക്കളിച്ച്, അയല്‍പക്കങ്ങളില്‍ എല്ലാവരുടേയും പൊന്നോമനയായിരുന്ന ‘രാസാത്തി’ കണ്ണടച്ച്, ഉറക്കത്തിലെന്നവണ്ണം ആ െെകകളില്‍ കിടന്നു.

രണ്ടു വർഷത്തിനു ശേഷം, വണ്ടിപ്പെരിയാർ ചുരക്കുളം ലയത്തിലേക്കുള്ള ചെമ്മൺപാതകൾ താണ്ടി ഞങ്ങളെത്തുമ്പോഴും ഉണ്ടായിരുന്നു മഴപ്പെയ്ത്ത്. ആറു വയസ്സുള്ള കുരുന്നിനെ നിർദാക്ഷിണ്യം ഞെരിച്ചുടച്ചു കളഞ്ഞ കേസിലെ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടതിന്റെ രണ്ടാം ദിവസം. കരഞ്ഞു കണ്ണീര്‍ വറ്റിയ വണ്ടിപ്പെരിയാറിലെ അമ്മയെ കാണാൻ, കണ്ണീരിന്റെ വടുക്കള്‍ പേറുന്ന മറ്റൊരമ്മയും ഞങ്ങളോെടാപ്പമുണ്ടായിരുന്നു. ഒറ്റമുറി ഷെഡിൽ വെറും മാസങ്ങളുടെ ഇടവേളയിൽ സ്വന്തം കുഞ്ഞുങ്ങൾ മരണത്തിന്റെ കയറിൽ തൂങ്ങിയാടുന്നതു കാണേണ്ടി വന്ന ‘നിർഭാഗ്യവതിയായ’ വാളയാറിലെ അമ്മ.

ആശ്വാസവാക്കുകൾ മുഴുമിപ്പിക്കും മുന്‍പേ ഒരമ്മയുടെ സാരിത്തലപ്പിനെ മറ്റേയമ്മയുടെ കണ്ണീർ നനച്ചു. വാക്കുകൾ മുറിഞ്ഞു പോയപ്പോൾ പിന്നെയും പിന്നെയും ആ നെഞ്ചിലേക്കു ചാഞ്ഞു. കണ്ണീരിന്റെ ഇരുനദികളൊരുമിച്ചു സങ്കടക്കടലായി മാറിയ നിമിഷമായിരുന്നു അത്.

മരിക്കാൻ വിടില്ല ഓർമകളെ

വാളയാർ അമ്മ: ‘കേസും കോടതിയും നമുക്കു വേണോ, വമ്പൻമാരോടു പിടിച്ചു നിൽക്കാൻ പറ്റ്വോ...?’ എന്നൊക്കെ ചോദിച്ചവരുണ്ട്. ‘നടന്നതെല്ലാം നടന്നു. എല്ലാം മറക്കണം’ എന്ന ജൽപനങ്ങളും കേട്ടു. പക്ഷേ, കൊല്ലപ്പെട്ടുതലയ്ക്കു മുകളിൽ തൂങ്ങിയാടി നിൽക്കുകയാണ് എന്റെ പൈതങ്ങൾ. ഉറങ്ങാൻ കിടക്കുമ്പോൾ പോലും കാണാറുണ്ട്, ഷെഡിനു മുകളിൽ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെറ്റിക്കോട്ടുകൾ. അവരെന്നോടു പറയും, ‘അമ്മാ വിട്ടു കളയല്ലേ...’ എന്ന്. അതു തന്നെയാണു നിങ്ങളോടും പറയാനുള്ളത്. നഷ്ടപ്പെട്ടതു നമ്മുടെ കുഞ്ഞുങ്ങളെയാണ്. അവരെ മറക്കുന്നതു മരണമാണ്. ആ നരഭോജിയെ വിട്ടുകളയരുത്, തോറ്റുപോകരുത്.

വണ്ടിപ്പെരിയാർ അമ്മ: ഇല്ല അമ്മാ... എന്റെ കുഞ്ഞു മണ്ണോടു ചേർന്നെന്നേ ഉള്ളൂ. എന്റെയും അവളുടെ അപ്പാവുടെയും അണ്ണന്റെയുമൊക്കെ മറവിയെ മായ്ച്ചു കളയാതിരിക്കാനുള്ളത് ഇവിടെ ഓരോ കോണിലും ബാക്കി വച്ചിട്ടാണ് അവൾ പോയത്. അതാ, ആ വാതില്‍ കണ്ടോ. അതിലവൾ കളർപെൻസില്‍ കൊണ്ടു വരച്ച സൂര്യകാന്തി പൂവ്. ഓൺലൈൻ ക്ലാസ്സു കഴിഞ്ഞ് അവൾ എഴുതിപ്പഠിച്ച എ, ബി, സി, ഡി... വർഷം രണ്ടു കഴിഞ്ഞിട്ടും അതെല്ലാം മായാതെ കിടക്കുകയാണ്. അന്നു മരച്ചുമരിലും വാതിലിലും കുത്തിവരച്ചതിന് അവളെ ഞാൻ വഴക്കു പറഞ്ഞിരുന്നു. എന്നിട്ടും എന്റെ കുറുമ്പി ഞാൻ കാണാതെ ഒളിച്ചും പാത്തും വരച്ചു. അതൊരു കണക്കിനു നന്നായി. അതു കാണുമ്പോഴൊക്കെ ‘അമ്മാ നാൻ ഇങ്കെയിരുക്ക്’ എന്നു വിളിച്ചു പറഞ്ഞ് അവളിവിടെ എവിടെയോ ഉണ്ട് എന്നൊരു തോന്നൽ വരും. ഉള്ളുരുകുമ്പോൾ അതൊരു തണുപ്പാണ്.

ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ മുത്തിന്. പക്ഷേ, അവളുടെ തന്റേടവും ഉത്സാഹവുമൊക്കെ കണ്ടാ ൽ വലിയ ആളാണെന്നു തോന്നും. ഇവിടുത്തെ കുട്ടിക്കൂട്ടത്തിന്റെ ‘തലൈവി’ ആയിരുന്നു. ലയങ്ങളിലെ ഒാരോ വീടും അവൾക്കു സ്വന്തം. ‘അണ്ണാ... അത്തേ... മാമാ... താത്താ...’ എന്നൊക്കെ വിളിച്ചു ഗമയോടെ എല്ലാ വീട്ടിലും പോകും. പെരിയവരെ പോലെ വിശേഷങ്ങള്‍ തിരക്കും. ‘മാമാ ഇന്ന് എസ്റ്റേറ്റിൽ പോയില്ലേ...’ എന്നവള്‍ ഗൗരവത്തോടെ ചോദിക്കുന്നതു കണ്ടാൽ ചിരി വരും. അയല്‍വീടുകളില്‍ വിരുന്നുകാര്‍ വരുമ്പോള്‍ വീട്ടുകാർക്കും മുന്നേ സ്വീകരിക്കാൻ അവളെത്തും. എല്ലാവരോടും ‘മാമാ... ആന്‍റീ...’ എന്നു വിളിച്ചു പെട്ടെന്നു കൂട്ടാകും.

അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കണ്ടാൽ വിടില്ല. കഥകൾ പറഞ്ഞും പാട്ടു പാടിയും ബഹളമായിരിക്കും. ലയത്തിലെ കൂട്ടുകാരുടെ പിറന്നാളിനു പൂരത്തിന്‍റെ ആഘോഷമാണ്. വണ്ടിപ്പെരിയാർ ടൗണിൽ നിന്നു കേക്കു വാങ്ങാൻ അണ്ണൻമാരെ ഏർപ്പാടാക്കും. വീടൊക്കെ അലങ്കരിക്കും. എല്ലാത്തിനും അവളായിരിക്കും മുന്നിൽ. പിറന്നാളുകാരിക്കൊപ്പം പിറന്നാളിന്‍റെ തൊപ്പിയും വച്ചു ക്യാമറയ്ക്കു മുന്നിൽ റാണി മാതിരി ഒരു നിൽപ്പുണ്ട്. പിറന്നാൾ അവളുടേതാണെന്നു തോന്നിപ്പോകും. ആഘോഷങ്ങളെല്ലാം അന്നന്നു ടിക്‌ടോകിൽ പോസ്റ്റ് ചെയ്യാനും ഉത്സാഹമായിരുന്നു.

‘തന്നം തനി മാന്... ഇവ തണ്ണിയില്ലാ മീന്...’ ‘ഉൻ സ്വത്തു സൊഗം വേണാ... എൻ ബുദ്ധികെട്ട മാമാ...’ ഈ ഹിറ്റ് പാട്ടുകളായിരുന്നു ടിക്‌ടോക്കിൽ അവള്‍ക്കു പ്രിയം. ലിപ്സ്റ്റിക്കും പൗഡറും പൂശി കണ്ണെഴുതി ഒരുങ്ങി ടിക്‌ടോകിനു വേണ്ടി പ്രണയ നായികയായി ഒരു നിൽപ്പുണ്ട്. ഇന്നതൊക്കെ മൊബൈലിൽ കാണുമ്പോൾ ഞങ്ങളുടെ നെഞ്ചുപൊട്ടും.

വാളയാർ അമ്മ: കുഞ്ഞുങ്ങളുടെ മരണം കാണേണ്ടി വരുന്ന അച്ഛനമ്മമാരുെട വേദനയിലും വലിയ വേദന ലോ കത്തു മറ്റൊന്നുമില്ല. മുഖത്തൊരു ചിരി തേച്ചുപിടിപ്പിച്ച് എല്ലാം മറക്കാൻ ഞാനും ശ്രമിക്കാറുണ്ട്. എന്റെ ‘രണ്ടു കുഞ്ഞുങ്ങളും പോയി’ എന്ന് ഉള്ളിലിരുന്നാരോ പറയുന്നുണ്ട്. പക്ഷേ, നിറമായിട്ടും മണമായിട്ടും സ്വരുക്കൂട്ടി വച്ച വളപ്പൊട്ടുകളുടെ രൂപത്തിലും ഒക്കെ അവർ എനിക്കു ചുറ്റുമുണ്ട്. വാളയാറിലെ ഞങ്ങളുടെ ഒറ്റമുറി ഷെഡ് വീടാക്കി മാറ്റാൻ ഉറച്ചപ്പോൾ ‘എന്റെ മുറി... എന്റെ മുറി’ എന്നു പറഞ്ഞ് അവരുണ്ടാക്കിയ കലപില എനിക്കിന്നും കേൾക്കാം. പിന്നെ, അവർ നട്ടുനനച്ചു വളർത്തിയ പേര മരം. അതിനിപ്പോഴും അവളുടെ ഉടുപ്പിന്റെ മണമാണ്.

വണ്ടിപ്പെരിയാർ അമ്മ: നിഴലുപോലെ കൂടെ നടന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു, മോൾക്ക്. തൊട്ടപ്പുറത്തെ ലയത്തിലാണു താമസം. ആഴ്ചയിലൊരിക്കൽ അവളിവിടെ വരും. രണ്ടു പേരും കൂടെ കൂടിയാൽ പിന്നെ ബഹുരസമാണ്. പാവയെ കുളിപ്പിച്ചു, കണ്ണെഴുതി, കരിവരച്ചു, സുന്ദരിയാക്കാനുള്ള മത്സരമാണ്. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും കിട്ടിയ ‘ലോക കാര്യങ്ങൾ’ ഇരുവരും പറയുന്നതു കേട്ടാല്‍ ചിരി വരും. മോള് പോയതറിയാതെ ഇപ്പോഴും എല്ലാ ആഴ്ചയും അവളിവിടെ വരും. ‘അമ്മാ, അവൾ എങ്കേ... ഇപ്പോ കാണവേ ഇല്ലയേ...’ ഒന്നും സംഭവിക്കാത്ത മാതിരി മുഖത്തൊരു ചിരി വരുത്തി ഞാൻ പറയും, ‘അവളോടെ അത്താവുടെ ഊരുക്ക് പഠിക്ക പോയിരുക്ക് കണ്ണാ... ശീഘ്രം തിരുമ്പി വരുവേൻ.’

എങ്കളുടെയ രാസാത്തി...

വണ്ടിപ്പെരിയാർ അമ്മ: എന്റെ ഈ കണ്ണീരിനെ കടവുൾ ഒരുനാൾ വറ്റിച്ചു കളയുമായിരിക്കും. പക്ഷേ, അവള്‍ പോയതോർത്ത് അലച്ചുതല്ലി കരയുന്ന മറ്റൊരാളുണ്ട്. എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ. ഞാൻ പ്രസവിച്ചെന്നേയുള്ളൂ, എന്നെ വിളിച്ചതിലും കൂടുതല്‍ മോള് ‘അമ്മാ’ എന്നു വിളിച്ചിട്ടുള്ളത് അവളെയാണ്.

വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാത്ത ആ കുടുംബത്തിന്‍റെ ദുഃഖം മോള്‍ തിരിച്ചറിഞ്ഞിരുന്നു. അന്നു മുതല്‍ അവള്‍ അവർക്കു മകളായി. ഞങ്ങള്‍ക്കു വിഷമമാകേണ്ട എന്നു കരുതി, ഇടയ്ക്കു പറയും. ‘അമ്മാക്കും അപ്പാക്കും മകന്‍ കൂടിയുണ്ടല്ലോ. അവര്‍ക്ക് ആരുമില്ല. അതുകൊണ്ടല്ലേ ഞാന്‍ ‘അമ്മാ’ എന്നു വിളിക്കുന്നത്...’ ‘അതിനെന്താ കണ്ണേ...’ എന്നു ഞങ്ങൾ സമ്മതം മൂളും.

സ്വന്തം വീടു പോലെ വലിയ അധികാരത്തോടെ അവരുെട താമസസ്ഥലത്തും ചെല്ലും. അടുക്കളയില്‍ ചെറിയ പ ലകയിട്ടു കയറിനിന്ന് ആകാവുന്ന രീതിയിൽ ചോറും കറികളും വയ്ക്കാന്‍ കൂടും.

ഒരിക്കല്‍ ആ വീട്ടിലിരുന്നപ്പോള്‍ മോളെ വാശി കയറ്റാ ൻ പറഞ്ഞു, ‘ഇതു നിന്റെ വീടല്ലല്ലോ, നിന്റെ വീട് അപ്പുറത്തല്ലേ...’ എന്ന്. അതുകേട്ടു ദേഷ്യം കയറി ‘ഞാന്‍ ഈ അമ്മയുടെ മകളാ...’ എന്നു പറഞ്ഞ്, പെൻസിലെടുത്തു വീടിന്റെ ചുമരിൽ അവളുടെ പേരെഴുതി വച്ചു. ആ എഴുത്തു മായാതെ ഇപ്പോഴുമവിടെയുണ്ട്. ചുമരിനു വെള്ളപൂശാന്‍ പണിക്കാർ വന്നപ്പോൾ ഞങ്ങള്‍ ഒരേ സ്വരത്തിൽ പറഞ്ഞു. ‘അ തവളാണ്, അതിൽ തൊടേണ്ട...’

ചേട്ടനായിരുന്നു അവളുടെ മറ്റൊരു കൂട്ട്. ഇളയതാണെന്നതൊന്നും ചിലപ്പോള്‍ വകവച്ചു കൊടുക്കില്ല. അവനെ ദേഷ്യം പിടിപ്പിക്കാൻ ‘ഡേയ്... തമ്പി...’ എന്നു ചേച്ചിയുെട അധികാരത്തോടെ വിളിക്കും. ഒരിക്കല്‍ അവനു മാത്രം ചെരുപ്പു വാങ്ങിയതിന്റെ പേരിൽ പുകിലായിരുന്നു. വാശിപ്പുറത്ത് അവന്റെ ൈകത്തണ്ടയില്‍ കുഞ്ഞിപ്പല്ല് ആഴ്ന്നിറങ്ങുന്നതു വരെ കടിച്ചു. അതിന്‍റെ പാട് അവന്‍റെ കയ്യില്‍ മായാതെ കിടപ്പുണ്ട്. കുഞ്ഞനിയത്തിയെ മറക്കാതിരിക്കാൻ ചേട്ടനു കൊടുത്ത മുറിപ്പാടുള്ള ഓർമ.

ഊണും ഉറക്കവുമെല്ലാം പലപ്പോഴും ഭര്‍ത്താവിന്‍റെ അ നിയന്‍റെ വീട്ടിലായിരിക്കും. പക്ഷേ, ഞങ്ങളെ വിട്ടുപോകുന്നതിന്‍റെ തലേരാത്രി വിധി പോലെ ഞങ്ങളുടെ കൂടെ കിടന്നു. എന്നിട്ടൊരു കഥ പറയാൻ തുടങ്ങി. സ്കൂളിൽ കേട്ട രാജാവിന്‍റെയും റാണിയുടെയും കഥ. ‘നാളെ ഞങ്ങള്‍ക്കു ജോലിക്കു പോണം... നീ ഉറങ്ങ് കണ്ണേ...’ എന്നു പറഞ്ഞിട്ടും അവളുണ്ടോ വിടുന്നു. ഞങ്ങള്‍ കേൾക്കാതായപ്പോൾ തിരുപ്പൂരുള്ള എന്റെ ചേച്ചിയുെട മോളെ ഫോണിൽ വിളിച്ച്, ‘നീയെങ്കിലും ഈ കഥയൊന്നു കേള്‍ക്ക്...’ എന്നു കെഞ്ചി. ഒടുവിൽ ഞങ്ങൾ ഉറക്കമിളച്ചു കഥ കേട്ടു. എപ്പോൾ ഉറങ്ങിയെന്നറിയില്ല. പിറ്റേദിവസം ഞാൻ എസ്റ്റേറ്റിലേക്കു പോകുമ്പോഴും അവള്‍ ഉറങ്ങുകയാണ്. ഒരു മുത്തവും കൊടുത്തിട്ടാണു പോയത്. അതായിരുന്നു അവസാന കാഴ്ച. പിന്നെ എന്‍റെ കുഞ്ഞിനെ ആ മനുഷ്യമൃഗം.....

മറക്കില്ല ആ നശിച്ച ദിവസം

വാളയാർ അമ്മ: മനുഷ്യനു മൃഗമാകാന്‍ നിമിഷങ്ങള്‍ മതി. ആ മാറ്റത്തിലാണ് എനിക്കെന്റെ പൈതങ്ങളെ നഷ്ടപ്പെട്ടത്. അവിടെ കൂടപ്പിറപ്പെന്നോ രക്തബന്ധമെന്നോ വ്യത്യാസമില്ല. നിങ്ങൾക്കറിയോ, എന്റെ കുഞ്ഞുങ്ങളെ ഈ ലോകത്തു നിന്നു പറഞ്ഞു വിട്ടത് ഞങ്ങളുടെ രക്തബന്ധത്തിലുള്ളവരാണ്. ജോലി കഴിഞ്ഞു പലഹാരപ്പൊതിയുമായി വന്നതാണു ഞാന്‍. കഴുത്തിൽ മുണ്ടുകുരുങ്ങി തലകുമ്പിട്ടു നിന്ന എന്റെ മോള്‍ കുടുക്കുകൾ അഴിഞ്ഞു വീണത് ഈ നെഞ്ചിലേക്കാണ്. താമസിയാതെ അടുത്തവളും പോയി. എട്ടുംപൊട്ടും തിരിയാത്ത രണ്ടു പൈതങ്ങൾ ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീർക്കാനായിരുന്നു പലർക്കും താൽപര്യം.

വണ്ടിപ്പെരിയാർ അമ്മ: അമ്മാ, ഇവിടുത്തെ ലയങ്ങള്‍ ക ണ്ടില്ലേ... ഒന്നിനൊന്ന് ഒട്ടിയൊട്ടി പെട്ടികള്‍ അടുക്കിവച്ച മാതിരിയാണു വീടുകള്‍. നീട്ടിയൊരു ശ്വാസം വിട്ടാൽ മരച്ചുമരിന്റെ വിടവിലൂടെ അപ്പുറത്തെത്തും. ആ ഇഴയടുപ്പം വീട്ടുകാര്‍ തമ്മിലുമുണ്ട്. സ്വന്തം നിഴലിനെ വിശ്വസിച്ചില്ലെങ്കിലും അയൽപക്കക്കാരെ ഞങ്ങൾ വിശ്വസിക്കും.

vandipperiyar-mother-14

എന്റെ കുഞ്ഞ് ‘അണ്ണാ... അണ്ണാ...’ എന്നു വാ തോരാതെ വിളിച്ചു നടന്ന ഒരാളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. മൂത്തമകന്റെ കൂട്ടുകാരൻ. മോനെപോലെ കരുതി ഞങ്ങൾ വിശ്വസിച്ചവൻ. അവന്‍ ഇങ്ങനെയൊരു കൊടുംപാതകം ചെയ്യുമെന്നാരും കരുതിയില്ല.

അന്നെന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കാൻ അവനൊരു ക്രൂരതന്ത്രം പയറ്റിയെന്നു േകട്ടു. കോവിഡ് കാലമായതിനാൽ അടുത്തൊരു വീട്ടിൽ ബാർബർ എത്തി എല്ലാവർക്കും മുടി വെട്ടിക്കൊടുക്കുന്നുണ്ടായിരുന്നു. അവൻ മോളോടു പറഞ്ഞു. ‘നിന്റെ അണ്ണനോടു പോയി മുടിവെട്ടിയിട്ടു വരാൻ പറ. നോക്ക് അവന്റെ തലമുടി എത്രയാണ് വളർന്നതെന്ന്. നീ പറഞ്ഞാൽ അവൻ കേൾക്കും.’

അവളുടെ സ്നേഹം നിറഞ്ഞ നിർബന്ധത്തിനു വഴങ്ങി മോന്‍ മുടിവെട്ടാന്‍ പോയി. പിന്നീടാണ് എല്ലാം സംഭവിച്ചത്. ഒരു ഞരക്കം പോലും പുറത്തു പോകരുതെന്നു കരുതിയുറപ്പിച്ചാകണം കഴുത്തിൽ ഷോൾ മുറുക്കി കുഞ്ഞിനെ അവൻ....

കുഞ്ഞിന് എന്തോ വയ്യെന്നു കേട്ട്, ഓടിക്കിതച്ചു വീട്ടിലെത്തുമ്പോഴേക്കും വഴി നിറയെ ആൾക്കാർ കൂടിയിരുന്നു. ‘ഷോൾ കുരുങ്ങി ബോധം കെട്ടതാ...’ എന്നാരോ പറഞ്ഞു. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർഥനയായിരുന്നു മനസ്സു നിറയെ. പിന്നെ, കേട്ടത് ഒരലമുറയാണ്. ‘അവൾ ഇരന്തിട്ടേൻ...’ എന്ന കരച്ചിലോടെ കുഞ്ഞിനെ ആരോ കോരിയെടുത്തു പുറത്തേക്കു കൊണ്ടുവരുന്നു. ഞാന്‍ ബോധം മറഞ്ഞു കുഴഞ്ഞു വീണു.

പിന്നീടു മണ്ണിലേക്കു വയ്ക്കും മുൻപ്, ഒരിക്കല്‍ക്കൂടി അവളെ കണ്ടു. ഡോക്ടർമാർ കുത്തിക്കീറി വെള്ളത്തുണിയിൽ പൊതിഞ്ഞു തന്ന കുഞ്ഞു ശരീരം. അപ്പോഴും അവളെന്നെ നോക്കി ‘അമ്മാ...’ എന്നു വിളിക്കുന്നതു പോലെ തോന്നി. ഒറ്റയ്ക്ക് അവളെ െെദവത്തിന്‍റെയടുത്തേക്കു വിടാൻ എനിക്കു മടിയായിരുന്നു. പിറന്നാളിനു വേണ്ടി വാങ്ങിവച്ച പുള്ളിയുടുപ്പും അവളാഗ്രഹിച്ചു വാങ്ങിയ പാവയും കുഴിമാടത്തിൽ കൂട്ടായി ചേർത്തുവച്ചു.

അവളുെട പിറന്നാള്‍ ദിവസം തന്നെയായിരുന്നു പതിനാറടിയന്തിരം. േകക്ക് മുറിച്ചു കൂട്ടുകാര്‍ക്കെല്ലാം െകാടുക്കണമെന്നു മോഹിച്ച ആ ദിവസം എല്ലാവര്‍ക്കും െകാടുത്തത് എന്‍റെ െപാന്നുമോളുടെ പതിനാറിെന്‍റ ചോറാണ്.

കടവുളേ... കൺതുറക്ക്

വാളയാർ അമ്മ: പണക്കാരുെടയും അധികാരമുള്ളവരുടെയും ഒക്കെ മുന്നില്‍ നമ്മൾ വെറും പുഴുക്കളാണ്. കേസിനെക്കുറിച്ച് എന്തു ചോദിച്ചാലും ഞങ്ങളുെട നേെരയാണു പൊലീസ് തട്ടിക്കയറിയിരുന്നത്. കുഞ്ഞുങ്ങളുെട അച്ഛന്‍റെ നേരെ വരെ അവർ സംശയത്തിന്റെ വിരൽ ചൂണ്ടി. ‘കുറ്റം ഏറ്റെടുത്താൽ രക്ഷിക്കാം’ എന്നും പറഞ്ഞു. ഇപ്പോഴെന്താ, കുറ്റാരോപിതരൊക്കെ കല്യാണം കഴിഞ്ഞു മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു. മുകളിൽ ഇരിക്കുന്നവന്റെ കണ്ണുമൂടിക്കെട്ടാനാകില്ലല്ലോ, പ്രതികളിലൊരാൾ സ്വയം ഒടുങ്ങിയതു ദൈവത്തിന്റെ കളിയെന്നാണ് എെന്‍റ വിശ്വാസം.

വണ്ടിപ്പെരിയാർ അമ്മ: പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് ഒന്നൊച്ചവയ്ക്കാൻ പോലുമാകാതെ, അതിക്രൂരമായാണു കുഞ്ഞു കൊല്ലപ്പെട്ടതെന്നറിഞ്ഞത്. അറസ്റ്റിലായ ആള്‍ പൊലീസിനോടു തെറ്റ് ഏറ്റുപറഞ്ഞെന്നും കേട്ടു. പക്ഷേ, ഒടുവില്‍...

അണിയറയിൽ എന്തൊക്കെയോ കള്ളക്കളികൾ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും നീതിപീഠത്തിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസവും തകര്‍ന്നതോെട ഞാന്‍ വീണുപോയി. ജീവനുള്ള ഒരുപാടു സാക്ഷികളെ ഞങ്ങൾ സമർപ്പിച്ചതാണ്. പിന്നെ, തെളിവിനായി ആ മുറിയിൽ ബാക്കിയുണ്ടായിരുന്നതു ജീവനുണ്ടെന്ന് അവള്‍ വിശ്വസിച്ച കുഞ്ഞിപ്പാവയാണ്. അതിനു നാവുണ്ടായിരുന്നെങ്കിൽ എല്ലാം പറഞ്ഞേെന.

സാമിയെ കുമ്പിട്ടു പ്രാർഥിക്കുന്ന മുറിയിലിട്ടാണ് കുഞ്ഞിനെ ഇല്ലാതാക്കിയത്. എല്ലാം കണ്ട സാമിയുെട മുന്നില്‍ നിന്ന് കുറ്റവാളി ഒരിക്കലും രക്ഷപെടില്ല.

ബിന്‍ഷാ മുഹമ്മദ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍