Tuesday 17 November 2020 04:57 PM IST

കൈലിയുടുത്ത് വനിതാ സ്ഥാനാർഥി; കൈയടിച്ച് സോഷ്യൽ മീഡിയ! വൈറലായ ന്യൂജെൻ സ്ഥാനാർഥി മത്സരത്തിന് ഇറങ്ങിയത് ഇങ്ങനെ

Binsha Muhammed

vibitha-cover

പശ മുക്കി നിറം മങ്ങിയ ഖദർ സാരി. നരച്ചു തുടങ്ങിയ വെളുത്ത ബ്ലൗസ്. നെറ്റിയിലുള്ള വലിയ പൊട്ട് മാത്രമാകും ഏക ആർഭാടം. വനിത സ്ഥാനാർഥി എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന രൂപം ഇങ്ങനെയൊക്കെ ആണോ? എങ്കിൽ നിങ്ങൾ ഏതോ പഴയ കാലത്താണ് ജീവിക്കുന്നത്. കുറഞ്ഞപക്ഷം ഈ തിരഞ്ഞെടുപ്പ് മുതലെങ്കിലും മനസ്സിലെ ഈ രൂപത്തിന് മാറ്റം വരുത്താം. സാരി മാത്രമല്ല ചുരിദാർ മുതൽ കൈലി മുണ്ട് വരെ ഉടുത്ത് തിളങ്ങി നിൽക്കുന്ന സ്ഥാനാർഥികളാണ് ഇക്കുറി സോഷ്യൽ മീഡിയയിലെ താരങ്ങൾ. ജനാധിപത്യത്തിന്റെ കൊടിയേറ്റം പോലെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് യുവത്വം ആഘോഷമാക്കുമ്പോൾ മുൻപെങ്ങും കാണാത്ത വിധമുള്ള ചെറുപ്പാണ് ഈ ഇലക്ഷന്. അവരിൽ ചർച്ചയാകുന്നതാകട്ടെ കുറച്ച് ‘അടിപൊളി’ സ്ഥാനാർഥികളും.

‘പഞ്ചായത്ത് മാറി വോട്ട് ചെയ്യാൻ വകുപ്പുണ്ടോ?’ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഒരു ചിത്രമുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലേക്ക് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന വിബിത ബാബുവിന്റെ. തലമുതിർന്ന നേതാക്കൻമാരെയും പാർട്ടിയിലെ തലതൊട്ടപ്പൻമാരേയും മറികടന്ന് നാടിനെ നയിക്കാൻ ഈ പെൺമണിയെത്തിയപ്പോൾ കഥ നാട്ടിലെങ്ങും പാട്ടായി എന്നത് നേര്. പക്ഷേ വിബിതയുടെ സ്ഥാനാർത്ഥിത്വവും പ്രചാരണങ്ങളും ജില്ലയില്‍ മാത്രം ഒതുങ്ങിയില്ല എന്നത് മറ്റൊരു സത്യം. തിര‍ഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ അന്നുതൊട്ട് സൈബറിടങ്ങൾ നിറച്ചും വിബിതയുടെ ചിത്രങ്ങൾ പാറിപ്പറന്നു നടക്കുകയാണ്.

‘കള്ളവോട്ട് ചെയ്താലും വേണ്ടില്ല. ഈ സ്ഥാനാർത്ഥിയെ ജയിപ്പിച്ചേ അടങ്ങൂ’ എന്നാണ് ഒരു വിരുതന്റെ കമന്റ്. ട്രോളിൽ മുക്കിയ പോസ്റ്റുകളും ചിത്രങ്ങളും വേറെയും. എന്തിലും കുറ്റം കണ്ടെത്തുകയും അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുന്ന ഒരു കൂട്ടം വിബിതയുടെ ചിത്രങ്ങൾ ദുഷ്ടലാക്കോടെയും മോശം കമന്റുകളോടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഭവങ്ങളെല്ലാം മുറയ്ക്കു നടക്കുമ്പോൾ സ്ഥാനാർത്ഥിയാകട്ടെ പ്രചാരണ തിരക്കിലും. വൈറലാകുന്ന ചിത്രങ്ങൾ നിയുക്ത ജനപ്രതിനിധിക്ക് സമ്മാനിക്കുന്നത് ടെൻഷനാണോ? അതോ ആശ്വാസമോ? മറുപടി വിബിത തന്നെ ‘വനിത ഓൺലൈനോട്’ പറയുന്നു.

vibitha-4

‘എനിക്കെതിരെയുള്ള ട്രോളുകളും കമന്റുകളും ഓഡിയോ സന്ദേശങ്ങളും എല്ലാം കാണുന്നുണ്ട്. ഞാൻ എന്തായാലും പിന്നോട്ടില്ല. മത്സരിക്കാനുറച്ചാണ് ഇറങ്ങിയത്. അധിക്ഷേപിക്കുന്നവർ അതു ചെയ്തു കൊണ്ടിരിക്കട്ടേ. അവർക്ക് വേറെ പണിയില്ലാഞ്ഞിട്ടാണ്. നല്ല വാക്കുകളോട് സ്നേഹം.’– വിബിത നയം വ്യക്തമാക്കുന്നു.

നിയോഗം പോലെ സ്ഥാനാർത്ഥിത്വം

അപ്പച്ചൻ ടിവി ചാക്കോ തെക്കേപറമ്പിൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. രമേശ് ചെന്നിത്തലയുമായും പിജെ കുര്യനുമായിട്ടൊക്കെ അടുത്ത ബന്ധമുണ്ട്. കുടുംബവും കോൺഗ്രസ് അനുഭാവികളുടേത് തന്നെ. അതൊക്കെ മാറ്റി നിർത്തിയാൽ പ്രത്യേകിച്ച് രാഷ്ട്രീയ താത്പര്യങ്ങളൊന്നും തന്നെ ഇല്ല. പഠിക്കുന്ന കാലത്ത് കെഎസ്‍യുവിനെ സപ്പോർട്ട് ചെയ്തിരുന്നു. അത്രമാത്രം. തൊഴിൽപരമായി ഞാനൊരു ക്രിമിനൽ വക്കീലാണ്. ഈയൊരു മേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാർട്ടികളുമായും ഞാൻ അധികം വിധേയത്വം പുലർത്തിയിട്ടില്ല. കോൺഗ്രസ്, ബിജെപി, സിപിഎം തുടങ്ങി എല്ലാ പാർട്ടികളുമായും ബന്ധപ്പെട്ട കേസുകൾ ഞാന്‍ എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്റെ അമ്മാവനും കല്ലുപ്പാറ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സിപി മാത്യുവാണ് ‘നിനക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടോ?’ എന്ന് എന്നോട് ചോദിക്കുന്നത്.

vibitha-1

തലനരച്ച, ഖദറിട്ടു നടക്കുന്ന പ്രായം 40 കടന്നവർ മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാവൂ എന്ന പതിവ് ധാരണകളോട് എനിക്ക് പണ്ടേ വിയോജിപ്പുണ്ടായിരുന്നു. ‌അങ്ങനെയിരിക്കേ എനിക്കു മുന്നിലേക്ക് വന്ന ആ ചോദ്യം ഒരു നിയോഗം പോലെ തോന്നി. അതു മാത്രമല്ല, ജനങ്ങളെ സേവിക്കാൻ വെറുതെ രാഷ്ട്രീയക്കാരനെന്ന് പറഞ്ഞ് നടന്നിട്ടും കാര്യമില്ല എന്ന ബോധ്യം എനിക്കുണ്ട്. ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ അധികാരംകൂടിയേ തീരൂ എന്ന പക്ഷക്കാരിയുമാണ് ഞാൻ. ആ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഒരു കൈ’ നോക്കാൻ ഇറങ്ങുന്നത്. സ്വതന്ത്രയായി മത്സരിക്കാൻ നിൽക്കുമ്പോൾ ഒരുപക്ഷേ നമ്മളെ ആരും തിരിച്ചറിഞ്ഞു എന്നു തന്നെ വരില്ല. അതാണ് കോൺഗ്രസ് ടിക്കറ്റിൽ ത്സരിക്കാനുള്ള ക്ഷണത്തിന് ഓകെ പറഞ്ഞത്. തിരുവല്ല ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആയിട്ടുണ്ട് എന്നതാണ് ജീവിതത്തിൽ മുതൽക്കൂട്ടായുള്ള സംഘടന പാടവം.

vibitha-1

എന്നെ അധിക്ഷേപിച്ചും മോശം രീതിയിലുമൊക്കെയുള്ള കമന്റുകൾ ഞാൻ കാണുന്നുണ്ട്. ആസ്വദിക്കാവുന്ന ട്രോളുകളും തമാശകളും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ബാക്കിയുള്ളതിനെ എ‌ല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്താണ് ഞാൻ ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിനിടയിൽ ഇത്തരക്കാരെ നിലയ്ക്കു നിർത്താനോ നന്നാക്കാനോ ഭാവമില്ല. ഇതൊന്നും കാണുന്നില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. നോ കമന്റ്സ് എന്ന മറുപടിയാണ് പറയാനുള്ളത്. ഇങ്ങനെയെല്ലാം വരും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് മത്സരിക്കാനിറങ്ങി തിരിച്ചത്. പിന്നെ രാഷ്ട്രീയമായി എനിക്കെതിരെ ഒരു വിഷയവും ഇക്കൂട്ടർക്കില്ല. അവർ നടത്തുന്നത് വ്യക്തിപരമായ അധിക്ഷേപങ്ങളാണ്. അത് അവർ തുടരട്ടേ. അതിന് ചെവികൊടുക്കുന്നില്ല. പിന്നെ ഈ അധിക്ഷേപങ്ങൾ പരിധി വിടുകയാണെങ്കിൽ അതിനെതിരെ നിയമ നടപടിക്ക് പോകണമോ എന്ന് വഴിയേ തീരുമാനിക്കും.

പിന്നെ എന്നെ മനസിലാക്കാനും മനസു നിറഞ്ഞ് പിന്തുണ നൽകാനും എന്റെ കുടുംബാംഗങ്ങളും സർവ്വോപരി ഈ നാട്ടിലെ നല്ലൊരു ശതമാനം ജനങ്ങളുമുണ്ട്. ഭർത്താവ് ബിനു ജി. നായർ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അച്ഛൻ ബാബു തോമസ്. അമ്മ വത്സമ്മ ബാബു.

vibitha-3
Tags:
  • Social Media Viral