Thursday 25 October 2018 04:08 PM IST

യൂട്യൂബില്‍ രുചിമേളം; ഈ തനി നാടന്‍ അച്ഛനും മകനും കൊയ്യുന്നത് ലക്ഷങ്ങള്‍

Vijeesh Gopinath

Senior Sub Editor

vff1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അറുമുഖത്തിന്റെ  കൈകൊണ്ടു തട്ടിപ്പോകാനാഗ്രഹിക്കുന്ന ഒരു ലോഡ് കോഴികളും ആടുകളുമൊക്കെ ജീവിക്കുന്ന തിരുപ്പൂർ മാർക്കറ്റ്. അതും കടന്നു കാർ രായിക്കപ്പാളയത്തേക്കു കൊതി പിടിച്ച് പായുന്നു. അവിടെ ഏതോ തണലിൽ ഇരുന്നാണ് അറുമുഖം ഇന്ന് ചിക്കൻകറിയുണ്ടാക്കുന്നത്. ആ ആടുകളും കോഴികളുമൊക്കെ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റു പറയാനാകില്ല. ഏതെങ്കിലും അടുക്കളയിലെ കുക്കറിന്റെ പ്രഷറിനുള്ളിൽ  കിടന്ന്  ബോറടിച്ചു കറിയാകുന്നതിലും ഭേദമല്ലേ ഇത്. അറുമുഖം അറിഞ്ഞൊന്നു പാചകം ചെയാതാൽ അത് യൂട്യൂബിൽ കോടികളാണ് കാണുന്നത്.  


വില്ലേജ് ഫൂഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിൽ നൂറു ചിക്കൻ കാലു കൊണ്ട് ‘കെഎഫ്സി ചിക്കൻ’ ഉണ്ടാക്കുന്നത് വെറും ര ണ്ടു മാസം കൊണ്ടു  കൊതിപിടിച്ചു കണ്ടത് ഒരു േകാടി 45 ലക്ഷം ആള്‍ക്കാരാണ്. കിടി ലൻ ഒരാടിനെ ‘ഒറ്റയടിക്ക്’ ഗ്രേവിയാക്കിയത് കണ്ടത് ഒരു കോടി  പത്തു ലക്ഷം. ഒരു വിഡിയോ പോസ്റ്റ് ചെയ്താൽ ചീനച്ചട്ടിയിൽ കിടന്നു കടുകു പൊട്ടുന്നതു പോലെയാണ് ആരാധകർ കൂടുന്നത്. ഇതിനെല്ലാം പിന്നിൽ ഈ രണ്ടു പേരാണ്. അപ്പൻ അറുമുഖം, മകന്‍ ഗോപിനാഥ്.  
ഉള്ളിച്ചമ്മന്തിയിൽ നിന്നു വെള്ളച്ചമ്മന്തിയിലേക്കെന്നപോലെ െചമ്മൺപാതയിൽ നിന്നു കാർ പൊടിമണൽ വഴിയിലേക്കു കടന്നു. ഇവിടെ ഏതോ  തണലിലാണ് രുചിയുടെ വരയൻപുലി പതുങ്ങിയിരിക്കുന്നത്. ഇനി മൂക്ക്  വഴി പറഞ്ഞു തരും.  ചില്ലു താഴ്ത്തി മൂക്കൊന്നു തുറന്നു വയ്ക്കാം, പള്ളിപ്പാളയം ചിക്കൻ കറിയുടെ മണം വരുന്നുണ്ടോ എന്നു നോക്കാം.  

ഡാഡി കൂൾ, മകനും കൂള്‍

അപ്പനെ ഹിറ്റാക്കിയ മകന്റെ കഥയാണ് വില്ലേജ് ഫൂഡ്ഫാക്ടറിക്കു പിന്നിലുള്ളത്. ഒരിടത്തും ക്ലച്ച് പിടിക്കാതെ പോ യ അപ്പന്റെയും ജീവിതം പച്ചപിടിപ്പിക്കാൻ പാഞ്ഞ മകന്റെയും കഥ. കഴി‍ഞ്ഞ വര്‍ഷം ജൂലൈയിൽ യൂട്യൂബിലെ ഈ അടുക്കള തുറന്നതോടെ രണ്ടുപേരുടേയും ജീവിതം തന്നെ മാറുകയായിരുന്നു. ഹിറ്റാകുന്ന വിഡിയോകൾക്കനുസരിച്ച് വരുമാനം ലക്ഷങ്ങള്‍ കടക്കുന്നു.   


അതാ കള്ളിമുൾച്ചെടിക്കപ്പുറം പുളിമരം വിരിച്ച മരത്തണലിനു താഴെ ഉള്ളിക്കൂനയ്ക്കരികിൽ വെളുത്ത മീശക്കാരനിരിക്കുന്നു. ‘ചെറിയുള്ളി ഗിരിഗിരി’ എന്നു സ്പീഡിൽ അരിയാൻ പോവുകയാണോ കക്ഷി? മീശയ്ക്കു താഴെ വെളുത്ത ചിരി വീ ണു. അരികിൽ ഗോപിനാഥുമുണ്ട്.


‘അപ്പാ കോളിയെടുത്ത്  പിടിക്ക് ’ ഗോപി സംവിധാനം തുട ങ്ങി. വലിയൊരു കോഴിെയ പൊക്കിയെടുത്തു പിടിച്ചു. കാനൻ 5 ഡി ക്യാമറ കണ്ണു തുറന്നു.  കോടികൾ കാണാൻ പോകുന്ന മറ്റൊരു കുക്കറി ഷോയുടെ തുടക്കമായി. ഉള്ളിത്തോൽ കളയുന്നതിനിടെ അറുമുഖം സ്വന്തം ജീവിത കഥയുടെ തൊലി കളയാൻ തുടങ്ങി.
‘ജീവിതത്തിൽ ഒരുപാടു ജോലികൾ നോക്കി. ഒന്നിലും സ്ഥിരമായി നിന്നില്ല. അതെന്റെ വിധിയാണെന്നാ വിചാരിച്ചത്. കമ്പത്തിനടുത്തായിരുന്നു വീട്. അപ്പൻ രണ്ടു വിവാഹം ക ഴിച്ചിരുന്നു. ഞങ്ങൾ  പതിനെട്ടു മക്കൾ. വളർന്നതോടെ ജീവിക്കാന്‍ വേണ്ടി പല തരം ജോലികൾ ചെയ്യാന‍്‍ തുടങ്ങി.


കേരളത്തിൽ നെടുങ്കണ്ടത്ത് എസ്റ്റേറ്റിൽ കുറച്ചു നാൾ. പിന്നെ, കോട്ടയത്തു പാൽ കച്ചവടം, അതുകഴിഞ്ഞ്, പെയിന്റിങ് ജോലി, സാരി കച്ചവടം, ഹോട്ടലിലെ പണി... ഒരിടത്തും അടങ്ങി നിൽക്കാനായില്ല. എസ്റ്റേറ്റില്‍ വച്ചാണ് പാചകം പഠിക്കുന്നത്. മുയലും മീനുമെല്ലാം കിട്ടും. മാനേജർമാർക്കു വേണ്ടി അതെല്ലാം കറി വയ്ക്കും, ഫ്രൈ ചെയ്യും. ചിലപ്പോള്‍ കനലിലിട്ട് ചുടും.  


പിന്നീട് സാരി കച്ചവടവുമായി ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. ഒരിക്കൽ ഡൽഹിയിൽ ചെന്നപ്പോൾ ഇന്ദിരാഗാന്ധിയെ കാണാന്‍ അവസരം കിട്ടി.  അന്നവർ പ്രധാനമന്ത്രിയല്ല. ഇടതു കൈയിലെ ആറാമത്തെ വിരൽ കണ്ട് ഇന്ദിരാഗാന്ധിപറഞ്ഞു,‘നിങ്ങൾ  ഒരുപാടു പേർ അറിയുന്ന ആളായി മാറും  ആറാം വിരൽ അതിന്റ തെളിവാണ്’ അതു ഞാൻ വിശ്വസിച്ചില്ല. അതിനിടയിൽ കല്യാണം കഴിഞ്ഞു. കോകിലയും ഗോപിയും മണികണ്ഠനുമുണ്ടായി.


 മകളുടെ വിവാഹത്തിനും മക്കളുടെ പഠനത്തിനുമൊക്കെയായി കമ്പത്തുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു. തിരുപ്പൂരിലെ ഒറ്റമുറി വീട്ടിലായി താമസം. വിശന്നിരിക്കുമ്പോഴൊക്കെ അന്ന് ഇന്ദിരാഗാന്ധി പറഞ്ഞതോർക്കും... ‘നിങ്ങള്‍ വലിയ ആളാകും.’ സ്വന്തം വീടു പോലുമില്ലാതെ  കിടക്കുന്ന ഞാനെങ്ങനെ പ്രശസ്തനാകാൻ. അന്നങ്ങനെയാണ് ചിന്തിച്ചത്.’ അറുമുഖം ചിരിച്ചു ചുമച്ചു.


പറമ്പിൽ പള്ളിപ്പാളയം ചിക്കൻ


ഇന്നിവിടെ സംഭവിക്കാൻ പോകുന്നത് പള്ളിപ്പാളയം ചിക്കനാണ്. പക്കാ നാടൻ രുചി. കുറച്ചു മുന്നേ പറമ്പിലൂടെ ഒാടി നടന്ന കോഴിയുടെ കാര്യത്തിലൊരു തീരുമാനമായി കഴിഞ്ഞു. പപ്പും പൂടയുമൊക്കെ പറിച്ച് ദേ, പ്ലേറ്റിലിരിക്കുന്നു ചിക്കൻ‌. വലിയ തളികയിൽ ചിക്കൻ വച്ചു മഞ്ഞൾ കൊണ്ടൊരു മേക്കപ്പ് ഇട്ടു. എന്നിട്ട് മുളകും ഉള്ളിയുമൊക്കെ വച്ച് അലങ്കരിച്ചു.
അപ്പോഴേക്കും  അടുപ്പു കൂട്ടാനുള്ള കല്ലുകളും ചിക്കൻ കൊത്തിയരിയാനുള്ള തടിക്കഷണവുമെത്തി. ഗോപിനാഥ് അപ്പന്റെ ചലനങ്ങളിലേക്ക് ക്യാമറ വച്ചു. സ്കൂളിലായിരിക്കുമ്പോൾ ഗോപിയുടെ ഇരട്ടപ്പേര് ‘ഡയറക്ടർ’ എന്നായിരുന്നു. സിനിമയോടുള്ള ഇഷ്ടം കുട്ടിക്കാലത്തേ തുടങ്ങിയിരുന്നു.  
 ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ ‍ഡിപ്ലോമ കഴിഞ്ഞപ്പോള്‍ തന്നെ ബെംഗളൂരുവില്‍ ഗോപിനാഥിനു ‍ക്യാംപസ് സെലക്‌ഷൻ വഴി ജോലി കിട്ടി. എല്ലാവരും ജോലി കിട്ടിയതിൽ സന്തോഷിച്ചപ്പോൾ ഗോപി കരഞ്ഞു. ഇല്ലാതാകുന്നത് സ്കൂൾ കാലം മുതൽ ഇടയ്ക്കിടെ തുറന്നു നോക്കി ഒാമനിച്ച  സിനിമ എന്ന സ്വപ്നമാണല്ലോ. ഗോപി വീട്ടിലെത്തി അറുമുഖത്തോടു പറഞ്ഞു,‘അപ്പാ, എനിക്കു ജോലി വേണ്ട, ഞാൻ സിനിമയിൽ കയറാൻ നോക്കട്ടേ?’
അറുമുഖം അപ്പോൾ ഒരുപാടു ജോലികളിലൂടെ അലഞ്ഞു നടന്ന സ്വന്തം ജീവിതമോ പട്ടിണിയുടെ ഉപ്പ് അളവുതെറ്റി വീ ണ ദിവസങ്ങളെക്കുറിച്ചോ ആലോചിച്ചില്ല, ‘നിനക്കിഷ്ടമുള്ളതു ചെയ്യ്’ എന്നു മാത്രം പറഞ്ഞു...


ആരാധനയോടെ അപ്പനെ നോക്കി ഗോപി ആ ദിവസങ്ങളെക്കുറിച്ചു ഒാർമിച്ചു. ‘‘ഒരുപാട് സിനിമാ സംവിധായകർക്ക് പിറകെ അവസരം ചോദിച്ചു നടന്നു. ഒന്നും ശരിയായില്ല. പലരും ഒാടിച്ചു വിട്ടു. അതോടെ നിരാശയായി. ആയിടയ്ക്ക് വിവാ ഹം കഴിഞ്ഞു. കോളജ് മുതൽക്ക് ഞാനും പ്രക‍ൃതിയും ഒരുച്ചു പഠിച്ചവരാണ്. പ്രശ്നങ്ങളുടെ ചട്ടിയിൽ കിടന്നു പൊരിയുമ്പോഴും പ്രണയം പകുതി വഴിയിൽ വച്ച് ഉപേക്ഷിച്ചില്ല, വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പ്രകൃതി ചോദിച്ചു ‘കൈയിൽ പൈസയില്ലാതെ  എങ്ങനെ നമ്മൾ ജീവിക്കും. ഒരു ജോലി ക ണ്ടുപിടിച്ചേ മതിയാകൂ.’

vff4


ആലോചിച്ചപ്പോൾ ലാപ്ടോപ്പും  ക്യാമറയും കൈയിലുണ്ട്. സിനിമാ റിവ്യൂകൾ പോസ്റ്റ് ചെയ്ത് യൂട്യൂബിലൂടെ പണമുണ്ടാക്കുന്നവരെ കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷേ, പെട്ടെന്നു ക്ലിക്കാവാൻ സാധ്യതയില്ല. ഭാഷകൾക്ക് അപ്പുറം നിൽക്കുന്ന  വിഡിയോ എന്ന ചിന്ത വന്നു. അതിൽ നിന്നാണ് കുക്കറിയിലേക്ക് എത്തുന്നത്. സ്ഥിരം കുക്കറി വിഡിയോകളുടെ ഫോർമാറ്റിൽ നിന്നു മാറ്റം വേണം  എന്നാലോചിച്ചപ്പോഴാണ് അടുക്കളയിൽ നിന്ന് പാചകം പറമ്പിലേക്കും പുഴവക്കിലേക്കും  പോയത്.


പാചകം െചയ്യുന്നതു മാത്രം കാണിക്കും എന്നാണു തീരുമാനിച്ചത്. പക്ഷേ, ക്യാമറയുടെ വ്യൂഫൈൻഡറിൽ കൂടി നോക്കിയപ്പോൾ അപ്പയുടെ മീശയും ചിരിയും ഒക്കെ കണ്ടപ്പോൾ ഒന്നുറപ്പിച്ചു ഈ മുഖം ബ്രാൻഡ് ചെയ്യപ്പെടും.  ചാനൽ നിന്നു പോയാലും അപ്പയുടെ മുഖമില്ലാതെ ഒരു വിഡിയോ പോലും ഇറക്കില്ല എന്ന് ആ നിമിഷം ഉറപ്പിച്ചു.
ഞണ്ടിനെ പാകം ചെയ്യുന്ന ഒരു വിഡിയോയാണ് ആദ്യം എടുത്തത്. അത് യൂട്യൂബിൽ ഇട്ട് ഞാൻ തേനിയിലേക്കു പോ യി. ആദ്യ ദിവസം ആയിരം പേർ കണ്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാഴ്ചക്കാരുടെ എണ്ണം ഇരുപതിനായിരത്തിലധികമായി. പിന്നെ, എൺപതിനായിരമായി. വിജയിക്കുന്നു എന്നു തിരിച്ചറിഞ്ഞു. അപ്പോൾ തന്നെ തേനിയിലെ ഫാമിൽ പോയി അടുത്ത വിഡിയോ ഷൂട്ട് ചെയ്തു. കോളിഫ്ലവറും മുട്ടയും ചേർത്ത ഒരു വിഭവമായിരുന്നു അത്. ഏഴുലക്ഷം പേരാണ് ആ പാചക വിഡിയോ യൂട്യൂബിലൂടെ കണ്ടത്.  
അന്ന് ഞാനും പ്രകൃതിയും വീട്ടുചെലവു കണക്കു കൂട്ടിയത് ഇന്നും ഒാർ‌മയുണ്ട്. ഈ വിഡിയോകളിലൂടെ മാസം പതിനയ്യായിരം രൂപ കിട്ടും. അതിൽ അയ്യായിരം രൂപ ഷൂട്ടിനായുള്ള സാധനങ്ങൾ വാങ്ങാന്‍ ഉപയോഗിക്കും. ബാക്കിയുള്ളതില്‍ അയ്യായിരം വീട്ടുചെലവിനും അയ്യായിരം എമർജൻസി ഫണ്ടിനും മാറ്റി വയ്ക്കും.


പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ എത്ര പേർ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് യൂട്യൂബ് പണം തരുന്നത്. നമ്മുടെ വിഡിയോ ഹിറ്റായി പരസ്യങ്ങൾ ലഭിക്കുന്നതോടെ വരുമാനത്തിലും വർധനയുണ്ടാകും. ചില മാസങ്ങളിൽ ഒ രു ലക്ഷം രൂപയിലധികം കിട്ടാറുണ്ട്.’’ ആത്മവിശ്വാസം തിളയ്ക്കുന്നത് ഗോപിയുടെ കണ്ണുകളിൽ കാണാം.


രുചിക്കൂട്ടിന്റെ ഹിറ്റ് രഹസ്യങ്ങൾ


സിനിമയിൽ സലിംകുമാർ സവാള ഗിരി ഗിരി എന്ന് അരിഞ്ഞതു പോലെ അറുമുഖം ചിക്കനുമേല‍്‍ കത്തി കൊണ്ടൊരു പാച്ചിൽ നടത്തി. കൊത്തിയരിഞ്ഞ ചിക്കൻ കഴുകി വാരിവച്ചു. ചിക്കനെങ്ങനെ ഈ കോലത്തിലായെന്ന് ആലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അടുപ്പു കല്ലിൽ വിറകു വീണു. അതിൽ കർപ്പൂരം കത്തിച്ച് അറുമുഖം തൊട്ടു തൊഴുതു, തീയുടെ മുകളിൽ ചീനച്ചട്ടി ചരിഞ്ഞൊന്നിരുന്നു.

vff3


എണ്ണയിൽ വീണ് അരിയാത്ത ചെറിയ ഉള്ളിയും അരികളഞ്ഞ വറ്റൽ മുളകും ചിരി തുടങ്ങി. എരിവധികം വേണ്ട. ചിരിച്ചു ചിരിച്ച് ഉള്ളിയുടെ മുഖം ചുവന്നു വാടുമ്പോഴാണു ചിക്കൻ പ്രവേശിക്കുക. അതു വരെ ഇളക്കലോടിളക്കൽ. നൂറ്റി ഇരുപതിലധികം വിഡിയോകൾ ഇതുവരെ യൂട്യൂബി ൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. നൂറു ചിക്കൻ കാലു കൊണ്ട് ‘കെഎഫ്സി’ മോ‌‍ഡലിലൊരു അലക്കലക്കിയതാണ് ഇതുവരെ ഞെട്ടിച്ചു കളഞ്ഞ വിഭവമെന്ന് ഗോപി പറയുന്നു. പതിനഞ്ചു ദിവസത്തിൽ കണ്ടത് ഒരു കോടിയിലധികം ആളുകള്‍.
‘‘പാകം ചെയ്യാൻ പോകുന്ന വിഭവത്തിന്റെ വലുപ്പവും എ ണ്ണത്തിലുള്ള കൂടുതലുമൊക്കെയാണ് വിഡിയോ ഹിറ്റാക്കുന്നത്. അറേബ്യൻ സ്റ്റൈലിൽ ഒരാടിനെ അതുപോലെ പാച കം ചെയ്യുന്നതും നൂറു തണ്ണിമത്തൻ ജ്യൂസുണ്ടാക്കുന്നതുമെല്ലാം ഇങ്ങനെയാണ് ഹിറ്റായത്,


ഈ വിഡിയോകൾ കാണുന്നവർ ഇതെങ്ങനെ ഉണ്ടാക്കാം എന്നതിനെക്കാൾ ഇതിലെ കൗതുകമാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ റെസിപ്പിയൊന്നും നൽകാറില്ല. വിഡിയോയിൽ മയിലിന്റെയും കാക്കയുടെയുമൊക്കെ കരച്ചിലുക ൾ കേൾക്കാം.  അപ്പയെ ഡാഡി എന്നാണ് ആരാധകർ വിളിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തുനിന്നുള്ളവരാണ് കൂടുതലായും വിഡിയോ കാണുന്നത്.  ചിലർ നിർദേശങ്ങൾ നൽകും.  അപ്പയുടെ ആറാമതു വിരലിനെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ പേർ കമന്റ് ചെയ്യാറുള്ളത്.
എട്ടരലക്ഷത്തിലധികം  പേർ  ചാനൽ  സബ്സ്ക്രൈബ്  ചെയ്തിട്ടുണ്ട്. ഞങ്ങൾ വില്ലേജ് ഫൂഡ് ഫാക്ടറി  തുടങ്ങുമ്പോ ൾ ഒന്നോ രണ്ടോ പേരെ ഇത്തരം വിഡിയോകള്‍ പോസ്റ്റ് െചയ്തിരുന്നുള്ളൂ.  ഇപ്പോൾ ഒരുപാടു പേരുണ്ട്. അതോടെ ഉത്തരവാദിത്തം കൂടി.’’ ഗോപി ഗൗരവത്തോടെ ഷൂട്ട് തുടങ്ങി.

കാരുണ്യവഴികൾ

നൂറു േകാഴിക്കാലും നൂറു മുട്ട െകാണ്ട് ഒാംലറ്റും എല്ലാം കൗതുകം തന്നെ. പക്ഷേ, പാചകം കഴിഞ്ഞ് ഇവയെന്തു െചയ്യും. അറുമുഖത്തേയും ഗോപിനാഥിനേയും കാത്തിരിക്കുന്ന വിശപ്പിന്റെ കരിപിടിച്ച വയറുകള്‍ തെരുവിലുണ്ട്. ഭക്ഷണം അലുമിനിയം ഫോയിൽ പാത്രങ്ങളിലാക്കി അറുമുഖവും മക്കളും തെരുവിലേക്കു കൊണ്ടു പോകും. നീട്ടിനിൽക്കുന്ന കൈകളിലേക്ക് അതു വച്ചു കൊടുക്കുമ്പോൾ, സന്തോഷം തിളച്ചുയരുന്ന അവരുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വലുതാണെന്ന് അറുമുഖം.
ഇതിലൊന്നും ഒതുങ്ങുന്നതല്ല ഗോപിയുടെ സ്വപ്നങ്ങൾ. നാൽപതോളം തിരക്കഥകളുണ്ട് കൈയിൽ. ‘സിനിമയിലേക്കു തന്നെ എത്തണം എന്നാണ് ആഗ്രഹം. ആ യിരം വിഡിയോ ഷൂട്ട് ചെയ്യണം. അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു രണ്ടു വർഷത്തിനുള്ളിൽ ഒരു ‘കുട്ടി റസ്റ്ററൻ‌റ് ’ തുടങ്ങണം. അത് അപ്പയെ ഏൽപ്പിച്ച് സിനിമ സംവിധാനം ചെയ്യണം...’’ സ്വപ്നങ്ങൾ ഇട്ടുവച്ച പാത്രത്തിന്റെ അടപ്പ് ഗോപി മുറുക്കി അടയ്ക്കുന്നു.

vff2
അറുമുഖം ഭാര്യ സെൽവിക്കും മക്കൾ മണികണ്ഠനും ഗോപിനാഥിനും മരുമകൾ പ്രകൃതിക്കുമൊപ്പം

സ്നേഹ ഗന്ധം


ചീനച്ചട്ടിയിലേക്ക് ചിക്കൻ വീണപ്പോൾ തന്നെ മുളകിന്റെയും  ഉള്ളിയുടെയും കൈപിടിച്ചൊരു കളി തുടങ്ങി. അറുമുഖം  ചട്ടുകം കൊണ്ട് ചിക്കനുമേൽ താളമിട്ടു. ചുട്ടുപൊള്ളുന്ന വെയിലിൽ ചിക്കൻ തയാറായി വരുന്നതും കണ്ട് വെള്ളമൂറി നിൽക്കുന്നത് വലിയ പരീക്ഷണം തന്നെയാണ്. അറുമുഖം ഇലവെട്ടാനായി പോയി. അതിന്റെ അര്‍ഥം പള്ളിപ്പാളയം ചിക്കൻ റെഡിയായി എന്നാണ്.


മിക്ക വിഡിയോയുടെയും അവസാന രംഗം  ഇങ്ങനെയാണ്. പാചകം കഴി‍ഞ്ഞാൽ അറുമുഖം ഇലവെട്ടും. എന്നിട്ട്  അടുപ്പിനരികിൽ തന്നെ ഇടും. വെള്ളം കുടഞ്ഞ് ഇലകഴുകി അതിലേക്ക് തയാറാക്കി വച്ച വിഭവം വിളമ്പും. എന്നിട്ട് സ്വാദോടു കൂടി കഴിക്കാൻ തുടങ്ങും. ക്യാമറയ്ക്കു പിന്നിൽ നിന്ന് ഗോപി ചോദിക്കും‘‘ അപ്പാ എപ്പടിയിരുക്ക്’’  സ്വാദിന്റെ ‘ആന്തോളന’ ത്തിൽ അറുമുഖം മറുപടിയും പറയും ‘‘ സൂപ്പറായിര്ക്ക്’’...  ചിലപ്പോൾ ആടിന്റെ ‘ഒരു ലെഗ് പീസ്’ തന്നെയാകും കക്ഷി കടിച്ചു പറിക്കുന്നത്. ഒപ്പം കഴിക്കാൻ പട്ടികളും പൂച്ചകളും വരും.


ഇന്നത്തെ ഷൂട്ട് കഴിഞ്ഞ് അറുമുഖം തിരിച്ചിറങ്ങുകയാണ്. മുണ്ടുമടക്കി കുത്തി മീശയൊന്ന് തെറുത്ത് വച്ച്... വരുമാനത്തിൽ നിന്ന് അപ്പനെന്തു സമ്മാനമാണു നൽകിയതെന്നു ചോദിക്കുമ്പോള്‍ ചിരി തൊട്ട് ഗോപി പറയുന്നു, ‘‘ബോഡിനായ്ക്കന്നൂരിലൊരു വീടുവാങ്ങി കൊടുത്തു. കാറി ൽ കയറണമെന്നു വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ കാറുണ്ട്. ഇനി  വിമാനത്തിൽ യാത്ര ചെയ്യിക്കണം...’’ അച്ഛനോടുള്ള സ്നേഹത്തിന്റെ കൊതിപിടിപ്പിക്കുന്ന ഗന്ധം, അതല്ലേ ഇപ്പോൾ ഈ കാറ്റിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്.