Tuesday 20 July 2021 02:44 PM IST : By സ്വന്തം ലേഖകൻ

പതിവു പോലെ കടയിലെത്തി, ഷട്ടര്‍ താഴ്ത്തി: വ്യാപാരികള്‍ കണ്ടത് തൂങ്ങിനില്‍ക്കുന്ന വിനോദിനെ: വേദനയായി ബേക്കറി ഉടമയുടെ മരണം

suicide

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി വ്യാപാരികള്‍. കടബാധ്യതയെത്തുടര്‍ന്ന് ഇരുമ്പുപാലത്തു ബേക്കറിയുടമ ആത്മഹത്യ ചെയ്ത സംഭവം ലോക്ഡൗണ്‍ വ്യാപാര മേഖലയില്‍ സൃഷ്ടിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കേരളം സ്വീകരിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ധരടക്കം ആവര്‍ത്തിക്കുന്ന ഘട്ടത്തിലാണു ജില്ലയെ നടുക്കി ആത്മഹത്യ.

വിനോദിന്റെ ജീവിതം തകിടം മറിച്ചത് ലോക്ഡൗണ്‍

ബേക്കറി വ്യാപാരത്തില്‍ നിന്നു ഭേദപ്പെട്ട വരുമാനം ലഭിച്ചതോടെ അല്ലലില്ലാതെ ഉപജീവനം നടത്തിയിരുന്ന ഒഴുവത്തടം പുല്ലരിമലയില്‍ ജി. വിനോദിന്റെ ജീവിതം തകിടം മറിച്ചതു ലോക്ഡൗണ്‍ പ്രതിസന്ധി. കെട്ടുറപ്പുള്ള വീട് നിര്‍മിക്കുക എന്ന സ്വപ്നം 7 വര്‍ഷം മുന്‍പ് യാഥാര്‍ഥ്യമാക്കി. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇതിനായി തരപ്പെടുത്തിയ പണം പലിശ സഹിതം ഗഡുക്കള്‍ മുടങ്ങാതെ അടയ്ക്കുന്നതിനു ബേക്കറിയില്‍ നിന്നുള്ള വരുമാനം സഹായമായി.

2 വര്‍ഷം മുന്‍പുവരെ ബേക്കറിയില്‍ പ്രതിദിനം 10,000 മുതല്‍ 15,000 രൂപ വരെ വിറ്റുവരവുണ്ടായിരുന്നത് കോവിഡ് പ്രതിസന്ധിയോടെ 1,500 മുതല്‍ 2,000 രൂപ വരെയായി. ഇതോടെ വിവിധ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ 12 ലക്ഷത്തോളം രൂപയുടെ തിരിച്ചടവ് മുടങ്ങി. ഇതു കൂടാതെ ഒന്നര മാസം മുന്‍പ് വാഹനം മറിഞ്ഞു വിനോദിനു പരുക്കേറ്റിരുന്നു.ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ എത്തിയ വിനോദും ഭാര്യ ബിന്ദുവും കോവിഡ് ബാധിതരായി. ഡ്രൈവറായ മകന്‍ അഖിലിനു ലോക്ഡൗണ്‍ നീണ്ടതോടെ തൊഴില്‍ നഷ്ടപ്പെട്ടു. ഇതോടെ ദൈനംദിന ജീവിതം കരുപ്പിടിപ്പിക്കാന്‍ വിനോദിനു മുന്‍പില്‍ മാര്‍ഗങ്ങളില്ലാതായി.

മകന്‍ അഖിലിനു വാഹനം ഓടിച്ചു കിട്ടുന്ന വരുമാനം ആയിരുന്നു  മറ്റൊരാശ്വാസം. ലോക്ഡൗണില്‍ അതും ഇല്ലാതായി. ഇതോടെ കടക്കെണി മുറുകി. ഇതാണ്, 10 വര്‍ഷത്തോളമായി തന്റെ ജീവിതം കരുപ്പിടിപ്പിച്ച ബേക്കറിക്കുള്ളില്‍ തന്നെ ജീവിതം അവസാനിപ്പിക്കാന്‍ വിനോദിനെ പ്രേരിപ്പിച്ചത്. വീട്ടില്‍ നിന്നു മകനോടൊപ്പമാണു രാവിലെ ബേക്കറിയിലേക്ക് പോയിരുന്നത്. എന്നാല്‍ ഇന്നലെ അതുണ്ടായില്ല. മകനോട് അല്‍പം താമസിച്ച് എത്തിയാല്‍ മതിയെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആത്മഹത്യയിലേക്കായിരുന്നു യാത്ര പറഞ്ഞിറങ്ങിയതെന്നു കുടുംബത്തിനു വിശ്വസിക്കാനായിട്ടില്ല. 

വീട്ടില്‍ നിന്ന് രാവിലെ അഞ്ചരയോടെ ബേക്കറിയില്‍ എത്തിയ വിനോദ് അകത്തു കയറി കടയുടെ ഷട്ടര്‍ താഴ്ത്തി.

അര മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥാപനം തുറക്കാതെ വന്നതോടെ സമീപത്തുള്ള വ്യാപാരി എത്തി ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണു വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

കടം വാങ്ങിയ തുകയുടെ പലിശ പോലും അടയ്ക്കാന്‍ കഴിയാതായതാണ് വിനോദിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് മകന്‍ അഖില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ കല്ലാര്‍കുട്ടി ഇഞ്ചപ്പതാല്‍ ഇഞ്ചപ്ലാക്കല്‍ ബിന്ദു.