Wednesday 04 December 2019 05:02 PM IST : By സ്വന്തം ലേഖകൻ

വിധവയുടെ ഭർത്താവ് വർഷാവർഷം മരിക്കുമോ? അന്തരിച്ച നാടകാചാര്യൻ പി കെ വേണുക്കുട്ടൻ നായരുടെ ഭാര്യ ചോദിക്കുന്നു!

ggddpen

നിലവിൽ അവിവാഹിത, വിധവാ പെൻഷൻ തുടർന്നും ലഭിക്കാൻ വർഷാവർഷം വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നിജസ്ഥിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് എല്ലാ വർഷവും നല്‍കേണ്ടതാണ്. ഡിസംബര്‍ 15 നുള്ളിൽ ഇത് സമർപ്പിച്ചാലേ പെൻഷൻ ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം മുതലാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തരിച്ച നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻ നായരുടെ ഭാര്യ ആശ സുവര്‍ണരേഖ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ആശ സുവര്‍ണരേഖ എഴുതിയ കുറിപ്പ് വായിക്കാം; 

വിധവയുടെ ഭർത്താവ് വർഷാവർഷം മരിക്കുമോ?

പുനർവിവാഹം കഴിച്ചിട്ടില്ല എന്ന് വില്ലജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഭർത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രവും വേണമത്രേ. അപേക്ഷ കൊടുത്തപ്പോൾ അത് വാങ്ങിവച്ച് പിറ്റേന്ന് ചെല്ലാൻ പറഞ്ഞ ഉദ്യോഗസ്ഥയോ പിറ്റേന്നു ചെന്നപ്പോൾ അപേക്ഷ വെരിഫൈ ചെയ്ത വില്ലേജ് ഓഫീസറോ അക്കാര്യം മിണ്ടിയില്ല. വില്ലേജ് ഓഫീസിൽ എഴുതി വച്ചിട്ടുമില്ല. മൂന്നാംനാൾ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസർ പറഞ്ഞ പ്രകാരം ചെന്നപ്പോഴാണ് മരണ സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൗൺസിലറുടെ സർട്ടിഫിക്കറ്റും ഇല്ലാത്തതിനാൽ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് തരാത്തത്.

ആധാർ കാർഡ് ആധികാരിക രേഖയാണെന്നു പറയുന്ന നാട്ടിൽ വിധവകളോട് മാന്യമായി പെരുമാറാൻ വില്ലേജ് ഓഫീസർമാരോട് ആരാണ് പറയുക? പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റുമായി അക്ഷയ സെന്ററിൽ പോയി കണ്ണും കൈയും സ്കാൻ ചെയ്താലെ തുടർ പെൻഷൻ കിട്ടുകയുള്ളു. ഭർത്താവ് നഷ്ടപ്പെട്ട അവസരത്തിൽ ഉണ്ടായതിനേക്കാൾ വേദനയാണ് പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റിനായി വർഷാവർഷം നെട്ടോട്ടമോടുന്നത്. അതുപോലെയാണ് ജീവിച്ചിരിക്കുന്നു എന്ന് സ്വയം സാക്ഷ്യപെടുത്തുന്നത് പോരാതെ ഗസറ്റഡ് ഓഫീസറുടെ കാരുണ്യത്തിനായി കാത്തുനിൽക്കുന്നത്.

ഇനി അഥവാ ഇത്തരം സർട്ടിഫിക്കറ്റുകൾ വേണമെങ്കിൽ കൗൺസിലറുടെ സർട്ടിഫിക്കറ്റ് മതി എന്ന നിയമം കൊണ്ടുവന്നാൽ പോരെ? സ്ത്രീകളോട് കരുണ കാണിക്കാറുള്ള ഈ സർക്കാർ വില്ലേജ് ഓഫീസറുടെ മർക്കടബുദ്ധിക്ക് തടയിടുന്ന വഴി ഉണ്ടാക്കുമോ? വിധവകളുടെ രോദനം ഗൗരവമായി എടുക്കുമോ?

മലയാള നാടക വേദിയുടെ വളർത്തച്ഛൻ എന്ന് ഡോക്ടർ കെ. അയ്യപ്പ പണിക്കർ വിശേഷിപ്പിച്ച നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻ നായരുടെ വിധവയായ ഞാൻ ലൈഫ് പദ്ധതിയിൽ 3 സെന്റ് വസ്തുവിന് അപേക്ഷിച്ചിരുന്നു. എനിക്ക് സ്വന്തമായി വസ്‌തുവോ വീടോ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റും വിധവാ സർട്ടിഫിക്കറ്റും കിട്ടാൻ ദിവസങ്ങളായി നടക്കേണ്ടി വന്നു. ജീവിതമേ നാടകവേദിയുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച പി.കെ. വേണുക്കുട്ടൻ നായർ മൂന്നു പുസ്തകം എഴുതി പൂർത്തിയാക്കാതെയാണ് അന്തരിച്ചത്. അതു പൂർത്തിയാക്കാൻ വേണ്ടി സ്കൂൾ ഓഫ് ഡ്രാമയിൽ എംടിഎയ്‌ക്ക് പഠിക്കുന്ന ഞാൻ സർട്ടിഫിക്കറ്റിനായി മൂന്നു ദിവസത്തെ ക്ലാസ് നഷ്ടപ്പെടുത്തി. എന്നിട്ടും കിട്ടിയില്ല വിധവാ സർട്ടിഫിക്കറ്റ്. സർക്കാരിന്റെ അടിയന്തര ശ്രദ്ധ വിധവകളോട് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

Tags:
  • Spotlight
  • Social Media Viral