Thursday 29 March 2018 02:18 PM IST

'ഉദ്യോഗസ്ഥയായ ഗൃഹനാഥയ്ക്ക് സഹായമാണ് ആവശ്യം, അല്ലാതെ ഭംഗിവാക്ക് കൊണ്ട് കാര്യമില്ല..'

Lakshmi Premkumar

Sub Editor

home-maker

മകൾ, ഭാര്യ, അമ്മ, ഉദ്യോഗസ്ഥ, സഹപ്രവർത്തക. ജോലി ചെയ്യുന്ന സ്ത്രീ ജീവിതത്തിനു പല മുഖങ്ങൾ. വീട്ടിലെയും ഓഫിസിലെയും തിരക്കുകൾക്കിടയിൽ അവർ യഥാർഥത്തിൽ ഹാപ്പിയാണോ? കേരളത്തിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ വനിതകളുടെ മനസ്സറിയാൻ വനിത നടത്തിയ സർവേയിലെ വെളിപ്പെടുത്തലുകൾ.

ഭംഗിവാക്കല്ല, വേണ്ടത് സഹായം


വീട്ടിലെയും ഓഫിസിലെയും ജോലി, ഇതിനിടയിൽ ഭർത്താവിന്റെ കാര്യം, മക്കളുടെ പഠനം, രക്ഷിതാക്കളെ നോക്കൽ ഇവയെല്ലാം ആരേയും വെറുപ്പിക്കാതെ ചെയ്യുക  എന്നത് വലിയ കാര്യം തന്നെയാണ്. അതിനിടിയിൽ സ്വയം അഡ്ജസ്റ്റ് ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമ്മുടെ സ്ത്രീകൾക്കില്ല. അതുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഡബിൾ റോളിൽ  സംതൃപ്തമാകാതെ വേറെ വഴിയില്ല എന്ന ഉത്തരത്തിലേക്ക് എത്തി ചേർന്നത്.  പക്ഷേ, ഒന്നും ആരോടും പറയാതെ, ദു:ഖങ്ങൾ ഒളിപ്പിച്ച് സന്തോഷം നടിച്ച് ജീവിക്കുന്നവർ സൂക്ഷിക്കണം കാരണം തുടർച്ചയായി സഹിക്കേണ്ടി വരുന്ന ഈ സമ്മർദം പലവിധ രോഗങ്ങൾക്കും വഴിയൊരുക്കും. ഈ അവസ്ഥയിൽ നിന്നു ഗൃഹനാഥയെ രക്ഷിക്കാൻ വീട്ടിലുള്ളവർക്ക് മാത്രമേ കഴിയൂ. ഓരോരുത്തരും അവർക്കു പറ്റാവുന്ന പണികൾ ചെയ്യുക.

എല്ലാത്തിലും അവരുടെ കൈയെത്തണമെന്ന പിടിവാശിയോട് ആദ്യം ബൈ പറയാം. സഹതാപവും ഉപദേശവും പോലെ തന്നെ യാതൊരു ഗുണവുമില്ലാത്ത കാര്യമാണ് ഈ മനസ്സിലാക്കൽ. കായികമായി അധ്വാനം വേണ്ട ഒരു കാര്യത്തിന് അദ്ദേഹം മനസ്സിലാക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ചിരിക്കുന്നത് നല്ല രീതിയല്ല. മനസ്സിലാക്കുന്ന ഒരാൾക്ക് എന്തുകൊണ്ട് സഹായിച്ചു കൂടാ ? സഹായമാണ് ആവശ്യം. അല്ലാതെ ഭംഗിവാക്ക് കൊണ്ട് കാര്യമില്ല.

ഓഫിസിലെ പ്രണയം മധുരമല്ല


സൗഹൃദത്തെ അതിന്റെ അതിർ വരമ്പുകളിൽ  നിർത്തുന്നതാണ്  കുടുംബ ജീവിതത്തിന് ഏറ്റവും  ഉചിതം. ഓരോ വ്യക്തിയുടേയും പങ്കാളിക്ക് അനുസരിച്ചാണ് ഈ സൗഹൃദത്തിന്റെ പരിധി. നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമല്ലെങ്കിൽ  പിന്നെ, ആ സൗഹൃദം തുടരുന്നതെന്തിനാണ്? ഒരിക്കലും സൗഹൃദങ്ങളെ വീട്ടിൽ പറയാതിരിക്കരുത്. ആ ബന്ധം പിന്നീട് ഏതെങ്കിലും രീതിയിൽ പങ്കാളി അറിയുകയോ വീട്ടുകാർ അറിയുകയോ ചെയ്താൽ അത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. തുറന്ന സൗഹൃദത്തെ കുറിച്ച് എപ്പോഴും സംസാരിക്കാൻ പറ്റിയ ഏറ്റവും നല്ല വ്യക്തി സ്വന്തം ഭർത്താവ് തന്നെയാണ്.

പല ഓഫിസുകളിലും ഇന്ന് കാണാൻ കഴിയുന്ന കാഴ്ചയാണ് വിവാഹേതര ബന്ധങ്ങൾ. എന്റെ പ്രണയം എന്റെ അവകാശമാണെന്ന് പറയുമ്പോഴും അത് രണ്ട് കുടുംബങ്ങളുടേയും നാല് ജീവിതങ്ങളുടേയും ഭാവി കൂടിയാണെന്നുള്ളത് പ്രത്യേകം ഓർക്കണം. വിവാഹ ശേഷം മറ്റൊരാളെ അതല്ലെങ്കിൽ സഹപ്രവർത്തകനെ പ്രണയിക്കുക എന്നത് ജീവിതത്തിൽ എടുക്കുന്ന ഏറ്റവും വലിയ റിസ്കാണ്. വീട്ടിലെ ടെൻഷൻ ഒരു വഴിയിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ മറ്റൊരു സമ്മർദം കൂടെ സ്വീകരിക്കുന്നു. വർത്തമാനകാലത്തിൽ നടക്കുന്ന ഒരു കാര്യം മാത്രമാണ് ഇത്തരം ബന്ധങ്ങൾ. മനസിന്റെ ഭാരം കുറക്കാൻ കണ്ടെത്തുന്ന വഴിയാണെന്ന് പറയാമെങ്കിലും യഥാർഥത്തിൽ അതിസാഹസികമായൊരു ചലഞ്ചാണ് ഇത്തരം ബന്ധങ്ങൾ.

ആദ്യം പ്രതികരണം പിന്നെ, പരാതി

ഓഫിസിൽ നടക്കുന്ന പീഡനങ്ങൾ തടയാനുള്ള ഏക മാർഗം ഉറക്കെ പ്രതികരിക്കുകയാണ്. ഓഫിസിലെ മുതിർന്ന ഉദ്യോസ്ഥനോ, കീഴുദ്യോഗസ്ഥനോ ആരായാലും അനാവശ്യ രീതിയിൽ തൊടുകയോ ലൈംഗിക ചുവയോടെ സംസാരിക്കുകയോ ചെയ്താൽ അപ്പോള്‍ തന്നെ പ്രതികരിക്കണം. ഏറ്റവും നല്ല മാർഗം ഓഫിസിലെ മറ്റുള്ളവർ കേൾക്കുന്ന രീതിയിൽ തമാശ കലർത്തി പറയേണ്ട കാര്യം അവതരിപ്പിക്കുകയാണ്. ആദ്യത്തെ തവണ തന്നെ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് ഇത് തുടരുമെന്ന് പ്രത്യേകം ഓർക്കുക.

സ്ത്രീകളുടെ മാനസിക സമ്മർദങ്ങൾ കുറയ്ക്കാനായി തൊഴിലിടങ്ങളിൽ കംപ്ലെയിന്റ്സ്  കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിർബന്ധമായും  ഈ കമ്മിറ്റി ഓരോ ഓഫിസിലും ഉണ്ടായിരിക്കണം, ആകെ അഞ്ച് അംഗങ്ങളാണ് കുറഞ്ഞത് കമ്മിറ്റിയിലുണ്ടായിരിക്കേണ്ടത്. ഇവരിൽ തന്നെ മൂന്ന് പേർ സ്ത്രീകളും, ഒരാൾ ഓഫിസിന് പുറത്തുള്ള ഒരു സാമൂഹിക പ്രവർത്തകയുമായിരിക്കണം. തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷം, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വരുന്ന ശകാരം, മറ്റ് മാനസികവും ശാരീരികവുമായ പീഡനങ്ങൾ എന്നിവയെല്ലാം ഈ കമ്മിറ്റി മുമ്പാകെ അറിയിക്കാം.

തൊഴിൽമേഖലാ സ്ഥാപനത്തിലെ എല്ലാ വിഭാഗത്തിലും ജോലി ചെയ്യുന്നവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന കമ്മിറ്റിയായിരിക്കണം ഇത്. മാസത്തിൽ രണ്ട് തവണ ഈ കമ്മിറ്റി മീറ്റിങ് ഉണ്ടായിരിക്കണം. ഈ മീറ്റിങ്ങിൽ തന്നെ ലഭിച്ച എല്ലാ പരാതികൾക്കുമുള്ള മറുപടിയും തീരുമാനവും നീതിയും ലഭിക്കുന്നതാണ്. മിനിമം അമ്പത് ജോലിക്കാരുള്ള തൊഴിലിടങ്ങളിൽ ഇ ത്തരം കമ്മിറ്റി നിർബന്ധമാണ്.

കൂടുതൽ കാലം ജീവിക്കാം

എന്നും ഒരേ സാഹചര്യത്തിലൂടെ പോകാതെ സ്ത്രീകൾ  സ്വന്തമായി ആനന്ദിക്കാനുള്ള സമയമുണ്ടാക്കണം. ഏറ്റവും കൂടുതൽ സ്ത്രീകൾ മാറ്റി വയ്ക്കുന്ന ഒന്നാണ് ‘സെൽഫ് കെയർ. ’ ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ  ഇതോർത്ത് പശ്ചാത്തപിക്കും. ഈ അവസരം വരെ എത്തിക്കരുത് കാര്യങ്ങൾ.

അവനവനു വേണ്ടി സമയം കണ്ടെത്തണം എങ്കിൽ ഒരു പരിധി വരെ മാനസികമായ തളർച്ചയെ പ്രതിരോധിക്കാം. ഓരോ സ്ത്രീയും  ആഗ്രഹിക്കുന്നത്രയും സമയം വിശ്രമത്തിനായി മാറ്റി വയ്ക്കണം. അൽപം പാട്ടു കേള്‍ക്കാൻ  അതല്ലങ്കിൽ സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ. വീട്ടിലെ എല്ലാവർക്കും വേണ്ടി ആശുപത്രിയിലേക്ക് ഓടുന്ന സ്ത്രീ സ്വന്തം ശരീരത്തിലുണ്ടായ ഒരു മുഴയെ  ഒളിപ്പിച്ചു കൊണ്ടായിരിക്കും ജീവിക്കുന്നത്. ഒടുവിൽ കണ്ടുപിടിച്ച് വരുമ്പോ ഴേക്കും ഭേദമാക്കാൻ കഴിയാത്ത വിധം അത് പെരുകിയിട്ടുണ്ടാകും. തന്നിലേക്ക് ഇടക്കിടെ തിരിഞ്ഞു നോക്കാൻ മറക്കരുത്.

ശൗചാലയങ്ങൾ ആവശ്യമല്ല, അവകാശമാണ്


തൊഴിലിടങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ അവശ്യമല്ല, അവകാശമാണ്. മിക്ക തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. ഓരോ സ്ഥാപനത്തിലേയും വനിതാ ജോലിക്കാരുടെ എണ്ണത്തിനനുസരിച്ച് ബാത്റൂമുകളുടെ എണ്ണത്തിലും വർധന  ഉണ്ടാകണമെന്നാണ് നിയമത്തിൽ പറയുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിൽ വൃത്തിയുള്ളൊരു ശൗചാലയമില്ലെങ്കിൽ  അതത്  ജില്ലകളിലെ ലേബർ ഓഫിസ്  എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ പരാതികൾ ബോധിപ്പിക്കാം. റസ്റ്റ് റൂം നൽകണമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. പരിശോധനാ സമയത്ത് ഓഫിസുകൾ ഇത്തരത്തിൽ ഒരു മുറി കാണിക്കുമെങ്കിലും പിന്നീട് ഇത് അവഗണിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. കേരളാ ഷോപ്സ് ആന്റ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സ്ത്രീകൾക്ക് ശാരീരിക പ്രശ്നങ്ങളുള്ള സമയങ്ങളിൽ ആശ്വാസത്തിനായി റസ്റ്റ് റൂമുകൾ നിർബന്ധമാണ്.


ആറു മാസം അല്ലലില്ലാതെ ജീവിക്കാം

സ്ത്രീകൾക്ക് പ്രസവത്തെ തുടർന്ന് ആറ് മാസം ശമ്പളത്തോടു കൂടിയുള്ള അവധി മെറ്റേണിറ്റി ആക്ടിൽ നിഷ്കർച്ചിട്ടുണ്ട്. ശമ്പളവും അതിനൊപ്പം  ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും  ഈ അവസരങ്ങളിൽ  നൽകാന്‍ എല്ലാ തൊഴിൽ സ്ഥാപനങ്ങളും നിർബന്ധിതരാണ്. അബോർഷനായാലും ആവശ്യമുള്ള  അവധിയും ആനുകൂല്യങ്ങളും  നൽകണമെന്ന് ഈ നിയമത്തിൽ പറയുന്നു. കാഷ്വൽ ലീവ് 12, സിക്ക് ലീവ് 12, ആനു‌വൽ ലീവ്12, ഒരു വർഷം ഒരു സ്ഥാപനത്തിൽ പൂർത്തിയാക്കിയവർക്കാണ് ആനുവൽ ലീവ് ലഭിക്കുക. ഇങ്ങനെ 36 അവധികളാണ് നിർബന്ധമായും ഒരു സ്ഥാപനത്തിൽ ഒരു വർഷത്തേക്ക് നൽകേണ്ടത്.

ഇതിന് പുറമെ 20 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനത്തിൽ 13 നാഷനൽ  ഹോളിഡേയ്സ് നൽകണം. മേയ് 1, ജനുവരി 26, ഓഗസ്റ്റ് 15,  ഒക്ടോബർ 2 ഈ അവധികൾ അതത് ദിവസങ്ങളിലും ബാക്കി ഒമ്പത് അവധികൾ ഏതൊക്കെ നൽകണമെന്നത് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനത്തിനുണ്ട്. എല്ലാ ഓഫിസുകളിലും ഇപ്പോൾ സംഘടനകൾ സജീവമാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക തിക്താനുഭവങ്ങൾ കുറവാണ്. എന്നിരുന്നാലും ഒരു സ്ത്രീ തൊഴിലിടത്തിൽ ഏതെങ്കിലും രീതിയിലുള്ള ലൈംഗികമായ തിക്താനുഭവങ്ങൾക്ക് ഇരയായാൽ ഓഫിസിലെ കംപ്ലൈന്റ് കമ്മിറ്റിയിലോ അതല്ലങ്കിൽ ഓരോ ജില്ലയിലുമുള്ള  വനിതാ പ്രൊട്ടക്‌ഷൻ  ഓഫിസർമാരുടെ സമക്ഷമോ പരാതികൾ ബോധിപ്പിക്കാവുന്നതാണ്.

കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാം


എട്ടു മണിക്കൂറാണ് ഓരോ സ്ഥാപനത്തിലും അനുശാസിച്ചിട്ടുള്ള വർക്കിങ് അവേഴ്സ്. ഇത് കൂടാതെ ഒന്നര മണിക്കൂർ ജോലിക്കാർക്ക് വിശ്രമവും ഇടവേളയും അനുവദിക്കുന്നുണ്ട്. വൈകുന്നേരം ഏഴ് മണിക്ക് ശേഷം സ്ത്രീകൾ ഓഫിസുകളിൽ ജോലി ചെയ്യരുതെന്ന് നിയമമുണ്ടെങ്കിലും ഓരോ സ്ത്രീയുടെയും തീരുമാനവും സൗകര്യവും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താറുണ്ട്. വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അവരുടെ താൽപര്യത്തോടെയാണ് ഇത് സ്വീകരിക്കുന്നത്. മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നാൽ അതും നിയമവിരുദ്ധമാണ്.

ജോലി സമയത്തിന് ശേഷം അധിക ജോലിക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ഓരോ മണിക്കൂറിനും ഡബിൾ വേതനം ഈടാക്കാവുന്നതാണ്. ഈ ആനുകൂല്യം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. 20 ലേഡീസ് സ്റ്റാഫിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ഹോസ്റ്റൽ സൗകര്യങ്ങൾ നൽകണമെന്ന് നിയമത്തിൽ പറയുന്നു. ജോലിക്ക്  ശേഷം  സ്ത്രീകൾക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും നിയമം അനുശാസിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്- ജി. രാധാകൃഷ്ണൻ നായർ, റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ. ഡോ. സൈലേഷ്യ. ജി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിനെ മെഡിസിറ്റി, എറണാകുളം. തയാറാക്കിയത് : ലക്ഷ്മി പ്രേംകുമാർ