Saturday 24 March 2018 05:13 PM IST

കിട്ടുന്ന ശമ്പളം ഒരു ചില്ലി കാശെടുക്കാതെ ഭർത്താവിനെ ഏൽപ്പിച്ചിരുന്ന ആ കാലം പോയി; ഇന്നത്തെ സ്ത്രീകൾ പറയുന്നത്!

Lakshmi Premkumar

Sub Editor

Young woman fashion designer working at studio

ഹോബികൾക്ക്  ഇന്നത്തെ തിരക്കിൽ സ്ഥാനം കുറവാണെങ്കിലും സമയം കിട്ടുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. സർവേയിൽ പങ്കെടുത്ത എല്ലാവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ട്. 78.9 ശതമാനം സ്ത്രീകളാണ് സോഷ്യൽ മീഡിയയില്‍ വിനോദവേളകൾ ചെലവഴിക്കുന്നത്. വീട്ടിലെ സമയക്കുറവ് ഒരു പരിധി വരെ ഇവരുടെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയാകുന്നുണ്ടെങ്കിലും 11 ശതമാനം സ്ത്രീകൾ ഓഫിസിലെ ഇടവേളകളിൽ സോഷ്യൽമീഡിയയിൽ സജീവമാണ്. സമയക്കുറവ് കാരണം ആ മേഖലയിലേക്ക് ശ്രദ്ധിക്കാത്ത 10 ശതമാനം സ്ത്രീകളും കേരളത്തിലുണ്ട്.

‘‘പതിനെട്ട് വയസ് വരെ ഡാൻസ് പഠിച്ചു. പിന്നീട് വിവാഹവും ജോലിയുമെല്ലാമായപ്പോൾ മാറ്റി വയ്ക്കാൻ കഴിയുന്ന ഒരേ ഒരു കാര്യം ഡാൻസ് മാത്രമായിരുന്നു. മക്കൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ   വീണ്ടും ഡാൻസ് എന്ന ആഗ്രഹം തികട്ടി വന്നു. അപ്പോഴാണ് ഞാനും ചിന്തിച്ചത് ഞാനെന്തിന് എന്റെ ആഗ്രഹങ്ങൾ വേണ്ടെന്ന് വയ്ക്കണം? ’’
കോഴിക്കോട് ഇന്റീരിയർ ഡിസൈനറായ സ്മിത ചോദിക്കുന്നു.

ഇപ്പോൾ എത്ര തിരക്കാണെങ്കിലും ഡാൻസിനുള്ള സമയം കണ്ടെത്തും. സർവേയിൽ പങ്കെടുത്ത 40.2 ശതമാനം സ്ത്രീകളും സ്മിതയെപ്പോലെ  ഹോബികൾക്കായി സമയം കണ്ടെത്തുന്നവരാണ്. 46.7 ശതമാനം ആളുകളും ജോലി കാരണം ആഗ്രഹം നടത്താൻ സമയമില്ലാത്തവരാണ്. എന്നാൽ ഭാവിയിൽ പതുക്കെ തങ്ങൾക്ക് സന്തോഷമുണ്ടാക്കുന്ന മേഖലകൾ കണ്ടെത്തുമെന്ന് അവരും ഉറപ്പിച്ച് പറയുന്നു.

ww87

പണം ആര് ചെലവാക്കണം ?

മാസാവസാനം കിട്ടുന്ന ശമ്പളം ഒരു ചില്ലി കാശെടുക്കാതെ ഭർത്താവിനെ ഏൽപ്പിച്ചിരുന്ന ആ കാലമൊക്കെ പോയിട്ട് നാളേറെയായി എന്നാണ് നമ്മൾ കരുതുന്നതെങ്കിലും വിഭിന്നങ്ങളായ ഉത്തരങ്ങളായിരുന്നു സർവേയിൽ പങ്കെടുത്തവർക്ക് പറയാനുണ്ടായിരുന്നത്. 41.9 ശതമാനം സ്ത്രീകളും സ്വന്തം  ഇഷ്ടത്തിനു പണം ചെലവാക്കുന്നവരാണ്. കണക്ക് മാത്രം ഭർത്താവിന് നൽകും. എന്നാൽ 28.6 ശതമാനം സ്ത്രീകളുടേയും ശമ്പളം പൂർണമായി ഭർത്താവിന്റെ നിയന്ത്രണത്തിലാണ്. ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി ബാക്കി പണം വീട്ടിൽ ഏൽപ്പിക്കുന്നവരാണ് 17.1 ശതമാനം. സ്വന്തം പണം സുരക്ഷിത നിക്ഷേപമാക്കുന്നത് 12.4 ശതമാനം പേർ മാത്രമാണ്.

പഴയ മോഹങ്ങൾ മാറ്റിവച്ചേ മതിയാകൂ

ഔദ്യോഗിക ജീവിതം,  ആഗ്രഹിച്ചതല്ല ലഭിച്ചത് പക്ഷേ, പഴയ ആഗ്രഹങ്ങളേയും കെട്ടിപിടിച്ച് ജീവിക്കാൻ കഴിയുമോ? ചില ആഗ്രഹങ്ങൾ മാറ്റി വച്ച് മുന്നോട്ട് പോയേ തീരൂ. അതല്ലേ ജീവിതം. ഇത് ഒരാളുടെ അഭിപ്രായമല്ല. സർവേയിൽ പങ്കെടുത്ത 41 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായക്കാരാണ്. ‘‘പഠിക്കുന്ന കാലത്ത് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഇപ്പോൾ കെഎസ്ആർടിസിയിൽ ക്ലർക്കായി ജോലി ചെയ്യുന്നു. ഡോക്ടറായില്ല എന്നോർത്ത് ദുഃഖിക്കാനൊന്നും എന്നെ കിട്ടില്ല. കിട്ടിയ ജോലി കൊണ്ട് ഹാപ്പിയായി ജീവിക്കുക.’’  അശ്വതിയുടെ വാക്കുകൾ.

ww45

വൃത്തിയുള്ളൊരു ബാത് റൂം, പ്ലീസ്

സ്ത്രീ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ചർച്ചകളിലും സംഭാഷ്ണങ്ങളിലും നിരന്തരം കയറി ഇറങ്ങി പോകുമ്പോഴും നമ്മുടെ സ്ത്രീകൾ അവരുടെ ജോലി സ്ഥലത്ത് ഏറ്റവും ആഗ്രഹിക്കുന്നത് വൃത്തിയുള്ളൊരു ബാത്റൂമാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള ജോലിക്കാർ സർവേയിൽ പങ്കെടുത്തപ്പോള്‍ 35 ശതമാനം പേരും ആവശ്യപ്പെട്ടത് വൃത്തിയുള്ള ബാത്റൂം ഉൾപ്പെടുന്ന റസ്റ്റ് റൂമാണ്.

‘‘ശാരീരികമായുണ്ടാകുന്ന വേദനകളും, ആർത്തവ പ്രശ്നങ്ങളും അലട്ടുന്ന ദിവസങ്ങളിൽ അൽപ നേരമെങ്കിലും ഒന്ന് വിശ്രമിക്കാൻ ഒരു ചെറിയ സൗകര്യം അത്യാവശ്യമാണ്. പക്ഷേ, പല സ്ഥലങ്ങളിലും ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പോലുമുള്ള സൗകര്യമുണ്ടാകാറില്ല..’’ മാധ്യമ പ്രവർത്തകയായ കാർത്തിക പറയുന്നു.

വൃത്തിയുള്ള ബാത്റൂം ഇല്ലാത്തതിന്റെ പേരിൽ സാനിറ്ററി പാഡ് മാറ്റാൻ പോലും കഴിയാതെ ജോലി ചെയ്യേണ്ടി വരുന്ന കൂട്ടുകാരികളുടെ കഥയും കാർത്തികയ്ക്കറിയാം. അതുപോലെ തന്നെ ആവശ്യങ്ങളിൽ മുൻപന്തിയിലാണ് സ്ത്രീകളുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പറയാനും പരിഹരിക്കാനുമുള്ള വുമൺ സെൽ എന്ന്  ആശയവും.

എണ്ണിയാലൊതുങ്ങാത്ത പ്രശ്നങ്ങളുണ്ടല്ലോ എങ്കിൽ പിന്നെ ജോലി വേണ്ടെന്ന് വച്ച് സ്വന്തമായി ബിസിനസ് തുടങ്ങിക്കൂടെ എന്ന സംശയം പലർക്കും തോന്നാം. പക്ഷെ, മാസ വരുമാനമുള്ള ജോലി കളഞ്ഞ് ബിസിനസിന്റെ റിസ്ക് ഏറ്റെടുക്കാൻ കേരളത്തിലെ സ്ത്രീകള്‍ തയാറല്ല. സർവേയിൽ പങ്കെടുത്ത 32 ശതമാനം ആളുകളും ജോലി കളയാൻ തയാറല്ല. 20.6 ശതമാനത്തോളം പേർക്ക് ബിസിനസിലേക്ക് ഇറങ്ങാനുള്ള ആത്മവിശ്വാസമില്ല.  കുടുംബത്തോടൊപ്പം കൂടുതൽ സമയം ലഭിക്കും എന്ന കാരണം മുൻനിർത്തി ഒരു ചലഞ്ച് ഏറ്റെടുക്കാൻ 28.7 ശതമാനം തയാറാകുമ്പോഴും ഇവയുടെയെല്ലാം ‘ഭാവി’ എന്താകുമെന്ന ചിന്ത ഓരോ പെണ്ണിനേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ww98