Tuesday 15 June 2021 01:09 PM IST

അഞ്ചു മാസം കൊണ്ട് കുറച്ചത് 25 കിലോ: 114 കിലോയിൽ നിന്നും 90 ലേക്ക് ഡോ. ഗണേഷ് മോഹൻ എത്തിയത് ഇങ്ങനെ....

Asha Thomas

Senior Sub Editor, Manorama Arogyam

drgan

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ തന്നെയാണ് ഡോ. ഗണേഷ് മോഹൻ. കൊച്ചി, കളമശ്ശേരി മെഡി. കോളജിലെ ആർഎംഒ കൂടിയായ ഡോക്ടർ കോവിഡ് കാലത്തു നടത്തിയ മറ്റൊരു പോരാട്ടമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കോവിഡിനെതിരെയുള്ള അക്ഷീണ പോരാട്ടത്തിനിടയിൽ തന്നെ അഞ്ചു മാസം കൊണ്ട് 25 കിലോയാണ് ഡോക്ടർ കുറച്ചത്. 114 കിലോയിൽ നിന്നും 90 കിലോയിലേക്കുള്ള വെല്ലുവിളി നിറഞ്ഞ യാത്രയുടെ നാൾവഴികളെക്കുറിച്ച് ഡോക്ടർ മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു.

‘‘ മൂന്നു നാലു കൊല്ലം കൊണ്ടാണ് 25 കിലോയോളം ഭാരം കൂടിയത്. എത്രയോ വർഷങ്ങളായി 88–90 ൽ തറഞ്ഞുനിൽക്കുകയായിരുന്നു ശരീരഭാരം. സ്ട്രെസ്സ് ഭാരം കൂടാൻ പ്രധാനപ്പെട്ടൊരു കാരണമാണ്. സ്ട്രെസ്സ് കുറയ്ക്കാനായി ഭക്ഷണം കഴിക്കുമായിരുന്നു. പ്രത്യേകിച്ച് മധുരം ധാരാളം കഴിക്കും. ചോറും കൂടുതൽ കഴിച്ചിരുന്നു. മധുരം ചെല്ലുമ്പോൾ സ്ട്രെസ്സ് ഒക്കെ കുറഞ്ഞ് ഒരു താൽക്കാലിക ആശ്വാസം ലഭിക്കും. പക്ഷേ, ഭാരസൂചി അതനുസരിച്ച് മുകളിലേക്ക് കയറിക്കയറി പോയ്ക്കൊണ്ടിരുന്നു. സുഹൃത്തുക്കൾ പലരും പലപ്പോഴായി വണ്ണം കൂടുന്ന കാര്യം സൂചിപ്പിച്ചെങ്കിലും ഭാരം നോക്കാൻ മടിയായിരുന്നു. പക്ഷേ, അതുകൊണ്ട് ശരീരഭാരം 100 കടന്നിട്ടും അറിയാതെ പോയി.

കൊറോണക്കാലത്തെ ഭാരം കുറയ്ക്കൽ

വീണ്ടുവിചാരം വരുന്നത് കൊറോണക്കാലത്താണ്. അമിതവണ്ണമുള്ളവർക്ക് കോവിഡ് വളരെ അപകടം സൃഷ്ടിക്കുമല്ലൊ. അങ്ങനെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ച തന്ത്രമായി എനിക്കു തോന്നിയത് ദിവസവും ഭാരം നോക്കുകയാണ്. എല്ലാ ദിവസവും ഉണർന്ന് ഫ്രഷ് ആയിക്കഴിഞ്ഞാൽ ആദ്യം ചെയ്തിരുന്നത് വെയിങ് മെഷീനിൽ ഭാരം നോക്കുകയായിരുന്നു. ഇതുവരെ എത്ര കുറഞ്ഞു? ഡയറ്റ് ഇങ്ങനെ തന്നെ കൊണ്ടുപോയാൽ മതിയോ എന്നൊക്കെ ഒരു ഐഡിയ കിട്ടാൻ ഇതു സഹായിച്ചു. വൈകുന്നേരവും ഞാൻ ഭാരം നോക്കുമായിരുന്നു. പൊതുവേ എല്ലാവർക്കും രാവിലെയുള്ള ശരീരഭാരത്തെക്കാൾ ഒന്ന്–ഒന്നര കിലോ കൂടുതലായിരിക്കും വൈകുന്നേരം. അതുകണ്ട് നിരാശപ്പെടരുത്.

ഡയറ്റായിരുന്നു എന്റെ പ്രധാന ആയുധം. അരിഭക്ഷണം, പാൽ, പഞ്ചസാര എല്ലാം ഒഴിവാക്കി. രാവിലെ മധുരമിടാത്ത ഒരു ബട്ടർ കോഫിയിലാണ് ദിവസം തുടങ്ങിയിരുന്നത്. ഏകദേശം ഏഴുമണിക്ക് അതു കുടിക്കും. ഒൻപതു മണിയോടു കൂടി രണ്ടു മുട്ട, ഒരു ബൗൾ സാലഡ്. പതിനൊന്നരയ്ക്ക് സ്നാക്ക് ആയി രണ്ട് മൾട്ടിഗ്രെയ്ൻ ബിസ്ക്കറ്റും 8–10 കാഷ്യു നട്സും. ബദാമാണ് കൂടുതൽ നല്ലതെന്നു പറയാറുണ്ട്. പക്ഷേ, ബദാമിന് രുചി അത്ര പോര. പെട്ടെന്നു മടുത്തുപോകും. അതുകൊണ്ടാണ് കശുവണ്ടി പരിപ്പ് കഴിച്ചുതുടങ്ങിയത്. ദിവസം 10–20 നട്സ് കഴിച്ചാലും ഒരു പ്രശ്നവുമില്ല.

രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കും. അതു ലാവിഷായി കഴിക്കും. ഒരു ചപ്പാത്തി, ഒരു ബൗൾ സാലഡ്, അല്ലെങ്കിൽ തോരനോ അവിയലോ , മീൻ കറിയോ വറുത്തതോ ഒന്നു രണ്ട് വലിയ കഷണം അല്ലെങ്കിൽ 150 ഗ്രാം മാംസം, പിന്നെ ഏറ്റവും അവസാനം ഒരു ചെറിയ കപ്പ് തൈരും കുടിക്കും. അപ്പോഴേക്കും വയർ നിറയും.

വൈകിട്ട് നാലരയോടെ രണ്ട് മൾട്ടിഗ്രെയിൻ ബിസ്ക്കറ്റും ഒരു ബട്ടർ കോഫിയും. രാത്രി എട്ടുമണിയോടെ അത്താഴം കഴിക്കും. രാത്രി ചപ്പാത്തിയില്ല. ഒരു ബൗൾ മഷ്റൂം അല്ലെങ്കിൽ ചിക്കൻ സൂപ്പ്. ഒരു ബൗൾ നിറയെ സാലഡ്. 150 ഗ്രാം മാംസം. ബീഫോ മട്ടണോ ആകാം. ബ്രോയിലർ ചിക്കൻ ഒഴിവാക്കുക. നാടൻ ചിക്കൻ കഴിക്കാം. സസ്യഭുക്കുകൾക്ക് ചില്ലി ഗോബി അല്ലെങ്കിൽ ചില്ലി പനീർ കഴിക്കാം. എനിക്ക് ചില്ലി ഗോബി വളരെ ഫലപ്രദമായി തോന്നി. ഒരു പ്ലേറ്റ് ചില്ലി ഗോബി കഴിക്കുമ്പോൾ തന്നെ വിശപ്പു മാറും. പക്ഷേ, സോസ് കുറച്ച് ഉണ്ടാക്കാൻ ശ്രദ്ധിക്കണം.

വെള്ളം കുടിക്കുന്നതിൽ മടി വിചാരിക്കരുത്. ദിവസവും രണ്ടു വലിയ കുപ്പി വെള്ളം കുടിക്കണം.

ക്രാവിങ്ങ് മാറ്റാൻ പൊടിക്കൈകൾ

ആദ്യത്തെ ഒരാഴ്ച ശരീരം വല്ലാതെ പണിപ്പെട്ടുപോകും. വിശപ്പ് അസഹ്യമായി തോന്നും. ഡയറ്റ് കാറ്റിൽ പറത്തണമെന്നു തോന്നും. ഒരൽപം ക്ഷമിക്കുക. ഒരാഴ്ച കഴിയുമ്പോൾ ശരീരം നമ്മുടെ പുതിയ ഡയറ്റ് പാറ്റേണിനോടു പൊരുത്തപ്പെട്ടുകൊള്ളും.

ഇടയ്ക്ക് വല്ലാതെ വിശന്നാൽ നട്സ് കഴിക്കാം, കട്ടൻ കാപ്പി കുടിക്കാം . അതുമല്ലെങ്കിൽ വെള്ളം കുടിക്കാം. എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊതി തോന്നുമ്പോൾ ഒന്നു രണ്ടു ഉണക്കമുതിരി വായിലിട്ടു ചവയ്ക്കുക. അതുവഴി കിട്ടുന്ന ഷുഗർ ഫീൽ മതി തൽക്കാലം ആ ക്രാവിങ് കുറയ്ക്കാൻ.

വ്യായാമം കൂടിയുണ്ടെങ്കിലാണ് ഭാരം കുറയ്ക്കൽ എളുപ്പമാവുക. ഞാൻ ദിവസവും 10,000 ചുവട് നടന്നിരുന്നു. ക്വാർട്ടേഴ്സിന്റെ മുറ്റത്തോ വീടിനുള്ളിലോ എവിടെയായാലും കുഴപ്പമില്ല നടക്കുക. ഏകദേശം 45 മിനിറ്റ് നടക്കുമ്പോഴേക്കും 5000 ചുവടാവും. ഞാൻ രാവിലെയും വൈകിട്ടും 45 മിനിറ്റ് നടന്നിരുന്നു.

ഡയറ്റിങ്ങിന്റെ സമയത്ത് ക്ഷീണമൊന്നും തോന്നിയിരുന്നില്ല. ക്ഷീണം തോന്നിയാൽ തന്നെ വെയിങ് മെഷീനിൽ ഭാരം കുറഞ്ഞു കാണുമ്പോൾ അതൊക്കെ മറക്കും. ഈ ഭാരം കുറയ്ക്കൽ യുദ്ധത്തിൽ വെയിങ് മെഷീനായിരുന്നു എന്റെ ബെസ്റ്റ് ഫ്രെണ്ട്.

114 കിലോയിൽ നിന്ന് 90 കിലോയിലെത്തിയെങ്കിലും ഡയറ്റ് തുടരുന്നുണ്ട്. ഭാരം കുറഞ്ഞതിന്റെ സുഖം ഒരിക്കൽ അനുഭവിച്ചാൽ പിന്നെ പഴയ അവസ്ഥയിലേക്കു തിരികെ പോകാൻ ആരും ഇഷ്ടപ്പെടില്ല. ’’

ശരീരഭാരം കുറഞ്ഞ്, വർധിച്ച ഊർജത്തോടെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഡോക്ടർ.

Tags:
  • Fitness Tips
  • Manorama Arogyam