അർബുദമെന്ന പേരു കേൾക്കുന്നതേ പേടിയാണു പലർക്കും. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും നൂതന ചികിത്സകൾ വന്നിട്ടും രോഗഭയത്തിനു ശമനമില്ല. എ ന്നാൽ അർബുദത്തെ അതിജീവിച്ച ചിലരുടെ ജീവിതാനുഭവങ്ങൾ കേട്ടാൽ ഈ ഭയത്തിന് അടിസ്ഥാനമില്ലെന്ന സത്യം നമുക്കു മനസ്സിലാകും. 24 വർഷങ്ങൾക്കു മുൻപേ അർബുദത്തെ നേരിട്ടു തോൽപിച്ച്, ഇന്നും ചികിത്സാരംഗത്തു സജീവമായി നിൽക്കുന്ന പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. പി. സുകുമാരന്റെ (കോട്ടയം) ജീവിതാനുഭവം വെളിവാക്കുന്നതും അതു തന്നെ. ഡോ. സുകുമാരന്റെ തന്നെ വാക്കുകളിലൂടെ ആ അനുഭവം അറിയാം.
യാദൃശ്ചികമായ കണ്ടെത്തൽ
‘‘25 വർഷമാകാറാകുന്നു ഞാൻ അർബുദത്തെ മുഖാമുഖം കണ്ടിട്ട്. അന്ന് അർബുദത്തെ കുറിച്ച് ഇന്നത്തെയത്ര അറിവില്ല. അഭിശപ്തമായ ഒരു രോഗം...മറ്റെന്ത് അ സുഖം വന്നാലും കാൻസർ വരുത്തരുതേ എന്നതായിരുന്നു ആളുകളുടെ പ്രാർഥന. അങ്ങനെയുള്ള സമയത്താണ് എനിക്കു രോഗം വരുന്നത്. കുറുന്തോട്ടിക്കും വാതമോ എന്നു പഴമക്കാർ ആശ്ചര്യപ്പെടുന്നതുപോലെ ആളുകൾ ആശ്ചര്യപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, രോഗത്തെ മറച്ചുപിടിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയില്ല. അതുകൊ ണ്ട് അർബുദമാണെന്ന കാര്യം ഞാൻ തന്നെ ബന്ധുക്കളോടും പ്രിയപ്പെട്ടവരോടും അറിയിച്ചു.
തികച്ചും യാദൃശ്ചികമായാണ് അസുഖത്തിന്റെ സൂചന ലഭിക്കുന്നത്. മൂത്തമകൾ ദീപ്തി അന്നു പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ഒരു ദിവസം എന്റെ മുണ്ടിന്റെ പിറകുവശത്തു രക്തക്കറ കണ്ടു മകൾ വിവരം പറയുകയായിരുന്നു.
സംശയം സ്ഥിരീകരിക്കുന്നു
ആദ്യം കരുതിയത് പൈൽസ് ആണെന്നാണ്. ഞാനന്ന് കോട്ടയം മെഡി. കോളജിൽ ശ്വാസകോശരോഗ വിഭാഗം പ്രഫസറും തലവനുമാണ്. എന്റെ കൂടെ ജോലി ചെയ്തിരുന്ന ടെക്നീഷന്റെ അച്ഛന് ഒരു എൻഡോസ്കോപി ചെയ്യണമായിരുന്നു. അക്കാര്യം പറയാൻ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. വിനയകുമാറിനെ കാണാൻ ചെന്നു. സംസാരിച്ചിരിക്കെ സന്ദർഭവശാൽ മുണ്ടിലെ രക്തക്കറയുടെ കാര്യവും പറഞ്ഞു.
പൈൽസ് ആണെങ്കിൽ മലത്തിന്റെ കൂടെ രക്തം പോവാറാണു പതിവെന്നും അതുകൊണ്ടുതന്നെ ഇതു പൈൽസ് ആകാൻ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഒരു കോളനോസ്കോപി (കുടലിന്റെ പരിശോധന) ചെയ്തുനോക്കാൻ അദ്ദേഹം നിർദേശിച്ചു. ഞാനതിനു സമ്മതിച്ചു.
കോളനോസ്കോപി ഫലം വന്നപ്പോൾ മലാശയത്തിന്റെയും വൻകുടലിന്റെയും ഇടയ്ക്കായി ഒരു സെ.മീ വലുപ്പമുള്ള ഒരു പോളിപ് ഉണ്ടെന്നു കണ്ടു. അപ്പോൾ തന്നെ അതിന്റെ ഒരു ബയോപ്സി എടുത്തു. ഫലം വന്നപ്പോൾ അർബുദമാണ്.
ഡോക്ടർ രോഗിയായപ്പോൾ
അസുഖം സ്ഥിരീകരിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ തിരുവനന്തപുരം മെഡി. കോളജിൽ അഡ്മിറ്റായി. അന്നു കേരളത്തിലെ തന്നെ മികച്ച ഗ്യാസ്ട്രോ എന്ററോളജി സർജറി വിഭാഗമായിരുന്നു തിരുവനന്തപുരത്തേത്. ഡോ. വിനയകുമാർ നിർദേശിച്ചതും തിരുവനന്തപുരം മെഡി. കോളജ് തന്നെ. മാത്രമല്ല ഉദരരോഗവിഭാഗത്തിലെ ഡോക്ടർമാരെല്ലാം പരിചയക്കാർ. ഒരു ഡോക്ടർ എന്റെ വിദ്യാർഥിയുമായിരുന്നു.
ഡോക്ടർ രോഗിയാകുമ്പോഴുള്ള മറിമായത്തെക്കുറിച്ച് വായനക്കാർക്ക് ആകാംക്ഷ കാണുമല്ലൊ. ഇത്രനാൾ തന്റെ മുൻപിൽ അസുഖത്തെ കുറിച്ചുള്ള വിധിപ്രസ്താവം കേൾക്കാൻ നെഞ്ചിടിപ്പോടെ ഇരിക്കുന്ന രോഗികളെ പോലെ ചികിത്സകനും കാത്തിരിക്കേണ്ടി വരുമ്പോൾ എങ്ങനെ ആയിരിക്കും?.
ഞാൻ പക്ഷേ, തികച്ചും അനുസരണയുള്ള ഒരു രോഗിയായിരുന്നു. ഡോ. മാത്യു കോശി, ഡോ. ശുഭലാൽ, ഡോ. കുരുവിള ... ഇങ്ങനെ മികച്ചൊരു ടീമായിരുന്നു ചികിത്സിച്ചത്. രോഗത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് അവരിൽ നിന്നു ലഭിച്ചിരുന്നു. ഡോക്ടർമാർ പറയുന്നതു കേൾക്കുക എന്നല്ലാതെ കൂടുതലൊന്നും ഞാൻ ചിന്തിച്ചില്ല.‘എന്റെ ചികിത്സകർ എനിക്കു നല്ലതേ ചെയ്യൂ’ എന്ന ഉറപ്പി ൽ മുന്നോട്ടുപോയി. ‘ഞാനായി ആ രോടും ഒരു അഭിപ്രായവും തേടി ല്ല. നിങ്ങൾക്കു വേണമെങ്കിലാകാം’ എന്നു അവരോടു നേരത്തേ തന്നെ പറഞ്ഞിരുന്നു.
പിന്നെ ഏതൊരു സാധാരണക്കാരനേയും പോലെ രോഗത്തെ വിവേകത്തോടെ നേരിടാനുള്ള ശക്തിക്കായി മുകളിലുള്ള ശക്തിയോടു പ്രാർഥിച്ചുÐ എന്നെ സംബന്ധിച്ച് ഏറ്റുമാനൂരപ്പനാണ് ആ ശക്തി.
പ്രാർഥനയോടെ രോഗികൾ
സർജറിയും കീമോതെറപ്പിയും ആയിരുന്നു ചികിത്സ. വ യറു തുറന്ന് കുടലിന്റെ 16 സെന്റിമീറ്ററോളം നീക്കം ചെയ്തു. തുടർന്നു വിശ്രമത്തിന്റെ നാളുകൾ.
രോഗിയെ സംബന്ധിച്ചു മികച്ച മാനസിക പിന്തുണ ലഭിക്കുന്നതു രോഗമുക്തി വേഗമാക്കും. എന്റെ ഭാര്യ ഡോ. രാജ ലക്ഷ്മി ഇഎൻടി വിദഗ്ധയാണ്. സഹോദരി ഡോ. തങ്കം അനസ്തറ്റിസ്റ്റും. ഇവർ രണ്ടുപേരും മക്കളായ ദീപ്തിയും അഞ്ജനയും പിന്നെ മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചേർന്ന് വലിയൊരു സപ്പോർട്ട് സിസ്റ്റം എനിക്കുണ്ടായിരുന്നതു ഭാഗ്യമായി കരുതുന്നു.
അസുഖബാധിതനായ സമയത്താണ് ഒരു ഡോക്ടർ എ ന്ന നിലയിൽ ഞാനെത്രയോ അനുഗ്രഹീതനാണ് എന്നു തിരിച്ചറിഞ്ഞത്. അർബുദമാണെന്നതു മറച്ചു വയ്ക്കാഞ്ഞതിനാൽ തന്നെ രോഗികളെല്ലാം വിവരം അറിഞ്ഞിരുന്നു. പലരും എനിക്കു വേണ്ടി പ്രത്യേകം പ്രാർഥനകൾ നടത്തി. ചില ർ പൂജിച്ച ചരടുകളും പ്രസാദവുമൊക്കെ അയച്ചു തന്നു.
സന്ദർശകർ ശ്രദ്ധിക്കുക
ആളുകളൊക്കെ കാണാൻ വരുന്നത് എനിക്കു സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയാകണമെന്നില്ല. ചിലർക്ക് വല്ലാതെ ഐസൊലേറ്റ് ചെയ്യുന്നതു വിഷമമാണെങ്കിൽ ചിലർക്ക് ആളുകളെ കാണുന്നതാകും ബുദ്ധിമുട്ട്. അർബുദത്തെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്ന ‘സ്റ്റിഗ്മ ’ വലിയൊരു പ്രശ്നമാണ്. ആളുകൾ വരുന്നതും രോഗത്തെക്കുറിച്ചു മനസ്സു നോവിക്കുന്ന സംസാരങ്ങൾ നടത്തുന്നതും കൂടുതൽ പ്രയാസം ഉണ്ടാക്കുകയേയുള്ളൂ.
രോഗിയെ കാണാൻ പോകുന്നവർ മിനിമം പാലിക്കേണ്ട ചില മര്യാദകളുണ്ട്. കഴിവതും പൊസിറ്റീവായ കാര്യങ്ങൾ മാത്രം രോഗി
യോടു സംസാരിക്കുക. അങ്ങോട്ടു കുറേ ചികിത്സകൾ നിർദേശിച്ചു രോഗിയെ ആശയക്കുഴപ്പത്തിലാക്കാതിരിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കിൽ രോഗീസന്ദർശനങ്ങൾ ഒഴിവാക്കുകയാണു നല്ലത്.
കീമോദിനങ്ങൾ
സർജറിയുടെ വിശ്രമത്തിനു ശേഷം ആറു സൈക്കിൾ കീമോതെറപ്പി ചെയ്തു. ഒരു പ്രതിരോധ നടപടി എന്ന രീതിയിലാണ് കീമോതെറപ്പി ചെയ്തത്. ഡോ. ജോസ് ടോം, ഡോ. മധു, ഡോ. തങ്കമ്മ എന്നിവർ ചേർന്ന ടീമായിരുന്നു കീമോതെറപ്പിക്കു നേതൃത്വം നൽകിയത്.
അന്നത്തെ കീമോതെറപ്പിക്കു പാർശ്വഫലങ്ങളൊക്കെ കൂടുതലാണ്. പക്ഷേ, എനിക്ക് മുടികൊഴിച്ചിലൊന്നും ഉണ്ടായില്ല. നല്ല ക്ഷീണം ഉണ്ടായിരുന്നു. കീമോതെറപ്പി കഴിഞ്ഞ് രണ്ടു മൂന്നു ദിവസത്തോളം വിശ്രമമെടുക്കുമായിരുന്നു. നാവിലെ തൊലി പോയതുകൊണ്ടു ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. അധികം എരിവും മസാലയും ഒഴിവാക്കിയും പ്രോട്ടീൻ നന്നായി കഴിച്ചും പഴങ്ങൾ പതിവാക്കിയും വെള്ളം ധാരാളം കുടിച്ചുമൊക്കെ അതിനെയൊക്കെ മറികടന്നു.
സർജറി കഴിഞ്ഞ് നല്ല വിശ്രമം വേണമെന്നു പറഞ്ഞെങ്കിലും 20 ദിവസം കഴിഞ്ഞപ്പോൾ മുതൽ രോഗികളെ കണ്ടു തുടങ്ങി. അതുമാത്രമാണ് രോഗി എന്ന നിലയിൽ ഞാൻ കാണിച്ച ഒരേ ഒരു അനുസരണക്കേട്. പ ക്ഷേ, അങ്ങനെ ആക്ടീവായത് ഗുണം ചെയ്തെന്നാണ് അനുഭവം. രോഗികളെ കണ്ടും സാരിച്ചുമൊക്കെ ഇരുന്നതുകൊണ്ട് അസുഖത്തെക്കുറിച്ചുള്ള ആകുലതകൾക്കൊന്നും സമയമുണ്ടായില്ല.
തുടർപരിശോധനകൾ മുടക്കരുത്
ചികിത്സകളെല്ലാം കഴിഞ്ഞ് അസുഖം ഭേദമായാലും തുടർപരിശോധനകൾ മുടക്കരുത്. രോഗം തിരിച്ചു വന്നാലും ആദ്യഘട്ടത്തിലേ തന്നെ കണ്ടുപിടിക്കാൻ ഇതുകൊ ണ്ടു കഴിയും. അഞ്ചുവർഷത്തോളം എനിക്കും തുടർപരിശോധനകളുണ്ടായിരുന്നു.
എന്തുകൊണ്ട് എനിക്ക് അസുഖം വന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് പിന്നീടാണ്. എന്റെ അസുഖം മാറിയ ശേഷം എന്റെ അമ്മാവനു വൻകുടലിൽ അർബുദം വന്നു. അതുകൊണ്ട് ഒരു പാരമ്പര്യഘടകം ഉണ്ടെന്നതു തീർച്ചയായി. വൻകുടൽ അർബുദത്തിനു പാരമ്പര്യസാധ്യതയുള്ളവർ 40 വ യസ്സിനു ശേഷം കൊളണോസ്കോപി ചെയ്തു നോക്കുന്നതു നല്ലതാണ്. രോഗം ആരംഭത്തിലേ കണ്ടുപിടിക്കാ ൻ അതു സഹായിക്കും.
ശുഭപ്രതീക്ഷകളുടെ കാലം
ശ്വാസകോശാർബുദത്തിന്റെ ചികിത്സയിൽ വന്ന പുരോഗതികൾ ശ്വാസകോശരോഗവിദഗ്ധൻ എന്ന നിലയിൽ സന്തോഷിപ്പിക്കുന്നതാണ്. പണ്ടൊക്കെ ശ്വാസകോശാർബുദമാണെന്നു പറഞ്ഞാൽ തൂക്കുക യർ വിധിച്ചതുപോലെയാണ്. കാരണം അസുഖം നേരത്തേ കണ്ടുപിടിക്കുക ദുഷ്കരമാണ്. വൈകി കണ്ടുപിടിച്ചാൽ മിക്കവാറും ഒന്നോ രണ്ടോ വ ർഷം കൂടിയേ രോഗി ജീവിച്ചിരിക്കൂ.
ഇന്നു സ്ഥിതി മാറി. അസുഖം കണ്ടുപിടിക്കുന്ന കാര്യത്തിലെ താമസം ഇപ്പോഴുമുണ്ട്. പക്ഷേ, വൈകി കണ്ടുപിടിച്ചാലും കൃത്യമായ, കൂടുതൽ ഫലപ്രദമായചികിത്സയുണ്ട്. കൂടുതൽ മികച്ച കീമോതെറപ്പിയും റേഡിയേഷനും ഇമ്യൂണോതെറപ്പി പോലുള്ള നൂതന ചികിത്സകളുമുണ്ട്. ഇതു വർഷങ്ങളോളം വളരെ സമാധാനപരവും ഗുണമേന്മയുള്ളതുമായ ജീവിതം തുടരാൻ രോഗിയെ സഹായിക്കുന്നു.ഏറെ പ്രത്യാശാകരമായ കാര്യമാണിത്.
അതേ, വരും കാലം അർബുദ ചികിത്സയെ സംബന്ധിച്ച് ഏറെ പ്രതീക്ഷകൾ നൽകുന്നു. അതുകൊണ്ട് രോഗത്തെക്കുറിച്ചുള്ള ഭയം നമ്മെ കീഴ്പ്പെടുത്താതിരിക്കട്ടെ.