മരണം... ദേഹി ദേഹത്തെ വിട്ടകലുമ്പോൾ സംഭവിക്കുന്നത്. വിവിധ വിശ്വാസങ്ങൾ വ്യത്യസ്തമായി നിർവചിക്കുന്നു മരണത്തെ. ഭാരതീയ വിശ്വാസപ്രകാരം ജീവാത്മാവ് ശരീരത്തിൽ നിന്നു പറന്നകന്ന് പരമാത്മാവിൽ വിലയം പ്രാപിക്കുന്നു. ആധുനിക െെവദ്യശാസ്ത്രം പറയുന്നതു വീണ്ടെടുക്കാനാവാത്തവിധം ബോധം നശിക്കുകയും സ്വയം ശ്വസിക്കാനാവാതാവുകയും ചെയ്യുമ്പോൾ നാം മരണത്തെ പുൽകുന്നുവെന്ന്.
ഈ നിർവചനത്തെ പിൻപറ്റിയാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. എന്നാൽ മസ്തിഷ്കം മരിച്ചാൽ പ്രാണൻ നമ്മിൽ നിന്നും പറന്നകലുമോ? മസ്തിഷ്‌കമരണമെന്നാൽ വീണ്ടെടുക്കാനാവാത്തവിധം ബോധം നഷ്ടമായെന്നാണോ? ആത്മാവ് സംസാരബന്ധങ്ങളിൽ നിന്നു വേർപെട്ട് മറഞ്ഞുവെന്ന് ഉറപ്പിക്കാമോ?
മരണം ഇന്നും ഒരു പ്രഹേളികയായി നമുക്കു ചുറ്റും നിൽക്കുന്ന പശ്ചാത്തലത്തിലാണ് കൊല്ലം നീണ്ടകരയിലെ എസ്.ജി. ഹോസ്പിറ്റലിലെ ഡോ. എസ്. ഗണപതി മസ്തിഷ്കമരണം മറയാക്കി നടത്തുന്ന അവയവദാന (അപഹരണ) മേഖലയെക്കുറിച്ചു ജാഗരൂഗനാകുന്നതും ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെടുന്നതും.
പ്രശസ്ത അഭിഭാഷകനും സഹകാരിയുമായ പറവൂർ സദാനന്ദൻ മകൻ ഗണപതിക്കു ചൊല്ലിക്കൊടുത്ത ‘അനീതി കണ്ടാൽ എതിർക്കണം, പിറകോട്ടു പോകരുത്’ എന്ന പാഠമാണ് ഡോക്ടറുടെ എക്കാലത്തെയും വലിയ കൈമുതൽ. ഡോ. ആനി ബസന്റും ജിദ്ദു കൃഷ്ണമൂർത്തിയും നേതൃത്വം നൽകിയ ഋഷിവാലി സ്കൂളിൽ നിന്ന് കേബ്രിജ് സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ ഡോക്ടർ അരനൂറ്റാണ്ടിലേറെയായി സാധാരണക്കാരന്റെ ഇടയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇന്നു ഡോക്ടർ സുപ്രീംകോടതിയിൽ വക്കീലില്ലാതെ കേസ് വാദിക്കുന്നു. പത്രപ്രവർത്തകന്റെ അന്വേഷണത്വരയോടെ വസ്തുതകൾ ശേഖരിക്കുന്നു. ഭീഷണികൾ പല രൂപത്തിൽ, പല ഭാവത്തിൽ. പക്ഷേ, ഡോക്ടർക്ക് ഒറ്റ ഭാവമേയുള്ളു –പോരാട്ടം.
ഇര പാവപ്പെട്ടവർ
അവയവമാറ്റ ശസ്ത്രക്രിയകളിൽ ഏറിയ പങ്കും നടക്കുന്നത് ഏതാനും സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികളിലാണ്. ലക്ഷങ്ങൾ ചെലവിട്ടു ചെയ്യുന്ന ഈ അവയവമാറ്റ ശസ്ത്രക്രിയകളിൽ ദാതാക്കളാകുന്ന 90 ശതമാനവും നിരാലംബരും പാവപ്പെട്ടവരുമാണ് എന്നാണ് ഡോ. ഗണപതിയുടെ കണ്ടെത്തൽ. അപകടത്തിൽപെടുന്ന പാവപ്പെട്ട കൂലിപ്പണിക്കാരൻ, മോട്ടോർ തൊഴിലാളി, മീൻ കച്ചവടക്കാരൻ, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവൻ എങ്ങനെ പഞ്ചനക്ഷത്ര ആശുപത്രികളിൽ ചികിത്സ തേടും?. വാസ്തവത്തിൽ ഇത്തരക്കാരെ, വൻകിട ആശുപത്രികളിലെത്തിക്കുന്നതിനു പിന്നിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുവെന്ന് ഡോ. ഗണപതി പറയുന്നു.
സർക്കാർ ആശുപത്രികൾക്ക്, സർക്കാർ മെഡിക്കൽ കോളജുകളിലേക്കും കൂടുതൽ ഉയർന്ന കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ശ്രീചിത്രയിലേക്കും മാത്രമെ അപകടാവസ്ഥയിലുള്ള രോഗിയെ വിദഗ്ധ ചികിത്സാർഥം റഫർ ചെയ്യാൻ കഴിയൂ എന്നിരിക്കെ പലപ്പോഴും സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികൾക്ക് ആളെ കൂട്ടുന്ന കേന്ദ്രങ്ങളായി ചില സർക്കാർ മെഡിക്കൽ കോളജെങ്കിലും മാറുന്നതായി ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത രോഗിയെ അവിടത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ അവിെട നിന്നുള്ള ആംബുലൻസിൽ എറണാകുളത്തെ മുന്തിയ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. എറണാകുളത്ത് എത്തും മുൻപ് ആംബുലൻസ് െെഡ്രവർ മറ്റൊരു പ്രധാന സ്വകാര്യ ആശുപത്രിയിലേക്ക് പരുക്കേറ്റയാളെ പ്രവേശിപ്പിക്കുന്നു.
ഗണപതി പറയുന്നത് മെഡിക്കൽ കോളജ് ഡോക്ടർ മുതൽ, ആംബുലൻസ് െെഡ്രവർ വരെ കണ്ണികളായുള്ള ഒരു മാഫിയ നമ്മുടെ ചകിത്സാരംഗത്തെ െെകപ്പിടിയിലൊതുക്കിയിട്ടു നാളേറെ ആയെന്നാണ്.
സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത രോഗിയെ മുന്തിയ ആശുപത്രികളിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കുന്നത് വിലപ്പെട്ട ജീവൻ രക്ഷിച്ചെടുക്കാനുള്ള ഉന്നതമായ മനുഷ്യസ്േനഹത്താലോ അനുകമ്പയാലോ അല്ല, മറിച്ച്, കേവലം ദുഷ്ടലാക്കോടെയാണ്. രോഗിയുടെ (ഇരയുടെ) ഉറ്റവരുടെ നിസ്സഹായത ചൂഷണം ചെയ്ത്, ആന്തരാവയവങ്ങൾ എടുത്ത് വലിയ ബിസിനസ് നേടിയെടുക്കുകയാണ്. എന്നിട്ട്, ഈ അരുംകൊലകൾക്കു മറയിടാൻ ഡോക്ടർമാർ ‘മസ്തിഷ്കമരണം’ എന്ന മറ സമർഥമായി ഉപയോഗിക്കുന്നു. അവയവദാനം എന്ന പുണ്യകർമത്തിന്റെ പേരിൽ രോഗിയുടെ ഉറ്റവരോട് അയാളുടെ ആന്തരാവയവങ്ങൾ മുറിച്ചുമാറ്റാൻ അനുമതി തേടുന്നു. ഭീമമായി ഉയർന്നിട്ടുള്ള ബില്ലിൽ ചില ഇളവുകളും ചിലപ്പോൾ പൂർണമായി ഒഴിവാക്കുന്ന ‘സൗമനസ്യ’വും കാട്ടി രോഗിയെ നിർബന്ധിത മസ്തിഷ്കമരണത്തിലേക്കു തള്ളിവിടുന്നു– ഡോ. ഗണപതി ചൂണ്ടിക്കാണിക്കുന്നു.
ഈ കൊടുംക്രൂരതയ്ക്കെതിരായ ഡോ. ഗണപതിയുടെ പോരാട്ടം കേരള െെഹക്കോടതിയും പിന്നിട്ട് പരമോന്നത കോടതിയിൽ എത്തി നിൽക്കുന്നു. സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രഗദ്ഭരായ വക്കീലൻമാർക്കെതിരെ സ്വയം വാദിച്ചു ഡോക്ടർ സമർഥിക്കുന്നത് പാവപ്പെട്ടവന്, നിരാലംബന് നീതികിട്ടണമെന്നാണ്. മസ്തിഷ്കമരണം മറയാക്കി അവയവദാനം ലാക്കാക്കിയുള്ള ബിസിനസ്സിനു പിന്നിലെ നടപടികളുടെ സാധുതയെയും പ്രയോഗരീതികളെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.
ഡോക്ടർ, താങ്കൾ അവയവദാനത്തെ എതിർക്കുന്നുണ്ടോ?
ഞാൻ അവയവദാനത്തെ എതിർക്കുന്നില്ല. എന്റെ പരാതി അവയവദാനം മറയാക്കി നിരാലംബരും നിസ്സഹായരുമായ രോഗികളെ പഞ്ചനക്ഷത്ര ആശുപത്രികൾക്കും അവിടുത്തെ ചില ഡോക്ടർമാർക്കും വൻതോതിൽ ധനം സമ്പാദിക്കാൻ വേണ്ടി അരുംകൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനു മുൻപായി എന്റെ തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ഇപ്പോൾ തന്നെ ചില ചട്ടങ്ങളും മാർഗനിർദേശങ്ങളുമുണ്ട്. അവ കൃത്യമായി നടപ്പാക്കണം.
ഡോക്ടർമാർ മനഃപൂർവം രോഗിയുടെ ഹൃദയവും കരളും വൃക്കയുമൊക്കെ മുറിച്ചെടുത്ത് വിറ്റു പണമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ?
ഈ അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ പറയാം. എറണാകുളം സ്വദേശിയായ ഒരു ചെറുപ്പക്കാരനെ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഒരു വലിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് കഴിഞ്ഞ മാർച്ച് അഞ്ചിന് വെളുപ്പിന് 3.45നാണ്. രാജ്യത്തു നിലവിലുള്ള നിയമം–ട്രാൻസ്പ്ലാന്റേഷൻ ഒാഫ് ഹ്യൂമൻ ഒാർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് (1994) പ്രകാരം നാലു ഡോക്ടർമാർ ആറു മണിക്കൂർ ഇടവിട്ട് സെൻട്രൽ നെർവസ് സിസ്റ്റം പരിശോധന /അപ്നിയ ടെസ്റ്റുകൾ െചയ്തു മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടതുണ്ട്. അപ്നിയ ടെസ്റ്റിനു മുൻപ് െബ്രയിൻ സ്റ്റെം റിഫ്ലക്സുകളുടെ രണ്ടു ക്ലിനിക്കൽ പരിശോധനകളും നടത്തേണ്ടതുണ്ട്. ഈ രണ്ടു പരിശോധനകൾക്കുശേഷം മാത്രമേ അവയവദാനത്തിന്റെ സാധ്യത ചർച്ച ചെയ്യാൻ പോലും പാടുള്ളൂ. എന്നാൽ മാർച്ച് 4ന്, ഉച്ചയ്ക്ക് 2.30ന് അതായത് അപകടത്തിൽ പെട്ടയാളുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനും 13 മണിക്കൂർ മുൻപ് ട്രാൻസ്പ്ലാന്റ് സർജൻ തിരുവനന്തപുരം സ്വദേശി അഡ്വ. സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുന്നു.

ഇതിന്റെ അർഥം എന്താണ്? അപകടത്തിൽ പെട്ടയാൾ പിറ്റേന്നു മരിക്കുമെന്നു പറയാൻ ഡോക്ടർ ജോത്സ്യനാണോ? മാർച്ച് 4, രാത്രി 8.30നു സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതായത് മസ്തിഷ്ക മരണം നടന്നയാളുടെ APNEA/CNS പരിശോധനകൾ നടത്തുന്നതിനും മുൻപ്. എന്നാൽ രാത്രി 11.30 ഒാടെ സുരേഷിന് കടുത്ത തലവേദന അനുഭവപ്പെട്ടു. ക്ഷീണം വർധിച്ചു. ഛർദിക്കാൻ തോന്നി. സുരേഷിന്റെ ഭാര്യ ദീപ്തി ഇതു ശ്രദ്ധയിൽപെടുത്തിയെങ്കിലും ഡ്യൂട്ടി നഴ്സ് സാരമില്ല എന്ന് ആശ്വസിപ്പിച്ചു. സുരേഷ് പൊടുന്നനെ ഉറങ്ങാൻ തുടങ്ങി. ബോധമറ്റതുപോലെയുള്ള ഉറക്കം. മാർച്ച് 5ന് വെളുപ്പിന് 5 മണിക്ക് അയാളെ വിളിച്ചുണർത്തി കുളിക്കാൻ പറഞ്ഞു. കുളികഴിഞ്ഞെത്തിയ സുരേഷ് കുഴഞ്ഞുവീണു. ഭാര്യയാണ് അയാളെ തിയറ്ററിലേക്കു കൊണ്ടുപോകാൻ വസ്ത്രം ധരിപ്പിച്ചത്.
അർധരാത്രി സംഭവിച്ചത്...
സാധാരണ രോഗിക്കു വലിയ തലവേദന അനുഭവപ്പെട്ടാൽ ബിപി. നോക്കും. അബോധാവസ്ഥയിലേക്ക് വഴുതിയാൽ സിടി സ്കാൻ ചെയ്യും. യഥാർഥത്തിൽ സുരേഷിനു 4നു രാത്രി 11.30നു മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടായിരുന്നു. രാവിലെ തിയറ്ററിലെത്തിക്കുമ്പോഴേക്കും കോമയിലേക്കു വീണിരുന്നു. കോമയിൽ കിടക്കുന്ന ആളിന് കരൾ മാറ്റിവയ്ക്കുന്നത് ആലോചിക്കാനുണ്ടോ? എന്നാൽ ആശുപത്രി രേഖകൾ പ്രകാരം 5–ാം തീയതി രാവിലെ 5 മണിക്ക് സുരേഷിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ നടപടികൾ തുടങ്ങി.
സാധാരണ 4 മണിക്കൂർ ശസ്ത്രക്രിയ കഴിഞ്ഞു 3 മണിക്കൂർ പിന്നിടുമ്പോൾ രോഗിക്കു ബോധം തിരിച്ചുവരും. എന്നാൽ രാത്രി ഭാര്യ കാണുമ്പോഴും സുരേഷ് ഉറക്കത്തിലായിരുന്നു. വിളിച്ചിട്ടു പ്രതികരണമില്ല. ഇക്കാര്യം ഡ്യൂട്ടി ഡോക്ടറോടു പറഞ്ഞപ്പോൾ മയക്കിക്കിടത്തിയിരിക്കുകയാണ് എന്നാണു പറഞ്ഞത്.
മാർച്ച് ആറ്. ഉച്ചകഴിഞ്ഞ് 2.30 ന് ട്രാൻസ്പ്ലാന്റ് സർജൻ പറയുന്നു രോഗി െബ്രയിൻ ഡെത്താ’യെന്ന്. അവയവങ്ങൾ ദാനം ചെയ്യാൻ ഒരുക്കമാണോ എന്നും. ആശുപത്രി രേഖപ്രകാരം സുരേഷ് െബ്രയിൻ ഡെത്തായിരിക്കുന്നത് മാർച്ച് 7, രാവിലെ 7.11നാണ്. എന്നാൽ ട്രാൻസ്പ്ലാന്റ് സർജൻ 6 ന് ഉച്ചയ്ക്ക് 2.30നു തന്നെെബ്രയിൻ ഡെത്തായെന്ന് ഉറപ്പിച്ചുപറയുന്നു. ഇത് അൺ എത്തിക്കലാണ്. കാരണം ലോകത്ത് ഒരിടത്തും ട്രാൻസ്പ്ലാന്റ് സർജൻ രോഗിയുടെ ബന്ധുക്കളോട് അവയവമാറ്റത്തെക്കുറിച്ചു പറയുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ല. MSW അല്ലെങ്കിൽ MA െെസക്കോളജി ബിരുദമുള്ള ഒാർഗൻ കോ ഒാർഡിനേറ്റർമാരാവും ഇക്കാര്യം സംസാരിക്കുക.

എന്തായാലും സുരേഷിന്റെ ഭാര്യയുടെ സമ്മതത്തോടെ അവയവദാനത്തിന് ഒരുങ്ങുന്നു. ഇതിനിടെ, ഉണ്ണിക്കൃഷ്ണൻ എന്ന രോഗിയോട് തലേന്നു തന്നെ ആശുപത്രിയിൽ അഡ്മിറ്റാവാൻ വിളിച്ചുപറഞ്ഞിരുന്നു. െെവകാതെ ഉണ്ണിക്കൃഷ്ണന്റെ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നു. ഇതു മനുഷ്യസാധ്യമായ കാര്യമല്ല. യഥാർഥത്തിൽ സുരേഷിന്റെ കരൾമാറ്റ ശസ്ത്രക്രിയ നടന്നിട്ടില്ല. മരിച്ചയാളുടെ കരൾ മാറ്റിവച്ചത് ഉണ്ണിക്കൃഷ്ണനിലാണ്. അതേസമയം, സുരേഷിന്റെ കണ്ണുകൾ, വൃക്കകൾ, പാൻക്രിയാസ് ഇവ നീക്കം ചെയ്തു സൂക്ഷിച്ചു. അയാളുടെ കേടുവന്ന കരൾ മുറിച്ചെടുത്ത് ബക്കറ്റിലിട്ട് ഭാര്യയെ കാണിച്ചുകൊടുത്തു. ശസ്ത്രക്രിയ ചെയ്തു കരൾ മാറ്റിവച്ചു എന്ന് അവരെ ബോധ്യപ്പെടുത്താനാണിത്. സുരേഷിൽ നിന്നും മുറിച്ചെടുത്ത അവയവങ്ങളിൽ ഒരു വൃക്ക ആശുപത്രി അധികൃതർ മറ്റൊരിടത്തുള്ള സഹോദരസ്ഥാപനത്തിനു കൊടുത്തു. അതു നിയമവിരുദ്ധമാണ്.
ഈ പറയുന്നതിന് തെളിവുണ്ടോ?
ആശുപത്രി രേഖകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. െബ്രയിൻ ഡെത്ത് സർട്ടിഫിക്കറ്റിൽ Form 10 വളരെ പ്രധാനപ്പെട്ട തെളിവാണ്. എന്റെ െെകവശമുള്ള Form 10ൽ ഒപ്പിട്ടിരിക്കുന്ന ഡോക്ടർമാർ ആരും തന്നെ മസ്തിഷ്കമരണം സാക്ഷ്യപ്പെടുത്താൻ രാത്രി 3 മണിക്കുശേഷം ആ ആശുപത്രിയിൽ എത്തിയെന്ന് കരുതാനാവില്ല. അവരുടെ പൂർണമായ പേരോ ശരിയായ ഒപ്പോ ആണെന്നും കരുതാനാവില്ല. പരസ്പരധാരണയോടെ ചെയ്ത തട്ടിപ്പാണ്. ഒപ്പിടുന്നതിനു മാത്രം 25000 രൂപ ഡോക്ടർക്കു ലഭിക്കും.
ഒട്ടേറെ എംപാനൽ സർക്കാർ ഡോക്ടർമാർ എറണാകുളത്ത് ഉണ്ടായിരിക്കെ മൂവാറ്റുപുഴ നിന്നും വെളുപ്പിനെ 3 മണിക്ക് ഒരു വനിതാ ഡോക്ടറെ വിളിച്ചുവരുത്തി എന്നു വിശ്വസിക്കാനാവില്ല. ഹെൽത് സർവീസിലെ 193 ഡോക്ടർമാരാണ് ബ്രെയിൻഡെത്ത് സാക്ഷ്യപ്പെടുത്തുന്ന പാനലിൽ ഉള്ളതെന്നോർക്കണം.

ഞാൻ കേസ് കൊടുക്കുംമുൻപ് ഫോം 10ൽ ഒപ്പുവയ്ക്കുന്ന 4 ഡോക്ടർമാരും സ്വകാര്യ ആശുപത്രികളിൽ നിന്നുള്ളവരായിരുന്നു. കേരള െെഹക്കോടതിയിലെ എന്റെ പരാതിയിൽ ഒരു ന്യൂറോ സർജനെയും ഒരു ന്യൂറോളജിസ്റ്റിനെയും ഈ നാലംഗസംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ന്യൂറോസർജനെ മാത്രമേ സർക്കാർ മെഡിക്കൽ കോളജിൽ നിന്നു ലഭ്യമാക്കാനാവൂ എന്നു സർക്കാർ വാദിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റേത് ആദ്യം സഹായകമായ നിലപാടായിരുന്നു. എന്നാൽ സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചതോടെ , അവയവദാനം കുറഞ്ഞു. മുകളിൽ നിന്നും വിളിയുണ്ടായി. മാർഗരേഖ വീണ്ടും പരിഷ്കരിച്ചു. ഇപ്പോൾ ആരോഗ്യവകുപ്പിലെ ഏതെങ്കിലും ഒരു ഡോക്ടർ കൂടി ഒപ്പിട്ടാൽ മതിയെന്നായി.
എന്തായിരുന്നു മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ താങ്കൾ ആവശ്യപ്പെട്ട പരിശോധനരീതി?
ഇഇജി, ആൻജിയോഗ്രാം ടെസ്റ്റുകൾ നടത്തണം എന്നു ഞാൻ വാദിച്ചു. െബ്രയിൻ ഡെത്ത് എന്നു പറയുമ്പോൾ ഒരു തുള്ളി രക്തവും തലച്ചോറിലേക്ക് ഒഴുകി എത്തരുത്. വെന്റിലേറ്ററിൽ നിന്നെടുത്താൽ ശ്വാസം വലിക്കാനാവാത്ത അവസ്ഥ. ഒാക്സിജൻ ലഭിക്കാതെ തലച്ചോറിലെ കോശങ്ങൾ–ന്യൂറോൺസ്–മരിച്ചുപോകുന്നു. ഇഇജി ടെസ്റ്റു നടത്തുമ്പോൾ ഒരു ഇലക്ട്രിക്കൽ ആക്ടിവിറ്റിയും തലച്ചോറിൽ നടക്കുന്നുണ്ടാകരുത്. പെർഫ്യൂഷൻ സ്റ്റഡിയിലും രക്തയോട്ടം കാണരുത്. അതുപോലെ മസ്തിഷ്ക മരണ സ്ഥിരീകരണ പരിശോധനകളെല്ലാം വിഡിയോയിൽ പകർത്തണം.

ഡോക്ടേഴ്സ് എല്ലാം ഈ പ്രവണതയ്ക്ക് കൂട്ടുനിൽക്കുന്നുണ്ടോ?
ഇല്ല. ബഹുഭൂരിപക്ഷത്തിനും എതിർപ്പാണ്. അവരെ ആശുപത്രി മാനേജ്മെന്റുകൾ സമ്മർദത്തിലാക്കുന്നു. വഴങ്ങിയില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. പിന്നെ കേരളത്തിൽ ജോലി കിട്ടില്ല.
APNEA/CNS ടെസ്റ്റുകൾ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുമോ?
കഴിയും. ഞാൻ അത് അഭ്യർഥിച്ചിരുന്നു. സർക്കാർ അനുകൂലിക്കുകയും ചെയ്തു. പിന്നീടാണ് മുകളിൽ നിന്ന് ഇടപെടൽ ഉണ്ടായത്. ഞാൻ കേസ് കൊടുത്തപ്പോൾ തന്നെ മസ്തിഷ്ക്കമരണം സ്ഥിരീകരിക്കുന്നതിൽ കുറവുണ്ടായി. 2018ൽ കേവലം 8 കേസുകൾ മാത്രമായി. മുൻ വർഷങ്ങളിൽ 72, 68 എന്നിങ്ങനെയായിരുന്നു. ഇപ്പോൾ വീണ്ടും വർധിച്ചുവരുന്നു. മാധ്യമങ്ങളെയും സ്വാധീനിച്ചമട്ടാണ്. അവർ പറയുന്നത് ഡോക്ടർ കേസു കൊടുത്തതുകൊണ്ട് അവയവങ്ങൾ കാത്തിരിക്കുന്നവർക്ക് കിട്ടുന്നില്ലെന്നാണ്.
രോഗിയുടെ ബന്ധുക്കളുടെ സമീപനമെന്താണ്?
സുരേഷിന്റെ ഭാര്യ എനിക്കൊപ്പം ഉറച്ചുനിൽക്കുന്നു. ബ്രെയിൻ ഡെത്തായ ആളുടെ പിതാവ് എന്നെ ചീത്ത പറയുകയാണ്. അവർക്ക് ആശുപത്രിബില്ലിൽ ഇളവു കൊടുത്തിട്ടുണ്ടാവും. രണ്ടോ മൂന്നോ ലക്ഷം കുറച്ചാൽ ആശുപത്രിക്ക് ലഭിക്കുക 50 ലക്ഷത്തിലധികം ലാഭമാണ്.
മനോരമ ആരോഗ്യം 2019ൽ പ്രസിദ്ധീകരിച്ച അഭിമുഖം