ADVERTISEMENT

ലോക പുകവലി വിരുദ്ധ ദിനം– മേയ് 31

പുകയില ഉപയോഗം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനും പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള പോളിസി നിർമാണത്തിനു ശുപാർശ ചെയ്യുന്നതിനുമായി ലോകാരോഗ്യസംഘടന മുൻകൈ എടുത്താണ് മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. ആരോഗ്യശാക്തീകരണം, പുകയില വിമുക്ത ഭാവിയിലൂടെ എന്നതാണ് ഈ വർഷത്തെ സന്ദേശം.

ADVERTISEMENT

ഒട്ടേറെ രോഗങ്ങളുടെയും മരണങ്ങളുടെയും പ്രതിരോധിക്കാവുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകയില ഉപയോഗം. ലോകമാകെ 1.13 ബില്യൺ പുകവലിക്കാരുണ്ടെന്നാണു കണക്ക്. ഇവരിൽ പകുതിപേരും പുകയില സംബന്ധമായ രോഗങ്ങളാൽ മരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് വർ,ം തോറും 87 ലക്ഷത്തോളം പേരെയാണു പുകയില ഉപയോഗം കൊന്നൊടുക്കുന്നത്. ഇതിൽ തന്നെ 70 ലക്ഷം പേർ നേരിട്ടുള്ള പുകയില ഉപയോഗം കാരണവും 12 ലക്ഷം പേ‍ർ പുകവലിക്കുന്നവരിൽ നിന്നുള്ള പുകയേറ്റുമാണു മരിക്കുന്നത്. പുകവലി ശ്വാസകോശരോഗങ്ങൾക്കു മാത്രമല്ല കാരണമാകുന്നത്. ഹൃദയധമനീരോഗങ്ങൾക്കും പലതരം അർബുദങ്ങൾക്കും ഇടയാക്കുന്നു. ജീവിതശൈലീസംബന്ധമാൈയ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ ആറെണ്ണത്തിൽ ഒന്നിന് എന്ന തോതിൽ പുകവലി കാരണമാകുന്നു.

പുകവലി നിർത്തൽ നേരത്തെ നടപ്പാക്കാം

ADVERTISEMENT

പുകവലി നിർത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. പക്ഷേ, ശരിയായൊരു പിന്തുണയുണ്ടെങ്കിൽ നടപ്പാക്കാവുന്നതേയുള്ളു. ആരോഗ്യപ്രവർത്തകർ, കൗൺസലിങ് സർവീസുകൾ എന്നിവരുടെ സഹായം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താം. സാങ്കേതികവിദ്യയുടെ വികാസത്തോടെ പുകവലി നിർത്തുന്നതിനാവശ്യമായ പ്രോത്സാഹനവും വിഭവങ്ങളും സാമൂഹിക പിന്തുണയും നൽകുന്ന മൊബൈൽ ആപ്പുകളും ഒാൺലൈൻ പ്ലാറ്റ്ഫോമുകളും രൂപപ്പെട്ടിട്ടുണ്ട്.

യുവാക്കളിലെ പുകയില ഉപയോഗം തടയുക എന്നതു പരമപ്രധാനമാണ്. കാരണം, നിക്കോട്ടിനോടുള്ള അടിമത്തം എത്ര നേരത്തെ തുടങ്ങുന്നുവോ, അത്രത്തോളം കൂടുതൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. അതുകൊണ്ട് പുകവലി നിരോധന ബോധവൽകരണം ചെറിയ പ്രായത്തിലേ തുടങ്ങണം.

ADVERTISEMENT

പുകവലിക്കേണ്ട, ശ്വസിച്ചാലും മതി

നമ്മൾ നേരിട്ടു ബീഡിയോ സിഗററ്റോ വലിച്ചില്ലെങ്കിലും ആ പുകയേറ്റാൽ മതി ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ. നേരിട്ടല്ലാതെയുള്ള ഈ പുകയേൽക്കലിന് പാസീവ് സ്മോക്കിങ് എന്നും സെക്കൻഡ്ഹാൻഡ് സ്മോക്കിങ് എന്നുമൊക്കെ പറയും. കുട്ടികളിൽ നിഷ്ക്രിയ പുകവലി ആസ്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നു. പുകവലിക്കുന്ന ആളുടെ ഒപ്പം ജീവിക്കുന്നവർക്ക് ശ്വാസകോശാർബുഗം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

ഇ സിഗററ്റുകൾ ദോഷകരം

ഇലക്ട്രോണിക് പേനകൾ, പൈപ്പുകൾ, ഹൂക്ക, സിഗാർ എന്നിവയൊക്കെ ഇലക്ട്രോണിക് പുകവലി മാർഗങ്ങളാണ്. ഇവയെ മൊത്തത്തിൽ എൻഡ്സ് (ENDS) അഥവാ ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റംസ് എന്നു പറയുന്നു. ഇ–സിഗററ്റുകൾ തിരുത്താനാകാത്ത ശ്വാസകോശനാശത്തിനും ശ്വാസകോശരോഗങ്ങൾക്കും കാരണമാകുന്നുവെന്ന് തെളിവുകളുണ്ട്. എന്നിരുന്നാലും ഇവയുടെ ദീർഘകാല ദൂഷ്യഫലങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്.

അമേരിക്കയിലും മറ്റും കുട്ടികൾ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പുകയില ഉൽപന്നമായി ഇ സിഗററ്റുകൾ മാറിയിരിക്കുന്നു. ഇ–സിഗററ്റുകൾക്ക് ഒരു തലമുറ മുഴുവനായി അടിമകളാകുന്നതിൽ അമേരിക്കൻ ലങ് അസോസിയേഷൻ വലിയ ആശങ്കയിലാണ്.

 

ADVERTISEMENT