ADVERTISEMENT

എൻജിനീയറിങ് വിദ്യാർഥിനിയായ പെൺകുട്ടിയെ

പോഷകാഹാര വിദഗ്ധയുടെ കൺസൽറ്റേഷനു വേണ്ടി അമ്മ ഒപിയിൽ കൊണ്ടു വന്നതാണ്. അമ്മ കാണാതെ ബ്രേക്ഫാസ്റ്റ് കളയുന്ന കുട്ടി രാത്രിയിൽ ഭക്ഷണം ഒഴിവാക്കി പഴങ്ങൾ മാത്രം കഴിക്കും. അങ്ങനെ ഒരു വർഷത്തോളം വളരെ രഹസ്യമായി ആഹാരനിയന്ത്രണത്തിലായിരുന്നു. അതിനു ശേഷം കുട്ടിക്കു ചർമപ്രശ്നങ്ങൾ തുടങ്ങി. മുടികൊഴിച്ചിലും ദഹനപ്രശ്നങ്ങളും ആരംഭിച്ചു. ആഹാരം കഴിക്കാൻ സാധിക്കാത്ത സ്ഥിതിയിലെത്തി. രക്തപരിശോധനയിൽ പോഷക അപര്യാപ്തത കണ്ടു. വണ്ണം കൂടുതലാണെന്നു സഹപാഠികളിലാരോ കളിയാക്കിയപ്പോൾ കുട്ടി സ്വയം എടുത്ത തീരുമാനമായിരുന്നു അത്. മാത്രമല്ല, അനാരോഗ്യകരമായ കഠിനവ്യായാമങ്ങളും ചെയ്തു. ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റീഷൻ ഒരു ഡയറ്റ് പ്ലാൻ കൊടുത്ത് ആ കുട്ടിയെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരികയാണ്.

ADVERTISEMENT

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തനിയെ ആഹാരനിയന്ത്രണം ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു. അതേക്കുറിച്ച് ഉത്കണ്ഠപ്പെട്ടു പോഷകാഹാര വിദഗ്ധരെത്തേടിയെത്തുന്ന ഒട്ടേറെ മാതാപിതാക്കളെയും ഇന്നു കാണാം.

കുട്ടിക്കളിയല്ല ഡയറ്റിങ്

സമീകൃതാഹാരം അഥവാ ബാലൻസ്ഡ് ഡയറ്റിനു നമ്മുടെ ആരോഗ്യത്തിൽ വലിയ പ്രാധാന്യമുണ്ട്. അളവല്ല, കഴിക്കുന്നതു ശരീരത്തിനു ഗുണകരമാണോ? ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കണം. അതുകൊണ്ടു തന്നെ സൗകര്യാർഥം ആരംഭിച്ച് അവസാനിപ്പിക്കാവുന്ന കുട്ടിക്കളിയല്ല ഡയറ്റിങ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, സൂക്ഷ്മ പോഷകങ്ങൾ ഇവ എല്ലാവർക്കും ആവശ്യമാണ്. എന്നാൽ ഉയരം, ചെയ്യുന്ന പ്രവൃത്തികൾ ഇവ അനുസരിച്ചു പോഷകഅളവിൽ വ്യത്യാസം വരും. ഡയറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ, അന്നജം പൂർണമായി ഒഴിവാക്കുമ്പോൾ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.തലച്ചോറിന്റെ പ്രവർത്തനത്തിനും ദൈനംദിനപ്രവൃത്തികൾക്കും ഊർജം ആവശ്യമാണ്.ആഹാരം നിയന്ത്രിക്കുമ്പോൾ കുറച്ചു ദിവസത്തേക്കു ശരീരത്തിൽ മുന്‍പേ ശേഖരിക്കപ്പെട്ട കൊഴുപ്പിൽ നിന്ന് ഊർജം ലഭിക്കും. കാർബോഹൈഡ്രേറ്റ്സ് ഡയറ്റിൽ നിന്ന് ഒഴിവാക്കുമ്പോൾ നിത്യജീവിതത്തിന്റെ താളം തെറ്റും. ഓരോ അവയവത്തിന്റെയും പ്രവർത്തനത്തെ തകരാറിലാക്കും ’’–ആലുവ രാജഗിരി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷൻ പ്രിൻസി തോമസ് വിശദമാക്കുന്നു.

ADVERTISEMENT

തെറ്റായ ഡയറ്റിങ് പേശീനഷ്ടത്തിലേക്ക്

ജിമ്മിൽ പോകുന്ന പലരും ഭാരം കുറയ്ക്കുന്നതിനു കാർബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീൻ സമ്പന്നമായ ആഹാരം കഴിക്കാറുണ്ട്. ഒരു വ്യക്തിയുടെ പ്രോട്ടീൻ ആവശ്യകത ഭാരത്തിന് അനുസരിച്ചാണ്. പ്രോട്ടീൻ ഡയറ്റ് എടുക്കാം എന്നു തീരുമാനിക്കുന്ന പലരും ആവശ്യത്തിലേറെ മുട്ടയും മാംസവും മത്സ്യവും കഴിക്കും. ഇതു പ്രോട്ടീൻ വർധിപ്പിക്കുക മാത്രമല്ല, വൃക്ക, കരൾ പോലുള്ളവയുടെ പ്രവർത്തനഭാരം വർധിപ്പിച്ച് രോഗാതുരരുമാക്കും. കൊഴുപ്പ് അധിക അളവിൽ ഉൾപ്പെടുത്തുന്ന കീറ്റോ ഡയറ്റ് ശരീരഭാരം കുറയ്ക്കുന്നതിന് ആധികാരികമായി അംഗീകരിക്കപ്പെട്ടതല്ല. ചില രോഗാവസ്ഥകളിൽ അതു നിർദേശിക്കുന്നുണ്ടെങ്കിലും പോഷകാഹാരവിദഗ്ധരുടെ മേൽനോട്ടത്തിലാണു ചെയ്യേണ്ടത്.

ADVERTISEMENT

ഭാരം കുറയ്ക്കുന്നതിന് അമിത പ്രോട്ടീനും അമിത കൊഴുപ്പും അടങ്ങിയ ഫാഡ് ഡയറ്റുകൾ സ്വീകാര്യമേയല്ല. അനുയോജ്യമല്ലാത്ത ഡയറ്റിങ് ചെയ്യുകയും പോഷകനില പാലിക്കാതെ വരുകയും ചെയ്യുന്നതിന്റെ ഫലമായി കാണുന്ന പ്രശ്നം പേശീനഷ്ടമാണെന്നും പ്രിൻസി തോമസ് സൂചിപ്പിക്കുന്നു.

അനോറെക്സിയ നെർവോസ

അധികമായി തടിവയ്ക്കും എന്നൊരു ഭയം അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോഡറിലൂടെ കടന്നു പോകുന്നവരിലുണ്ട്.അതിനാൽ ശരീരം വണ്ണം വയ്ക്കാനിടയാക്കുന്ന ആഹാരങ്ങളെല്ലാം അവർ ഒഴിവാക്കും.ചിലരാകട്ടെ വിശപ്പില്ലാതാക്കുന്ന മരുന്നുകൾ – നാട്ടുമരുന്നുകൾ ഉൾപ്പെടെ പരീക്ഷിക്കും. തടി കൂടുതലാണ് എന്നു വിചാരിച്ചു കുറയ്ക്കുന്നതിനായി ഇവർ കടുത്ത വ്യായാമങ്ങളിലും ഏർപ്പെടും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ ആവേശത്തോടെ അന്വേഷിക്കും. വായിൽ വിരലിട്ടു ഛർദിപ്പിക്കുക, അതിനുള്ള മരുന്നുകൾ കഴിക്കുക, എന്തെങ്കിലും കഴിച്ചു ഛർദി വരുത്തുക, വയറ്റിൽ നിന്നും പോകുന്നതിനുള്ള മരുന്നുകൾ കഴിക്കുക, ഡൈയൂററ്റിക്സ് മരുന്നുകൾ കഴിച്ചു ശരീരത്തിലെ ജലാംശം കുറയ്ക്കുക, തടി വരുത്തുമെന്നു കരുതുന്ന ആഹാരത്തെ ഭയന്ന് ഒഴിവാക്കുക എന്നിവയും ഇവരുടെ പ്രത്യേകതകളാണ്.

ആദ്യം ഡയറ്റീഷനെ കാണാം

‘‘ ഡയറ്റിങ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ കണ്ണുമടച്ചു തുടങ്ങാതെ യോഗ്യതയുള്ള ഡയറ്റീഷന്റെ അടുത്തു പോയി പ്ലാൻ പറയണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ രക്തപരിശോധനകൾ ചെയ്യണം. മറ്റു മെഡിക്കൽ
റിപ്പോർട്ടുകളും കാണിക്കണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും ഡയറ്റിങ്ങിനു മുൻപ് അടിസ്ഥാനപരിശോധനകൾ ചെയ്യുന്നത് ഒരു സ്ക്രീനിങ്ങിനു സഹായിക്കും. അതു വ്യക്തിയെ കണ്ടു കാര്യങ്ങൾ മനസ്സിലാക്കിയ യോഗ്യതയുള്ള ഡയറ്റീഷനു പറയാനാകും – കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷൻ
ഡോ. മഞ്ജു പി. ജോർജ് പറയുന്നു.

ഡയറ്റിങ്ങിലും ബാലൻസ്ഡ് ഡയറ്റിന്റെ രീതിയാണ് അഭികാമ്യം. കുറഞ്ഞ കാർബ് ആയിരിക്കും ഭാരം കുറയ്ക്കുന്നതിന് ഉചിതം. പോഷക ഏറ്റക്കുറച്ചിലുകൾ അധികമില്ലാതെയാണു ഡയറ്റ് നിർദേശിക്കേണ്ടത്. സ്വയം ഡയറ്റ് ചെയ്യുമ്പോൾ മുഴുവൻ കാർബ് നീക്കുന്നവരുണ്ട്. വാട്ടർ ഡയറ്റ്, എഗ്ഗ് ഡയറ്റ് എന്നിവയൊക്കെ കനത്ത പോഷകനഷ്ടമാണു വരുത്തുന്നത്. ശരീരഭാരം കുറയുമായിരിക്കും. പക്ഷേ പോഷക അപര്യാപ്തതയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത വളരെ കൂടുതലാണ്.

ഡയറ്റ് കൺസൽറ്റേഷൻ യോഗ്യതയുള്ളവരിൽ നിന്ന്

‘‘ഭക്ഷണ നിയന്ത്രണം, ഭാരം കുറയ്ക്കൽ എന്നിവ കേൾക്കുമ്പോൾ എളുപ്പമായി തോന്നാം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന നാട്ടിൽ ന്യൂട്രിഷൻ എന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ അറിയാവുന്നവരെല്ലാം ന്യൂട്രിഷനിസ്‌റ്റ് ആകുന്ന അവസ്ഥ ഇന്നു വളരെ കൂടുതലാണ് – ഡോ. മഞ്ജു പി. ജോർജ് പറയുന്നു. സാധാരണക്കാർ ചിന്താക്കുഴപ്പത്തിലാകാൻ ഇത്തരം അവസ്ഥകൾ കാരണമാകുന്നുണ്ട്. ഡയറ്റ് കൺസൽറ്റേഷൻ ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. യോഗ്യതയുള്ള ഡയറ്റീഷനോ, പോഷകാഹാര വിദഗ്ധരോ ആണു നിർദേശങ്ങൾ തരേണ്ടത്. ന്യൂട്രീഷൻ /ഡയറ്ററ്റിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ റജിസ്‌റ്റേഡ് ഡയറ്റീഷൻ യോഗ്യത എന്നീ ഡിഗ്രികളും അംഗീകൃത ആശുപത്രികളിലോ ക്ലിനിക്കുകളിലോ പ്രവൃത്തി പരിചയവും പ്രധാനമാണ്. ഏതെങ്കിലും സ്ഥാപനങ്ങളുടെ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞതാണെന്നും ഏതെങ്കിലും പൊടി കലക്കി ഭാരം കുറയ്ക്കാൻ സഹായിക്കാമെന്നും പറയുന്ന, ഡയറ്റീഷൻ ലേബലിൽ പണമുണ്ടാക്കുന്നവരുടെ തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും ഡോ മഞ്ജു പി. ജോർജ് ഒാർമിപ്പിക്കുന്നു.

അറിവിന്റെ ഉറവിടം പ്രധാനമാണ്

സമൂഹമാധ്യമങ്ങളിൽ അറിവു നൽകുന്ന ഒരുപാടു മേഖലകളുണ്ട്. അതിൽ നിന്ന് ഏതു തള്ളണം, കൊള്ളണം എന്ന ആശയക്കുഴപ്പവും യുവതലമുറയ്ക്കുണ്ട്.
‘‘നമ്മുടെ സൗകര്യാർഥം ഇത്തരം അറിവുകളെ സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ പാളിച്ചകളുണ്ടാകാം. ആധികാരികതയുള്ളവരിൽ നിന്നു മാത്രം സംശയങ്ങൾക്കു മറുപടി തേടുക. അനോറെക്സിയ നെർവോസ ഉള്ളവരെ തിരിച്ചറിയുക. കൃത്യമായി രോഗനിർണയം നടത്തുക. മാനസികവും പോഷകപരവുമായ പിന്തുണ നൽകുക. അതാണു പൊതുസമൂഹം ചെയ്യേണ്ടത് ’’ – ഡോ. മഞ്ജു പറയുന്നു.

ADVERTISEMENT