ഇന്ന് നമ്മൾ എല്ലാവരും പഴയ തലമുറയുടെ ആഹാരശീലങ്ങൾ പാലിക്കാൻ ശ്രമിക്കുകയാണ്. അതായത് വിഷമയമില്ലാത്ത, സ്വന്തം വീട്ടുവളപ്പിൽ തന്നെ കൃഷി െചയ്തെടുക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള പാചകം. എന്നാൽ അത്യാവശ്യം വേണ്ട പച്ചക്കറികൾ വീട്ടുവളപ്പിൽ കൃഷി െചയ്യുന്നതുപോലെ പല പഴങ്ങളും നമുക്കു വീട്ടുവളപ്പിൽ കിട്ടില്ല. വാഴപ്പഴം, പേരയ്ക്ക, മാങ്ങ, ചക്ക പോലുള്ളവ നമുക്ക് ഇവിടെ എളുപ്പം ലഭിക്കും. സീതപ്പഴം, സപ്പോട്ട പോലുള്ളവയും വീട്ടുവളപ്പിൽ കൃഷി െചയ്യാം. എന്നാൽ ആപ്പിൾ, മുന്തിരി, പിയർ, ഒാറഞ്ച്, തണ്ണിമത്തൻ പോലുള്ളവ ല ഭിക്കാൻ കടകൾ തന്നെ ശരണം. ഇതിൽ പലതും കേരളത്തിനു പുറത്തു നിന്ന് വരുന്നതാണ്,അതിനാൽ തന്നെ കീടനാശിനി കലർന്നതും കൃത്രിമമായി പഴുപ്പിച്ചെടുത്തതുമായ പഴവർഗങ്ങൾ വ്യാപകമാകുന്നു.
കീടനാശിനി വളർത്തുന്ന പഴങ്ങൾ
തിരുവനന്തപുരം വെള്ളായണിയിലെ കാർഷിക കോളജ് പ്രസിദ്ധപ്പെടുത്തിയ, ഏപ്രിൽ 2020 മുതൽ മാർച്ച് 2021 വരെയുള്ള കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ വാർഷിക റിപ്പോർട്ട് പ്രകാരം പൊതുവിപണിയിൽ നിന്നു ശേഖരിച്ച പഴവർഗങ്ങളിൽ പച്ചമുന്തിരി, കറുത്ത മുന്തിരി, സപ്പോട്ട, മാങ്ങ, ആപ്പിൾ, ഒാറഞ്ച്, പിയർ, മാതളം, തണ്ണിമത്തൻ എന്നിവയിൽ കീടനാശിനി അവശിഷ്ടം കണ്ടെത്തി. എന്തിനേറെ ജൈവം എന്ന പേരിൽ വിൽക്കുന്ന പഴവർഗങ്ങളിലും കീടനാശിനി അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികൾ പ്രയോഗിക്കുന്നു എന്നു നാം പൊതുവെ പറയുന്നുണ്ടെങ്കിലും കീടനാശിനികളോടൊപ്പം (Pesticide) കുമിൾനാശിനികളും (Fungicide) വ്യാപകമാകുന്നുണ്ട്. ഈ പഴങ്ങൾ ഒരു ദിവസമോ ഒരാഴ്ചയോ കഴിച്ചതുകൊണ്ട് മാത്രം ആരോഗ്യപ്രശ്നങ്ങൾ പൊങ്ങിവരുമെന്നു കരുതരുത്.
കാരണം ഒാരോ പഴത്തിലും വളരെ ചെറിയ അളവിൽ മാത്രമെ കീടനാശിനികളുെട അംശം ഉണ്ടാവുകയുള്ളു. ഈ വിഷാംശം ഉള്ള ഭക്ഷ്യവസ്തു ദിവസേന, വർഷങ്ങളോളം കഴിക്കുന്നതിൽ നിന്നേ വിഷാംശം ശരീരത്തിൽ പ്രത്യാഘാതം ഉണ്ടാക്കുകയുള്ളൂ.
ചില കീടനാശിനികളുടെ തന്മാത്രകൾക്കു ശരീരത്തിലെ ഹോർമോണുകളെ അനുകരിക്കാനുള്ള കഴിവുണ്ട്. നേരിയ അളവിൽ ആണെങ്കിലും ദിവസേനയുള്ള ഉപയോഗത്തിലൂെട ഇവ നമ്മുെട ശരീരത്തിൽ എത്തുന്നതു മൂലം തൈറോയ്ഡ് പ്രശ്നങ്ങൾ പോലുള്ള ഹോർമോൺ തകരാർ സംഭവിക്കാം.
മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ കീടനാശിനികളുെട പ്രയോഗം ആന്തരികാവയവങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൃത്രിമമായി പഴുപ്പിക്കൽ
പഴങ്ങളുെട ആരോഗ്യഗുണങ്ങൾ അവ എങ്ങനെ പാകമാകുന്നു എന്നതിനെ അശ്രയിച്ചിരിക്കുന്നു. ചെടികളിൽ / വൃക്ഷങ്ങളിൽ വച്ചുതന്നെ പാകമാകാൻ അനുവദിക്കുന്നതാണ് ഉത്തമം. പഴങ്ങൾ സ്വാഭാവികമായി പഴുക്കുന്നതുവരെ കാത്തിരിക്കുന്നതു പലപ്പോഴും പ്രായോഗികമായിരിക്കില്ല. പാകമാകുന്നതിനു മുൻപു തന്നെ വിളവെടുത്ത് കച്ചവടസ്ഥലങ്ങളിൽ എത്തിച്ചു, രാസവസ്തുക്കളുെട സഹായത്തോടെ കൃത്രിമമായി പഴുപ്പിച്ചെടുക്കും.
മിക്ക പഴങ്ങളും എഥിലീൻ (Ethyl ene) എന്ന വാതകം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതാണ് പാകമാകൽ പ്രക്രിയ ആരംഭിക്കാൻ ഇടയാക്കുന്നത്. കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കാത്സ്യം കാർബൈഡ്. എത്തഫോൺ എന്ന കെമിക്കലും ഉപയോഗിക്കുന്നുണ്ട്. കാത്സ്യം കാർബൈഡ് ഉപയോഗിക്കുമ്പോൾ അസറ്റിലീൻ എന്ന ഗ്യാസ് ആണ് ഉണ്ടാകുന്നത്. പ്രിവെൻഷൻ ഒാഫ് ഫൂഡ് അഡൽറ്ററേഷൻ ആക്റ്റ് 1954 പ്രകാരം കാത്സ്യം കാർബൈഡിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഇവ കാൻസറിനു വരെ കാരണമാകാം എന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന കാത്സ്യം കാർബൈഡിൽ ആഴ്സനിക്, ഫോസ്ഫറസ് തുടങ്ങിയ വിഷമയമായ രാസവസ്തുക്കളുെട സാന്നിധ്യം ക ണ്ടിട്ടുണ്ട്. ഛർദി, രക്തത്തോടെയോ അല്ലാതെയോ ഉള്ള വയറിളക്കം, തളർച്ച, നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ, ദാഹം, ഭക്ഷണം വിഴുങ്ങാൻ പ്രയാസം, ത്വക്കിലും വായ്ക്കുള്ളിലും അൾസർ തുടങ്ങിയവ ആഴ്സനിക്, ഫോസ്ഫറസ് എന്നിവയുെട വിഷബാധയുെട ലക്ഷണങ്ങളാണ്.
കൃത്രിമമായി പഴുപ്പിച്ച മാങ്ങയുെട ഉപയോഗം വയറിന് അസ്വാസ്ഥ്യം വരുത്താം. ആമാശയത്തിലെ മ്യൂക്കോസ കോശങ്ങൾക്കു തകരാർ വരുത്തുകയും കുടലിനു ദോഷമുണ്ടാക്കുകയും െചയ്യാം. കാത്സ്യം കാർബൈഡിന്റെ ഉപയോഗം നാഡീ വ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കാം എന്നു പഠനങ്ങൾ
വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ
കീടനാശിനിയുെട അളവ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴവർഗം മുന്തിരിയാണ്. ജ്യൂസാക്കിയാൽ തൊലിയിലുള്ള കീടനാശിനി അംശം ജ്യൂസിലും കലരും. മുന്തിരി ഉണക്കിയെടുക്കുമ്പോൾ അതിന്റെ അളവ് അഞ്ചിലൊന്നായി കുറയുകയാണ് െചയ്യുന്നത്. അതിനാൽ ഉണക്കമുന്തിരിയിൽ കീടനാശിനിയുെട സാന്ദ്രത കൂടും.
ഇവ സുരക്ഷിതം
വീടുകളിൽ തന്നെ കൃഷി െചയ്യാവുന്ന പപ്പായ, സീതപ്പഴം (കസ്റ്റഡ് ആപ്പിൾ), പാഷൻ ഫ്രൂട്ട്, ചക്ക പോലുള്ളവയാണ് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന പഴവർഗങ്ങൾ. പപ്പായ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി െചയ്യുന്നുണ്ട്. പുറത്തു നിന്നു വാങ്ങുന്ന പപ്പായ നന്നായി കഴുകി, തോടു കളഞ്ഞശേഷം ഉപയോഗിക്കുക. കൂടാതെ പഴങ്ങളുടെ തൊലി നീക്കം െചയ്യുന്നതിലൂെട കൃത്രിമമായി പഴുപ്പിക്കാൻ
ഉപയോഗിക്കുന്ന കാത്സ്യം കാർബൈഡിന്റെ അപകടസാധ്യത കുറയ്ക്കാം.
കൃത്രിമ പഴുപ്പിക്കൽ തിരിച്ചറിയാം
കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ തിരിച്ചറിയാൻ കഴിയും. മാങ്ങ പോലെ തന്നെ പൈനാപ്പിൾ, ഒാറഞ്ച്, പപ്പായ തുടങ്ങിയുള്ള ഫലങ്ങളുെട തൊലിയുെട എല്ലാ ഭാഗത്തും ഒരേ നിറമായിരിക്കും. ഇവ തൊലി നീക്കം ചെയ്തു മാത്രം ഉപയോഗിക്കുക. വാഴ പ്പഴത്തിനു മഞ്ഞനിറവും ഞെട്ടിനു കടും പച്ചനിറവുമായിരിക്കും. സ്വാദും കുറവായിരിക്കും. പെട്ടെന്നു കേടാവുകയും െചയ്യും. തൊലി കറുത്ത, ചുളിവു വീണ മാങ്ങ, ഒാറഞ്ച് തുടങ്ങിയവ വാങ്ങരുത്.
മാങ്ങ
പ്രകൃതിദത്ത രീതിയിൽ പഴുക്കുന്ന മാങ്ങയുെട പുറംഭാഗം മഞ്ഞ കലർന്ന പച്ചനിറമായിരിക്കും. എന്നാൽ ഉള്ളിൽ ചുവപ്പു കലർന്ന ഒാറഞ്ച് നിറവും. കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാങ്ങയുെട പുറംതൊലി സ്വർണനിറമുള്ളതായിരിക്കും. മുറിച്ചു നോക്കുമ്പോൾ വിളറിയ മഞ്ഞ നിറമായിരിക്കും. പെട്ടെന്നു കേടാകും.
ഇങ്ങനെ സുരക്ഷിതമാക്കാം
കീടനാശിനിയുെട അംശം ഉണ്ടെങ്കിലും അതു കുറയ്ക്കാനുള്ള ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം.
∙ പഴവർഗങ്ങൾ ഉപയോഗിക്കും മുൻപ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം.
∙ വിനാഗിരി ഉപയോഗിച്ചു കഴുകാം. രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പഴങ്ങൾ നാലഞ്ച് മിനിറ്റ് മുക്കിവയ്ക്കാം. എന്നാൽ ഈ രീതിയിലൂെട ക ഴുകിയെടുത്താലും മുന്തിരിയിലെ വിഷാംശം നീക്കാൻ വളരെ പ്രയാസമാണ്.
∙ സോഡാപൊടി (സോഡിയം ബൈകാർബണേറ്റ്) കീടനാശിനികളുെട അളവു കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും മൂന്നോ നാലോ മിനിറ്റ് സോഡാപൊടി കലക്കിയ വെള്ളത്തിൽ മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകാം.
∙ ആവശ്യമെങ്കിൽ ആദ്യം വിനാഗിരി ഉപയോഗിച്ച് കഴുകിയ ശേഷം രണ്ടാമതു സോഡാപൊടി ഉപയോഗിച്ചും കഴുകാം. രണ്ടും ഒന്നിച്ചു ചേർത്ത് ഉപയോഗിക്കരുത്. കഴുകിയ ശേഷം നല്ല കോട്ടൻ തുണി കൊണ്ട് തുടച്ചെടുത്തു സൂക്ഷിക്കാം.
∙ വാളൻ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തു വെള്ളത്തിൽ പിഴിഞ്ഞ്, ആ വെള്ളത്തിലും പഴങ്ങൾ മുക്കിവയ്ക്കാം.
∙ കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുവെള്ളത്തിൽ കഴുകുന്നത് ഫലപ്രദമാണ് എന്നത് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഈ രംഗത്തെ വിദഗ്ധർ ഈ രീതി ശുപാർശ െചയ്യുന്നില്ല.
∙ പുകയ്ക്കുക, പഴുത്ത പഴം പച്ചയായ പഴങ്ങളുെട ഇടയിൽ വയ്ക്കുക, വയ്ക്കോലിൽ ഇട്ടു വയ്ക്കുക, അരിപ്പെട്ടിയിൽ ഇട്ട് അടച്ചു വയ്ക്കുക തുടങ്ങിയവയാണ് സ്വാഭാവികമായി പഴുക്കാനുള്ള മാർഗങ്ങൾ.
∙ എപ്പോഴും സീസണലായി ലഭിക്കുന്ന പഴങ്ങൾ വാങ്ങിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. തോമസ് ബിജു മാത്യു
മുൻ മേധാവി
കീടനാശിനി പരിശോധന ലാബ്
കാർഷിക കോളജ്, വെള്ളായണി
തിരുവനന്തപുരം