വന്ധ്യതയെക്കുറിച്ച് പല ധാരണകളും കാലങ്ങളിലായി സമൂഹം വച്ചു പുലർത്താറുണ്ട്. ചിലർ വന്ധ്യത പാരമ്പര്യ രോഗമാണെന്നും ഫലപ്രദമായ ചികിൽസയില്ലെന്നും കരുതി ജീവിതം തള്ളി നീക്കും. കുഞ്ഞുങ്ങൾ ജനിക്കാൻ വൈകുന്നത് പല കുടുംബങ്ങളിലും പ്രശ്നങ്ങൾക്കു വഴിയൊരുക്കും. ഗർഭധാരണത്തിനു വേണ്ടി ബന്ധപ്പെട്ടിട്ടും ഒരു വർഷത്തിനകം ഗർഭധാരണം സാധ്യമായില്ലെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം.
വന്ധ്യതയ്ക്ക് പിന്നിലെ കാരണങ്ങൾ
ഗർഭധാരണത്തിന്റെ ഒരു ഘട്ടവും നടക്കാത്ത അവസ്ഥയാണ് പ്രൈമറി വന്ധ്യത. ഒരിക്കൽ ഗർഭധാരണവും പ്രസവവും നടന്നശേഷമോ ഗർഭം അലസിപ്പോയ ശേഷമോ ഗർഭധാരണം നടക്കാത്ത അവസ്ഥയാണ് സെക്കൻഡറി വന്ധ്യത. വന്ധ്യത വിധിയെന്നു സ്വയം സമാധാനിക്കാതെ പങ്കാളികളിൽ ആർക്കാണ് പ്രശ്നമെന്ന് വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്തണം. വന്ധ്യതയുടെ പേരിൽ പലപ്പോഴും സ്ത്രീകളെയാകും ഭൂരിപക്ഷം പേരും കുറ്റപ്പെടുത്തുക. പക്ഷേ, ഇതിനുള്ള സാധ്യത സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമാണ്. പത്തു ശതമാനം ദമ്പതിമാരിൽ രണ്ടുപേർക്കും തകരാറുണ്ടാവും. പത്തു ശതമാനം പേരിൽ, പരിശോധനയിൽ രണ്ടുപേർക്കും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും വന്ധ്യത അനുഭവപ്പെടാം. അങ്ങനെയുള്ളവർ അൺഎക്സ്പ്ലെയ്ൻഡ് ഇൻഫെർട്ടിലിറ്റി എന്ന ഗണത്തിലാകും പെടുക. കാരണമെന്തായാലും സമയം പാഴാക്കാതെ ചികിൽസ തുടങ്ങിയാൽ മികച്ച ഫലം ലഭിക്കും.
പുരുഷ വന്ധ്യതയുടെ കാരണങ്ങൾ
പുരുഷബീജത്തിലെ പലതരത്തിലുള്ള അപാകതകൾ പുരുഷവന്ധ്യതയ്ക്കു കാരണമാകാം. വന്ധ്യതയെന്നത് പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന കാര്യമല്ല. ജനിച്ചു വീഴുന്ന സമയം മുതൽ ആൺകുട്ടികളുടെ വൃഷണത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. വൃഷണം വൃഷണസഞ്ചിയിലല്ലാത്ത അവസ്ഥയെ അൺഡിസൻഡ് ടെസ്റ്റീസ് എന്ന് പറയുന്നു. അന്തരീക്ഷത്തിലെയും ശരീരത്തിലെയും താപനിലയെ ക്രമീകരിക്കരിച്ച് പുരുഷബീജോത്പാദനം സുഗമമാക്കാൻ വൃഷണം വൃഷണസഞ്ചിയിൽ തന്നെയിരിക്കണം. വൃഷണസഞ്ചിയിൽനിന്നു മാറിയാണെങ്കിൽ രണ്ടു വർഷത്തിനകം തകരാറു പരിഹരിക്കണം.
ചെറുപ്രായത്തിൽ ആൺകുട്ടികളിൽ കാണുന്ന മുണ്ടിനീര് എന്ന വൈറസ് ബാധ വൃഷണത്തെയും ബാധിക്കാനിടയുണ്ട്. നേരത്തെ തിരിച്ചറിയാതെ പോയാൽ ഭാവിയിൽ വന്ധ്യതയ്ക്ക് കാരണമായേക്കാം. മുണ്ടിനീര് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ചെറുപ്പത്തിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകൾ ഒഴിവാക്കിയാൽ അസുഖങ്ങൾ വരികയും അതു ഭാവിയിൽ വന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യാം. കൊഴുപ്പ് അധികമായ ഭക്ഷണപദാർഥങ്ങളും ജങ്ക് ഫുഡും അമിതമായാൽ ശരീരത്തിലെ ഹോർമോണുകൾക്കു വ്യതിയാനമുണ്ടാകുകയും പുരുഷബീജോത്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യാം.
വ്യായാമം ആരോഗ്യമുള്ള ബീജോത്പാദനത്തിനു സഹായകരമാണ്. അശുദ്ധരക്തം നീക്കം ചെയ്യുന്ന ധമനികൾ തടിച്ചു നിൽക്കുന്ന വെരിക്കോസിസ് വെയിൻ വൃഷണത്തിന്റെ താപനിലയെയും ബീജോത്പാദനത്തെയും ബാധിക്കും. അമിതമായ പുകവലി, മദ്യപാനം, നിയന്ത്രണവിധേയമല്ലാത്ത രക്തസമർദവും പ്രമേഹവും തുടങ്ങിയവ കാലാന്തരത്തിൽ വന്ധ്യതയിലേക്കു നയിക്കാം. മൊബൈൽ ഫോൺ ദീർഘനേരം പോക്കറ്റിൽ സൂക്ഷിക്കുന്നതും മടിയിൽ വളരെ നേരം ലാപ്ടോപ് വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ദീർഘനേരം ബൈക്കിൽ ഒരേയിരുപ്പിൽ യാത്ര ചെയ്യുന്നതും ഒഴിവാക്കണം.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങൾ
ഓവുലേഷൻ (അണ്ഡവിസർജനം) പ്രക്രിയ പകുതി വഴിയിൽ നിന്നുപോകുന്നതു മൂലം അണ്ഡാശയത്തിൽ മുഴകൾ (സിസ്റ്റ്) രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി. പകുതി വഴിയിൽ ഓവുലേഷൻ അവസാനിക്കുന്നതിനാൽ അണ്ഡങ്ങൾ വളർച്ചയുടെ പകുതിയിൽവച്ചു കുമിളയായി അണ്ഡാശയത്തിൽ അവശേഷിക്കുന്നു. സാധാരണഗതിയിൽ ഈ കുമിളകളിൽ ഒന്നു പൂർണവളർച്ചയെത്തി പൊട്ടിയാണ് ഓവുലേഷൻ നടക്കുന്നത്. അണ്ഡവളർച്ച പൂർത്തിയാകാതെ നിൽക്കുന്നതുകൊണ്ട് സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നു.
സ്‌ത്രീകളിലും കൗമാരപ്രായക്കാരായ പെൺകുട്ടികളിലും കണ്ടുവരുന്ന രോഗമാണ് പോളി സിസ്‌റ്റിക് ഓവറി (പിസിഒഡി). സങ്കീർണവും ബഹുമുഖവുമായ കാരണങ്ങളുണ്ടെങ്കിലും ലളിതമായി പറഞ്ഞാൽ അണ്ഡാശയത്തിന്റെ പ്രവർത്തനത്തകരാറാണ് ഏറ്റവും പ്രധാന പ്രശ്‌നം. പോളി സിസ്‌റ്റിക് ഓവറി (പിസിഒഡി) സമയത്തിനു ചികിൽസിച്ചില്ലെങ്കിൽ വന്ധ്യതയിലേക്കു നയിക്കാം. പിസിഒഡി ബാധിച്ചിട്ടുള്ളവർ വിദഗ്ധ ചികിൽസ തേടി അണ്ഡോത്പാദനം ക്രമപ്പെടുത്തിയിട്ടു വേണം ഗർഭധാരണത്തിനു തയാറെടുക്കാൻ. ജീവിതരീതി ശരിയായ രീതിയിൽ ക്രമപ്പെടുത്തുകയാണ് പിസിഒഡി ചികിൽസയുടെ ആദ്യ ഘട്ടം.
ഇൻസുലിൻ, ടെസ്‌റ്റോ സ്‌റ്റിറോൺ, ഫോളിക്കുലാർ സ്‌റ്റിമുലേറ്റിങ് ഹോർമോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിലും പ്രവർത്തനത്തിലും ക്രമക്കേടുണ്ടാകുമ്പോൾ അണ്ഡാശയത്തിലെ അണ്ഡ കോശങ്ങളുടെ വളർച്ച തടസ്സപ്പെടുകയും അതുവഴി അണ്ഡോൽപാദനം നടക്കാതിരിക്കുകയും ചെയ്യുന്നു. അണ്ഡാശയം കൂടുതൽ പുരുഷ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതാണു മറ്റൊരു പ്രശ്‌നം. ആർത്തവ പ്രശ്‌നങ്ങളുടെ ഒരു പ്രധാന കാരണമായ ഈ അവസ്‌ഥ മുൻകൂട്ടി കണ്ടുപിടിച്ചു പ്രതിരോധിച്ചില്ലെങ്കിൽ വന്ധ്യത, പ്രമേഹം, ഹൃദ്രോഗം എന്നീ അസുഖങ്ങൾ ചെറുപ്രായത്തിൽത്തന്നെ വരാം.
സാധാരണ പ്രായപൂർത്തിയായ സ്‌ത്രീകളിൽ (20-40 വയസ്സ്) വന്ധ്യതയുടെ രൂപത്തിൽ പ്രകടമായി കാണപ്പെടുന്നുവെങ്കിലും ഏതു പ്രായത്തിലും പോളി സിസ്‌റ്റിക് ഓവറി (പിസിഒഡി) വരാം. പിസിഒഡി എന്ന രോഗത്തെ പൂർണമായി ഭേദമാക്കാൻ സാധിക്കില്ല. പക്ഷേ കൃത്യമായി ചികിൽസ നൽകിയാൽ സങ്കീർണമാകാതിരിക്കും. രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ പരിഗണിച്ചാണു ചികിൽസ നിർണയിക്കുക. ഹോർമോൺ പ്രശ്നങ്ങൾ, വന്ധ്യത, ക്രമമല്ലാത്ത ആർത്തവം, ഓവുലേഷൻ നടക്കാതിരിക്കൽ തുടങ്ങിയവയെല്ലാം പരിഗണിക്കും.
പ്രായം പോലുള്ള ഘടകങ്ങളും നിർണായകമാണ്. ചില സാഹചര്യങ്ങളിൽ പിസിഒഡി പരിഹരിക്കാൻ ലാപ്രോസ്കോപിക് ശസ്ത്രക്രിയ നടത്താറുണ്ട്. മരുന്നു കൊണ്ട് ഓവുലേഷൻ നടക്കാതിരിക്കുന്നവരിൽ മാത്രമാണിത് ചെയ്യുക. ഒരിക്കൽ ഭേദമായാൽ പോലും രോഗം തിരിച്ചുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയയാകാനും ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ ചികിൽസ നടത്താനും പ്രത്യേകം ശ്രദ്ധിക്കണം.
കടപ്പാട്: ഡോ. കെ.യു. കുഞ്ഞുമൊയ്തീൻ