Friday 21 June 2024 11:41 AM IST : By സ്വന്തം ലേഖകൻ

വൈറ്റമിന്‍ ഡി കുറവിനു സൂര്യപ്രകാശം മതിയാകില്ല....

vitd33424

ആഗോളതലത്തിലുള്ള ആരോഗ്യപ്രശ്നമാണ് വൈറ്റമിൻ ഡി കുറവ്. ഇന്ത്യയിൽ 70Ð90 % പേരിൽ വൈറ്റമിൻ ഡി കുറവുണ്ടെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രായമേറുന്നതനുസരിച്ചു ശരീരത്തിലെ വൈറ്റമിൻ ഡി ഉൽപാദനം കുറയുന്നതും പുറത്തിറങ്ങി വെയിൽ കൊള്ളാനുള്ള സൗകര്യങ്ങളുടെ അഭാവവും കാരണം പ്രായമായവരിൽ  വൈറ്റമിൻ ഡി കുറവിനു സാധ്യത കൂടുതലാണ്.  

കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ ഡി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ചർമത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. ഈ  വൈറ്റമിൻ ഡി പ്രവർത്തനരഹിതമാണ്. കരളിലും വൃക്കയിലും സ്രവിക്കപ്പെടുന്ന പ്രോട്ടീനുകൾ പുറപ്പെടുവിക്കുന്ന ഹോർമോണുകളാണ് വൈറ്റമിൻ ഡിയെ സജീവമായ രൂപത്തിലാക്കുന്നത്. ഇങ്ങനെയുള്ള വൈറ്റമിൻ ഡി കൊഴുപ്പുകോശങ്ങളിലാണു ശേഖരിച്ചുവയ്ക്കുന്നത്.

കാത്സ്യത്തിനൊപ്പം വൈറ്റമിൻ ഡി യും അസ്ഥികളുടെ ആരോഗ്യത്തിനു പ്രധാനമാണെന്നു നമുക്കറിയാം.  കുടലിൽ നിന്നും കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല, വൃക്കകൾ വഴി കാത്സ്യവും ഫോസ്ഫറസും പുറത്തേയ്ക്കുപോകാതെ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്തനങ്ങൾ, പേശികൾ, രക്തക്കുഴലുകൾ, കൊഴുപ്പുകോശങ്ങൾ എന്നിവയിലും വൈറ്റമിൻ ഡി സ്വീകരണികളുണ്ട്. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡിക്ക് അസ്ഥികളുടെ ആ രോഗ്യത്തിൽ മാത്രമല്ല പങ്കുള്ളത് എ ന്നാണ് ഗവേഷകരുടെ നിഗമനം.  

അമിത രക്തസമ്മർദം, ഹൃദയാഘാതം, ഹൃദയപരാജയം, പക്ഷാഘാതം, അർബുദം, സോറിയാസിസ്, ആ ർത്രൈറ്റിസ്, ഒാർമനഷ്ടം, വിഷാദം എന്നീ രോഗങ്ങൾക്ക് വൈറ്റമിൻ ഡിയുടെ അളവു കുറയുന്നതു കാരണമാകാമെന്നു ഗവേഷണങ്ങൾ പറയുന്നു.  ആർത്രൈറ്റിസ്,  വീഴ്ച തടയൽ, അർബുദം എന്നിവയുടെ കാര്യത്തിൽ ശരീരത്തിൽ വൈറ്റമിൻ ഡി നിരക്ക് സാധാരണമായി നിലനിർത്തുന്നതു ഗുണകരമാണെന്നു കണ്ടിട്ടുണ്ട്. 

വൈറ്റമിൻ ഡി കുറഞ്ഞാൽ

മുതിർന്നവരിൽ വൈറ്റമിൻ ഡി കുറവ് എളുപ്പം അറിയാനാകില്ല. അഭാവം വളരെ തീവ്രമായിക്കഴിയുമ്പോൾ  അസ്ഥികൾ  മൃദുവാകാം (Osteomalacia). വളരെ അപൂർവമായി കാത്സ്യം ഫോസ്ഫറസ് നിരക്കുകൾ താഴ്ന്നുപോകാം. പ്രായമുള്ളവരിൽ നീണ്ടകാലമായുള്ള,  ചെറിയ തോതിലുള്ള കുറവു പോലും  പ്രശ്നമാകാം.  പേശീവേദന, കോച്ചിപ്പിടുത്തം, ക്ഷീണം, വീഴ്ചകൾ, കൈപ്പത്തിയിലും പാദങ്ങളിലും തരിപ്പും മ രവിപ്പും എന്നിവ ഉണ്ടാകാം.  കുട്ടികളിൽ വൈറ്റമിൻ ഡി യുടെ അളവു കുറയുന്നത് റിക്കറ്റ്സ് രോഗത്തിന് ഇടയാക്കാം.  കാലുകൾ വളഞ്ഞ്, നടത്തം താമസിക്കുന്ന ഒരു അവസ്ഥയാണിത്. 

പരിശോധിച്ചറിയാം

ശരീരത്തിൽ എത്ര അളവു വൈറ്റമിൻ ഡി ഉണ്ടെന്നറിയാനുള്ള ലളിതവും വിശ്വസനീയവുമായ ഒരു പരിശോധനയാണ് 25 ഹൈഡ്രോക്സി വൈറ്റമിൻ ഡി ടെസ്റ്റ്.  ഈ രക്തപരിശോധന എപ്പോൾ വേണമെങ്കിലും നടത്താം. പരിശോധനയിൽ, രക്തത്തിലെ വൈറ്റമിൻ ഡി അളവ് 50nmol/അല്ലെങ്കിൽ 20ng/ml-ന് മുകളിലാണെങ്കിൽ വൈറ്റമിൻ ഡി ആവശ്യത്തിനുണ്ട്. 30-50 nmol/l അല്ലെങ്കിൽ 12-20 ng/ml ആണെങ്കിൽ അളവു വേണ്ടത്രയില്ല.  30 nmol/l-ൽ കുറവോ 12 ng/ml-ൽ കുറവോ ആണെങ്കിൽ വൈറ്റമിൻ ഡി അഭാവമുണ്ട്.  250 nmol/l അല്ലെങ്കിൽ 100 ng/ml-ന് മുകളിലാണെങ്കിൽ വൈറ്റമിൻ ഡി കൂടുതലാണ്. 

സൂര്യപ്രകാശം ഏറ്റാൽ പോരെ?

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ബി രശ്മികളുടെ പ്രവർത്തനത്താലാണ് വൈറ്റമിൻ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. രാവിലെ  10 മുതൽ വൈകിട്ടു മൂന്നു വരെയുള്ള സമയമാണ് സൂര്യപ്രകാശമേൽക്കാൻ അനുയോജ്യം. ആഴ്ചയിൽ മൂന്നു തവണ 15 മുതൽ 30 മിനിറ്റ് വരെ കൈകളും കാലുകളിലും സൂര്യപ്രകാശമേൽക്കണം. . 

എന്നാൽ ഇതത്ര ലളിതമല്ല. നമ്മളിൽ ഭൂരിഭാഗവും ആ സമയത്തു വീടിനുള്ളിൽ ആയിരിക്കും. കൂടാതെ, സൂര്യപ്രകാശത്തിന്റെ തീവ്രത, കാലാവസ്ഥ, ഈർപ്പം, മറ്റു ഭൗതിക ഘടകങ്ങ ൾ എന്നിവ അനുസരിച്ചിരിക്കും ലഭിക്കുന്ന വൈറ്റമിൻ ഡി അളവ്.  പ്രായമായവരിൽ ചർമാർബുദം, സൂര്യാഘാതം എന്നിവയ്ക്കു സൂര്യരശ്മികളുമായുള്ള സമ്പർക്കം  കാരണമായേക്കാം. മഴക്കാലത്തും മൺസൂണിലും സൂര്യപ്രകാശമുള്ള ദിവസങ്ങൾ ഉണ്ടാകില്ല. 

അതിനാൽ വൈറ്റമിൻ ഡി സപ്ലിമെന്റ് ഡോക്ടർ നിർദേശിക്കുന്ന അളവിൽ ദിവസവും കഴിക്കണം.  കൊഴുപ്പുള്ള മീനുകൾ, കോഡ് ലിവർ ഒായിൽ അഥവാ മീനെണ്ണ, കൂണുകൾ, മുട്ടയുടെ മഞ്ഞ, പാൽ എന്നീ ഭക്ഷണങ്ങളിലും. വൈറ്റമിൻ ഡി ഉണ്ട്. 

ചികിത്സ എങ്ങനെ?

വൈറ്റമിൻ ഡി അഭാവം നികത്താൻ. പ്രധാനമായും രണ്ടുതരം മരുന്നുകളാണുള്ളത്. വൈറ്റമിൻ  D2 (ergocalciferol), D3 (cholecalciferol) D3 കൂടുതൽ ഫലപ്രദമാണ്. ഗുളിക കൂടാതെ കാപ്സ്യൂൾ, സിറപ്പുകൾ, കുത്തിവയ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്. കുടലിന് ആരോഗ്യമുള്ള,എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ശേഷിയുള്ളവർക്ക്, വൈറ്റമിൻ ഡി   വായിലൂടെ നൽകുന്നു.  

ആറു മുതൽ എട്ട് ആഴ്ച വരെ  25000 മുതൽ 50000 യൂണിറ്റ് വച്ചു നൽകുന്നു.  തുടർന്ന് ദിവസവും 800 Ð 1000 യൂണിറ്റ് കഴിക്കണം. 50-70 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് ദിവസവും  600 യൂണിറ്റ് വൈറ്റമിൻ ഡി ആവശ്യമാണ്. ഇതു ജീവിതകാലം മുഴുവനും കഴിക്കണം. വൈറ്റമിൻ ഡി സപ്ലിമെന്റിനെ കുടൽ ആഗിരണം ചെയ്യുന്നില്ലെങ്കിൽ, കുത്തിവയ്പ് എടുക്കേണ്ടിവരും. 

∙ വൈറ്റമിൻ ഡിക്കൊപ്പം, പുരുഷന്മാരിൽ 1000 മില്ലിഗ്രാമും ആർത്തവവിരാമം വന്ന സ്ത്രീകളിൽ 1200 മില്ലിഗ്രാമും കാത്സ്യവും കൂടി നിർദേശിക്കാറുണ്ട്.

∙ മരുന്നു നന്നായി ആഗിരണം ചെയ്യുന്നതിനു പാലിനൊപ്പം ഗുളിക കഴിക്കുക. ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ആഗിരണം വർധിപ്പിക്കുന്നു.

∙ വൈറ്റമിൻ ഡി സപ്ലിമെന്റിനു പാർശ്വഫലം വിരളമാണ്. എന്നാൽ, ദിവസവും 4000 യൂണിറ്റിൽ കൂടുതൽ ദീർഘകാലം എടുത്താൽ, കാത്സ്യത്തിന്റെ അളവു വളരെ കൂടാനും
വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുമിടയാക്കാം.

ഡോ. ലിഡിയ ജെസ്റൻ

കൺസൽറ്റന്റ് ജീറിയാട്രീഷൻ, ബിലീവേഴ്സ് ചർച്ച്

മെഡി. കോളജ് ഹോസ്പിറ്റൽ, തിരുവല്ല

Tags:
  • Manorama Arogyam