Saturday 03 June 2023 11:44 AM IST : By സ്വന്തം ലേഖകൻ

കാൻസര്‍ ചികിത്സ, വളരെ നാൾ കിടത്തി ചികിത്സിക്കേണ്ട അസുഖങ്ങൾ... മ്യൂസിക്ക് തെറപ്പി ഈ വേദനകൾക്ക് സാന്ത്വനം

musictherapy4565 ഇൻസെറ്റിൽ ഡോ. സ്മിത എം. പിഷാരടി

മ്യൂസിക് തെറപ്പി എന്ന പദം കേരളത്തിൽ കേട്ട് തുടങ്ങിയിട്ട് ഏതാണ്ട് പതിനഞ്ചു വർഷങ്ങളെ ആകുന്നുള്ളു. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് സംഗീത ചികിത്സ. അതിന്റെ വേരുകൾ അഥർവവേദത്തോളവും ആയുർ വേദത്തോളവും പഴമയും പെരുമയും ഉൾക്കൊണ്ടിട്ടുള്ളതാണ്. വ്യക്തിപരമായി 2012 മുതൽ ഇപ്പോഴും തുടരുന്ന പ്രധാന ഗവേഷണങ്ങളിൽ നിന്നും അത്ഭുതകരവും ആനന്ദകരവുമായ ഒട്ടേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. അതിൽ ചില കാര്യങ്ങൾ , പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാകും വിധത്തിൽ പറയാനാണ് ശ്രമിക്കുന്നത്.

ഗാന്ധർവ ശബ്ദചികിത്സ എന്ന് സംസ്‌കൃത ഭാഷയിൽ അറിയപ്പെടുന്ന സംഗീത ചികിത്സ , മ്യൂസിക് തെറപ്പി എന്ന പേരോടുകൂടി പാശ്ചാത്യ രാജ്യങ്ങളിൽ വരുന്നത് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്താണ്. മുറിവേറ്റ സൈനികരെ , അംഗഭംഗം വന്ന് വേദന കൊണ്ട് പുളയുന്നവരെയൊക്കെ സാന്ത്വനത്തിനായി സംഗീതം കേൾപിച്ചുകൊണ്ടായിരുന്നു അതിന്റെ തുടക്കം. അതിനും മുൻപ് ഗ്രീക്ക് മിത്തോളജി , ഷാ മനിസം , തുടങ്ങിയ ശാഖകളിലൂടെ മ്യൂസിക് തെറാപ്പി പ്രചരിച്ചിരുന്നു . എന്നാൽ അതിനൊരു പുതിയ മാനം കൈവന്നതും ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങിയതുമെല്ലാം രണ്ടാം ലോക മഹായുദ്ധ കാലത്താണ് എന്ന് പറയാം. ഷാമൻ ജനത താളഭേദങ്ങളിലൂടെ വിവിധതരം അസുഖങ്ങൾക്ക് സംഗീത ചികിത്സ ഉപയോഗിച്ചിരുന്നു. എന്നാൽ അവരെ ബ്ലാക്ക് മാജിക് പരിശീലിക്കുന്നവരായി തെറ്റിദ്ധരിച്ചു പരിഷ്‌കൃത സമൂഹം ഒഴിവാക്കുകയും കൊന്നൊടുക്കുകയും ചയ്തു. ചൈനീസ് ചികിത്സ രീതിയിൽ സംഗീത ചികിസ അന്നും ഇന്നും ഒരു പ്രധാന ഘടകമാണ് .

ഇന്ന് അമേരിക്കൻ മ്യൂസിക് തെറപ്പി അസോസിയേഷൻ , .കാനേഡിയൻ മ്യൂസിക് തെറപ്പി അസോസിയേഷൻ, ആഫിക്കൻ മ്യൂസിക് തെറപ്പി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തന ഫലമായി ലോകമെങ്ങും സംഗീത ചികിത്സ അംഗീകരിക്കപ്പെട്ടു. അനേകം രാജ്യങ്ങളിൽ മ്യൂസിക് തെറപ്പി വിവിധ സംഘടനകളുടെ നേതൃത്വത്തിലും പല ഹോസ്പിറ്റലുകളിലും ക്ലിനിക്കൽ പ്രാക്റ്റീസായി തന്നെ തുടർ ന്നു വരുന്നു .ഒാക്‌സ്ഫഡ് സർവകലാശാല ഉൾപ്പെടെയുള്ള നാല്പതോളം യൂറോപ്യൻ സർവകലാശാലകളിൽ സംഗീത ചികിത്സ ബിരുദ പഠനത്തിൽ, 'BSC/Msc മ്യൂസിക് തെറപ്പി' എന്ന വിഷയമായി ഉൾപ്പെടുത്തിയിരിക്കുന്നു.

മ്യൂസിക് തെറപ്പിക് ഇന്ന് വിവിധ ബ്രാഞ്ചുകൾ ഉണ്ട്. പ്രധാനമായും ക്ലിനിക്കൽ മ്യൂസിക് തെറപ്പി, നോൺ ക്ലിനിക്കൽ മ്യൂസിക് തെറപ്പി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി കണക്കാക്കാം. പ്രയോഗത്തിൽ, പാസ്സീവ് തെറപ്പി, ആക്റ്റീവ് തെറപ്പി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളും, ആവിഷ്കാരത്തിൽ മ്യൂസിക് തന്നെ ഉള്ള തെറപ്പിയും സപ്പോർട്ടീവ് തെറപ്പിയും, ഉണ്ട്.

ക്ലിനിക്കൽ മ്യൂസിക് തെറപ്പി ഹോസ്പിറ്റലുകളിൽ സപ്പോർട്ടീവ് തെറപ്പിയായി പ്രവർത്തികമാകേണ്ടതാണ്. കാൻസർപോലുള്ള മാരക രോഗങ്ങൾക്ക് ഡോക്ടർസ് നൽകുന്ന ചികിത്സകളോടൊപ്പം അനുബന്ധ ചികിത്സയായും സഹായക ചികിസയായും തുടർ ചികിത്സ ആയുമൊക്കെ ക്ലിനിക്കൽ മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നു. വളരെ നാൾ കിടത്തി ചികിൽസിക്കേണ്ട അസുഖങ്ങൾക്കും, കാൻസർ രോഗികൾക്കു മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയായും, മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്കുള്ള പരിചരണം, അമ്മമാർക്കുള്ള പരിചരണം, എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

നോൺ ക്ലിനിക്കൽ മ്യൂസിക് തെറപ്പി- പൊതുവെ മ്യൂസിക് തെറപ്പി എന്നു പറയുമെങ്കിലും, പല ബ്രാഞ്ചുകൾ ഇതിലുണ്ട്. കോഗ്നിറ്റീവ് മ്യൂസിക് തെറപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ മ്യൂസിക് തെറപ്പി /CBMT), അനാലിറ്റിക്കൽ മ്യൂസിക് തെറപ്പി, ബെനെൻസൺ മ്യൂസിക് തെറപ്പി, ക്രിയേറ്റീവ് മ്യൂസിക് തെറപ്പി, ബോണി മെത്തേഡ് ഓഫ് ഗൈഡഡ് ഇമേജറി ആൻഡ് മ്യൂസിക് (GIM ), വോക്കൽ സൈക്കോ തെറപ്പി എന്നിവ ഇത്തരത്തിൽ ഉള്ള ബ്രാഞ്ചുകൾ ആണ്. ഇവ ഓരോന്നും പ്രതിനിധാനം ചെയുന്നത് പ്രത്യേക ശാരീരിക, മാനസിക അവസ്ഥകളെയാണ്. ഓരോ രോഗിയുടെയും മാനസിക ശാരീരിക അവസ്ഥകളെ വിലയിരുത്തിയതിനു ശേഷമാണു ഏതൊക്കെ തെറാപ്പി ആണ് കൊടുക്കേണ്ടതെന്നു മ്യൂസിക് തെറാപ്പിസ്റ്റ് തീരുമാനിക്കുന്നത്. ഒരേ അവസ്ഥയ്ക്ക് ഗ്രൂപ്പ് തെറപ്പിയും പ്രത്യേകം ശ്രദ്ധ ആവശ്യമുള്ളവർക്ക് INDIVIDUAL തെറപ്പിയുമാണ് കൊടുക്കുന്നത്.

ചികിത്സാ മേഖലകൾ

പഠന വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, സെറിബ്രൽ പാൾസി പോലുള്ള മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ ന്യൂറോ സംബന്ധമായ അസുഖങ്ങൾ , സൈ ക്കോ സോമാറ്റിക് ഡിസീസസ് , പാരാലിസിസ്, സംസാര വൈകല്യങ്ങൾ, ചില പെരുമാറ്റ വൈകല്യങ്ങൾ എന്നിവയ്ക്കുമൊക്കെ സംഗീത ചികിത്സ വളരെ ഫ ലപ്രദമാണ് . ഹൈപ്പർ ആക്ടിവിറ്റി, അറ്റെൻഷൻ ഡെഫിസിറ് ഹൈപ്പർ ആക്ടിവിറ്റി, ഇൻസോംനിയ പോലുള്ള ഉറക്ക രോഗങ്ങൾ, ഹൈപ്പർ ടെൻഷൻ , മാനസിക പിരിമുറുക്കം, ആകാംക്ഷ ,അകാരണമായ ദേഷ്യം, ഉൽക്കണ്ഠ, അൽഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളുടെ തുടക്കം, പാർക്കിൻസൺസ് , ഇങ്ങനെ സംഗീത ചികിത്സ പ്രായോഗിക്കപ്പെടുന്ന മേഖലകൾ അനേകമാണ്.

എങ്ങനെ സാധ്യമാകുന്നു ?

ഇത് പറയുമ്പോൾ പലരും അവിശ്വസനീയമായി ഇതേക്കുറിച്ചു ചോദിക്കാറുണ്ട്. എങ്ങനെയാണു സംഗീതത്തിന് ഇതൊക്കെ സാധിക്കുന്നത് എന്നാണ് പലരുടെയും സംശയം. ശബ്ദത്തെ മനസിലാക്കുക എന്നതാണ് അതിനുത്തരം. ശബ്ദം ഊർജമാണ്. ശബ്ദോർജ്ജത്തെ മനസിലാക്കിയാൽ അതിന്റെ പ്രവർത്തനം മനസിലാക്കിയാൽ സംഗീത ചികിത്സയെ മനസിലാക്കാൻ എളുപ്പമാണ്. ഇപ്പോഴും ശാസ്ത്രത്തിനു മസ്തിഷകത്തിന്റെ അഞ്ചു ശതമാനത്തെ കുറിച്ച് മാത്രമേ മനസിലാക്കാൻ സാധിച്ചിട്ടുള്ളു. അപൂർവമായ അഭൗമമായ ഒരു അവയവമാണു മനുഷ്യ മസ്തിഷ്കം . എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്കമാണല്ലോ. ഒരു ചെറുവിരൽ അനക്കണമെങ്കിലും, കൺപോള അടയ്ക്കണമെങ്കിലും സംസാരിക്കണമെങ്കിലും, ഓര്മ, ബുദ്ധി, വികാരങ്ങൾ എന്നിങ്ങനെ മനുഷ്യന്റെ പൂർണമായ പ്രവർത്തനങ്ങൾ, പ്രതികരണങ്ങൾ, തീരുമാനങ്ങൾ തുടങ്ങി സമഗ്രമായ കാര്യങ്ങളും മസ്തിഷ്ക പ്രവർത്തനങ്ങളെ ആശ്രയിച്ചാണ് .

നാം കേൾക്കുന്ന ശബ്ദങ്ങൾ പിടിച്ചെടുത്തു തലച്ചോറിലേക്ക് അയയ്ക്കുക എന്ന ധർമം ചെവിയാണ് ചെയ്യുന്നതെങ്കിലും, ആ തരംഗങ്ങൾ വൈദ്യുത പ്രേരണകൾ (electrical impulses) ആക്കി മാറ്റിയാണ് തച്ചോറിലേക്കു അയയ്ക്കപ്പെടുന്നത്. അതിനെ തിരിച്ചറിയുന്നത്, പരിശോധിക്കുന്നത്, പ്രതികരണങ്ങൾ സൃഷ്ടിക്കുന്നത് ഒക്കെ തലച്ചോറിന്റെ പ്രവർത്തനത്തിൽ പെടുന്നു. കേൾക്കുന്ന ശബ്ദം ഇന്ന ആളിന്റെ ആണ്, ഇന്ന വാഹനത്തിന്റെയാണ് , ഇന്ന ഉപകാരണത്തിന്റെയാണ് എന്നിങ്ങനെ തലച്ചോറാണ് വേർതിരിച്ചറിയാൻ സഹായിക്കുന്നത്.

ശബ്ദ തരംഗങ്ങൾ തലച്ചോറിന്റെ പലഭാഗങ്ങളിൽ സ്വംശീകരിക്കപ്പെട്ടു പലതരത്തിൽ പഠിക്കപ്പെടുന്നു. ശബ്ദത്തിന്റെ ദൂരം, വ്യാപ്തി, പിച്ച് അഥവാ frequency, ഭാഷ, ഭാഷയുടെ പ്രയോഗം, അർത്ഥതലങ്ങൾ, അതുളവാക്കുന്ന ഓർമ്മകൾ, അതിനനുസരണമായ വികാരം, ഇങ്ങനെ കേവലം സംസാരത്തിൽ തന്നെ സെക്കന്റുകൾകൊണ്ട് ശബ്ദത്തിന്റെ പല മാനങ്ങളെ പഠിച്ചിട്ടാണ് തിരികെ അതിനനുസരണമായൊരു പ്രതികരണത്തിനുള്ള വാഞ്ചയും അതിനുള്ള ഭാഷയും, മറുപടിയായി തലച്ചോർ സൃഷ്ടിച്ചു എടുക്കുന്നത്.

ശബ്ദത്തിന്റെ ശാസ്ത്രീയവും സങ്കീർണവും എന്നാൽ ഏറ്റവും മനോഹരവുമായ ആവിഷ്കാരമാണ് സംഗീതം. അതിൽ, സംഗീത ഭാഷ, സംസാര ഭാഷ/ ഭാഷകൾ, ശബ്ദ വ്യതിയാനങ്ങൾ, രാഗം/രാഗങ്ങൾ/ താളം, കൃത്യമായ വേഗ വ്യതിയാനങ്ങൾ, മെലഡി, ഹാർമണി, പലവിധ സംഗീത ഉപകരണങ്ങളുടെ ക്രമീകൃതമായ അവതരണം, അത് പ്രകടമാക്കുന്ന വികാരങ്ങൾ, ഉളവാക്കുന്ന അനുഭൂതി, ഓർമ്മകൾ, എന്നിങ്ങനെ വിവരണാതീതമായ സാങ്കേതികത്വം , അതിന്റെ അവതരണത്തിലും, കേൾവിയിലും ഉളവാക്കുന്ന ഒരു അത്ഭുതമാണ് നല്ല സംഗീതം. ഇവ ഓരോന്നിനെയും പരിശോധിക്കുന്ന മസ്തിഷ്ക ഭാഗങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ സംസാരഭാഷ ഉപഗോഗിക്കുമ്പോൾ സംഭവിക്കുന്നതിലും സങ്കീർണമായ പ്രവർത്തനങ്ങളാണ്സംഗീതം ശ്രവിക്കുമ്പോൾ മസ്തിഷ്കത്തിൽ നടക്കുന്നത്.

അത് ബ്രയിനിന്റെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളെയും, കൃത്യമായി പറഞ്ഞാൽ, കോർപസ് കല്ലൊസം (ഇടതും വലതും മസ്തിഷ്ക ഭാഗങ്ങളെ ബന്ധിപ്പിക്കുന്നത് ), മോട്ടോർ കോർടെക്സ് (സംഗീത ഉപകരണങ്ങളുടെ ഉപയോഗം കൈകൾ കൊണ്ടും കാലുകൾ കൊണ്ടും നിയന്ത്രിക്കാൻ പേശികളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്),പ്രീ ഫ്രോണ്ടൽ കോർ ടെക്സ് , സെൻസറി കോർടെക്സ് , ഓഡിറ്ററി കോർ ടെക്സ് , ഹിപ്പോകാംബസ് , സെറിബെല്ലം , ന്യൂക്ലിയസ് അക്യുംബെൻസ് , അമിഗ്ഡാല എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നു. മസ്തിഷകത്തിലെ ഇത്രയും പ്രധാന ഭാഗങ്ങളെ ഉണർത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്‌യുന്ന, താരതമ്യേന അധ്വാനം കുറവുള്ള മറ്റൊരു കാര്യം ഇല്ല എന്നുതന്നെ പറയാം.

മനസും ശരീരവും അഭേദ്യമായ ബന്ധം പുലർത്തുന്നു. മനസു ശാന്തമാകുമ്പോഴും സന്തോഷിക്കുമ്പോഴും മസ്തിഷ്കത്തിൽ നടക്കുന്ന രാസ പ്രവർത്തനങ്ങളുടെ ഫലമായി ഡോപാമൈൻ , സെറോട്ടിനിൻ തുടങ്ങിയ നല്ല അവസ്ഥകൾ പ്രദാനം ചെയ്യുന്ന ഹോർമോൺസ് രക്തത്തിലേക്ക് കലരുന്നു. സ്ട്രെസ് ഹോര്മോൺസിൻറെ അളവ് കുറയ്ക്കുന്നു. ഹൃദയതാളം , ശ്വാസോഛ്വാസം,പൾസ്‌, തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രക്രിയകൾ സാധാരണഗതിയിലാകാൻ സഹായിക്കുന്നു. വേദനകൾ സ്വാഭാവികമായി കുറയ്ക്കാനും. (വേദന സംഹാരിയും, ഉറക്ക ഗുളികകളും ഒഴിവാക്കാം ) മാത്രമല്ല, രോഗിയുടെ ശാന്തമായ മാനസിക അവസ്ഥ, ചികിത്സ വേഗത്തിൽ ഫലിക്കാനും, ചികിത്സയോട് പോസിറ്റീവായ സമീപനത്തോടെ സഹകരിക്കാനും , കൂടെയുള്ളവരോടു സ്‌നേഹപൂർണമായി പെരുമാറാനും , ശുഭ ചിന്തകളിലേക്കു മനസിനെ നയിക്കാനും അങ്ങനെ സമഗ്രമായ അനുകൂല സാഹചര്യം ഒരുക്കാനും കൂടി സംഗീത ചികിത്സ സഹായിക്കുന്നു. ഒരു സംഗീത ഉപകരണം വായിക്കുന്നതിനോ, വായ്പ്പാട്ടു പാടുന്നതിനോ, അല്ലെങ്കിൽ പാട്ടു കേൾക്കുന്നതിനോ ഒന്നും, യോഗ ചെയ്യുന്നതുപോലെയോ, വ്യായാമം ചെയ്യുന്നതുപോലെയോ ഉള്ള ശാരീരിക അധ്വാനം ആവശ്യമില്ലല്ലോ. ഇത്രയേറെ പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെയാണ്, അനായാസമായ, എന്നാൽ ആസ്വാദ്യകരവും ലാഭകരവുമായ തെറപ്പി എന്ന നിലയിൽ സംഗീത ചികിത്സ പ്രചാരം നേടുന്നത്.

ഡോ, സ്മിത എം. പിഷാരടി, മ്യൂസിക് തെറപ്പിസ്റ്റ് (specialized in Cognitive Music therapy)

Tags:
  • Mental Health
  • Manorama Arogyam