Friday 01 July 2022 11:40 AM IST

ഫ്ലാറ്റ് പണിത് വിൽക്കാനാകാതെ വരുമ്പോൾ അത് പെയ്ഡ് വയോജന മന്ദിരമാക്കുന്ന ഏർപ്പാട്... അവർക്കു വേണ്ടതെന്ത്?

Asha Thomas

Senior Sub Editor, Manorama Arogyam

fer454345d

2021 ലെ പ്രകാരം ഇന്ത്യയിൽ 13.8 കോടി വയോജനങ്ങളുണ്ട്. അതായത് ആകെ ജനസംഖ്യയുടെ 10.1 ശതമാനം. വയോജനങ്ങളിൽ 50 ശതമാനം പേരും ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവരാണ്. കേരളത്തിലാകട്ടെ ആകെ ജനസംഖ്യയുടെ 16.5 ശതമാനം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. എസ് ആർ എസ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആളുകൾക്കാണ് ഏറ്റവും കൂടുതൽ ജീവിതദൈർഘ്യമുള്ളത്. കേരളത്തിലെ പുരുഷന്മാരിലെ ജീവിതകാലയളവ് 72.5 വർഷവും സ്ത്രീകളിലേത് 77.9 ഉം ആണ്.

ഭാവിയിൽ വയോജനങ്ങളുടെ പരിചരണം വലിയൊരു ചോദ്യചിഹ്നമാണ്. മിക്ക വീടുകളിലും പ്രായമായവരെ പരിചരിക്കാൻ ആളില്ല. വീടുകളിലെ ഒന്നോ രണ്ടോ മക്കളുള്ളത് വിദേശത്തോ അല്ലെങ്കിൽ വീട്ടിൽ നിന്നു ദൂരെയോ ആയിരിക്കുക. വീട്ടിൽ പരിചരിക്കാനുള്ള സൗകര്യങ്ങൾ കുറവ്, ഹോം നഴ്സ് പോലുള്ള പരിചരിക്കുന്നവരുടെ ദൗർലഭ്യം എന്നിങ്ങനെ ഒട്ടേറ കാര്യങ്ങളാൽ വീട്ടിലെ പരിചരണം പ്രയാസകരമാകുന്ന അവസ്ഥകളുണ്ട്.

ഈ സാഹചര്യത്തിലാണ് അസിസ്റ്റഡ് കെയർ ഫെസിലിറ്റികൾ അഥവാ വയോജനപരിചരണ മന്ദിരങ്ങളുടെ പ്രസക്തി. 10 വർഷം മുൻപ് വയോജനമന്ദിരത്തിൽ വാർധക്യം ചെലവിടുന്നതിനെക്കുറിച്ച് ചോദിച്ചാൽ ആളുകൾ നെറ്റിചുളിക്കുമായിരുന്നു. ഇന്നു കഥ മാറി. അവബോധം കൂടി. വയോജനമന്ദിരങ്ങൾ കുറച്ചിലല്ല, ആവശ്യമാണെന്നു തിരിച്ചറിഞ്ഞ് അതിനായി പണം മാറ്റിവയ്ക്കുന്നതു വരെയെത്തിയിരിക്കുന്നു. കൊച്ചിയിലും മറ്റും റിട്ടയർമെന്റ് ഹോമുകൾ എന്ന സങ്കൽപം വ്യാപകമായിക്കഴിഞ്ഞു. പെയ്ഡ് വയോജനമന്ദിരങ്ങളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ട്.

കേരളത്തിൽ റജിസ്ട്രേഷനുള്ള ഏതാണ്ട് 620 വയോജനമന്ദിരങ്ങളുണ്ട് എന്നാണ് സർക്കാർ കണക്ക്. അതിൽ 15 എണ്ണം സർക്കാർ വകയാണ്. പക്ഷേ, അനൗദ്യോഗിക കണക്കുപറയുന്നത് റജിസ്ട്രേഷനില്ലാതെ ആയിരക്കണക്കിന് പെയ്ഡ് വയോജനമന്ദിരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ്.

റജിസ്ട്രേഷന്റെ കാര്യം വലിയ തമാശയാണ്. വയോജനമന്ദിരങ്ങൾക്ക് പ്രത്യേകമായി ഒരു കമ്മീഷനോ നിയന്ത്രണസമിതികളോ ഇല്ല. നിലവിൽ ഒാർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിലാണ് ഇവ റജിസ്റ്റർ ചെയ്യേണ്ടത്.

വർഷങ്ങൾക്ക് മുൻപ് സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു കമ്മറ്റി രൂപീകരിച്ച് വയോജനമന്ദിരങ്ങൾക്കായുള്ള മാർഗനിർദേശങ്ങൾ രൂപീകരിച്ചിരുന്നു. അതു പ്രധാനമായും സർക്കാർ വയോജനമന്ദിരങ്ങളെ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിപ്പോൾ കടലാസ്സിൽ മാത്രമായി ഒതുങ്ങി എന്നാണ് അറിയാനാകുന്നത്.

പണം വാങ്ങി പ്രവർത്തിക്കുന്ന വയോജനമന്ദിരങ്ങളിൽ കൊടുക്കുന്ന കാശിന്നുള്ള പരിചരണം ലഭിച്ചാൽ ഭാഗ്യം എന്നേ പറയാൻ പറ്റൂ. നല്ലൊരു ബിസിനസ് അവസരമായാണ് ചിലർ പെയ്ഡ് ഹോമുകളെ കാണുന്നത്. വൻകിട കോർപ്പറേറ്റുകൾ പോലും തങ്ങളുടെ കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി പെയ്ഡ് റിട്ടയർമെന്റ് ഹോമുകൾ തുടങ്ങുന്നുണ്ട്. ഫ്ളാറ്റുകൾ പണിത് വിൽക്കാൻ പറ്റാതെ വരുമ്പോൾ അത് പെയ്ഡ് വയോജനമന്ദിരങ്ങളാക്കുന്ന ഏർപ്പാടുണ്ട്. ആളുകളുടെ കണ്ണിൽ പൊടിയിടാനായി കയറിവരുന്നിടത്ത് റാമ്പ് പോലെ ചില കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടാകും. അതല്ലാതെ തെന്നിവീഴാത്ത ടൈലുകളോ വീഴ്ച തടയാനുള്ള സൗകര്യങ്ങളോ പോലെ വയോജന സൗഹൃദമായ അന്തരീക്ഷമാവില്ല.

ഒരു വയോജനമന്ദിരം തുടങ്ങുന്നതിന് മുൻപ് നല്ല പ്ലാനിങ് വേണ്ടതുണ്ടെന്നു പറയുന്നു വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഹെൽപ് ഏജ് ഇന്ത്യ എന്ന സംഘടനയുടെ സെക്രട്ടറി ബിജു. ‘‘ വ്യത്യസ്തങ്ങളായ ചുറ്റുപാടിൽ നിന്നുള്ള ആളുകൾ വരും. അവരുടെ ഒാരോരുത്തരുടെയും ആവശ്യങ്ങൾ പലതായിരിക്കും. അതനുസരിച്ച് വ്യക്തിഗത പരിചരണം കൊടുക്കണം. പ്രായമായവരാകുമ്പോൾ പല അസുഖങ്ങളും വരാം, കിടപ്പിലാകാം. അതിനനുസരിച്ച് പരിചരണം നൽകാനുള്ള ശേഷിയുണ്ടോ? ആശുപത്രിയിൽ കിടത്തേണ്ടിവന്നാൽ അതെങ്ങനെ കൈകാര്യം ചെയ്യണം? പരിചരിക്കാൻ വൈദഗ്ധ്യമുള്ള സ്റ്റാഫ് ഉണ്ടോ? ഇതെല്ലാം ചിന്തിക്കണം.

എടുത്തുചാടി പെയ്ഡ് ഹോമുകൾ തുടങ്ങി കൈ പൊള്ളി ഒടുവിൽ പൂട്ടേണ്ടി വന്ന ധാരാളം കേസുകൾ പരിചയമുണ്ട് എന്നു പറയുന്നു ബിജു.

വീടുവിട്ട് ദീർഘകാല താമസത്തിനായി റിട്ടയർമെന്റ് ഹോമുകൾ തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ സൂക്‌ഷ്മമായി വിലയിരുത്തണം. നീന്തൽക്കുളവും മാർബിൾ ടൈലും പോഷ് മുറികളുമല്ല പ്രധാനം. കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന മുറികളാണോ, വീഴ്ച തടയാനുള്ള സംവിധാനങ്ങളുണ്ടോ, നടക്കാൻ ഇടമുണ്ടോ? ഹോമുകളിൽ നൽകുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്, മാസം തോറും നിശ്ചിത തുക നൽകിയാൽ മതിയോ അതോ കൂടിക്കൂടി വരുമോ? സന്ദർശകരെ സ്വീകരിക്കാൻ സൗകര്യമുണ്ടോ, മതിയായ സുരക്ഷാസംവിധാനങ്ങളുണ്ടോ? എന്നിവയൊക്കെ പരിഗണിക്കണം.

വേണ്ടതെന്ത്?

വയോജന പരിചരണ കേന്ദ്രങ്ങളുടെ പ്രധാന ആകർഷണം ഗുണമേന്മയേറിയ പരിചരണം ആയിരിക്കണം. ന്യൂയോർക്ക് മേഴ്സി കോളജിലെ ക്ലിനിക്കൽ ജെറന്റോളജിസ്റ്റ് ഡോ. രേണു പറയുന്നു. സാധാരണ രണ്ടുതരത്തിലാണ് പെയ്ഡ് ഹോമുകൾ പ്രവർത്തിക്കുന്നത്. ചെറിയ കാലയളവിലേക്കുള്ള പരിചരണം. അതായത് സർജറിക്കു ശേഷമുള്ള കുറച്ചുനാളത്തേക്ക് താമസിക്കുക. രണ്ടാമത്തേത് ദീർഘകാലപരിചരണം. ദീർഘകാല പരിചരണം വേണ്ടവരിൽ അവരുടെ ശാരീരികവും മാനസികവുമായ നിലവിലുള്ള പ്രവർത്തനശേഷി നിലനിർത്തുകയും മോശം അവസ്ഥയിലേക്ക് പോകാതെ മുൻകരുതൽ എടുക്കുകയും വേണം. അതായത് കഴിയുന്നത്ര സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള ശേഷി നിലനിർത്തിപ്പോകാൻ സഹായിക്കണം.

ഒരാൾ താമസത്തിനെത്തുമ്പോഴേ അയാളുടെ ആരോഗ്യം എങ്ങനെയുണ്ട്, എന്തൊക്കെ രോഗങ്ങളുണ്ട്, എന്തൊക്കെ തരം പരിചരണം വേണം എന്ന് വിലയിരുത്തണം. ഇതിന് കോംപ്രിഹെൻസീവ് അസസ്മെന്റ എന്നു പറയും. ഇതിനെ അടിസ്ഥാനമാക്കി ഒാരോരുത്തർക്കും വേണ്ടുന്ന പരിചരണം പ്ലാൻ ചെയ്യണം. നിശ്ചിത ഇടവേളകളിൽ വീണ്ടും അവരുടെ സ്ഥിതി വിലയിരുത്തുകയും (റീ അസസ്മെന്റ്) അതനുസരിച്ചുള്ള തെറപ്പികളും ചികിത്സകളും ഉൾപ്പെടുത്തുകയും വേണം.

താമസക്കാരുടെയും പരിചാരകരുടെയും അനുപാതം പ്രധാനമാണ്. പരിചരിക്കാനുള്ളവരിൽ എത്ര പേർക്ക് വയോജനങ്ങളെ നോക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട് എന്നു പരിശോധിക്കണം. മറ്റുള്ളവരെ നോക്കുന്നതുപോലല്ല, പ്രായമായവർക്ക് വീഴ്ചകളും മലമൂത്രസംബന്ധിയായ പ്രശ്നങ്ങളും കിടപ്പുരോഗികളാണെങ്കിൽ കിടക്കവ്രണങ്ങളുമൊക്കെ വരാൻ സാധ്യതയേറെയാണ്. ഇതെല്ലാം മുൻകൂട്ടിക്കണ്ട്, പ്രതിരോധിക്കാൻ ആവശ്യമായ പരിചരണപദ്ധതികൾ‌ നടപ്പാക്കണം. ഒാർമയും മാനസികശേഷിയും മെച്ചപ്പെടുത്താനുള്ള ആക്ടിവിറ്റികൾ വേണം. കിടപ്പുരോഗികൾക്ക് റിഹാബിലിറ്റേഷൻ തെറപ്പികൾ വേണം. അതിന് വൈദഗ്ധ്യമുള്ളവർ വേണം.

ഭക്ഷണം ആരോഗ്യകരവും പോഷകഗുണവുമുള്ളതായിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പലർക്കും പലതരം രോഗങ്ങളുണ്ടാകും. അതനുസരിച്ച് തെറാപ്യൂട്ടിക് ഡയറ്റ് പ്ലാൻ ചെയ്യാൻ ഡയറ്റീഷനും ന്യൂട്രീഷനിസ്റ്റും വേണം.

ഇത്തരം ഹോമുകൾക്ക് കൃത്യമായ ഒരു എഴുതപ്പെട്ട പരിചരണ പദ്ധതി ഉണ്ടോ എന്നത് വളരെ പ്രധാനമാണ്. ചിലയിടങ്ങളിൽ പക്ഷാഘാതം പോലെയുള്ള സങ്കീർണതകൾ വന്ന് ആശുപത്രിയിലായാൽ പിന്നെ തിരിച്ചെടുക്കില്ല. മുൻകൂട്ടി ഇക്കാര്യം അറിഞ്ഞിരിക്കണം.

പല പെയ്ഡ് റിട്ടയർമെന്റ് ഹോമുകളും മിഡിൽ ക്ലാസ്സ് ആളുകൾക്ക് പോലും കിട്ടാക്കനിയാണ്. സർക്കാരിൽ നിന്ന് യാതൊരു തരത്തിലുമുള്ള സാമ്പത്തിക പിന്തുണയുമില്ലാതെ നടത്തേണ്ടിവരുന്നതുകൊണ്ടാണ് ചെലവേറുന്നതെന്നാണ് ഹോം ഉടമകൾ പറയുന്നത്. സർക്കാർ മുൻകൈ എടുത്ത് റിട്ടയർമെന്റ് ഹോമുകൾ തുടങ്ങണമെന്നു പറയുന്നു സെന്റർ ഫോർ ജീറിയാട്രിക് സ്റ്റഡീസിലെ ഡോ. നായർ.

‘‘നിലവിൽ പെയ്ഡ് ഹോമുകളിലെ താമസക്കാരുടെ പരാതി കേൾക്കാൻ പോലും ഒരു സംവിധാനമില്ല. പലരും പരാതിയുമായി ഹെൽപ് ഏജ് ഇന്തയയെ സമീപിക്കാറുണ്ട്. പക്ഷേ, വയോജനങ്ങളുടെ അഡ്‌വോക്കസി ബോഡി മാത്രമാണ് ഞങ്ങൾ. എങ്കിൽ പോലും ചില കേസുകളിൽ ഇടപെട്ട് സംസാരിച്ചിട്ടുണ്ട്. പെയ്ഡ് ഹോമുകളുടെ കാര്യത്തിൽ ഒരു റഗുലേറ്ററി ബോഡി അത്യാവശ്യമാണ്.’’ ബിജു പറയുന്നു.

വയോജനസൗഹൃദമാകണം

വയോജന മന്ദിരങ്ങൾ മാത്രമല്ല നമ്മുടെ കാഴ്ചപ്പാടുകളും സാമൂഹിക ചുറ്റുപാടുകളും കൂടുതൽ വയോജന സൗഹൃദമാകേണ്ടതുണ്ട്.നമ്മുടെ സമൂഹം അത്രകണ്ട് വയോജനസൗഹൃദമല്ല. പൊതുഗതാഗതസംവിധാനങ്ങളിലും ഒാഫിസുകളിലും മറ്റു സാമൂഹികചുറ്റുപാടുകളിലും വയോജനങ്ങൾക്ക് ഒരു പ്രത്യേക പരിഗണനയും നൽകാറില്ല. വെളിയിലിറങ്ങി നടക്കാൻ സൗകര്യങ്ങളോ പാർക്കുകളോ ഇല്ല. പൊതു ഇടങ്ങളിൽ എത്രസ്ഥലത്ത് വീൽചെയർ കയറ്റാവുന്ന റാമ്പുകൾ ഉണ്ട്? പകൽ വീടുകൾ എന്ന പേരിൽ വയോജനങ്ങൾക്ക് പകൽ ഒരുമിച്ചുകൂടാൻ സംവിധാനം ഒരുക്കിയിരുന്നു. അവയിൽ പലതും പൂട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

സാമ്പത്തികമായോ കമ്യൂണിറ്റി ലെവലിലോ പിന്തുണയില്ലാത്തതുകൊണ്ട് വയോജനങ്ങളെ പരിചരിക്കുന്നവരുടെ സ്ട്രെസ്സ് നമ്മുടെ നാട്ടിൽ ഭീകരമാണ്. പ്രായമായ കിടപ്പിലായവരെ ഇട്ട് എങ്ങോട്ടും പോകാനാകാത്ത അവസ്ഥ. എവിടേക്കെങ്കിലും പോകണമെങ്കിൽ പോലും പ്രായമായവരെ ഏൽപിച്ചുപോകാൻ ആളില്ല. കേരളത്തിലെ ഒരു പ്രത്യേകത നമ്മൾ ഒരു സാൻവിച്ച് ജനറേഷനാണ് എന്നതാണ്. കൊച്ചുമക്കളെ നോക്കുന്നതിനൊപ്പം തങ്ങളുടെ പ്രായമായ മാതാപിതാക്കളെയും നോക്കേണ്ടുന്ന അവസ്ഥയുണ്ട് പലർക്കും.

അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ രോഗികളുടെ പരിചരണം വലിയൊരു പ്രശ്നമാണ്. വീടുകളിൽ ഇവരെ നോക്കണമെങ്കിൽ സ്ഥിരം ആരെങ്കിലും കൂടെ വേണം. ഇത്തരം രോഗികളെ പരിചരിക്കാൻ പരിശീലനമുള്ള ആളെ കിട്ടുക പ്രയാസമാണ്. ഇവരെ പരിചരിക്കുന്നതിലെ പ്രയാസം മൂലം പെയ്ഡ് വയോജനമന്ദിരങ്ങൾ പോലും ഇങ്ങനെയുള്ളവരെ താമസിപ്പിക്കാൻ മടി കാണിക്കാറുണ്ട്.

വയോജനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ പോലും അവരുടെ ആവശ്യങ്ങൾക്കായും നയരൂപീകരണത്തിനായും പ്രത്യേകമായി ഒരു സർക്കാർസംവിധാനമില്ല. സർവകലാശാല തലത്തിൽ ജീറിയാട്രി, ജെറന്റോളജി മേഖലയിൽ ഗവേഷണങ്ങളോ പഠനങ്ങളോ കുറവ്, വയോജനചികിത്സാ സ്പെഷാലിറ്റി ഉള്ള ആശുപത്രികളുടെ എണ്ണം വിരലിലെണ്ണാവുന്നത്രേയുള്ളൂ. ഇത്തരം കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിക്കേണ്ടതുണ്ട്.

Tags:
  • Manorama Arogyam