Friday 20 January 2023 04:40 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

വേനൽ വരുന്നു, മൂത്രത്തിൽ കല്ലിനെ കരുതിയിരിക്കാം

stone322

മൂത്രത്തിലെ രാസപദാർഥങ്ങളിൽ നിന്നാണ് കല്ലുകൾ ഉണ്ടാകുന്നത്. വൃക്കയാണല്ലൊ മൂത്രം അരിച്ചുനീക്കുന്നത്. മൂത്രത്തിൽ വിവിധ ശരീരപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധാരാളം അവശിഷ്ടങ്ങളുണ്ടാകും. മാലിന്യം കൂടുതലും ജലാംശം കുറവുമാകുമ്പോൾ ഈ രാസമാലിന്യങ്ങൾ ക്രിസ്റ്റൽ രൂപമാവുന്നു. ഈ ക്രിസ്റ്റലുകൾ കൂടിച്ചേർന്ന് കട്ടികൂടി പതിയെ കല്ലുകളുണ്ടാകും. സാധാരണഗതിയിൽ ശരീരത്തിൽ ആവശ്യത്തിനു ജലാംശമുണ്ടെങ്കിൽ രാസമാലിന്യങ്ങൾ കഴുകി വെടിപ്പാക്കപ്പെടും. അങ്ങനെ കല്ലുണ്ടാകാനുള്ള സാധ്യത അടയും. അല്ലെങ്കിൽ മൂത്രത്തിലെ ചില സ്വാഭാവിക രാസവസ്തുക്കൾ കല്ലുണ്ടാകുന്നതു തടയും.

മണൽത്തരിയുടെ വലുപ്പം മുതൽ ഉരുളൻ കല്ലിന്റെ അത്ര വലുപ്പമുള്ള കല്ലുകൾ വൃക്കയിൽ കാണാറുണ്ട്. ചിലവയ്ക്ക് ഗോൾഫ് പന്തിന്റെയത്ര വലുപ്പം വരും. കല്ലു വലുതാകും തോറും പ്രകടമായ ലക്ഷണങ്ങളും കാണും. ചെറിയ കല്ലുകൾ പലപ്പോഴും പ്രശ്നമൊന്നുമുണ്ടാക്കാതെ മൂത്രത്തിനൊപ്പം മൂത്രനാളിയിലൂടെ പുറത്തേക്കുപോകും. വലുപ്പമുള്ള കല്ലുകളാണെങ്കിൽ മൂത്രനാളിയിൽ തടഞ്ഞിരിക്കും. ഇതാണ് പെട്ടെന്നുള്ള അസഹ്യമായ വേദനയ്ക്കു കാരണം. ഇനി ചില കല്ലുകൾ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാതെ വൃക്കയിൽ നിശബ്ദമായി പതുങ്ങിയിരിന്നു വലുതാകും. പലപ്പോഴും വൃക്കത്തകരാറുകളോ മൂത്രതടസ്സമോ ഉണ്ടായിക്കഴിയുമ്പോഴാകും വൃക്കയിൽ കല്ലുണ്ടായിരുന്നെന്നു പോലും അറിയുക.

അപകടസാധ്യത ആർക്കൊക്കെ?

∙ പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് കല്ലുണ്ടാകാൻ സാധ്യത കൂടുതൽ. അമിതവണ്ണവും വർധിതത ശരീരഭാരവും ഇതിനു സാധ്യതയേറ്റും.

∙ മൂത്രത്തിലേക്ക് കാത്സ്യം വിസർജിക്കപ്പെടുന്ന ഹൈപ്പർകാൽസിനൂറിയ എന്ന പ്രശ്നമുള്ളവർ, പാരമ്പര്യമായി കല്ലുണ്ടാകുന്നവർ, വൃക്കയിൽ ദ്രവസഞ്ചികളുണ്ടാകുന്ന സിസ്റ്റിക് വൃക്ക രോഗമുള്ളവർ, പാരാതൈറോയ്ഡ് ഗ്ലാൻഡ് അമിതമായി ഉത്തേജിക്കപ്പെടുന്ന ഹൈപ്പർ പാരാതൈറോയ്ഡിസമുള്ളവർ എന്നിവർക്ക് വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യത കൂടുതലാണ്. ചില പ്രത്യേക മരുന്നു കഴിക്കുന്നവരും ശ്രദ്ധിക്കണം.

ഒരിക്കൽ കല്ലു വന്നാൽ അടുത്ത 5–7 വർഷത്തിനുള്ളിൽ വീണ്ടും കല്ലു വരാൻ 50 ശതമാനം സാധ്യതയുണ്ട്. കല്ലുകൾ വൃക്കയിൽ തടസ്സങ്ങളും അണുബാധയുമുണ്ടാക്കുന്നതിനാൽ വൃക്കപരാജയത്തിന്റെ പ്രധാനകാരണമായി വൃക്കയിലെ കല്ല് മാറാറുണ്ട്.

വൃക്കയിലുണ്ടാകുന്ന കല്ലുകൾ പലതരമുണ്ട്.

1. കാത്സ്യം ഒാക്സലേറ്റ് കല്ലുകൾ– വെള്ളം കുടിക്കുന്നതു കുറയുന്നതു മൂലവും ശരീരതത്ിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കാത്തതു മൂലവും ഒാക്സലേറ്റ് മാലിന്യങ്ങൾ കാത്സ്യവുമായി ചേർന്ന് ഇത്തരം കല്ലുകളുണ്ടാകും.

2. യൂറിക് ആസിഡ് കല്ലുകൾ– മൃഗങ്ങളുടെ ആന്തരാവയവങ്ങൾ, കക്കയിറച്ചി പോലുള്ള കടൽവിഭവങ്ങൾ എന്നിവയിൽ പ്യൂരിൻ എന്നു പറയുന്ന പ്രകൃത്യാലുള്ള ഘടകം ധാരാളമുണ്ട്. പ്യൂരിന്റെ അളവു വർധിച്ചാൽ അത് മോണോസോഡിയം യൂറേറ്റ് എന്ന ഘടകം കൂടാനിടയാകും. ഇതു കല്ലുകളുണ്ടാകാൻ കാരണമാകും.

3. സ്ട്രൂവൈറ്റ് കല്ലുകൾ– അണുബാധകൾ മൂലമുണ്ടാകുന്ന കല്ലുകൾ–അത്ര സാധാരണമല്ല.

4. സിസ്ൈറ്റൻ കല്ലുകൾ– വളരെ അപൂർവമായി കാണുന്നു

വേനലിൽ കല്ലു കൂടാം

∙ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കല്ലുണ്ടാകാൻ പ്രധാനകാരണം. ഇക്കാരണത്താൽ കഴിഞ്ഞ വേനലിൽ വൃക്കയിലെ കല്ലു ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. കല്ലിന്റെ രൂപീകരണം തടയുന്ന സ്വാഭാവികഘടകങ്ങളുടെ അളവു കുറയുമ്പോൾ കല്ലുകൾ ഉണ്ടാകാം. മൂത്രം കൂടുതൽ അമ്ല സ്വഭാവമാകുന്നതും കല്ലിന്റെ രൂപീകരണത്തിനു വഴിയൊരുക്കും.

നേരിയ മഞ്ഞനിറമോ തെളിഞ്ഞ നിറമോ ആണ് മൂത്രത്തിനെങ്കിൽ വേണ്ടത്ര വെള്ളം നിങ്ങൾ കുടിക്കുന്നുണ്ട്. ദിവസവും 10–12 ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. ചൂടിൽ പണിയെടുക്കുന്നവരും നന്നായി വ്യായാമം ചെയ്യുന്നവരും കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ സോഡയും മധുരപാനീയങ്ങളും ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയ ശീതളപാനീയങ്ങളും വളരെ പരിമിതമായി കുടിക്കുക.

∙ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഇത് മൂത്രത്തിന്റെ അമ്ലത്വം കുറയ്ക്കും. അമ്ലത്വമുള്ള മൂത്രത്തിൽ കല്ലുണ്ടാകാൻ സാധ്യത കുറയും. മൃഗമാംസത്തിൽ നിന്നുള്ള പ്രോട്ടീൻ മൂത്രത്തിന്റെ അമ്ലത്വം കുറയ്ക്കും.

∙ സോഡിയത്തിന്റെ അളവു കുറയ്ക്കണം– ഉപ്പിലിട്ടതും വറപൊരി ഭക്ഷണങ്ങളുമാണ് സോഡിയം അളവു കൂട്ടുന്നതെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ സ്പോർട്സ് ഡ്രിങ്ക്സ്, ടിന്നിലടച്ച ഭക്ഷണം, മാംസം ചേർന്ന സാൻഡ്വിച്ച്, പാക്കേജ്ഡ് മീലുകൾ എന്നിവ നാമറിയാതെ സോഡിയത്തിന്റെ അളവു ശരീരത്തിൽ കൂട്ടുന്നവയാണ്.

∙ അമിതവണ്ണമുള്ളവർ വണ്ണം കുറയ്ക്കുന്നതു നല്ലതാണ്. എന്നാൽ അതിന് ക്രാഷ് ഡയറ്റോ ഉയർന്ന തോതിൽ പ്രോട്ടീൻ കഴിച്ചുള്ള ഡയറ്റോ സ്വീകരിക്കരുത്. ഇവ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

∙ കാത്സ്യം ഒാക്സലേറ്റ് കല്ലുകൾ വരുന്നവർ ഒാക്സലേറ്റ് അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കുറയ്ക്കുക. അണ്ടിപ്പരിപ്പുകൾ, സ്പിനച്ച്, ഗോതമ്പ് തവിട് എന്നിവ ഉദാഹരണം. ഇവർ ഭക്ഷണത്തിലൂടെ ആവശ്യത്തിനു കാത്സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

അലിയിച്ചു കളയാം, പൊടിച്ചു നീക്കാം

കല്ലുകൾ അലിയിച്ചുകളയാൻ മരുന്നുകളുണ്ട്. എന്നാൽ കാത്സ്യം കല്ലുകൾ അലിയിച്ചു കളയുക സാധ്യമല്ല. യൂറിക് ആസിഡ് കല്ലുകൾ പൊട്ടാസ്യം സിട്രേറ്റ് മരുന്നുകൾ ഉപയോഗിച്ച് അലിയിച്ചുകളയാൻ പറ്റും. ചെറിയ കാത്സ്യം കല്ലുകളാണെങ്കിൽ അവ മൂത്രത്തിലൂടെ തനിയെ പൊയ്ക്കൊള്ളും. പേശീനിർമിതമായ കുഴലാണ് മൂത്രനാളിയുടേത്. അതുകൊണ്ട് പേശികളെ വികസിപ്പിക്കുന്ന മരുന്നുകൾ നൽകി ചെറിയ കല്ലുകൾ തനിയെ പുറത്തുപോകാനുള്ള അവസരമൊരുക്കാം.

കല്ലുകൾ വലുതാണെങ്കിൽ മറ്റു ചികിത്സകൾ വേണ്ടിവരും. ∙ ഉയർന്ന ഊർജമുള്ള ശബ്ദതരംഗങ്ങൾ കൊണ്ട് കല്ലു പൊടിച്ചുനീക്കുന്ന ഷോക്ക്‌വേവ് ലിതോട്രിപ്സി, എൻഡോസ്കോപിന്റെ സഹായത്തോടെ കല്ലു നീക്കുകയോ പൊടിക്കുകയോ ചെയ്യുന്ന യുറീറ്ററോസ്കോപി എന്നിവയാണ് വലിയ കല്ലുകൾ നീക്കാനുള്ള സാധാരണ ചികിത്സകൾ.

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Daily Life
  • Manorama Arogyam