Saturday 16 December 2023 03:49 PM IST : By സ്വന്തം ലേഖകൻ

ഇറുകിയ ഡയപ്പറുകളും, നനഞ്ഞിട്ടും മാറ്റാത്ത ഡയപ്പറുകളും മൂത്രാശയ അണുബാധയിൽ കൊണ്ടെത്തിക്കും: അറിയേണ്ടതെല്ലാം

kids-urine-infection

കുട്ടികളെ അലട്ടുന്ന മൂത്രാശയ അണുബാധ പ്രതിരോധിക്കാൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് കുട്ടികളെ കൂടുതലായി അ ലട്ടുന്ന പ്രശ്നമാണു മൂത്രാശയ അണുബാധ. പൊടിപടലങ്ങൾ, ജലക്ഷാമം, നി ർജലീകരണം ഇങ്ങനെ രോഗസാധ്യത കൂട്ടുന്ന പല കാരണങ്ങൾ വേനലിനൊപ്പം വരുന്നവയാണ്. രോഗകാരണങ്ങൾ കൃത്യമായി മനസ്സിലാക്കി മുൻകരുതലെടുക്കാൻ മറക്കരുത്. കുട്ടികളുടെ കാര്യത്തിൽ ഈ ആരോഗ്യശീലങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ടു മുതൽ ആറു വയസ്സു വരെയുള്ള പ്രായക്കാരെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. ആൺകുട്ടികളെ അപേക്ഷിച്ചു മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത പെൺകുട്ടികളിൽ 10 മുതൽ 30% വരെ കൂടുതലാണ്. ഒരിക്കൽ സുഖപ്പെട്ടാൽ വീണ്ടും വരാനുള്ള സാധ്യത പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 50% കൂടുതലാണ്. മൂത്രനാളിയുടെ സ്വാഭാവികമായ നീളക്കുറവാണ് ഇതിന്റെ പ്രധാന കാരണം. മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്തു നിശ്ചിത എണ്ണത്തിൽ കൂടുതൽ രോഗാണുസാന്നിധ്യമുണ്ടെങ്കിൽ അതിനെ മൂത്രാശയ അണുബാധയായി കണക്കാക്കാം. അതായതു മൂത്രനാളി (Urethra), മൂത്ര സഞ്ചി (Urinary bladder), മൂത്ര സഞ്ചിയേയും വൃക്കയേയും ബന്ധിപ്പിക്കുന്ന കുഴൽ (Ureters), വൃക്ക എന്നിവിടങ്ങളിലെല്ലാം ഉള്ള അണുബാധകളെല്ലാം തന്നെ ഇതിൽ പെടുന്നതാണ്.

രോഗസാധ്യത കൂട്ടുന്ന കാരണങ്ങൾ

∙ വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക. വേനൽക്കാലത്തെ ജലദൗർലഭ്യമോ വൃത്തിയുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവോ ഒക്കെ ആകാം കാരണം. ധാരാളം ശുദ്ധജലം കുടിക്കുന്നതു നല്ലൊരു പ്രതിരോധ മാർഗമാണ്.

∙ ഗുഹ്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാത്തതും വിയർത്തൊട്ടി വൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുന്നതും മൂത്രാശയ അണുബാധ സാധ്യത വർധിപ്പിക്കും.

∙ ഒരുപാടു നേരം മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കു ന്നതും പൂർണമായും മൂത്രം ഒഴിച്ചു കളയാത്തതും (Urinary Stasis and incomplete bladder emptying)

∙ തീരെ ചെറിയ കുഞ്ഞുങ്ങളിൽ ഇറുകിയ ഡയപ്പറുകളും യഥാസമയം മാറ്റാത്ത നനഞ്ഞ ഡയപ്പറുകളും അണുബാധയുടെ സാധ്യതകൾ വർധിപ്പിക്കും.

∙ ലിംഗാഗ്രചർമം ഛേദിക്കപ്പെടാത്ത ആൺകുട്ടികളിൽ അ ങ്ങനെ ചെയ്യുന്നവരെ അപേക്ഷിച്ചു മൂത്രാശയ അണുബാധ സാധ്യത കൂടുതലാണ്. ഈ ചർമത്തിനിടയിൽ അഴുക്ക് അടിഞ്ഞു കൂടുന്നതു അണുബാധയുണ്ടാക്കും.

∙ മൂത്രാശയത്തിലെ ഏതെങ്കിലും ഭാഗത്തുള്ള രോഗങ്ങളും മറ്റു തകരാറുകളും രോഗകാരണമാകാം. ബ്ലാഡറിന്റെ ഇടുങ്ങിയ കഴുത്തിലെ തടസ്സങ്ങൾ (പോസ്റ്റീരിയർ യൂറിത്രൽ വാൽവ് എന്ന അവസ്ഥ), യൂറോജനിക് ബ്ലാഡർ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

∙ ചില മരുന്നുകളുടെ അമിതോപയോഗം കുട്ടികളിൽ മൂത്രാശയ അണുബാധയ്ക്കു വഴിയൊരുക്കാം. ശരീരത്തിലെ സംരക്ഷകരായിട്ടുള്ള നോർമൽ ബാക്ടീരിയകളുടെ കൂട്ടം നശിപ്പിക്കപ്പെടുന്നതാണു കാരണം.

∙ 80 ശതമാനത്തോളം ഇ. കോളി (Escherichia Coli) എന്ന രോഗാണു കാരണമാണ് ഉണ്ടാകുന്നത്. ക്ലെബ്സിയെല്ല, പ്രോട്ടിയസ്, സ്യൂ‍‍ഡോമൊണാസ്, സ്റ്റഫൈലോ കോക്കസ് ഓറിയസ് എന്നിവയെല്ലാമാണ് അണുബാധയ്ക്കു കാരണമാകുന്ന മറ്റു രോഗാണുക്കൾ.

രോഗലക്ഷണങ്ങൾ

കുട്ടിയുടെ പ്രായവും രോഗാവസ്ഥയുടെ തീവ്രതയും അ നുസരിച്ചു രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ന വജാത ശിശുക്കളിലാകുമ്പോൾ പനി, ഛർദി, വയറിളക്കം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ശരീരഭാരം കൂടാതിരിക്കുക അഥവാ കുറയുക, ഡയപ്പർ കെട്ടുന്ന ഭാഗങ്ങളിൽ ചുവന്നു തടിക്കുക (Diaper Rash) എന്നിവയൊക്കെയാണു പ്രധാന ലക്ഷണങ്ങൾ. അ ൽപം കൂടി മുതിർന്ന കുട്ടികളിലാവട്ടെ പനി, ഇടയ്ക്കിടെയുള്ള മൂത്രം പോക്ക്, മൂത്രമൊഴിക്കുമ്പോഴുള്ള ചുട്ടു നീറ്റൽ, അടിവയറ്റിലെ വേദന എന്നിങ്ങനെയായിരിക്കും ലക്ഷണങ്ങൾ. പനിയോടൊപ്പം വിറയലും സാധാരണമാണ്. കൂടാതെ മൂത്രത്തിന്റെ ഒഴുക്കും ദുർബലമായ തോതിലായിരിക്കും. മൂത്രമൊഴിക്കാൻ തുടങ്ങുമ്പോൾത്തന്നെ വേദന മൂലം കുഞ്ഞുങ്ങൾ കരയാറുണ്ട്.

535737259

രോഗനിർണയം

ലക്ഷണങ്ങളും പരിശോധനയും കൊണ്ടുതന്നെ രോഗം ഏതാണ്ട് ഉറപ്പാക്കാമെങ്കിലും രോഗനിർണയം പൂർണമാകുന്നതു മൂത്രത്തിന്റെ കൾചർ ടെസ്റ്റിലൂടെ മാത്രമാണ്.

മൂത്രത്തിന്റെ സാംപിളിൽ ഏതാനും pus cells സാധാരണ കാണാമെങ്കിലും ഒരു ക്യൂബിക് മില്ലി മീറ്ററിൽ പത്തിൽ കൂടുതൽ കൗണ്ട് ഉണ്ടെങ്കിൽ അത് അണുബാധയായി കണക്കാക്കാം. അൽപം മുതിർന്ന കുട്ടികളിൽ നേരിട്ടു മൂത്ര സാംപിൾ എടുക്കാമെങ്കിലും തീരെ ചെറിയ കുട്ടികളിലും ശിശുക്കളിലും ട്യൂബ് ഇട്ടോ ബ്ലാഡറിനു മുകളിൽ നിന്നു സിറിഞ്ച് ഉപയോഗിച്ചോ ആണു കൾചർ സാംപിൾ എടുക്കാറ്.

ചികിത്സയും പ്രതിരോധവും

കൾചർ റിപ്പോർട്ട് അനുസരിച്ചു രോഗാണുവിന്റെ തരം നോക്കിയുള്ള ആന്റിബയോട്ടിക് ചികിത്സയാണ് ഇതിനു നൽകുന്നത്. Amoxycillin, Ceftriaxone, Ofloxacin, Ciprofloxacin, Cefotaxime, Amikacin എന്നിവയൊക്കെ മൂത്രാശയ അണുബാധയ്ക്കു കൊടുക്കാറുള്ള ആന്റിബയോട്ടിക്കുകൾ ആണ്. കുട്ടികളുടെ കാര്യത്തിലാവുമ്പോൾ ആന്റിബയോട്ടിക്കുകൾ ഞരമ്പു വഴിയുള്ള ഇൻജക്‌ഷനുകളായാണു നൽകുന്നത്. മരുന്നു കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചും പെട്ടെന്നുള്ള ഫലപ്രാപ്തിക്കു വേണ്ടിയുമാണിത്.

അൽപം മുതിർന്ന കുട്ടികളാകുമ്പോൾ തുടക്കത്തിലെ ചികിത്സയ്ക്കു ശേഷം ക്യാപ്സൂൾ/ ഗുളിക രൂപത്തിലേക്ക് ചികിത്സ മാറ്റാറുണ്ട്. ചികിത്സയുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ കൾചർ പരിശോധന ആവർത്തിക്കാറുണ്ട്.

ഇടവിട്ടുള്ള അണുബാധകൾ വരുന്നുണ്ടെങ്കിൽ മൂത്രസഞ്ചിക്കോ വൃക്കകൾക്കോ അനുബന്ധ അവയവങ്ങൾക്കോ എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്നു പരിശോധിക്കണം. അങ്ങനെയുള്ള കുട്ടികളിൽ അൾട്രാസൗണ്ട്, മിക്ചുറീറ്റിങ് സിസ്റ്റോ യൂറിത്രോഗ്രാം (micturuting Cysto Urethrogram – MCU) എന്നീ പരിശോധന വേണ്ടി വരാം.

മരുന്നിനു പുറമേ ധാരാളം വെള്ളം കുടിക്കുക, മൂത്രം പിടിച്ചു വയ്ക്കാതിരിക്കുക, ഇറുക്കമുള്ള അടിവസ്ത്രങ്ങളും ഡയപ്പറുകളും ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നീ കാര്യങ്ങളും രോഗമുക്തിക്കും രോഗപ്രതിരോധത്തിനും ഏറെ ആവശ്യമാണ്. ഓർമിക്കുക– അടിക്കടിയുള്ള മൂത്രാശയ അണുബാധ മൂലം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടു പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ്

ഓഫ് നഴ്സിങ്, കൊച്ചി