Thursday 29 September 2022 05:14 PM IST

18 വർഷക്കാലം ഒരു ഭിന്നശേഷി കുട്ടിയെ പരിചരിച്ച് സാമ്പത്തികമായും വൈകാരികമായും മിക്കവരും പാപ്പരായിട്ടുണ്ടാകും. നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് കുടുംബമൊന്നാകെ കൂട്ട ആത്മഹത്യയിലേക്കു നീങ്ങുന്നത്: ഭിന്നശേഷി ജീവിതങ്ങളുടെ കരളുരുക്കുന്ന പ്രശ്നങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

specialschoole3432

കൊച്ചിയിലെ പ്രശസ്തമായ കെ ജി സ്കൂളിൽ ഡൗൺ സിൻഡ്രമുള്ള കുട്ടിക്ക് അ ഡ്മിഷൻ എടുത്തു. കുഞ്ഞ് സ്കൂളിൽ പോയി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ‘ മറ്റു കുട്ടികളുമായി ഒത്തുപോകുന്നില്ല, കുട്ടിയെ ഇവിടെ പഠിപ്പിക്കാനാകില്ല ’എന്ന് സ്കൂൾ അധികൃതർ കട്ടായം പറഞ്ഞു. മൂത്ത കുട്ടി പഠിക്കുന്ന പ്രൈവറ്റ് സ്കൂളിൽ അന്വേഷിച്ചപ്പോൾ ഭിന്നശേഷി കുട്ടികൾക്കായുള്ള റിസോഴ്സ് ടീച്ചർമാരുടെ സൗകര്യമില്ല എന്നവർ കൈമലർത്തി. ഒടുവിൽ കുറച്ചകലെയുള്ള സർക്കാർ സ്കൂളിൽ കൊണ്ടുചെന്നു. അവർ സന്തോഷത്തോടെ അഡ്മിഷൻ നൽകി. പക്ഷേ, ക്ലാസ്സ് ടീച്ചർക്ക് ഈ കുട്ടിയെ കൂടി ശ്രദ്ധിക്കാൻ പറ്റുന്നില്ല. റിസോഴ്സ് ടീച്ചർ തിങ്കളും ചൊവ്വയുമേ സ്കൂളിൽ വരുന്നുള്ളു. ഒടുവിൽ കുട്ടിക്കൊപ്പം ക്ലാസ്സിലിരിക്കാൻ അമ്മയ്ക്ക് അനുവാദം കൊടുത്ത് പ്രശ്നം പരിഹരിച്ചു.

തന്റെ കുട്ടി മറ്റു കുട്ടികൾക്കൊപ്പം മുഖ്യധാരയിലേക്ക് എത്തണം എ ന്ന ആഗ്രഹത്തോടെ മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്ന കുട്ടിയെ സാധാരണ സ്കൂളിൽ ചേർത്തതാണ് പിതാവ്. പക്ഷേ, കളിക്കാനും കൂട്ടുകൂടാനും ആരും കൂടെ കൂട്ടാതായതോടെ കുട്ടി ആകെ സങ്കടത്തിലായി. കളിയാക്കലുകളും ചെറിയ തോതിലുള്ള ഉപദ്രവങ്ങളും ആയതോടെ മാതാപിതാക്കൾ കുട്ടിയെ സ്പെഷൽ സ്കൂളിലേക്കു മാറ്റി.

കോയമ്പത്തൂരിൽ വൈകല്യമുള്ള രണ്ടു മക്കളെയും കൂട്ടി അമ്മ ആത്മഹത്യ ചെയ്തതിനു പിന്നിൽ തന്റെ കാലശേഷം മക്കളെ ആരു നോക്കും എന്ന തീരാവ്യാകുലതയാണ്.

വെറും ഉദാഹരണങ്ങളല്ല, ഭിന്നശേഷിയുള്ള കുട്ടികളും അച്ഛനമ്മമാരും ദിനംപ്രതി നേരിടുന്ന അടിയന്തര ശ്രദ്ധ ആവശ്യമായ മൂന്നു ഗൗരവകരമായ പ്രശ്നങ്ങളാണ് മേൽപറഞ്ഞത്.

ലോകമാകെ 240 ദശലക്ഷം കുട്ടികളാണ് ഏതെങ്കിലും വൈകല്യവുമായി ജീവിക്കുന്നത് എന്നു യുനിസെഫ് പറയുന്നു. 2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 78 ലക്ഷത്തിലധികം ഭിന്നശേഷി കുട്ടികളുണ്ട്. കേരളത്തിലാകട്ടെ അഞ്ചു മുതൽ ഒൻപതു വയസ്സുവരെയുള്ള 16,039 കുട്ടികൾ ഭിന്നശേഷിക്കാരാണ്. 10-19 വയസ്സിലുള്ള 76,235 കുട്ടികൾക്കു വൈകല്യമുണ്ട്.

2016 ലെ എം. കെ. ജയരാജ് കമ്മീഷൻ കേരളത്തിൽ ബൗദ്ധിക വൈകല്യങ്ങൾ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി. മാനസികവളർച്ചക്കുറവ്, ഒാട്ടിസം, ആസ്പെർജർ സിൻഡ്രം, പഠനവൈകല്യങ്ങൾ എന്നിവ കുട്ടികളിൽ വ്യാപകമാണെന്നും സംസ്ഥാനത്ത് കുറഞ്ഞത് ഒൻപതു ലക്ഷം കുട്ടികളെങ്കിലും ലഘുവായതു മുതൽ തീവ്രമായ വരെയുള്ള ബൗദ്ധിക വെല്ലുവിളികളെ നേരിടുന്നുവെന്നും റിപ്പോർട്ടു പറയുന്നു.

ശാരീരികവും മാനസികവും ബൗദ്ധികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു മറ്റു കുട്ടികളെ പോലെ വിദ്യാഭ്യാസം നേടുക എളുപ്പമല്ല. യുനെസ്കോ റിപ്പോർട്ട് (2019) പ്രകാരം ഇന്ത്യയിൽ അഞ്ചു വ യസ്സുള്ള ഭിന്നശേഷി കുട്ടികളിൽ മുക്കാൽ ഭാഗവും 5Ð19 വയസ്സുള്ളവരിൽ നാലിൽ ഒരു ഭാഗവും സ്കൂളിൽ പോയിട്ടില്ല. എന്നാൽ ഇവർക്കും സ്വപ്നങ്ങളുണ്ട്... ആഗ്രഹങ്ങളുമുണ്ട്.

നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ രണ്ടുതരം വിദ്യാഭ്യാസ സമീപനങ്ങളാണ് ഉള്ളത്. ഭിന്നശേഷിക്കാർക്കു മാത്രമായുള്ള സ്പെഷൽ സ്കൂളുകളും മറ്റു കുട്ടികളും ഭിന്നശേഷി കുട്ടികളും ഒരുമിച്ചു പഠിക്കുന്ന ഉൾച്ചേരൽ വിദ്യാഭ്യാസവും ( Inclusive Education).

1986-ലെ നാഷനൽ എജ്യുക്കേഷൻ പോളിസിയിൽ ആണ് ഇൻക്ലുസീവ് എജ്യുക്കേഷൻ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. മറ്റു കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും വളരുന്നത് ഭിന്നശേഷി കുട്ടികളിൽ ഗുണപരമായ മാറ്റം വരുമെന്നും അവരുടെ സാമൂഹികശേഷികൾ വികസിക്കുമെന്നുമാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.  പഠനപ്രവർത്തനങ്ങളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യപരമായ കാര്യങ്ങളിലും സാമൂഹികവൽക്കരണത്തിലും തുല്യ അവസരവും പങ്കാളിത്തവും ഉറപ്പാക്കുന്നുമുണ്ട്.

എന്നാൽ മനോഹരമായ ഈ ആശയത്തെ പൂർണമായ അർഥത്തിൽ നടപ്പാക്കുവാൻ സർക്കാർ സംവിധാനത്തിനു കഴിയുന്നുണ്ടോ? ഇതു നടപ്പാക്കുവാൻ പരിശീലനം സിദ്ധിച്ച അധ്യാപകർ വേണ്ടത്രയുണ്ടോ? ഈ മാറ്റത്തെ ഹൃദയവിശാലതയോടെ സ്വീകരിച്ചു സഹകരിക്കാൻ പൊതുസമൂഹത്തിനു കഴിയുന്നുണ്ടോ? ഇതു മികച്ച രീതിയിൽ സാക്ഷാത്കരിക്കാനുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കാൻ സാധിക്കുന്നുണ്ടോ? ചോദ്യങ്ങൾ അവസാനിക്കുന്നില്ല.

സർക്കാർ പദ്ധതികൾ

ഉൾച്ചേരൽ വിദ്യാഭ്യാസത്തെ ശക്തമായി നടപ്പാക്കാൻ ഒട്ടേറെ പദ്ധതികൾ അരങ്ങത്തും അണിയറയിലുമായി ഒരുങ്ങുന്നുണ്ടെന്നു സമഗ്രശിക്ഷ സ്േറ്ററ്റ് പ്രോഗ്രാം ഒാഫിസർ ഷൂജ എസ്. വൈ. പറയുന്നു. ‘‘ മൂന്നു വയസ്സു മുതലുള്ള കുട്ടികളിൽ വൈകല്യനിർണയത്തിനായും തുടക്കത്തിലേയുള്ള ഇടപെടലിനായും ബ്ലോക്ക് തലത്തിൽ ക്യാംപുകൾ നടത്തുന്നുണ്ട്. വൈകല്യത്തിന്റെ തോതും തരവും നിർണയിച്ച ശേഷം ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് നിർദേശം നൽകുന്നു. കേരളത്തിലാകെ 168 ബ്ലോക്ക് റിസോഴ്സ് കേന്ദ്രങ്ങളിലായി (ബിആർസി) തെറപ്പി സൗകര്യത്തോടെയുള്ള കേന്ദ്രങ്ങളുണ്ട്. കൂടാതെ, ഒാരോ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് ഒരു സ്കൂളിൽ എങ്കിലും സ്പെഷൽ കെയർ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ ദിവസവും ഉച്ചകഴിഞ്ഞും ശനിയാഴ്ചകളിൽ രാവിലെ മുതൽ വൈകുന്നേരം വരെയും സ്പെഷൽ ടീച്ചർമാരും തെറപ്പിസ്റ്റുകളുമുണ്ടാകും. ആ പഞ്ചായത്തിലെ ഏതു സ്കൂളിൽ പഠിക്കുന്ന കുട്ടിക്കും പരിചരണം തേടാം. ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി എന്നിവയാണ് പ്രധാനമായും നൽകുന്നത് ചില കേന്ദ്രങ്ങളിൽ വാട്ടർ തെറപ്പി, മ്യൂസിക് തെറപ്പി, സെൻസറി ഇന്റഗ്രേഷൻ തെറപ്പി എന്നിങ്ങനെ വേറിട്ട തെറപ്പികളും നൽകുന്നുണ്ട്.

പുതുതായി 2886 സ്പെഷൽ ടീച്ചർമാരെ ബിആർസികളിൽ നിയമിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ഇവർ പൊതുസ്കൂളുകളിൽ എ ത്തും. ഒരു ദിവസം കിടപ്പിലായ കുട്ടികളെ വീടുകളിലെത്തി കണ്ട് മാതാ പിതാക്കളെ പഠനരീതികളും മറ്റും പ രിശീലിപ്പിക്കുന്നു.

കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ വീട്ടിൽ മറ്റു കുട്ടികളും അധ്യാപകരുമെത്തി കളിയും ചിരിയും പഠനവും നടത്തുന്ന ചങ്ങാതിക്കൂട്ടം എന്ന പദ്ധതി ഭിന്നശേഷി കുട്ടികളിൽ പൊ സിറ്റീവായ മാറ്റം വരുത്തിയിരുന്നു. അടുത്തതായി കിടപ്പിലായ ഭിന്നശേഷി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള പദ്ധതിയും തുടങ്ങിവച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പഠനവിഡി
യോകൾ, കാഴ്ചപരിമിതർക്ക് ശബ്ദപാഠങ്ങൾ, അടച്ചിടലിന്റെ പിരിമുറുക്കം കുറയ്ക്കാൻ സെലിബ്രിറ്റികളെ ഉൾപ്പെടുത്തി ജാലകങ്ങൾക്കപ്പുറം പരിപാടി എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.’’

‘‘ ഭിന്നശേഷി സൗഹൃദമാക്കാനുള്ള ഈ ശ്രമങ്ങൾ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമുണ്ട്. ’’ തിരുവനന്തപുരം സ്േറ്ററ്റ്് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലി ചലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം. കെ. ജയരാജ് പറയുന്നു.

ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ശേഷികൾ വർധിപ്പിക്കുന്നു എന്നതാണ് ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ പ്രധാന മേന്മ. യുനെസ്കോ പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ പറയുന്നത്, പഠിതാക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങളും പഠനരീതികളും ഉൾക്കൊണ്ട് അനുയോജ്യമായ കരിക്കുലവും പഠനവിദ്യകളും ഉപയോഗിച്ച് ഗുണമേന്മയുളള വിദ്യാഭ്യാസം നൽകണം എന്നാണ്.

എന്നാൽ ഭിന്നശേഷി കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കുന്നു എന്നതല്ലാതെ പഠനപ്രക്രിയ അവർക്ക് അനുരൂപമായ രീതിയിലാക്കുന്നില്ല.‘‘ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ പരീക്ഷാരീതി മാറ്റുകയല്ല സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതാനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നത്. ഇതു പലപ്പോഴും പ്രഹസനമാവാറുണ്ട്.’’ ഡോ. ജയരാജ് പറയുന്നു. ‘‘ സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതിച്ച്, എ പ്ലസ് കിട്ടിയ കുട്ടിക്ക് സ്വന്തം പേര് എഴുതാനോ, വസ്ത്രം സ്വയം ധരിക്കാനോ പോലുമുള്ള കഴിവില്ല എന്നു വരുമ്പോഴോ! ’’

അധ്യാപകർക്ക് പരിശീലനം

യുനെസ്കോയുടെ റിപ്പോർട്ട് പ്രകാരം ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ അധ്യാപകരുടെയും മാതാപിതാക്കളുടെയും മനോഭാവം പ്രധാനമാണ്. സ്കൂളിലെ ടീച്ചർമാർക്ക് കുട്ടിയുമായി ഇടപഴകുന്ന കാര്യത്തിലും കുട്ടിയുടെ ഗ്രഹണശേഷിക്ക് അനുരൂപമായി പഠനപ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിലും മാർഗനിർദേശം നൽകുക മാത്രമാണ് ബിആർസിക ളിൽ നിന്നുള്ള സ്പെഷൽ അധ്യാപകരുടെ ചുമതല. പക്ഷേ, ഭിന്നശേഷി കുട്ടികളെ നോക്കുന്നത് തങ്ങളുടെ ജോലിയല്ല, സ്പെഷൽ എജ്യുക്കേറ്റേഴ്സിന്റേതാണ് എന്നാണ് മറ്റ് അധ്യാപകരുടെ ചിന്ത.

‘‘ഈ കുഞ്ഞുങ്ങൾക്ക് മറ്റു കുട്ടികളെക്കാളും കൂടുതൽ ശ്രദ്ധ വേണം. എത്ര ആത്മാർഥതയുള്ള റിസോഴ്‌സ് ടീച്ചർമാരാണെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം കൊണ്ട് കുട്ടിയുടെ കാര്യത്തിൽ പുരോഗതി വരുത്തുവാന്‍ പ്രയാസമാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോലി രാ ജി വച്ച് ഞാൻ ഡൗൺ സിൻഡ്രമുള്ള മകനോടൊപ്പം സ്കൂളിൽ പോയി ത്തുടങ്ങിയത്.’’ ഡൗൺ സിൻഡ്രമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള അലൻസ് ഫൗണ്ടേഷന്റെ സ്ഥാപക റിൻസി പറയുന്നു.

‘‘ഏറ്റവും പ്രായോഗികമായ പരിഹാരം എന്നു പറയുന്നത് അധ്യാപക പരിശീലന പരിപാടിയിൽ ഭിന്നശേഷി പരിശിലനം സംബന്ധിച്ചും ഉൾച്ചേർക്കൽ വിദ്യാഭ്യാസം സംബന്ധിച്ചും പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയാണ്. അധ്യാപക പരിശീലന സമയത്ത് 10 ദിവസമെങ്കിലും ഏതെങ്കിലും ഭിന്നശേഷി വിദ്യാലയത്തിൽ ടീച്ചിങ് പരിശീലനം നടത്തുന്നതു ന ന്നായിരിക്കും.’’

ഭിന്നശേഷി കുട്ടികളുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ചില തെറ്റിധാരണകൾ പൊതുസമൂഹത്തെ ഇവരിൽ നിന്നും അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് തന്റെ കുഞ്ഞിനൊപ്പം ബുദ്ധി കുറവുള്ള കുട്ടിപഠിച്ചാൽ കുഞ്ഞിന്റെബുദ്ധിയെ ബാധിക്കുമെന്ന ചിന്ത. ഇത്തരം ചിന്തകൾ മാറ്റേണ്ടതുണ്ട്.

2016 ലെ പിഡബ്ള്യൂഡി ആക്റ്റ് ഭിന്നശേഷി കുട്ടികൾ‌ക്കു പ്രവേശനം നൽകണമെന്നു നിഷ്കർഷിച്ചതിനു ശേഷം സ്കൂൾ അധികൃതരുടെ മോ ശം പെരുമാറ്റം കുറഞ്ഞിട്ടുണ്ട്. എങ്കിലും സ്വകാര്യ സ്കൂളുകൾ പേരിനു മാത്രമാണ് പ്രവേശനം നൽകുന്നതെന്നു മാതാപിതാക്കൾ പറയുന്നു. നൽകിയാൽ തന്നെ വൻതുക ഫീസായി വാങ്ങുന്നുമുണ്ട്.

പ്രവേശനം ലഭിച്ചാലും ശാരീരികമായി ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ടോയ്‌ലറ്റ് സംവിധാനമോ റാംപോ ലിഫ്റ്റോ എത്ര സ്കൂളുകളിലുണ്ട്? ആധുനിക രീതി യില്‍ എല്ലാ സൗകര്യങ്ങളോടും കൂടി പുതുക്കിപ്പണിത സ്കൂളുകളില്‍ പോ ലും വൈകല്യ സൗഹൃദ സംവിധാനങ്ങൾ അപൂർവമാണ്.

18 വയസ്സിനുശേഷം എന്ത്?

എത്രയോ ദശകങ്ങളായി ഉൾച്ചേർക്കൽ വിദ്യാഭ്യാസം സർക്കാർ സംവി ധാനത്തിന്റെ ഭാഗമായിട്ട്. പക്ഷേ, ഈ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പത്തും പ്ലസ്ടുവും പാസ്സായി കടന്നുപോകുന്ന ഭിന്നശേഷി കുട്ടികളുടെ ഭാവിയെക്കുറിച്ച് ആരും പരാമർശിച്ചു കണ്ടിട്ടില്ല. സർക്കാർ റിപ്പോർട്ടുകളിൽ പോലും കൃത്യമായ കണ ക്കുണ്ടാവില്ല.

“18 വയസ്സു കഴിഞ്ഞ ഭിന്നശേഷിക്കാരുടെ കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമുണ്ട്. 18 വയസ്സുവരെ ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വസിക്കാൻ സ്പെഷൽ സ്കൂളുകൾ പോലെ ചെറിയ ചെറിയ തുരുത്തുകളുണ്ട്. എ ന്നാൽ 18 വയസ്സ് കഴിഞ്ഞാൽ ഇവർ വീടുകളിൽ അമ്മമാരുടെ മാത്രം ബാധ്യതയാവുകയാണ്” ഡോ. ജയരാജ് പറയുന്നു.

“18 വയസ്സു കഴിഞ്ഞ് രൂപപ്പെടുന്ന ലൈംഗികമായ പ്രശ്നങ്ങൾ, പെരു മാറ്റ പ്രശ്നങ്ങൾ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്ന സങ്കീർണതകൾ വലുതാണ്. ഇവർക്ക് തൊഴിൽ പഠിക്കാൻ വേണ്ടത്ര സ്ഥാപനങ്ങളില്ല. പുറത്തിറങ്ങിയാൽ സമൂഹത്തിന്റെ അധിക്ഷേപവും പരിഹാസവും. ഇനിയെന്ത് ചെയ്യണം എന്നു രക്ഷകർത്താക്കൾക്കും പിടിയുണ്ടാകില്ല. 18 വർഷക്കാലം ഒരു ഭിന്നശേഷി കുട്ടിയെ പരിചരിച്ച് സാമ്പത്തികമായും വൈകാരികമായും മിക്കവരും പാപ്പരായിട്ടുണ്ടാകും. നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് ചിലയിടത്തെങ്കിലും കുടുംബമൊന്നാകെ കൂട്ട ആത്മഹത്യയിലേക്കു നീങ്ങുന്നത്. ’’ നീറുന്ന യാഥാർഥ്യങ്ങളാണ് ഡോ. ജയരാജ് ചൂണ്ടിക്കാണിക്കുന്നത്.

കാഴ്ച - കേൾവി പരിമിതർക്ക് ഏതാനും സർക്കാർ വിദ്യാലയങ്ങൾ ഉണ്ടെന്നതു ശരി തന്നെ. എങ്കിലും ഭിന്നശേഷി കുട്ടികൾക്കുള്ള ഏറിയ പങ്ക് സ്കൂളുകളും സന്നദ്ധസംഘടനകളുടെയാണ്. ഭിന്നശേഷി കുഞ്ഞുങ്ങളുടെ ജീവിതവും വിദ്യാഭ്യാസവും ഇങ്ങനെ ജീവകാരുണ്യപ്രവർത്തകരുടെ ഔദാര്യമായി ലഭിക്കേണ്ടതല്ല. സർക്കാരിന്റെ വലിയ ഉത്തരവാദിത്തമാണത്. അക്കാദമിക്കലായും സാമൂഹികമായും രാഷ്ട്രീയമായും ഈ പ്രശ്നത്തെ അഭിമുഖീകരിച്ച്, അർഹിക്കുന്ന ഗൗരവത്തോടെ ഉടൻ നടപടി എടുക്കേണ്ടതാണ്.