ADVERTISEMENT

പഞ്ചസാരയുടെ അളവ് കുറഞ്ഞ സ്നാക്കുകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നു നമുക്ക് അറിയാം. പക്ഷേ അതു കൃത്യമായി പാലിക്കാനാകുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം.

ഈ വേനൽക്കാലത്ത് മധുരമുള്ള സ്നാക്കുകൾക്കൊപ്പം കഴിക്കുന്ന മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ജൂസുകളുമെല്ലാം പഞ്ചസാരയുടെ പ്രധാന ഉറവിടങ്ങളാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുക എന്നതു പ്രധാനമാണ്. ഈ പാനീയങ്ങൾക്കു പകരം പഴങ്ങൾ മുഴുവനായി കഴിക്കാം. ദാഹിക്കുമ്പോൾ മധുര പാനീയങ്ങൾക്കു പകരമായി വെള്ളം കുടിക്കാം. അല്ലെങ്കിൽ ഹെർബൽ ടീയോ പഞ്ചസാര ചേർക്കാതെയുള്ള ഫ്രൂട്ട് ജൂസുകളോ കുടിക്കാം. മോരു കുടിക്കുന്നതും നല്ലതാണ്.

കാൻഡികളും കേക്കുകളും കുക്കീസും പ്രധാന സ്നാക്കുകളാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുക, പകരം അണ്ടിപ്പരിപ്പുകളും പഴങ്ങളും തിരഞ്ഞെടുക്കാം. കേക്കുകളും കുക്കീസും ബേക് ചെയ്യുമ്പോൾ പഞ്ചസാരയുടെ അളവു കുറഞ്ഞതും മധുരം നൽകുന്നതുമായ പദാർഥങ്ങൾ ചേർക്കാം. ഡാർക് ചോക്‌ലെറ്റ് ചിപ്സ് ചേർക്കാം. അതിൽ പഞ്ചസാര കുറവാണ്.

ADVERTISEMENT

പ്രോസസ്ഡ് ഫൂഡ്സിലും പഞ്ചസാര ചേർക്കുന്നുണ്ട്. അവ വാങ്ങുമ്പോൾ ഫൂഡ് ലേബൽ നോക്കി പഞ്ചസാരയുടെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തണം. പഞ്ചസാര ചേർന്ന ഡിസേർട്ടുകളാണ് മറ്റൊരു സ്നാക്ക് . ഡിസേർട്ടുകളും െഎസ്ക്രീമും കഴിയുന്നത്ര ഒഴിവാക്കാം. പകരം ഹോംമെയ്‌ഡ് ആയ സ്നാക്കുകൾക്കു മുൻഗണന നൽകുക. മിൽക് ഷെയ്കിൽ പഞ്ചസാര ഒഴിവാക്കുക. അതിൽ ചേർക്കുന്ന പഴങ്ങളുടെ പഞ്ചസാര മാത്രം മതിയെന്ന തീരുമാനത്തിലെത്തുക. ഉദാ. മിൽക് ഷെയ്കിൽ ഇൗന്തപ്പഴം ചേർത്താൽ ആവശ്യത്തിനു മധുരം ലഭിക്കും. സ്പോർട്സ് ഡ്രിങ്കുകളിലെ മധുരവും ശ്രദ്ധിക്കണം. വിപണിയിൽ നിന്നു സ്നാക്ക് വാങ്ങുമ്പോൾ ഫൂഡ് ലേബൽ നോക്കി പഞ്ചസാര കുറഞ്ഞവ തിരഞ്ഞെടുക്കണം. സോസേജ്, സ്പ്രെഡ്സ് , പീനട്ട് ബട്ടർ ഇവയൊക്കെ വാങ്ങുമ്പോൾ ധാരാളം ഷുഗർ ഉണ്ടാകും. അവയൊക്കെ ഹോംമെയ്ഡ് ആയി തയാറാക്കാം. പനീർ, തൈര് ഇവ ഉപയോഗിച്ച് ആരോഗ്യകരമായ സ്പ്രെഡ്സ് വീട്ടിൽ തയാറാക്കാം.

മുഴുവനായുള്ള പഴങ്ങൾ, നട്സ് ഇവ രണ്ടിലൂടെയും സ്നാക് സമയത്തെ പഞ്ചസാര ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും. മധുരം എന്നതിൽ നിന്ന് മാറി ചിന്തിച്ച് സ്പൈസസിന്റെ രുചിയും തിരഞ്ഞെടുക്കാം. ഇഞ്ചി, ഏലയ്ക്ക ഇവയുടെ രുചിഭേദങ്ങൾ ചേർക്കാം. കാൻഡ് ഫൂ‍ഡിലും പഞ്ചസാരയുടെ അളവു കൂടുതലുണ്ട്. പഞ്ചസാര ഉപഭോഗം കൂടുന്നതു ഉപാപചയ രോഗാവസ്ഥകളിലേക്കു നയിക്കും. ശരീരഭാരം കൂടും. ഇൻഫ്ലമേഷൻ കൂടുന്നതു വഴി കാൻസറിലേക്കും വഴി തെളിക്കാം. വൃക്കത്തകരാറുകൾ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകാം. കുട്ടികളുടെ ബൗദ്ധികക്ഷമതയേയും വൈകാരികാവസ്ഥയുടെ സന്തുലനത്തേയുമെല്ലാം ഇതു പ്രതികൂലമായി ബാധിക്കാം. പഞ്ചസാരയുടെ ഉപഭോഗം ആകെ കാലറിയുടെ പത്തു ശതമാനത്തേക്കാൾ താഴെ ആയിരിക്കണം. അതു കൊണ്ടു തന്നെ സ്നാക്കുകളിലെ പഞ്ചസാര നിയന്ത്രണം പ്രധാനമാണ്.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്

ഡോ. റീനാ കെ. ചിറ്റിലപ്പള്ളി
ചീഫ് ഡയറ്റീഷൻ
അമല ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് , തൃശൂർ

ADVERTISEMENT
ADVERTISEMENT