ADVERTISEMENT

രാവിലെ മുതൽ മണിക്കൂറുകൾ ഒരേ ഇരിപ്പ് ഇരുന്ന് എഴുന്നേൽക്കുമ്പോൾ പിൻഭാഗത്ത് വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടാറുണ്ടോ? മണിക്കൂറുകൾ ഒരേ ഇരിപ്പിരിക്കുന്നവരിൽ ഉണ്ടാകുന്ന ഗ്ലൂട്ടൽ അംനീഷ്യ അഥവാ ഡെഡ് ബട്ട് സിൻഡ്രം ആകാം കാരണം. പിൻഭാഗത്തുള്ള മൂന്നു പേശികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലൂട്ടൽ പേശികൾ. ദീർഘനേരമുള്ള ഇരിപ്പു കൊണ്ട് ഈ പേശികൾ ദുർബലവും നിർജീവവുമായിപ്പോകാം. ഇതു പിൻഭാഗത്തു വേദനയ്ക്കും പേശികളിൽ പിടിത്തത്തിനും നടക്കാൻ തന്നെ പ്രയാസം അനുഭവപ്പെടാനും ഇടയാക്കാം. ദീർഘദൂര ഡ്രൈവർമാർ, കംപ്യൂട്ടർ പ്രഫഷനൽസ്, ഒാഫിസ് ജോലിക്കാർ എന്നിവരിലൊക്കെ ഈ അവസ്ഥ വരാം.

എന്താണു ലക്ഷണങ്ങളെന്നു നോക്കാം.

ADVERTISEMENT

∙ തുടക്കത്തിൽ പിൻഭാഗത്ത് പെരുപ്പും ചെറിയൊരു വേദനയും അനുഭവപ്പെടാം. പതിയെ വേദന സമീപഭാഗങ്ങളിലേക്ക്– ഇടുപ്പിലേക്കും കാലിലേക്കുമൊക്കെ– വ്യാപിക്കാം.

∙ ഗ്ലൂട്ടൽ പേശികളിൽ ഒരു മുറുക്കവും ദുർബലാവസ്ഥയും അനുഭവപ്പെടാം.

ADVERTISEMENT

∙ ഏറെ നേരം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടക്കാനോ പടികൾ കയറാനോ ഒക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാം.

ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതോടൊപ്പം വ്യായാമമില്ലാത്ത ജീവിതശൈലി കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകാം. കൂനിക്കൂടിയിരിക്കുന്നവരിലും മുൻപ് എന്തെങ്കിലും പരുക്കു പറ്റിയവരിലും ഡെഡ് ബട്ട് സിൻഡ്രത്തിനുള്ള സാധ്യത കൂടുതലാണ്.

ADVERTISEMENT

തടയാൻ ശ്രദ്ധിക്കാം

∙ കഴിയുന്നതും ഒാരോ മണിക്കൂർ കൂടുമ്പോഴും അഞ്ചു–പത്തു മിനിറ്റ് എഴുന്നേറ്റു നിൽക്കുകയോ നടക്കുകയോ ചെയ്യുക. ഡെസ്ക് ജോലി ചെയ്യുന്നവർക്കു നിന്നുകൊണ്ടു ജോലി ചെയ്യാവുന്ന സ്റ്റാൻഡിങ് ഡെസ്ക് ഉപയോഗിക്കാം.

∙ പടി കയറലും നടക്കലും ഒക്കെയായി ദിവസവും സജീവമായിരിക്കുക.

∙ പിൻഭാഗത്തെ പേശികൾക്കായുള്ള വ്യായാമങ്ങൾ ചെയ്യുക.

∙ കൂനിക്കൂടിയിരിക്കുന്നത് പ്രശ്നം വഷളാക്കും. അതുകൊണ്ടു ശരീരഭാരം തുല്യമായി കസേരയിൽ ഏൽക്കുന്ന രീതിയിൽ നിവർന്നു നേരേ ഇരിക്കാൻ ശ്രദ്ധിക്കുക

ചികിത്സ തീവ്രതയനുസരിച്ച്

∙ തൽക്കാലത്തേക്കു വേദന കുറയ്ക്കാൻ തണുപ്പോ ചൂടോ വയ്ക്കാം.

∙ നടക്കുകയോ പടി കയറുകയോ ചെയ്യുമ്പോൾ പിൻഭാഗത്തു വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതെ വിശ്രമിക്കുക.

∙ പേശികളിൽ മൃദുവായി മസാജ് ചെയ്യുന്നതും വേദനയ്ക്കു കുറവു നൽകും.

∙ ആവശ്യമെങ്കിൽ വേദനാസംഹാരികൾ ഉപയോഗിക്കാം.

∙ ഡോക്ടറുടെ നിർദേശപ്രകാരം അവസ്ഥയുടെ തീവ്രത അനുസരിച്ച് ഫിസിക്കൽ തെറപ്പിയോ മറ്റു വ്യായാമ ചികിത്സകളോ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ടി. കെ. വാസുദേവൻ, പ്രഫസർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബ് വിഭാഗം, കോഴിക്കോട്

ADVERTISEMENT