Thursday 16 March 2023 04:45 PM IST : By മനോരമ ആരോഗ്യം ആർക്കൈവ്സ്

ചെയ്തത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്, ആ ഉറപ്പാണ് എന്റെ ജീവിതത്തിന്റെ പൊസിറ്റിവിറ്റി; ഡോ. രേണു രാജ് പറയുന്നു

renu

സമ്മർദങ്ങളെ വരുതിയിലാക്കി ജീവിതത്തെ െപാസിറ്റിവായി മുന്നോട്ടു നയിക്കുക എന്നത് ഒരു കലയാണ്. ഞാൻ െപാസിറ്റിവാണ് എന്ന് ലോകത്തോട് ഉച്ചത്തിൽ പറയാൻ ശക്തി നൽകുന്ന കല. എല്ലാവർക്കും ഈ കല വഴങ്ങണമെന്നില്ല. എന്നാൽ ഇടുക്കി ദേവികുളത്തിന്റെ സബ് കളക്ടർ േഡാ. േരണു രാജിന്റെ മുന്നിൽ എംബിബിഎസും ഐഎഎസും വഴങ്ങിക്കൊടുത്തതുപോെല െപാസിറ്റിവിറ്റിയും കീഴടങ്ങി. ‘യെസ്, അയാം െപാസിറ്റീവ്’ എന്ന് ഉറച്ച സ്വരത്തിൽ പറയുന്ന േഡാ. േരണു രാജ് ഐഎഎസ് സമ്മർ‍ദങ്ങളെ നേരിട്ട അനുഭവം പങ്കുവയ്ക്കുന്നു.

ആഘോഷമാക്കിയ പഠനകാലം

എംബിബിഎസിന്റെ ആദ്യ വർഷം സ്ട്രെസ് ഉണ്ടാകും. കാരണം ഇതുവരെ കണ്ടുപരിചയിച്ച ഒരു മേഖലയല്ല അത്. സാധാരണ വിദ്യാർഥി ജീവിതത്തിൽ നിന്ന് പുതിയ അന്തരീക്ഷത്തിലേക്കു മാറുന്നു. ആദ്യമായി ഒരു മൃതദേഹം കാണുന്നു, രക്തം ശേഖരിക്കുന്നു, സ്വാഭാവികമായും എല്ലാവർക്കും ടെൻഷൻ ഉണ്ടാകും. ഒരു ഭാഗത്ത് െടൻഷൻ ഉണ്ടെങ്കിലും വിദ്യാർഥി ജീവിതത്തിന്റെ മറുഭാഗം ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കും. ഞാനും അതു തന്നെ െചയ്തു. േകാളജിൽ പലതരത്തിലുള്ള മത്സരങ്ങളിലും പരിപാടികളിലും പങ്കെടുത്തു. ഡാൻസ്, പ്രസംഗം, ഡിബേറ്റ്... പഠനത്തിന്റെ െടൻഷനെ ഒരുപരിധിവരെ അകറ്റിനിർത്താൻ അതുവഴി കഴിഞ്ഞു. മണിക്കൂറുകളോളം കുത്തിയിരുന്നു പഠിക്കുന്ന പ്രകൃതക്കാരി അല്ല ഞാൻ. എത്ര സമയം പഠിക്കുന്നുവോ അത്രയും സമയം അതിൽ മാത്രം ശ്രദ്ധിക്കും.

ഞാൻ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ട്. മൂന്നു വയസ്സ് മുതൽ 10–ാം ക്ലാസ് വരെ പഠിച്ചു. പഠനം നിർത്തിയെങ്കിലും ഇടയ്ക്കിടെ പെർഫോം െചയ്യുമായിരുന്നു. നൃത്തം എനിക്കു സ്ട്രെസ് ബസ്റ്റർ തന്നെയാണ്. മറ്റുള്ളവരുെട െപർഫോമൻസ് കാണുന്നതും എനിക്കു റിലാക്സേഷൻ ആണ്.

തുടക്കത്തിൽ ആശയക്കുഴപ്പം

ഹൗസ് സർജൻസി കഴിഞ്ഞാണ് ഞാൻ സിവിൽ സർവീസ് േകാച്ചിങ്ങിനു േപാകുന്നത്. ആദ്യത്തെ രണ്ട് മൂന്നു മാസം ഒരു സ്ട്രെസ് ഉണ്ടായിരുന്നു. ആദ്യമൊക്കെ ശരിയായ ട്രാക്കിൽ വരാത്തപോെല. എന്നാൽ ആ ഘട്ടം മറികടന്നാൽ പിന്നെ കുഴപ്പമില്ല. എന്തു കാര്യത്തിനായാലും ഒരു ലക്ഷ്യം വേണം. അതിലേക്കു േപാകാനൊരു ഷെഡ്യൂളും. ആ ലക്ഷ്യത്തിന്റെ പരിസമാപ്തിയെകുറിച്ച് അധികം ചിന്തിക്കരുത് എന്നാണ് എന്റെ പക്ഷം. സിവിൽ സർവീസിനു േപാലും ഞാൻ ഒരിക്കലും കുറെ നേരം തുടർച്ചയായി പഠിച്ചിരുന്നില്ല. ഒരു മണിക്കൂർ പഠിച്ചാൽ 10–15 മിനിറ്റ് പാട്ട് കേൾക്കുകയോ അച്ഛനമ്മമാരോടു സംസാരിക്കുകയോ പുസ്തകം വായിക്കുകയോ െചയ്യും.

മാനസികസമ്മർദത്തെ പിടിച്ചുകെട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. നല്ല ഉറക്കം വേണം. എന്തെങ്കിലും ശാരീരികപ്രവൃത്തി ചെയ്യുന്നതും നല്ലതാണ്. ഉദാഹരണത്തിനു നടത്തം. മറ്റൊരു പ്രധാന ഘടകം ആേരാഗ്യകരമായ ഭക്ഷണമാണ്. മോശം ഭക്ഷണം കഴിച്ച് േരാഗം പിടിപെട്ടു കിടന്നുപോയാൽ നമ്മുെട എത്ര ദിനങ്ങളാണ് പാഴായി േപാകുന്നത്? ഇതു സ്ട്രെസ് ഉണ്ടാക്കും. ഇതിലെല്ലാം ഉപരി നമ്മൾ സ്വയം മോട്ടിവേറ്റഡ് ആകണം.

പരീക്ഷയുെട തലേദിവസം എല്ലാവർക്കും െടൻഷൻ ഉണ്ടാകും. കഴിവതും െപാസിറ്റിവായി ഇരിക്കാ ൻ ഞാൻ ശ്രമിക്കും. തലേന്ന് പുതിയതായി ഒന്നും പഠിക്കാൻ ശ്രമിക്കാറില്ല പകരം റിവിഷൻ നടത്തും.

പ്രഫഷനൽ പ്രഷർ എന്നെ ബാധിക്കാറില്ല. കാരണം ഔദ്യോഗിക കാര്യങ്ങൾ ഞാൻ വ്യക്തിപരമായി എടുക്കാറില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാലും അതു ഞാൻ എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല എന്നു കരുതും. പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ശീലമില്ല. പിന്നെ സ്ട്രെസ് വല്ലാതെ കൂടിയാൽ വീട്ടുകാരുമായി ആ വിഷയം ചർച്ച െചയ്യും. എല്ലാവരും കൂടിയിരുന്നു സംസാരിക്കുമ്പോൾ തന്നെ മനസ്സിന്റെ സമ്മർദം കുറയും. സാധാരണയായി 7,8 മണിയാകും ഒാഫിസിെല തിരക്ക് ഒഴിയാൻ. ഔദ്യോഗികപരമായി ഒരുപാട് സമ്മർദം അനുഭവിക്കുന്ന ദിവസങ്ങൾ ഉണ്ടാകും. അന്ന് ഒാഫിസിൽ നിന്ന് അൽപം നേരത്തെ ഇറങ്ങും. വീട്ടിലെത്തി കുറച്ചു നേരം നടക്കാൻ പോകും. അപ്പോൾ നല്ല കാഴ്ചകൾ കാണും. ഇതെല്ലാം മനസ്സിനെ തണുപ്പിക്കും. ചിലപ്പോൾ ഒരു സിനിമ കാണും. അല്ലെങ്കിൽ തിരക്കു കാരണം വായിക്കാൻ സാധിക്കാതിരുന്ന പുസ്തകം വായിക്കും. അന്നു നടന്ന സംഭവങ്ങളെ കുറിച്ച് പിന്നീട് ആലോചിക്കുകയേ ഇല്ല. ഒരു വിഷയം തന്നെ വീണ്ടും വീണ്ടും നേരിടേണ്ടി വന്നാൽ ആ വിഷയത്തോടുള്ള നമ്മുെട പ്രതികരണം അല്ലെങ്കിൽ സമീപനം കുറച്ചു കൂടി പക്വതയുള്ളതാകും എന്നാണ് എനിക്ക് േതാന്നിയിട്ടുള്ളത്.

യാത്രകൾ ഇഷ്ടമാണ്

മൂന്നു നാല് മാസം തുടർച്ചയായി േജാലിത്തിരക്കിൽ പെട്ടാൽ പിന്നീട് ഒന്നോ രണ്ടോ ദിവസം അവധിെയടുത്ത് യാത്ര േപാകാറുണ്ട്. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ ഹിൽസ്റ്റേഷൻ േപാലെ ഭംഗിയുള്ള സ്ഥലങ്ങളിലേക്കു പോകാനാണ് താൽപര്യം. കൂട്ടുകാരുമൊത്ത് േപാകുമ്പോൾ ചരിത്രപ്രസിദ്ധമായ ഇടങ്ങൾ സന്ദർശിക്കും. ഞാറാഴ്ചകളിൽ സൈക്ലിങ് െചയ്യാറുണ്ട്.

വളരെ അപകടം നിറഞ്ഞ ഇടങ്ങളിലും േപാകേണ്ടി വന്നിട്ടുണ്ട്. അതെല്ലാം േജാലിയുെട ഭാഗമാണ്. ശരിയുടെ ഭാഗത്തു നിൽക്കുന്നതുെകാണ്ട് അപകടങ്ങളെക്കുറിച്ചോർത്ത് ഭയമില്ല. റെയ്ഡിനും മറ്റും േപാകുമ്പോൾ ആവശ്യത്തിനു മുൻകരുതൽ എടുക്കാറുണ്ട്. കാരണം സാഹസിക മനോഭാവം എല്ലാ സാഹചര്യത്തിലും സഹായിക്കില്ല.

അടുത്ത കാലത്ത് എംഎൽഎയുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായി. അതെന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ല. ഞാൻ െചയ്തതു ശരിയാണ് എന്ന് ഉറച്ച േബാധ്യം എനിക്കുണ്ട്. ആ ഉറപ്പ് തന്നെയാണ് എന്റെ ജീവിതത്തിന്റെ െപാസിറ്റിവിറ്റി.

മനോരമ ആരോഗ്യം ആർക്കൈവ്സ്