Saturday 08 June 2024 03:22 PM IST : By സ്വന്തം ലേഖകൻ

ആര്‍ത്തവസമയത്തു തലവേദന കൂടുതലായി വരുമോ? മൈഗ്രെയ്ന്‍ ചികിത്സിച്ചില്ലെങ്കില്‍ പ്രശ്നമുണ്ടോ?

head3453

തലവേദന സാധാരണമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. മൈഗ്രെയ്ൻ പോലുള്ള തലവേദന ഒരു വ്യക്തിയുെട ജീവി തഗുണനിലവാരത്തെ സാരമായി ബാധിക്കും. മാത്രമല്ല, അ തീവ ഗുരുതരമായ രോഗാവസ്ഥകളും തലവേദനയായി പ്രത്യക്ഷപ്പെടാം. തലവേദനയുമായി ബന്ധപ്പെട്ട  പ്രധാന പ്രശ്നങ്ങളുെട ഉത്തരം അറിയാം.

മൈഗ്രെയ്നും തലവേദനയും ഒന്നാണോ? തീവ്രത കൂടിയ തലവേദനകളെ മൈഗ്രെയ്ൻ എന്നു വിളിക്കാമോ?

മൈഗ്രെയ്നും തലവേദനയും ഒന്നല്ല. തലവേദനയുടെ കാരണങ്ങളിൽ ഒന്നു മാത്രമാണ് മൈഗ്രെയ്ൻ. തീവ്രതകൂടിയ തലവേദനകളെ വിളിക്കാനുള്ള ഒരു പേരാണ് മൈഗ്രെയ്ൻ എന്ന ധാരണയും തെറ്റാണ്. മസ്തിഷ്ക സംബന്ധമായി രൂപപ്പെടുന്ന ഒരു ന്യൂറോ വാസ്കുലാർ ഹെഡേക്ക് ആണ് ഇത്. സ്ത്രീകളിലാണ് മൈഗ്രെയ്ൻ കൂടുതൽ കാണുന്നത്. നാലുമണിക്കൂർ മുതൽ 72 മണിക്കൂർ വരെ നിലനിൽക്കാവുന്ന തലവേദനയാണിത്. വിട്ടു വിട്ടു വരുന്ന ഈ തലവേദന തലയുടെ ഒരു വശത്തായാവും കൂടുതൽ കാണുക. രക്തക്കുഴലുകൾ തുടിക്കുന്നതു പോലെ അനുഭവപ്പെടാം. ശക്തമായ വേദനയും പലരിലും ഛർദിയും അനുഭവപ്പെടും. ചിലർക്കു തലവേദന വരുന്നതിനു മുൻപു കാഴ്ച മങ്ങിപ്പോകുന്നതു പോലെയോ കണ്ണിൽ പ്രകാശം അടിക്കുന്നതു പോലെയോ ഉള്ള തോന്നലുകൾ ഉണ്ടാവാം. ഇതിനുശേഷമാണ് മൈഗ്രെയ്ൻ വരിക. ഈ പൂർവലക്ഷണങ്ങളാണ് ഓറ എന്നറിയപ്പെടുന്നത്. ഈ മൈഗ്രെയ്നെ ക്ലാസിക്കൽ മൈഗ്രെയ്ൻ എന്നു വിളിക്കും. ഓറയുടെ ലക്ഷണങ്ങൾ ഉണ്ടായി ഒരു 15 മിനിറ്റു കഴിഞ്ഞിട്ടായിരിക്കും മിക്കപ്പോഴും ശക്തമായ തലവേദന ആരംഭിക്കുക.

എന്നാൽ മറ്റൊരു വിഭാഗമായ കോമൺ മൈഗ്രെയ്നിൽ ഈ പറഞ്ഞ ആദ്യ സൂചനാ ലക്ഷണങ്ങളായ ഓറ ഉണ്ടാവില്ല. തലയുടെ വശങ്ങളിൽ വരുന്ന വേദന പലപ്പോഴും മാറി മാറി ഇരുവശത്തും വരാം. ഇങ്ങനെ മാറിമാറി വരുന്നതാണ് യൂണി ലാറ്ററൽ ഹെഡേക്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആശ്വാസം കിട്ടാനുള്ള സാധ്യതയാണ് മൈഗ്രെയ്നിന്റ മറ്റൊരു പ്രത്യേകത.

അതുപോലെ ഉറക്കം കിട്ടാതിരിക്കുക, വെയിലത്തു സ ഞ്ചരിക്കുക, ദീർഘയാത്ര ചെയ്യുക, ഭക്ഷണം കഴിക്കാൻ വൈകുക, ചില പ്രത്യേക ആഹാര സാധനങ്ങൾ കഴിക്കുക തുടങ്ങിയവയെല്ലാം ചിലരിൽ മൈഗ്രെയ്ൻ ഉണ്ടാക്കും. ചൈനീസ് ഭക്ഷണങ്ങളിൽ ചേർക്കുന്ന അജിനോമോട്ടോ എന്ന ചൈനീസ് സാൾട്ട്, കോഫി, ചോക്‌ലെറ്റ് തുടങ്ങിയവയും മൈഗ്രെയ്ൻ ഉത്തേജകങ്ങളായി മാറാറുണ്ട്. മൈഗ്രെയ്ൻ ഉള്ളവർ അത്തരം സാധനങ്ങൾ ഒഴിവാക്കുന്നതു തലവേദന തടയാൻ സഹായിക്കും.

ഒരു രോഗിക്ക് മൈഗ്രെയ്ൻ ആണെന്നു മനസ്സിലായാൽ ന്യൂറോളജിസ്റ്റിന്റെ സഹായം തേടേണ്ടത് എന്തുകൊണ്ടാണ്?

ഇടയ്ക്കിടെ വരുന്ന ശക്തമായ മൈഗ്രെയ്ൻ വേദന നമ്മുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കാം. അതുകൊണ്ടുതന്നെ ശരിയായി നിയന്ത്രിക്കുന്നതിന് ഒരു ന്യൂറോളജിസ്റ്റിനെ കാണേണ്ടത് അനിവാര്യമാണ്.

മൈഗ്രെയ്ൻ തലവേദന മാസത്തിലൊരിക്കലോ രണ്ടോ മൂന്നോ മാസത്തിലോ മാത്രമാണു വരുന്നതെങ്കിൽ പതിവായി മരുന്നു കഴിക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളിൽ വേദന വരുന്ന സമയത്തു മാത്രം കഴിക്കേണ്ട ചില വേദനസംഹാരികളുണ്ട്. അവ മാത്രം കഴിച്ചാൽ മതിയാവും.

എന്നാൽ മാസത്തിൽ രണ്ടു തവണയിൽ കൂടുതൽ അതിശക്തമായ മൈഗ്രെയ്ൻ വരികയോ അതു നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെയോ തൊഴിലിനെയോ ബാധിക്കുകയോ ചെയ്താൽ തുടർച്ചയായ മൈഗ്രെയ്ൻ പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടതുണ്ട്. ഇവ വേദനസംഹാരികളല്ല. മൂന്നു മുതൽ ആറുമാസം വരെ ആ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടതുണ്ട്.

മൈഗ്രെയ്ൻ ചികിത്സിച്ചില്ലെങ്കിൽ എന്തെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകുമോ?

സാധാരണഗതിയിൽ മൈഗ്രെയ്ൻ ചികിത്സിക്കാതിരുന്നാലും അതു ഗുരു തര പ്രശ്നങ്ങളിലേക്കൊന്നും പോകാറില്ല. എന്നാൽ കഠിന വേദനമൂലം മിക്കവരും ചികിത്സ തേടും. കാരണം തലവേദന അവരുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കും.

തലവേദന വരുന്നതിനു തൊട്ടുമുൻപ് കണ്ണിൽ പ്രകാശം പതിക്കുന്നതു പോലെയോ ഇരുട്ടു പോലെയുള്ള അനുഭവങ്ങളാണു പൂർവലക്ഷണമായ ഓറ. ഈ ക്ലാസിക്കൽ മൈഗ്രെയ്ൻ സ്ത്രീകളിൽ വരികയാണെങ്കിൽ അവർക്കു സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സ്ട്രോക് സാധ്യത തടയാനാവശ്യമായ ചികിത്സകൾ സ്വീകരിക്കേണ്ടതുണ്ട്.

സ്ത്രീകൾക്കു തലവേദന കൂടുതലാണോ? ആർത്തവ സമയത്തു തലവേദന കൂടുന്നത് എന്തുകൊണ്ടാണ്?

താരതമ്യേന സ്ത്രീകളിൽ തലവേദന കൂടുതലാണ്. മൈഗ്രെയ്ൻ തലവേദനയും ടെൻഷൻ തലവേദനയും സ്ത്രീകളിൽ വളരെ കൂടുതലാണ്. സ്ത്രീകളിലെ പ്രധാന ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയി ൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു പ്രധാന കാരണമായി കരുതുന്നത്. സ്ത്രീകളിൽ ആർത്തവ സമയങ്ങളിൽ പ്രത്യേകിച്ചും ആർത്തവം തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തലവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനോടൊപ്പം ഛർദിയും ഉണ്ടാകാം. ഇതാണ് മെൻസ്ട്രുവൽ മൈഗ്രെയ്ൻ. ഈ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ് ഈ തലവേദനയ്ക്കും കാരണം.

ഡോ. ശ്യാംലാൽ എസ്.

സീനിയർ കൺസൽറ്റന്റ്, ന്യൂറോളജി വിഭാഗം,

കിംസ് ഹെൽത്,

തിരുവനന്തപുരം

Tags:
  • Manorama Arogyam