Monday 28 February 2022 04:37 PM IST

കഫപരിശോധന പ്രയാസം; തെറ്റായ രോഗനിർണയത്തിനും സാധ്യത: കുട്ടികളിലെ ക്ഷയരോഗനിയന്ത്രണത്തിലെ വെല്ലുവിളികൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

retert5

2025 ഒാടു കൂടി ക്ഷയരോഗനിർമാർജനം എന്ന വലിയ ലക്ഷ്യത്തിലാണ് നമ്മുടെ രാജ്യം. അതിനായുള്ള യാത്രയിലെ പ്രധാനപ്പെട്ടോരു നാഴികക്കല്ലാണ് കുട്ടികളിലെ ക്ഷയരോഗനിയന്ത്രണം. ലോകമാകെ നോക്കിയാൽ ഒാരോ വർഷവും 15 വയസ്സിൽ താഴെയുള്ള 10 ലക്ഷം കുട്ടികൾ വീതം ക്ഷയരോഗബാധിതരാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്. രണ്ടുലക്ഷത്തിലേറെ കുട്ടികൾ തന്മൂലം മരണപ്പെടുന്നുമുണ്ട്. ആഗോളതലത്തിലുള്ള ക്ഷയരോഗികളിൽ 22 ശതമാനം പേരുള്ള ഇന്ത്യയിലാകട്ടെ രണ്ടരലക്ഷത്തോളം കുട്ടികൾ ക്ഷയരോഗബാധിതരാണത്രെ.

പകരുന്ന വഴി

ക്ഷയരോഗബാധിതരായവർ ചുമയ്ക്കുമ്പോഴും മറ്റും ബാക്ടീരിയ വായുമാർഗ്ഗം കുട്ടികളിലെത്താം. അതുകൊണ്ടുതന്നെ ക്ഷയരോഗബാധിതരോടൊപ്പം താമസിക്കുകയും ഇടപഴകുകയും ചെയ്യുന്ന കുട്ടികൾക്ക് രോഗബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. ശ്വാസകോശങ്ങളിലെത്തുന്ന ബാക്ടീരിയ അവിടെ വച്ചു പെരുകി ലിംഫ് വെസ്സൽസ് വഴി ശരീരത്തിൽ വ്യാപിച്ച് ലിംഫ് നോഡുകളിൽ എത്തുന്നു. ബാക്ടീരിയ ശരീരത്തിലെത്തി ആഴ്ചകൾക്കുള്ളിൽ ശരീരം രോഗാണുവിനെതിരെയുള്ള പ്രതിരോധപ്രതികരണം രൂപപ്പെടുത്തും. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലാണെങ്കിൽ ആദ്യ 12 മാസത്തിനുള്ളിൽ തന്നെ അണുബാധ രോഗമായി മാറാം. രോഗപ്രതിരോധസംവിധാനം ശക്തമായിട്ടുള്ള കുട്ടികളുടെ ശരീരത്തിൽ രോഗാണു എത്തിയാലും പ്രതിരോധപ്രതികരണം തന്നെ ബാക്ടീരിയ പെരുകുന്നത് തടയും. പ്രതിരോധസംവിധാനം ദുർബലമായിട്ടുള്ള കുഞ്ഞുങ്ങളിൽ അണുബാധ ക്ഷയരോഗമായി മാറാം. നാലു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ടിബി രോഗാണുബാധ അസുഖമായി മാറാനുള്ള സാധ്യത കൂടുതലുള്ളത്.

രോഗനിർണയം എങ്ങനെ?

മൂന്നു ഘടകങ്ങൾ പരിഗണിച്ചാണ് സാധാരണഗതിയിൽ കുട്ടികളിൽ ക്ഷയരോഗനിർണയം നടത്തുന്നത്. 1. വിട്ടുമാറാത്ത പനി, മൂന്ന് ആഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചുമ, ഭാരം കുറയുക എന്നീ ലക്ഷണങ്ങൾ. 2. എക്സ് റേ പരിശോധന. മാന്റോ/ഇഗ്രാ പരിശോധന എന്നിവയുടെ ഫലം 3. രോഗബാധിതരുമായുള്ള സമ്പർക്കം.

കുട്ടികളിൽ ക്ഷയരോഗനിർണയത്തിനായി തൊലിപ്പുറത്തു നടത്തുന്ന മാന്റോ പരിശോധന ഇപ്പോൾ ദേശീയക്ഷയരോഗനിർമാർജന പദ്ധതിയുടെ ഭാഗമല്ല. ഇഗ്രാ എന്ന രക്തപരിശോധനയാണ് നിലവിൽ കൊച്ചുകുട്ടികളിൽ ലേറ്റന്റ് ടിബിക്കും ടിബി നിർണയത്തിനുമൊക്കെ ഉപയോഗിക്കുന്നത്. പക്ഷേ, ഈ പരിശോധന എല്ലായിടത്തും വ്യാപകമല്ല. മാന്റോ പരിശോധനയ്ക്ക് പകരമുള്ള ഒരു പുതിയ സ്കിൻ ടെസ്റ്റ് ഉടൻ വരുമെന്നാണ് പറയുന്നത്.

‘‘സാധാരണ മുതിർന്നവരിൽ കഫ പരിശോധനയാണ് ക്ഷയരോഗനിർണയത്തിന്റെ പ്രധാനമാർഗ്ഗം. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിൽ കഫ പരിശോധന നടത്താം. എന്നാൽ കൊച്ചുകുട്ടികളിൽ കഫ പരിശോധന പല കാരണങ്ങൾ കൊണ്ടും പ്രായോഗികമല്ല. ഒന്നാമത്തെ കാര്യം കൊച്ചുകുട്ടികൾക്ക് കഫം കാർക്കിച്ചുതുപ്പാൻ പ്രയാസമാണെന്നതാണ്. പ്രത്യേകിച്ച് രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ. രണ്ടാമത്, കുട്ടികളിൽ കഫത്തിൽ അണുക്കളുടെ സാന്നിധ്യം കുറവായിരിക്കും. ’’വിതുര താലൂക്ക് ഹോസ്പിറ്റലിലെ ഡോ. അഞ്ജു കെ. കണ്മണി പറയുന്നു.

കുട്ടികൾ പലപ്പോഴും കഫം വിഴുങ്ങാറുണ്ട്. അതുകൊണ്ട്, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ആമാശയത്തിലേക്ക് ഒരു ട്യൂബ് ഇട്ട് (Ryles tube) കഫം എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുന്ന രീതിയും നിലവിലുണ്ട്. പക്ഷേ, ക്ഷയരോഗമുള്ള കുട്ടികളിൽ ഗ്യാസ്ട്രിക് സാംപിൾ പരിശോധിച്ചാലും അതിൽ നിന്നു സ്പുട്ടം പൊസിറ്റിവിറ്റി കിട്ടുന്നതു കുറവാണെന്നത് ഒരു പോരായ്മയാണ്.

‘‘കൊച്ചുകുട്ടികളിൽ ചുമയും പനിയും ഭാരക്കുറവുമൊക്കെ മറ്റു രോഗങ്ങളുടെ ലക്ഷണമായും വരാം. അതിന് ആന്റിബയോട്ടിക് മരുന്ന് നൽകുമ്പോൾ താൽക്കാലികമായി ക്ഷയരോഗത്തിനും ശമനം വരാം. അതുകൊണ്ടു തന്നെ ക്ഷയരോഗത്തിന്റെ കാര്യത്തിൽ കുട്ടികളിൽ ശരിയല്ലാത്ത രോഗനിർണയത്തിനും ഒാവർ ഡയഗ്നോസിസിനും സാധ്യത കൂടുതലാണ്. ഇക്കാര്യം ചികിത്സകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ’’ തൃശൂരിലെ ശിശുരോഗവിദഗ്ധനായ ഡോ. ടി എം. ആനന്ദകേശവൻ പറയുന്നു.

ഇക്കാര്യം കൊണ്ടുതന്നെ രോഗബാധ ശക്തമായി സംശയിക്കുന്ന കുട്ടികളിൽ പോലും കൃത്യമായി രോഗസമ്പർക്ക ചരിത്രം എടുക്കുകയും എക്സ് റേ പരിശോധന നടത്തുകയും ഒക്കെ ചെയ്തതിനു ശേഷം മാത്രമേ ക്ഷയരോഗമാണെന്ന് ഉറപ്പിക്കാനാകൂ.

‘‘പലപ്പോഴും ക്ഷയരോഗബാധം ബാധിച്ചയാളിൽ നിന്നും പുറകോട്ടുള്ള തിരഞ്ഞുപോക്കിലാകും കുട്ടികളിലെ ക്ഷയരോഗബാധ കണ്ടെത്താനാവുന്നത്. അതായത് ക്ഷയരോഗം ബാധിച്ചയാളുമായി നേരിട്ട് ഇടപഴകിയിട്ടുള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് അവരിൽ സ്ക്രീനിങ് നടത്തുകയാകും കൂടുതൽ ഫലപ്രദവും പ്രായോഗികവും ആയുള്ളത്. നിലവിൽ ഇക്കാര്യം ഏറെ ഫലപ്രദമായി തന്നെ ചെയ്യുന്നുണ്ട്. ’’ ഡോ. അഞ്ജു കെ കണ്മണി പറയുന്നു.

ലിംഫ്നോഡ് ടിബി സാധാരണം

ക്ഷയരോഗം രണ്ടുതരമുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന പൾമനറി ടിബിയും മറ്റു ശരീരഭാഗങ്ങളെ ബാധിക്കുന്ന എക്സ്ട്രാ പൾമനറി ടിബിയും അസ്ഥികൾ, ലിംഫ്നോഡുകൾ, തലച്ചോറ്, കുടൽ എന്നിവയെ ബാധിക്കുന്ന ടിബി എക്സ്ട്രാപൾമനറി ടിബിയിൽ പെടുന്നു.‘‘ കേരളത്തിലെ കുട്ടികളിൽ പൊതുവേ ഏറ്റവും സാധാരണമായി കണ്ടെത്തുന്നത് ലിംഫ്നോഡ് ടിബിയാണ്. ഇതു മറ്റു ടിബികളെ അപേക്ഷിച്ച് കണ്ടെത്താൻ എളുപ്പവുമാണ്. മറ്റു ടിബി ലക്ഷണങ്ങൾക്കൊപ്പം ലിംഫ് നോഡ് അഥവാ കഴലകൾ വീങ്ങുക, കഴലകളുടെ വലുപ്പം കൂടുക, കൂടുതൽ കഴലകൾ ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ.

കുട്ടികളിൽ ടിബി രോഗം തീവ്രമായുള്ള പ്രശ്നങ്ങളും ഇപ്പോൾ കുറവാണ്. ശ്വാസകോശത്തെ ബാധിച്ചാലും നേരിയതോതിലുള്ള പ്രശ്നങ്ങളെ കാണാറുള്ളൂ പണ്ടൊക്കെ തലച്ചോറിനെ ടിബി ബാധിച്ച് ട്യൂബർക്കുലോസിസ് മെനിൻജൈറ്റിസ് പോലുള്ള സങ്കീർണതകളുമായി കുട്ടികളെ കൊണ്ടുവരുമായിരുന്നു. ഇന്ന് ഇത്തരം സങ്കീർണതകളൊക്കെ വളരെ കുറഞ്ഞു. . അതേപോലെ തന്നെ കുട്ടികളിലെ ടിബി പകരാനുള്ള സാധ്യതയും കുറവാണ്. മുതിർന്നവരിൽ നിന്നു കുട്ടികൾക്ക് ടിബി ലഭിക്കുമെങ്കിലും ഒരു കുട്ടിയിൽ നിന്നും മറ്റൊരു കുട്ടിയിലേക്ക് പകരാൻ സാധ്യത കുറവാണ്.’’ ഡോ. ആനന്ദകേശവൻ പറയുന്നു.

drs43345 ഡോ. അഞ്ജു കെ. കണ്മണി, ഡോ. ടി. എൻ ആനന്ദകേശവൻ

മരുന്നും പ്രതിരോധവും

കുട്ടികളിലെ ക്ഷയരോഗത്തിന്റെ ചികിത്സ മുതിർന്നവരുടേതിൽ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ല. ശരീരഭാരത്തിനനുസരിച്ചാണ് മരുന്നിന്റെ ഡോസ് തീരുമാനിക്കുന്നത്. നിലവിൽ ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻ അഥവാ പല മരുന്നുകൾ ചേർത്ത്ുള്ള ഒറ്റ മരുന്നായും ടിബി മരുന്നു കുട്ടികൾക്ക് ലഭ്യമാണ്.

പാർശ്വഫലങ്ങളെ പേടിച്ച് മരുന്നു നൽകാൻ മടിക്കുന്നതിൽ അർഥമില്ല. കൃത്യമായ പഠനത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണ് ടിബി മരുന്ന് വിപണിയിലെത്തുന്നത്. എങ്കിലും ഏതൊരു മരുന്നിനും വരാവുന്നതുപോലുള്ള പാർശ്വഫലങ്ങൾ ടിബി മരുന്നിനും വന്നേക്കാം. നിശ്ചിത ഇടവേളകളിൽ നടത്തുന്ന ഫോളോ അപ് പരിശോധനകൾ ഇത്തരം ചെറിയ പ്രശ്നങ്ങൾ പോലും കണ്ടെത്തുന്നതിനും പരിഹാരം ഉണ്ടാക്കുവാനും സഹായിക്കും.

ഡ്രഗ് റെസിസ്റ്റന്റ് ടിബി യുടെ കാര്യത്തിൽ മരുന്നുപയോഗവും ഡോസും ഏറെ വ്യത്യസ്തമാണ്. ഡ്രഗ് റെസിസ്റ്റന്റ് ടിബിയുടെ ചികിത്സ നിശ്ചയിക്കുന്നതിന് പ്രത്യേകം സംവിധാനം തന്നെ നിലവിലുണ്ട്. കുട്ടികളിൽ മരുന്നുകളോടു പ്രതിരോധമുള്ള ക്ഷയേരാഗം അത്ര സാധാരണമല്ല.

കുട്ടികളിലെ ലേറ്റന്റ് ടിബി

സാധാരണഗതിയിൽ ടിബി അണുബാധയുണ്ടാകുന്ന എല്ലാവരിലും അതു രോഗമായി മാറുന്നില്ല. 30 ശതമാനം ആളുകളിൽ മാത്രമാണ് അണുബാധ ക്ഷയരോഗമായി മാറുന്നത്. ഒരു വയസ്സുള്ള 50 ശതമാനം കുട്ടികളിലും ഒരു വയസ്സിനും അഞ്ചു വയസ്സിനുമിടയിലുള്ള 25 ശതമാനം കുട്ടികളിലും ടിബി അണുബാധ ക്ഷയരോഗമായി മാറാം എന്നാണ് കണക്കുകൾ.

ചിലരിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും അസുഖലക്ഷണം കാണിക്കാതെ (dormant) കഴിയും. ഇതിനാണ് ലേറ്റന്റ് ടിബി എന്നു പറയുന്നത്. വർഷങ്ങൾക്കു ശേഷം എന്തെങ്കിലും കാരണത്താൽ പ്രതിരോധസംവിധാനം ദുർബലമാവുമ്പോൾ ഈ നിർജീവമായിക്കിടന്ന അണുക്കൾ സജീവമായി രോഗമായി രൂപാന്തരപ്പെടാം. ആഗോളതലത്തിലുള്ള ക്ഷയരോഗ കണക്കുകൾ നോക്കിയാൽ നല്ലൊരു ശതമാനം ലേറ്റന്റ് ടിബി ബാധിതരിലും പിന്നീട് അത് രോഗമായി മാറുന്നതായി കാണുന്നു. ഈ കോവിഡ് കാലത്ത് നാം അതു നേരിട്ടു കണ്ടതുമാണ്. പ്രമേഹരോഗമുള്ളവരിലും മറ്റും കോവിഡിനു ശേഷം ക്ഷയരോഗം രൂപപ്പെടുന്നത് വർധിച്ച തോതിൽ കണ്ടിരുന്നു. അതുകൊണ്ടു തന്നെ ക്ഷയരോഗത്തെ നിർമാർജനം ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ ലേറ്റന്റ് ടിബിയേയും നമ്മൾ ചികിത്സിക്കേണ്ടതുണ്ട്.

‘‘കേരളം ലേറ്റന്റ് ടിബിയുടെ കാര്യത്തിലാണ് നിലവിൽ ശ്രദ്ധയൂന്നിയിരിക്കുന്നത്. അതിന്റെ ഭാഗമായി ക്ഷയരോഗം ബാധിച്ചവരുമായി സമ്പർക്കമുണ്ടായ , അസുഖലക്ഷണം ഇല്ലാത്ത കുട്ടികളിൽ ലേറ്റന്റ് ടിബി ഉണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ അവർക്ക് അതിനുള്ള മരുന്ന് നൽകുകയും ചെയ്യുന്ന രീതിയുണ്ട്. പക്ഷേ, ഇതിലും വെല്ലുവിളികളുണ്ട്. യാതൊരു രോഗലക്ഷണവുമില്ലാത്ത കുട്ടിക്ക് മാസങ്ങളോളം മരുന്നു നൽകാൻ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന് കൃത്യമായ കൗൺസലിങ് കൂടി നൽകേണ്ടിവരും. ’’ ഡോ. അ‍ഞ്ജു പറയുന്നു.

xwd3r

ടിബി ഫ്രീ എയർ

കുട്ടികളിൽ ക്ഷയരോഗബാധ തുടക്കത്തിലേ തന്നെ കണ്ടെത്തുന്ന കാര്യത്തിൽ ദേശീയ ക്ഷയരോഗനിർമാർജന പദ്ധതി ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പണ്ടൊക്കെ ബാല ടിബി, പ്രൈമറി കോപ്ലക്സ് എന്നൊക്കെയാണ് കുട്ടികളിലെ ക്ഷയരോഗത്തിനു പറഞ്ഞിരുന്നത്. ചുമയും പനിയും മാറാതെ നിന്നാൽ കണ്ണുംപൂട്ടി ക്ഷയരോഗത്തിന്റെ മരുന്നു നൽകുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. ക്ഷയരോഗ നിർണയ മാർഗങ്ങളേക്കുറിച്ചും ചികിത്സയേക്കുറിച്ചും ശിശുരോഗവിദഗ്ധർക്ക് പരിശീലനം നൽകുന്നുണ്ട്. സർക്കാർ–സ്വകാര്യ മേഖ, ചികിത്സകർ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതു കൊണ്ട് കൃത്യമായ റിപ്പോർട്ടിങ്ങും നടക്കുന്നുണ്ട്.

ദേശീയക്ഷയരോഗനിർമാർജന പദ്ധതിയും ശിശുരോഗവിദഗ്ധരുടെ അസോസിയേഷനുകളും ചേർന്ന് കുട്ടികളിലെ ക്ഷയരോഗനിയന്ത്രണം മികച്ചതാക്കാൻ ഏറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് 2020 ൽ നടപ്പാക്കി തുടങ്ങിയ ടി ബി ഫ്രീ എയർ. രോഗനിർണയത്തിലും ചികിത്സയിലും ഉള്ള ആശയക്കുഴപ്പം മാറ്റുകയും ക്ഷയരോഗചികിത്സയ്ക്ക് ഏകീകൃത രീതി കൊണ്ടുവരികയുമായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ജില്ലാതലത്തിൽ ശിശുരോഗവിദഗ്ധർക്കായി പ്രത്യേകം പരിശീലനം നൽകുന്നു. കുട്ടികളിലെ ടിബി പരിശോധനയ്ക്കും ചികിത്സയ്ക്കും പൊതുവായ ഒരു പ്രോട്ടോക്കോൾ കൊണ്ടുവരികയും ചെയ്തു.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അഞ്ജു കെ. കണ്മണി

ജൂനിയർ കൺസൽറ്റന്റ്, താലൂക്ക് ഹോസ്പിറ്റൽ, വിതുര, തിരുവനന്തപുരം

 

ഡോ. ടി. എം. ആനന്ദകേശവൻ

ശിശുരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ