Thursday 28 September 2023 10:39 AM IST : By മനോരമ ആരോഗ്യം ഹെല്‍ത്ത് വിന്‍ഡോ

പക്ഷാഘാത വൈകല്യങ്ങളെ മാറ്റാൻ റോബട്ട് റീഹാബിലിറ്റേഷൻ; ബിപിയും ഇസിജിയും ഒാക്സിജൻ നിരക്കും വീട്ടിൽ തന്നെ പരിശോധിക്കാൻ പദ്മ വൈറ്റൽസ്...

healthwin1

മെഡിക്കൽ രംഗത്ത് പുത്തൻ ഉപകരണങ്ങളുടെ കാര്യത്തിലും നൂതന ടെക്നോളജികളുടെ കാര്യത്തിലും വലിയ വിപ്ലവമാണ് നടക്കുന്നത്. നിലവിലുള്ള ചികിത്സകളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടെക്നോളജികൾ വരുന്നു. കോവിഡ് കാലത്തിന്റെ തുടർച്ച പോലെ ആശുപത്രികളിലേക്കു നേരിട്ടെത്താതെ പരിശോധനകൾ നടത്താനുള്ള റിമോട്ട് മോണിട്ടറിങ് സംവിധാനങ്ങൾ പോലുള്ള നൂതന മെഡിക്കൽ ഉപകരണങ്ങൾ കൂടുതൽ കൂടുതൽ വരുന്നു. ഇത്തരത്തിലുള്ള രണ്ടു പുതിയ സംവിധാനങ്ങളെയാണ് ഹെൽത് വിൻഡോയിൽ പരിചയപ്പെടുത്തുന്നത്. 

വയറിനു കുറുകെ കെട്ടുന്ന ഒരു ബെൽറ്റ് വഴി ബിപിയും ഇസിജിയുമുൾപ്പെടെയുള്ള സുപ്രധാന അളവുകൾ അറിയാൻ സഹായിക്കുന്ന പദ്മ വൈറ്റൽസ് മോണിട്ടറിങ് സംവിധാനം, നാഡീപരമായ വൈകല്യങ്ങളെ വളരെ ചുരുങ്ങിയ കാലം കൊണ്ട്  അതിജീവിക്കാൻ രോഗികളെ സഹായിക്കുന്ന റോബോട്ടിക് ന്യൂറോ റീഹാബിലിറ്റേഷൻ എന്നിവയെക്കുറിച്ച് വിശദമായി അറിയാം. 

ചലനശേഷി തിരിച്ചു പിടിക്കാൻ  റോബോട്ടിക് റീഹാബിലിറ്റേഷൻ

ജീവിതശൈലി മൂലം ലോകമെമ്പാടുമുള്ള സ്ട്രോക്ക് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. 55 വയസിനു മുകളിലുള്ള ആളുകൾ തന്നെ ഇതിന് ഇരയാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഇപ്പോഴിത് യുവാക്കളിലും കൂടുതലായി കണ്ടുവരുന്നുണ്ട്. 

മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വിഷമതകൾ വലുതാണ്. ശാരീരിക വിഷമതകൾക്കു പുറമെ സ്ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. അതിനാൽ സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം. ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. എന്നാൽ പക്ഷാഘാത രോഗികളെ ചികിത്സിക്കാൻ പരമ്പരാഗത രീതി ഉപയോഗിക്കുന്നതിന് ഏറെ സമയം ആവശ്യമാണ്. ഈ സമയക്കൂടുതൽ പൂർണാരോഗ്യത്തോടെ തിരിച്ചുവരാനുള്ള രോഗിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു.

സ്ട്രോക്ക് അതിജീവിക്കുന്നവരെ പോലെ തന്നെ വീണ്ടെടുക്കൽ സമയം വളരെയധികം ആവശ്യമായി വരുന്ന മറ്റൊരു അവസ്ഥയാണ് പാർക്കിൻസൺസ് രോഗം. പാർക്കിൻസൺസ് രോഗം (പിഡി) ലോകമെമ്പാടും ആളുകളെ വലിയ അളവിൽ ബാധിക്കുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡർ ആണ്. 20 പേരിൽ ഒരാൾക്ക് 40 വയസിന് മുമ്പ് ഇതിൽ രോഗനിർണയം നടക്കുന്നു. 65 വയസിന് മുകളിലുള്ള ഓരോ 1000 പേരിൽ 18 പേർക്കും ഈ രോഗം ബാധിക്കുന്നു.

ചലനശേഷി നഷ്ടമായേക്കാവുന്ന മറ്റൊരു അവസ്ഥയാണ് സ്പൈനൽ കോഡിനു സംഭവിക്കുന്ന പരുക്കുകൾ. ഇന്ത്യയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ സ്പൈനൽ കോഡ് ഇഞ്ചുറിയിൽ അകപ്പെട്ടിരിക്കുന്നു. ഓരോ വർഷവും ഏകദേശം 20000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രോഗികൾക്കെല്ലാം ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ഏകോപിപ്പിച്ചുള്ള സമീപനം ആവശ്യമാണ്.

പക്ഷാഘാത രോഗികളെ സഹായിക്കുന്നതിൽ ന്യറോ റീഹാബിലിറ്റേഷൻ ചികിത്സയ്ക്ക് പ്രധാന പങ്കുവയ്ക്കാനാകും. പക്ഷാഘാത രോഗികൾക്കുള്ള ന്യൂറോ റീഹാബിലിറ്റേഷന്റെ പ്രധാന ഘടകമാണ് ഫിസിക്കൽ തെറാപ്പി. പേശികളുടെ ശക്തി, വഴക്കം, ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത വ്യായാമങ്ങളും പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചലനാത്മകത, ബാലൻസ്, സ്വാതന്ത്ര്യം എന്നിവ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂറോ റീഹാബിലിറ്റേഷൻ ഇഷ്ടാനുസൃത ചികിത്സാ പദ്ധതികൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.

ന്യൂറോ റീഹാബിലിറ്റേഷനിൽ റോബോട്ടിക് സാങ്കേതിക ഉപയോഗിക്കുന്നത് പക്ഷാഘാത രോഗികളെ വളരെ ചുരുങ്ങിയ കാലയളവിൽ പൂർണാരോഗ്യ സ്ഥിതിയിലേക്ക് എത്തിക്കാൻ സഹായിക്കും. ചലനവൈകല്യമുള്ള വ്യക്തികളുടെ പുനരധിവാസത്തിൽ റോബോട്ടിക് ഗെയ്റ്റ് പരിശീലനത്തിന്റെ സാധ്യത വളരെ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അംഗീകരിക്കുന്നു.

ന്യൂറോ റീഹാബിലിറ്റേഷനിൽ റോബോട്ടിക് ചികിത്സയ്ക്ക് സാങ്കേതിക പുരോഗതിയിലൂടെ മെച്ചപ്പെട്ട പ്രവേശനക്ഷമത വാഗ്ദാനം ചെയ്യാനാകും. കൂടാതെ റിമോട്ട് കൺസൺട്ടേഷനുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ടെലി–റീഹാബിലിറ്റേഷൻ പ്രോഗ്രാമുകൾ എന്നിവ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ ക്രമീകരണങ്ങളിൽ തെറാപ്പി സ്വീകരിക്കാൻ അനുവദിക്കുന്നു. ബാലൻസ് മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന സ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനും രോഗികളെ സഹായിക്കുന്നതിന് എക്സോസ്കെലിറ്റൺ, റോബോട്ടിക അവയവങ്ങൾ, വെർച്വൽ റിയാലിറ്റി ഫ്ലാറ്റ്ഫോമുകൾ എന്നിവ പോലുള്ള ഈ റോബോട്ടിക് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. വളരെ ആവർത്തനവും ടാസ്ക്–നിർദിഷ്ടവുമായ വ്യായാമങ്ങൾ നൽകുന്നതിലൂടെ റോബോട്ടിക് ന്യൂറോ റിഹാബിലിറ്റേഷന്റെ ന്യൂറോ റിക്കവറി ഒപ്റ്റിമൈസ് ചെയ്യാനും പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും.

റോബോട്ടിന്റെ സഹായത്തോടുകൂടി ചെയ്യുന്നത് സങ്കീർണമമായ ഇടപെടലുകളിൽ തെറാപ്പിസ്റ്റുകളുടെ സമയം ലാഭിക്കുകയും ചെയ്യും.

റോബോട്ടിക് ന്യൂറോ റീഹാബിലിറ്റേഷൻ നാഡീസംബന്ധമായ വിവിധ അവസ്ഥകളിലുള്ള രോഗികളെ സഹായിക്കുന്നു. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റ വ്യക്തികൾക്ക് റോബോട്ടിക് എക്സോസ്കെലിറ്റണുകളിൽ നിന്ന് പ്രയോജനം നേടാം. ഇത് കൂടുതൽ സ്ഥിരതയോടെ നിൽക്കാനും നടക്കാനും അവരെ പ്രാപ്തരാക്കുന്നു. മസ്തിഷ്ക ക്ഷതം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് തുടങ്ങിയ അവസ്ഥകൾക്കും പ്രത്യേക വൈകല്യങ്ങളിൽ കഴിയുന്ന രോഗികൾക്കും റോബോട്ടിക് റീഹാബിലിറ്റേഷനിലൂടെ വേഗത്തിൽ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിൽ എത്താനാകും.

ജി ഗെയ്റ്റർ

robotic32432

21–ാം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും റോബോട്ടിക്സിനെ എത്തിക്കുന്നു. ഇത്തരത്തിൽ കേരളത്തിന്റെ ന്യൂറോ റോബോട്ടിക് റീഹാബിലിറ്റേഷൻ രംഗത്ത് തരംഗം സൃഷ്ടിക്കുന്ന നിരവധി ഉത്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ട്പ്പ് കമ്പനിയായ ജൻറോബോട്ടിക്സ് വികസിപ്പിച്ച ജി–ഗൈറ്റർ. ജി ഗൈറ്ററിന്റെ എ.ഐ–പവേർഡ് നാച്ചുറൽ ഹ്യൂമൻ ഗെയ്റ്റ് പാറ്റേൺ മികച്ച കാര്യക്ഷമതയും രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും സ്ഥിരതയും ഗുണനിലവാരവും വർധിപ്പിക്കുന്നു. ഓരോ രോഗിയുടെയും ആവശ്യത്തിനനുസരിച്ച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയാറാക്കാൻ സഹായിക്കുന്ന ജി.ഗൈറ്റർ പ്രൊഫഷണലുകളുടെ സമയവും ലാഭിക്കും.

ഇന്ത്യയിലെ പക്ഷാഘാത രോഗികളുടെ നിരക്കിനേക്കാളും 1.63 മടങ്ങ് കൂടുതലാണ് കേരളത്തിലേത്. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ആശുപത്രികളിലെ ഫിസിയാട്രി ഡിപ്പാർട്ട്മെന്റിന് റോബോട്ടിക് സാങ്കേതികവിദ്യ പോലുള്ള പുത്തൻ ചികിത്സാ രീതികൾ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. മികച്ച ഫിസിക്കൽ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷൻ ചികിത്സ ലഭിച്ചാൽ മാത്രമേ രോഗികൾക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകുകയുള്ളൂ.

പദ്മ വൈറ്റൽസ് മോണിട്ടറിങ് സംവിധാനം

padma5345 ഇൻസെറ്റിൽ അജാക്സ് തോമസ്, പ്രവീൺ എൽ മൂർത്തി, ആനന്ദ് മദനഗോപാൽ

ഒരൊറ്റ ഉപകരണം വഴി ബിപി, ഹാർട്ട് റേറ്റ്, പ്രാണവായു നിരക്ക്, ശരീരതാപനില, ഇസിജി വരെയുള്ള അഞ്ച് സുപ്രധാന അളവുകൾ ഐസിയുവിൽ നിരീക്ഷിക്കുന്നത്ര കൃത്യതയിൽ അറിയാനാവുക... വീട്ടിലിരുന്നു തന്നെ ഇവയൊക്കെ പരിശോധിക്കാനും ഫലം ഒരു വിദഗ്ധ ഡോക്ടർക്ക് അയച്ചുകൊടുത്ത് തുടർചികിത്സ സംബന്ധമായ നിർദേശം സ്വീകരിക്കാനും സാധിക്കുക. പദ്മ വൈറ്റൽസ് എന്ന മോണിട്ടറിങ് സംവിധാനത്തിന്റെ പ്രത്യേകതയാണ് മുകളിൽ പറഞ്ഞത്.

കോവിഡിന്റെ സമയത്താണ് പദ്മ വൈറ്റൽസ് എന്ന ഉപകരണത്തിന്റെ ആശയം രൂപപ്പെടുന്നത്. പദ്മാവതി അയ്യർ എന്ന ഇന്ത്യയിലെ ആദ്യത്തെ കാർഡിയോളജി വിദഗ്ധയുടെ പേരിൽ നിന്നാണ് പദ്മ വൈറ്റൽസ് എന്ന പേരു രൂപപ്പെടുത്തുന്നത്. ഉപകരണത്തിനു വേണ്ടുന്ന സാങ്കേതികവിദ്യയും കാർഡിയാക് ഡിസൈൻ ലാബ് തന്നെയാണ് വികസിപ്പിച്ചിരിക്കുന്നത്. അജാക്സ് തോമസ്, പ്രവീൺ എൽ മൂർത്തി, ആനന്ദ് മദനഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള കാർഡിയാക് ഡിസൈൻ ലാബ്സ് ആണ് പദ്മ വൈറ്റൽസ് രൂപകൽപന ചെയ്തിരിക്കുന്നത്.

‘‘ഇസിജി, ഹാർട്ട് റേറ്റ്, റെസ്പിരേറ്ററി നിരക്ക്, ശരീരതാപനില, ഒാക്സിജനേഷൻ ലെവൽ, ബിപി ഇവയാണ് പദ്മ വൈറ്റൽസ് വഴി അറിയാനാവുക. ഇങ്ങനെ അഞ്ചു ഘടകങ്ങൾ ഒരുമിച്ച് ഒരേ മോണിറ്ററിൽ കിട്ടുമെന്നതു തന്നെയാണ് പദ്മ വൈറ്റൽസിന്റെ പ്രത്യേകതയും.

കയ്യിൽ പിടിക്കാവുന്നത്ര വലുപ്പമേയുള്ളൂ ഉപകരണത്തിന്. മാത്രമല്ല ഇതു ശരീരത്തിൽ ധരിച്ചുകൊണ്ടു നടക്കുകയും ചെയ്യാം. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണത്തിനായുള്ള വാർഡുകളിലും ആംബുലൻസുകളിലും മുഴുവൻ സമയ ഐസിയു മോണിട്ടറിങ് വേണ്ടാത്ത സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കാം.

വീടുകളിലോ മറ്റോ വച്ചു മോണിറ്റർ ചെയ്യാനും (Remote monitoring) ഇന്റർനെറ്റ് വഴി വിദഗ്ധകേന്ദ്രങ്ങളിലേക്ക് പരിശോധനാഫലം അയച്ചുകൊടുക്കാനും സാധിക്കും. ലോകത്ത് എവിടെ നിന്നു വേണമെങ്കിലും പരിശോധിച്ച് രണ്ടു സെക്കൻഡിനുള്ളിൽ പരിശോധനാഫലം അയച്ചുകൊടുക്കാം. കുറഞ്ഞ ഡേറ്റാ മതി പരിശോധനാഫലം കൈമാറാൻ. ഗ്രാമീണ മേഖലകളിൽ പോലും ഉപയോഗിക്കാം.

ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്ക് പരിശോധനകൾക്കായി അടിക്കടിയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കാൻ ഈ സംവിധാനം ഉപകാരപ്പെടും.

ഐഎസ്ഒ 60601-2- 47 എന്ന സ്റ്റാൻഡേഡ് അനുസരിച്ചുള്ള പരിശോധനകൾ നടത്തി കൃത്യതയുള്ളതാണെന്നു കണ്ടെത്തിയ ശേഷമാണ് ഉപകരണം വിപണിയിലിറക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ചില ആശുപത്രികളിലും ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ചില സുരക്ഷാ പോസ്റ്റുകളിലുമൊക്കെ ഈ ഉപകരണം നിലവിൽ ഉപയോഗിക്കുന്നുണ്ട്’’. അജാക്സ് തോമസ് പറയുന്നു.

ആശുപത്രികളിൽ ഉപയോഗിക്കുമ്പോൾ ഒരു കേബിൾ ഉപയോഗിച്ച് ഇലക്ട്രോഡുകൾ നേരിട്ടു ശരീരത്തിലേക്കു ഘടിപ്പിക്കാം. വീടുകളിലോ മറ്റോ വച്ചു നോക്കാനാണെങ്കിൽ ഈ ഉപകരണം അതിനോടൊപ്പമുള്ള ബെൽറ്റിൽ ഘടിപ്പിച്ചിട്ട് ബെൽറ്റ് വയറിനു ചുറ്റും കെട്ടുക. തുടർന്ന് അതിലെ ക്ലിപ് കയ്യിലും ഘടിപ്പിക്കുക. ഈ രീതിയിൽ ബൽറ്റ് വഴി ഇസിജിയും റസ്പിരേറ്ററി നിരക്കും ഹാർട്ട് േററ്റും താപനിലയുമൊക്കെ അളക്കാം. ബിപിയും ഒാക്സിജനേഷൻ നിരക്കും കയ്യിൽ പിടിപ്പിക്കുന്ന ക്ലിപ്പിൽ നിന്നും ലഭിക്കും. അതായത്, ഒരേ സമയത്ത് തന്നെ അഞ്ചു കാര്യങ്ങളും മോണിട്ടർ ചെയ്യാനാകും.

നിലവിൽ രണ്ടു രീതിയിലാണ് മാർക്കറ്റ് ചെയ്യുന്നത്. പണം കൊടുത്ത് മാസ വാടകയ്ക്ക് ഉപയോഗിക്കുന്ന രീതിയിലും സ്വന്തമായി വാങ്ങി ഉപയോഗിക്കുന്ന രീതിയിലും ഈ ഉപകരണം ഉപയോഗിക്കാം. 65,000 ആണ് എംആർപി.

പദ്മ വൈറ്റൽസ് കൂടാതെ രോഗികളിലെ ഹൃദയമിടിപ്പിലെ താളപ്പിഴകൾ നിർണയിക്കാനുള്ള മോണിട്ടറിങ് പാച്ച് ഉൾപ്പെടെ ഒട്ടേറെ മറ്റു മെഡിക്കൽ ഉപകരണങ്ങളും കാർഡിയാക് ഡിസൈൻസിന്റേതായി വിപണിയിലിറക്കുന്നുണ്ട്. ബാംഗ്ലൂരിലെ വൈറ്റ് ഫീൽഡിലുള്ള കാർഡിയാക് ഡിസൈൻ 2011 ലാണ് സ്ഥാപിതമായിരിക്കുന്നത്.

Tags:
  • Daily Life
  • Manorama Arogyam