കുറേ വർഷങ്ങളായി വേനൽക്കാലത്താണു ജലജന്യരോഗങ്ങൾ കാണുന്നത്. അവ മഴയോടെ കുറയുന്നു. വേനലിൽ ജലദൗർലഭ്യം ഉണ്ടായി മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതാണു കാരണം. ഇത്തവണ അതിതീവ്ര വേനലായിരുന്നല്ലോ. മഞ്ഞപ്പിത്തം പോലെ ജലജന്യ രോഗങ്ങളും വ്യാപകമായി. ഇപ്പോൾ മഴക്കാലമാണ്. മാലിന്യങ്ങളെ മഴ നീക്കിക്കളയുമെങ്കിലും ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. അധിക മഴ ലഭിക്കുമ്പോൾ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് അതു കിണറുമായി സമ്പർക്കത്തിൽ വരാം.
വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, ടൈഫോയ്‌ഡ് തുടങ്ങിയവയാണു ജലജന്യ രോഗങ്ങളിൽ പ്രധാനം. വെള്ളം ശുദ്ധീകരിക്കുക, ക്ലോറിനേറ്റു ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവ ഈ പകർച്ചവ്യാധികളെ തടയും. കിണറുവെള്ളത്തിൽ ബ്ലീച്ചിങ് പൗഡറും വെള്ളം ശുദ്ധീകരിക്കാൻ ഫിൽറ്ററുകളും ഉപയോഗിക്കാം. ഇവ രോഗാണുക്കളെ പൂർണമായി തടയില്ല.
∙ ഇ കോളിയെന്ന ആശങ്ക
ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണു മറ്റൊരു ഭയാശങ്ക. മനുഷ്യനുൾപ്പെടെ പല ജീവികളുടെയും കുടലിലും വിസർജ്യത്തിലും മലിനജലത്തിലും ഇവ കാണപ്പെടുന്നു. ഇകോളി സാന്നിധ്യമില്ലെങ്കിൽ വെള്ളം ഏറെക്കുറെ ശുചിത്വമുള്ളതാണെന്ന് അനുമാനിക്കാം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. വെള്ളം ക്ലോറിനേറ്റു ചെയ്യുക എന്നതാണു രണ്ടു പ്രതിവിധികൾ. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയാണ് ഇ കോളി മലിനീകരണം തടയുന്നതിനുള്ള മാർഗം.
∙ മാറ്റമില്ലാതെ ഡെങ്കിപ്പനി
മഴക്കാലത്തു കേരളത്തിൽ ഏറ്റവും അപകടകരമാകുന്നതു ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. ഡെങ്കിപ്പനി വർധിക്കുന്നു. എലിപ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടുതലാണ്. കേരളത്തിൽ നൂറുപേർക്കു പനി വരുമ്പോൾ 5- 25 ശതമാനം ഡെങ്കിപ്പനി ആകാമെന്നു പഠനങ്ങൾ പറയുന്നു. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ, മഴക്കാലത്തിന്റെ രണ്ടാംപാദത്തിൽ എലിപ്പനിയും വർധിക്കാം. അതിതീവ്രമഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് എലിപ്പനിക്കു സാഹചര്യമൊരുങ്ങുന്നത്. ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം. കൊതുകുനശീകരണം, ശരീരമാകെ മറയ്ക്കുന്ന വസ്ത്രധാരണം, പനിയുള്ള കുഞ്ഞുങ്ങളെ സ്കൂളിൽ വിടാതിരിക്കുക എന്നിവ ശ്രദ്ധിക്കാം. ആവശ്യമുള്ളപ്പോൾ മാത്രം ആശുപത്രിയിൽ പോകുക. ഒട്ടേറെ പകർച്ചവ്യാധികളുള്ളവരാണ് ഇപ്പോൾ ആശുപത്രിയിലെത്തുന്നത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് ടി. എസ്.
അഡീഷനൽ പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം
ഗവ. മെഡി. കോളജ്, മഞ്ചേരി