ADVERTISEMENT

കുക്കറി ഷോകൾ കാണുമ്പോൾ പലപ്പോഴും നമ്മൾ ആദ്യം ശ്രദ്ധിക്കുക അവയിൽ ഉപയോഗിക്കുന്ന പല നിറത്തിലും തിളക്കത്തിലുമുള്ള പാത്രങ്ങളാണ്. ഇത്തരം ഫാൻസി പാത്രങ്ങൾ കാഴ്ചയ്ക്ക് ഭംഗിയേറിയതാണെങ്കിലും അവയിൽ പലതും അർബുദം ഉൾപ്പെടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നവയാണ്. കാരണം മികച്ച ഫിനിഷിങ്ങിനും കാഴ്ചയിലെ ഭംഗിക്കുമായി ദോഷകരമായ പലതരം രാസവസ്തുക്കളും ഇവയിൽ ചേർക്കുന്നുണ്ട്. പാചകത്തിനു വേണ്ടുന്ന പാത്രം തിരഞ്ഞെടുക്കുമ്പോൾ മൂന്നു കാര്യങ്ങളാണ് പ്രത്യേകം മനസ്സിൽ വയ്ക്കേണ്ടത്. ഒന്ന്, ഭക്ഷണം പാചകം ചെയ്യുമ്പോൾ പോഷകനഷ്ടം ുണ്ടാകുന്നുണ്ടോ? രണ്ട് ഇതിലെ പാചകം ആരോഗ്യകരമാണോ? ഈ പാത്രങ്ങൾ വഴി എന്തെങ്കിലും വിഷാംശം പുറമേ നിന്നു ശരീരത്തിലെത്തുമോ? മൂന്നാമത്, പാത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നവയാണോ? ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളിൽ എത്രയെണ്ണത്തിന് ഈ ഗുണങ്ങളൊക്കെയുണ്ട് എന്നു പരിശോധിക്കാം.

കളിമൺ പാത്രങ്ങൾ

ADVERTISEMENT

പണ്ട് നമ്മൾ കളിമൺ ചട്ടികളും പാത്രങ്ങളാണ് പാചകത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഗ്യാസടുപ്പുകൾ വ്യാപകമായതോടു കൂടിയാണ് ഇത്തരം പാത്രങ്ങളുടെ ഉപയോഗം കുറഞ്ഞത്. ഇപ്പോൾ വീണ്ടും കളിമൺ പാത്രങ്ങൾക്ക് ആവശ്യക്കാർ കൂടുകയാണ്. ഇത്തരം പാത്രങ്ങളുപയോഗിക്കുമ്പോൾ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഈർപ്പം നിലനിർത്താൻ സാധിക്കും. അതുകൊണ്ട് കളിമൺ പാത്രത്തിലുണ്ടാക്കുന്ന മാംസവും മത്സ്യവുമൊക്കെ മൃദുവും സ്വാദേറിയതുമായിരിക്കും. വളരെ പതുക്കെ മാത്രം ചൂടാകുന്നതിനാൽ ഭക്ഷ്യവിഭവങ്ങളിലെ പോഷകങ്ങൾ നഷ്ടമാകാതെ സംരക്ഷിക്കുകയും ചെയ്യാം. പാചകസമയം വളരെ കൂടുതലാണെന്നതാണ് ഒരു ദോഷം.

ശ്രദ്ധിക്കേണ്ടത്– ഇന്നത്തെക്കാലത്ത് ചില രാസവസ്തുക്കൾ ഉപയോഗിച്ച് കളിമൺ പാത്രത്തിന് പുറമേ ഒരു തിളക്കം നൽകാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തിളക്കം കുറവുള്ള തരം പാത്രങ്ങൾ വാങ്ങുക. പുതിയതായി വാങ്ങുന്ന പാത്രം –23 മണിക്കൂർ വെള്ളത്തിലിട്ടു വച്ച് ഉരച്ചു കഴുകിയാൽ എന്തെങ്കിലും മാലിന്യങ്ങളുള്ളത് കുറേയൊക്കെ നീക്കം ചെയ്യപ്പെടും.

ADVERTISEMENT

വെങ്കല പാത്രങ്ങൾ

ആരോഗ്യകരമായ ഒന്നാണ് വെങ്കലം അഥവാ ബ്രോൺസ് പാത്രങ്ങൾ. 98 ശതമാനവും പോഷകനഷ്ടം ഒഴിവാക്കാൻ സാധിക്കും. നിക്കലും ടിന്നുമൊക്കെ ചിലപ്പോൾ ഇത്തരം പാത്രങ്ങളിൽ ചേർക്കാൻ സാധ്യതയുണ്ട്. അങ്ങനെ ചേർത്തിട്ടുണ്ടെങ്കിൽ ശരീരത്തിന് ആരോഗ്യപ്രശ്നമുണ്ടാകും.

ADVERTISEMENT

ശ്രദ്ധിക്കാൻ– പ്രശ്നങ്ങൾ ഒഴിവാക്കാൻ വില അൽപം കൂടുതലാണെങ്കിലും ബ്രാൻഡഡ് ആയ പാത്രങ്ങൾ വാങ്ങി ഉപയോഗിക്കുക. വില കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പാത്രങ്ങൾ വാങ്ങാതിരിക്കുക.

പിച്ചള പാത്രങ്ങൾ

പണ്ട് പാചകത്തിന് ഉപയോഗിച്ചിരുന്ന ലോഹമാണിത്. ഇത്തരം പാത്രങ്ങൾ ഉപയോഗിച്ചു ഭക്ഷണം പാകപ്പെടുത്തുമ്പോൾ പോഷകനഷ്ടം വളരെ കുറവാണ്.

ശ്രദ്ധിക്കാൻ– പാത്രത്തിന്റെ അടിവശത്ത് പച്ചക്കളറിൽ ക്ലാവ് പോലെ പിടിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചു പുളിയുള്ള വിഭവങ്ങൾ പാകപ്പെടുത്തുമ്പോൾ. അതുകൊണ്ട് പുളി കൂടുതലുള്ള വിഭവങ്ങൾ ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യരുത്.

ഗ്ലാസ്സ്

പുതിയതായി കടന്നുവന്ന പാചക സാമഗ്രിയാണ് ചില്ലു പാത്രങ്ങൾ. റിയാക്ട് ചെയ്യുന്ന ഒന്നല്ലാത്തതിനാൽ മൈക്രോവേവ് അവ്‌നിൽ പോലും സുരക്ഷിതമായി ഉപയോഗിക്കാം. ഗ്യാസ് അടുപ്പുകളിൽ ഉപയോഗിക്കാവുന്ന ചില്ലു പാത്രങ്ങളും ലഭ്യമാണ്. 95 ശതമാനവും പോഷകനഷ്ടം കുറയ്ക്കാം. നല്ല കട്ടിയുള്ള ഗ്ലാസ്സ് പാത്രങ്ങളാണ് പാചകത്തിനു നല്ലത്. എളുപ്പം പൊട്ടാമെന്നവതാണ് ഗ്ലാസ്സ് പാത്രങ്ങളുടെ ഒരു ദോഷവശം.

ശ്രദ്ധിക്കാൻ– ഗ്ലാസ്സ് പാത്രത്തിനു പുറമേ ലോഹം കൊണ്ടുള്ള എന്തെങ്കിലും ചിത്രപ്പണികൾ ഉണ്ടെങ്കിൽ അവ മൈക്രോവേവ് അവ്‌നിൽ വയ്ക്കരുത്. റിയാക്‌ഷൻ ഉണ്ടാകാം.

കാസ്റ്റ് അയൺ

ഇപ്പോൾ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് കാസ്റ്റ് അയൺ പാത്രങ്ങൾ. നമുക്ക് അയൺ കുറവുണ്ടെങ്കിൽ അത് ഒരു പരിധി വരെ പരിഹരിക്കാൻ ഇത്തരം പാത്രങ്ങൾ സഹായിക്കും. പാചകത്തിന്, പ്രത്യേകിച്ച് പച്ചക്കറികൾ പാകപ്പെടുത്താൻ ഏറ്റവും സുരക്ഷിതമായ ലോഹമാണിത്. ചൂടു നിലനിർത്താൻ മികച്ചവ ആയതിനാൽ മത്സ്യവും മാംസവുമൊക്കെ വറുത്തു പാകപ്പെടുത്താനും നല്ലത്.

ശ്രദ്ധിക്കേണ്ടത്– തുരുമ്പു പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ പാത്രം കഴുകിക്കഴിഞ്ഞതിനു ശേഷം വെള്ളം തുടച്ചുകളഞ്ഞ് അൽപം എണ്ണ പുരട്ടി വയ്ക്കാം.

സ്െറ്റയിൻലെസ് സ്റ്റീൽ

പല ഗ്രേഡിലുള്ള സ്റ്റീൽ പാത്രങ്ങളുണ്ട്. ചിലപ്പോൾ പാത്രത്തിന് തിളക്കവും ഭംഗിയും വർധിപ്പിക്കാൻ നിക്കൽ, ക്രോമിയം പോലുള്ള ലോഹങ്ങൾ ചേർക്കാറുണ്ട്. ഇതു പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് അമ്ലതയുള്ള ഭക്ഷണം പാകപ്പെടുത്തുമ്പോൾ ഈ ലോഹാംശം ഭക്ഷണത്തിലേക്കു ലയിച്ചിറങ്ങാം. അടിഭാഗം കോപ്പറിൽ തീർത്ത സ്െറ്റയിൻലെസ് സ്റ്റീൽ പാനുകളും ലഭ്യമാണ്. ഇവ പെട്ടെന്നു ചൂടാവുന്നവയാണ്. അതുകൊണ്ട് ചെറു തീയിൽ വച്ചു പാചകം ചെയ്യുന്നതാണ് നല്ലത്. ഇതു വളരെ ആരോഗ്യകരമായ ഒന്നാണ്.

ശ്രദ്ധിക്കേണ്ടത്– ചുവടുകട്ടിയുള്ള പാത്രത്തിൽ പാകപ്പെടുത്തുന്നതാണ് നല്ലത്. കട്ടി കുറഞ്ഞ നേർത്ത സ്റ്റീൽ പാത്രമാകുമ്പോൾ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അധികം കനമില്ലാത്ത, തിളക്കം അൽപം കുറഞ്ഞ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സെറാമിക് പാത്രങ്ങൾ

പൊതുവേ സുരക്ഷിതമാണെങ്കിലും സെറാമിക് പാത്രങ്ങൾ നമുക്കു വേണ്ടുന്ന വലുപ്പത്തിൽ കിട്ടാൻ പ്രയാസമാണ്. വലുപ്പമുള്ള പാത്രങ്ങളാണ് കൂടുതലുമുള്ളത്. അലുമിനിയം പാത്രങ്ങളിൽ സെറാമിക് കോട്ടിങ് കൊടുത്തിട്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് വളരെ കുറച്ച് എണ്ണ മതി പാചകത്തിന്. ചിലയിടങ്ങളിൽ ലെഡ്, കാഡ്മിയം പോലുള്ള ഘനലോഹങ്ങൾ ചേർത്തു സെറാമിക് പാത്രങ്ങൾ നിർമിക്കാറുണ്ട്. അതുകൊണ്ട് മികച്ചവ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ശ്രദ്ധിക്കുക– സെറാമിക് പാത്രങ്ങൾ വളരെ ഉയർന്ന ചൂടുള്ള പാചകങ്ങൾക്ക് ഉപയോഗിച്ചാൽ അതിന്റെ ഒട്ടിപ്പിടിക്കാത്ത സ്വഭാവത്തിനു മാറ്റം വരാം. എണ്ണ ഉപയോഗിച്ചുള്ള പാചകത്തിനു ശേഷം പാത്രം നന്നായി വൃത്തിയാക്കണം. അല്ലെങ്കിൽ അതിന്റെ നോൺ സ്റ്റിക് ഗുണം നഷ്ടമാകാം.

നോൺ സ്റ്റിക്ക് പാത്രങ്ങൾ

90 ശതമാനം നഗരവാസികളും ഉപയോഗിക്കുന്നത് ഇത്തരം പാത്രങ്ങളാണ്. കഴുകാൻ എളുപ്പമാണെന്നതും ഭക്ഷണം ഒട്ടിപ്പിടിക്കില്ല എന്നതുമാണ് ഇതിന്റെ മെച്ചം. പാചകത്തിന് അധികം എണ്ണയും ആവശ്യമില്ല.

പക്ഷേ, അതിലെ പോളി ടെട്രാ ഫ്ളൂറോ എതിലീൻ കോട്ടിങ്ങിനകത്ത് മെർക്കുറിയും കാഡ്മിയവും ഒക്കെ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ഗുരുതരമായ നാഡീപ്രശ്നങ്ങൾക്കും മാനസിക തകരാറുകൾക്കും വരെ ഇടയാക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ടെഫ്‌ലോൺ പൂശിയതെന്ന് അവകാശപ്പെടുന്ന, വിലകുറഞ്ഞ പാത്രങ്ങളെയാണ്. ഈ പാത്രങ്ങൾ ചൂടാക്കുമ്പോൾ വല്ലാത്തൊരു ഗന്ധത്തോടു കൂടിയ പുക ഉണ്ടാകും.

ശ്രദ്ധിക്കേണ്ടത്: പഴയ പാത്രങ്ങൾ ഉപയോഗിക്കരുത്. പാത്രത്തിന്റെ കനം അഥവാ ഗേജ് പ്രധാനമാണ്. ഇത്തരം പാത്രങ്ങൾ ഭക്ഷണമില്ലാതെ ചൂടാക്കരുത്. എപ്പോൾ മുതലാണോ നാം ഉണ്ടാക്കുന്ന ഭക്ഷണം ആ പാത്രത്തിൽ ഒട്ടിപ്പിടിച്ചു തുടങ്ങുന്നത്, അപ്പോൾ മുതൽ പാത്രത്തിലുള്ള രാസഘടകങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും കൂടി വരുന്നുണ്ടെന്നു കരുതാം.

ഗ്രാനൈറ്റ് പാത്രങ്ങൾ

നോൺ സ്റ്റിക് പാത്രങ്ങളെ അപേക്ഷിച്ചു സുരക്ഷിതമാണ്. ടെഫ്‌ലോൺ കോട്ടിങ് ഇല്ലെങ്കിലും നോൺ സ്റ്റിക് പോലെ ഉപയോഗിക്കാൻ സാധിക്കും. തുരുമ്പ് പിടിക്കില്ല എന്നുള്ളതു മറ്റൊരു ഗുണമാണ്.

അലുമിനിയം

അലുമിനിയം പാചകത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്– ഡോ. അനിതാ മോഹൻ, പോഷകാഹാര വിദഗ്‌ധ തിരുവനന്തപുരം

ADVERTISEMENT