രക്തത്തിലെ സോഡിയം കുറയുന്നു എന്ന പ്രശ്നം വയോജനങ്ങളിൽ സാധാരണ കേൾക്കാറുള്ളതാണ്. ഹൈപ്പോനട്രീമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഛർദി , പേശികളുടെ തളർച്ച, ആശയക്കുഴപ്പം എന്നിങ്ങനെ ലക്ഷണങ്ങൾ പ്രകടമാകുന്നു. സോഡിയം വളരെ പ്രധാനപ്പെട്ട ധാതുവാണ്. രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിനും പേശികളും നാഡികളും കൃത്യമായി പ്രവർത്തിക്കുന്നതിനും ശരീരത്തിനു സോഡിയം ആവശ്യമുണ്ട്. രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 135 മുതൽ 145 മില്ലീ ഇക്വിവാലെന്റ്സ് വരെയാണ്.
കാരണങ്ങളറിയാം
സോഡിയം കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുടെ ഭാഗമായി ശരീരത്തിൽ ജലാംശം കൂടുതലാകുന്നതു കൊണ്ടു സോഡിയം കുറയാം. അഡ്രീനൽ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസൺസ് രോഗം, കോർട്ടിസോൾ ഹോർമോൺ നില അധിക അളവിൽ അധികനേരം ഉയർന്നു നിൽക്കുന്ന കുഷിങ് സിൻഡ്രം, ഡൈയൂററ്റിക് മരുന്നുകൾ പോലുള്ളവ കഴിക്കുന്നത്, ന്യുമോണിയ, മസ്തിഷ്കരോഗങ്ങൾ (മെനിഞ്ജൈറ്റിസ്, എൻസഫലൈറ്റിസ് ) എന്നിവയെല്ലാം സോഡിയം കുറയ്ക്കാം. അർബുദവും കാരണമാണ്. വാർധക്യത്തിലാണ് ഈ പ്രശ്നം സാധാരണയായി കാണുന്നതെങ്കിലും മറ്റുള്ളവരിലും ഇതു വരാം.
വീട്ടിൽ ശ്രദ്ധിക്കേണ്ടത്
ഡോക്ടറുടെ നിർദേശപ്രകാരം വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നതു പ്രധാനമാണ്. വെള്ളത്തിന്റെ അളവു കൂടിയതു കൊണ്ടാണു സോഡിയം കുറഞ്ഞതെങ്കിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കണം. വെള്ളവും സോഡിയവും കുറയുന്നവർ ഉപ്പും വെള്ളവും പ്രത്യേകമായി ഉൾപ്പെടുത്തണം. ഇവരോടു വെറുതെ പച്ചവെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ പറയാറുണ്ട്. ഉപ്പു ചേർത്ത വെള്ളം കുടിക്കാം. ആഹാരത്തിൽ ആവശ്യമായ അളവിൽ ഉപ്പു ചേർക്കാം. രക്താതിസമ്മർദമുള്ള വയോജനങ്ങൾ ചിലപ്പോൾ ഉപ്പ് ഒഴിവാക്കാറുണ്ട്. തത്ഫലമായി അവർ രോഗബാധിതരായാൽ സോഡിയം നില താഴ്ന്നു പോകാം. ഡോക്ടർ പറയുന്ന കാലയളവു വരെ ഉപ്പ് അധികം കഴിക്കേണ്ടി വരും. ഛർദിയും വയറിളക്കവും ഉള്ളപ്പോൾ ജലാംശത്തോടൊപ്പം ലവണാംശവും നിലനിർത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു ടീസ്‌പൂൺ പഞ്ചസാരയും ചേർത്തു തയാറാക്കിയ മിശ്രിതം ഒാരോ തവണയും ഛർദിയും വയറിളക്കവും ഉണ്ടാകുമ്പോൾ നൽകാം. നേരിയ തോതിൽ സോഡിയം കുറയുന്നതിനു പ്രത്യേകമായി ചികിത്സ വേണ്ടി വരാറില്ല. കഞ്ഞിവെള്ളത്തിൽ ഉപ്പു ചേർത്തു കുടിക്കുന്നതു സോഡിയത്തിന്റെ നഷ്ടം പരിഹരിക്കും. ഉപ്പു ചേർത്ത മോരുംവെള്ളവും നാരങ്ങാവെള്ളവും ഒആർഎസ് ലായനിയും കുടിക്കാം.പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മാംസം എന്നിവയിലെല്ലാം പ്രകൃതിദത്തമായി സോഡിയം അടങ്ങിയിട്ടുണ്ട്. എന്നാൽ തക്കാളി സോഡിയം വളരെ കുറഞ്ഞ ഭക്ഷണമാണ്. ഉയർന്ന തോതിൽ സോഡിയം അടങ്ങിയവയാണ് ജങ്ക്ഫൂഡുകളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും. അവ ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ഡിനാ ക്ലെറിൻ ഫ്രാൻസിസ്
അസി.പ്രഫസർ , ജനറൽ മെഡിസിൻ
ഗവ. മെഡി.കോളജ്. കോട്ടയം