ഇന്നു പലരുടെയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണു യോഗർട്ട്. പ്രഭാതഭക്ഷണമായി പഴങ്ങൾ ചേർത്തു കുട്ടികൾക്കും പ്രായമായവർക്കും ഒരു സ്നാക്ക് ആയും ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷ് ആയും എല്ലാം യോഗർട്ട് ഇന്നു മലയാളികൾ ഉപയോഗിക്കുന്നു. പുളിപ്പിച്ച പാലിൽ നിന്നുണ്ടാക്കുന്ന ഭക്ഷണത്തെയാണു യോഗർട്ട് എന്നു പറയുന്നത്. യോഗർട്ട് വ്യാവസായിക തലത്തിൽ ഉയർന്നതരം ശുചിത്വം പാലിച്ചാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. വിവിധതരം ബാക്ടീരിയകളുടെ കൾച്ചർ ഉപയോഗിച്ചു നിയന്ത്രിത ചൂടിൽ ഉണ്ടാക്കുന്നതിനാൽ ഗുണമേന്മ കൂടുതലുണ്ട്. കൂടുതൽ കാലം കേടാകാതെയും ഇരിക്കും. ഇന്നു പലതരം യോഗർട്ടുകളായ ഫ്രൂട്ട് യോഗർട്ട്, ഗ്രീക്ക് യോഗർട്ട്, ലോ ഫാറ്റ് യോഗർട്ട്, പ്രോബയോട്ടിക് യോഗർട്ട് മുതലായവ ലഭിക്കും
കുടലിന്റെ ശരിയായ പ്രവർത്തനത്തിന്
യോഗർട്ട് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. കുടലിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണു പ്രോബയോട്ടിക്ക് എന്നു പറയുന്നത്. ഫെർമെന്റ് അഥവാ പുളിപ്പിച്ച ഭക്ഷണങ്ങളിൽ നിന്നാണ് ഇതു ശരീരത്തിനു ലഭിക്കുന്നത്. പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ പ്രോബയോട്ടിക് ബാക്ടീരിയകൾക്കു വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകൾ നിയന്ത്രിക്കുന്നു. ഹാപ്പി ഹോർമോണായ സെറടോണിൻ കുടലിൽ ഉൽപാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്. പ്രോബയോട്ടിക് ബാക്ടീരിയകളാൽ സമൃദ്ധമായ യോഗർട്ട് ഹൃദയാരോഗ്യത്തിനു മുതൽ ദഹനവ്യവസ്ഥയുെട ആരോഗ്യത്തിനു വരെ ഉത്തമമാണ്.
ഇനി യോഗർട്ടിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.
ദഹനത്തെ സഹായിക്കുന്നു: യോഗർട്ടിലെ ജീവനുള്ള ബാക്ടീരിയകൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു കാരണം അസിഡിറ്റി, ദഹനപ്രശ്നങ്ങൾ മുതലായവ ഉള്ളവർക്ക് ഈ പ്രശ്നങ്ങൾ കുറയുവാൻ സഹായിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കും : പ്രോബയോട്ടിക് ബാക്ടീരിയകൾ ശരീരത്തിലെ രോഗകാരികളായ ബാക്ടീരിയകളെ തടയുന്നതിലൂടെ പ്രതിരോധശേഷി മെച്ചപ്പെടും.
എല്ലുകളുെട ആരോഗ്യം : എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുവാൻ യോഗർട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാത്സ്യവും ഫോസ്ഫറസുംസഹായിക്കും.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇതു നല്ലതാണ്. ഏതു പ്രായക്കാർക്കും ഇത് ഉത്തമമാണ്.
ഹൃദയാരോഗ്യത്തിന് ഉത്തമം: ദിവസേന യോഗർട്ട് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു രക്തസമ്മർദം കുറയ്ക്കുവാനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും സഹായകരമാണ്.
സൗന്ദര്യ സംരക്ഷണത്തിന് : ത്വക്കിനെ മൃദുലമായും തിളക്കമുള്ളതാക്കി തീർക്കുവാനും യോഗർട്ട് സഹായിക്കും
ഭാരം കുറയ്ക്കുവാൻ : ശരീരഭാരം കുറയ്ക്കുവാൻ യോഗർട്ട് സഹായകരമാണ്. യോഗർട്ടിൽ പ്രോട്ടീൻ കൂടുതലും കാലറി മൂല്യം കുറവുമാണ്.
മനസ്സിന് : മാനസിക ആരോഗ്യത്തിനു യോഗർട്ട് സഹായകരമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്നതായാണു പഠനങ്ങൾ കാണിക്കുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ വിഷാദം, ഉത്കണ്ഠ മുതലായവ കുറയുവാനിടയാകും.
വിപണിയിൽ ലഭ്യമായ പല യോഗർട്ടുകളിലും കൃത്രിമ നിറങ്ങളും കൃത്രിമ മധുരവും (Artificial Sugar) ചേർത്ത് ഉണ്ടാക്കുന്നതിനാൽ പായ്ക്കറ്റുകളിലെ ന്യുട്രിഷനൽ ലേബൽ വായിച്ചു നോക്കിയശേഷം തിരഞ്ഞെടുക്കുന്നതാണു നല്ലത്. കൃത്രിമ നിറങ്ങളും മധുരവും ചേർത്ത യോഗർട്ട് ആരോഗ്യദായകമല്ല.
മിനി മേരി പ്രകാശ്
കൺസൽറ്റന്റ് ഡയറ്റീഷൻ
പിആർഎസ് ഹോസ്പിറ്റൽ
തിരുവനന്തപുരം