തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതു കൊണ്ടോ ആവശ്യാനുസരണം രക്തം ലഭിക്കാത്തതു കൊണ്ടോ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്നു നിലച്ചു പോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അവസ്ഥയാണു പക്ഷാഘാതം അഥവാ സ്ട്രോക്ക്. തലച്ചോറിലെ ഏതു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നുവോ അപ്രകാരം രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.
സംസാരത്തിൽ വ്യക്തത ഇല്ലായ്മ, ശരീരത്തിന്റെ ഒരു വശത്തെ ചലനശേഷി കുറയുക, പേശികൾ കൂടുതൽ അയഞ്ഞിരിക്കുകയോ കൂടുതൽ മുറുകിയിരിക്കുകയോ ചെയ്യുക, കൈകാലുകളിൽ ഉണ്ടാകുന്ന ബലക്ഷയം, ഓർമക്കുറവ്, പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ് ഇവയാണു സ്ട്രോക്ക് വന്നതിനു ശേഷം രോഗിയിൽ പ്രത്യക്ഷപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ.
മാനസിക പിരിമുറുക്കം, രാസപദാർഥങ്ങൾ, അമിതമായ ജങ്ക് ഫൂഡ് ഉപയോഗം, ഉറക്കക്കുറവ്, രക്താതി സമ്മർദം (Hypertension) എന്നിവയാണു പക്ഷാഘാതത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങൾ.
പക്ഷാഘാതം വന്നയുടനെ അടിയന്തരമായി തലച്ചോറിലെ രക്തപ്രവാഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇതിനു ശസ്ത്രക്രിയകളും മരുന്നുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. പക്ഷാഘാത ചികിത്സകൾക്കു ശേഷം ആശുപത്രി വിടുമ്പോഴുള്ള ആളുകളുടെ ഏറ്റവും പ്രധാന ആശങ്ക രോഗത്തിന്റെ ഭാഗമായുണ്ടായ ചലനപ്രശ്നങ്ങളും തലച്ചോറിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങളുമൊക്കെ എങ്ങനെ പരിഹരിക്കുമെന്നാകും. ഇങ്ങനെയുള്ള സ്ട്രോക്ക് പുനരധിവാസത്തിന്റെ (Rehabilitation) കാര്യത്തിൽ ആയുർവേദം വളരെ ഫലപ്രദമാണ്.
ആയുർവേദത്തിലെ വാതവ്യാധി
ആയുർവേദ ശാസ്ത്രപ്രകാരം പക്ഷാഘാതം എന്നത് ഒരു വാതവ്യാധിയായിട്ടാണു കണക്കാക്കുന്നത്. വാതദോഷ പ്രധാനമായ രോഗാവസ്ഥയായതിനാൽ തന്നെ പ്രാഥമികമായി ഔഷധങ്ങൾ ചേർത്തു കാച്ചിയ തൈലമാണു പ്രയോഗിക്കേണ്ടത്.
അഭ്യംഗം അഥവാ എണ്ണ തേച്ചുതിരുമ്മൽ എന്ന ചികിത്സാവിധിയിലൂടെ ശരീരത്തിലെ മുറുകിയിരിക്കുന്ന
പേശികൾക്ക് അയവു വരുത്താനും ശരീരത്തിനു ദൃഢത നൽകുവാനും സാധിക്കുന്നു. ധന്വന്തരം തൈലം, സഹചരാദി തൈലം, മഹാമാഷ തൈലം, ബലാശ്വഗന്ധാദി തൈലം എന്നീ ഔഷധങ്ങൾ രോഗാവസ്ഥയനുസരിച്ചു പ്രയോഗിക്കാവുന്നതാണ്.
ശിരോധാരയും പിഴിച്ചിലും
തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ കൂട്ടുന്നതിനും നാഡീവ്യൂഹങ്ങളെയും കോശങ്ങളെയും ഉത്തേജിപ്പിക്കുന്നതിനും തൈലം കൊണ്ടുള്ള ശിരോധാര സഹായിക്കുന്നു. അതുപോലെ യുക്തമായ തൈലം കൊണ്ടു ശരീരത്തെ സ്നിഗ്ധമാക്കി, വിയർപ്പിക്കുന്ന ചികിത്സയാണു പിഴിച്ചിൽ. തൈലം ഉപയോഗിച്ചു ശരീരത്തിൽ തുടർച്ചയായി ധാര ചെയ്യുകയാണ് ഇതിൽ ചെയ്യുന്നത്. ഇതുകൊണ്ടു സന്ധികള്‍ക്കും പേശികൾക്കും അയവു വരികയും ചലനശേഷി കൂടുകയും ചെയ്യുന്നു. ക്ഷീരബല ആവർത്തി, ധാന്വന്തരം ആവർത്തി തുടങ്ങിയ ഔഷധയുക്തമായ തൈലങ്ങൾ രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയനുസരിച്ചു ഉള്ളിലേക്കും കഴിക്കാം.
ചലനശേഷി കൂട്ടാൻ സ്വേദനം
സ്നേഹനം അഥവാ ശരീരത്തിൽ അകത്തും പുറത്തും രോഗിയെ സ്നിഗ്ധമാക്കിയതിനു ശേഷം വ്യത്യസ്ത രീതികളിലൂടെ ശരീരത്തെ വിയർപ്പിച്ചു ദോഷങ്ങളെ ദ്രവീകരിച്ചു പുറത്തേക്കു കളയാൻ തയാറാക്കുന്ന
പ്രക്രിയയാണു സ്വേദനം. ആയുർവേദ ശാസ്ത്രത്തിൽ പലതരം പിണ്ഡസ്വേദങ്ങൾ പറയുന്നുണ്ട്. കോലകുലത്ഥാദി ചൂർണം, കൊട്ടം ചുക്കാദി ചൂർണം തുടങ്ങിയ ഔഷധങ്ങൾ കൊണ്ടുള്ള പൊടിക്കിഴി, വാതകഫ ഹരങ്ങളായ ഇലകൾ ഉപയോഗിച്ചു കൊണ്ടുള്ള ഇലക്കിഴി മുതലായ സ്വേദനക്രിയകൾ പേശികൾക്കു കൂടുതൽ അയവു നൽകും. ഇതു ശരീരാവയവങ്ങളുടെ ചലനശേഷി കൂട്ടുന്നതിനും സഹായകമാകുന്നു.
പോഷണത്തിനു നവരക്കിഴി
മേൽപറഞ്ഞ ചികിത്സകളൊക്കെ ചെയ്തു ശരീരത്തിന് അയവു വന്നതിനു ശേഷം കോശങ്ങൾക്കു പോഷണം നൽകുകയാണു ചെയ്യുന്നത്. അതിനായി നവരയരി, പാൽ, കുറുന്തോട്ടി അഥവാ ദശമൂലം തുടങ്ങിയവ രോഗാവസ്ഥയനുസരിച്ചു തയാറാക്കിയ കഷായത്തിൽ വേവിച്ചു കിഴി കെട്ടി നവരക്കിഴി ഉണ്ടാക്കുന്നു. ഈ കിഴി ശരീരത്തിലെ ധാതുക്കളെയും കോശങ്ങളെയും പോഷകസമൃദ്ധമാക്കുന്നു. ക്ഷീരധൂമം അഥവാ ഔഷധയുക്തമായ പാൽപുക ഏൽപ്പിക്കുന്നതു കൊണ്ടു മുഖത്തെ പേശികൾക്കു കൂടുതൽ ദൃഢത കൈവരികയും
ചെയ്യുന്നു.
വിരേചനം എന്ന പഞ്ചകർമം കൊണ്ടു വാത- പിത്ത- കഫ ദോഷങ്ങൾക്കു ശുദ്ധീകരണം സംഭവിക്കുന്നതിലൂടെ രോഗാവസ്ഥയ്ക്കു പ്രകടമായ മാറ്റം സംഭവിക്കുന്നു. വാതവ്യാധിയായതിനാൽ തന്നെ സ്നിഗ്ധമായ വിരേചനൗഷധമാണ് അനുയോജ്യമായിട്ടുള്ളത്.
ഒാർമക്കുറവു പരിഹരിക്കാൻ ശിരോവസ്തി
മുൻപു പറഞ്ഞ ചികിത്സാക്രമങ്ങൾക്കു പുറമെ രോഗിയുടെ ലക്ഷണങ്ങൾ അനുസരിച്ചു നസ്യം, ശിരോവസ്തി മുതലായ ചികിത്സാവിധികളും പ്രയോജനകരമാണ്. തലച്ചോറിലെ കോശങ്ങളെ ബലവത്താക്കുവാനും, രക്തചംക്രമണം വർധിപ്പിച്ചു നേർവഴിയിലാക്കി ഓർമക്കുറവു പരിഹരിക്കുവാനും, ഇന്ദ്രിയങ്ങൾക്ക് ഉണർവു പ്രദാനം ചെയ്യുവാനും ഈ കർമങ്ങൾ സഹായിക്കുന്നു.രോഗിയുടെയും രോഗത്തിന്റെയും ബലവും അവസ്ഥയും അടിസ്ഥാനമാക്കി വസ്തി എന്ന ശോധനക്രിയയും ചെയ്യാവുന്നതാണ്. അനുയോജ്യമായ ഔഷധങ്ങൾ ചേർത്തുള്ള വസ്തികൾ ലക്ഷണങ്ങൾ അനുസരിച്ചു ചികിത്സകൻ നിർദേശിക്കും. ക്ഷീരവസ്തി, യാപന വസ്തി മുതലായവ ഉദാഹരണമാണ്.
ദഹനപ്രശ്നങ്ങൾക്ക് ഔഷധങ്ങൾ
രോഗി ശയ്യാവലംബിയാവുന്ന അവസ്ഥയിൽ വായു പ്രതിലോമമായി നിൽക്കുന്നതു കൊണ്ടു മലബന്ധം,വായുകോപം, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാം. പ്രതിവിധിയായി തടഞ്ഞു നിൽക്കുന്ന രൂക്ഷമായ വാതത്തെ നിയന്ത്രിക്കുകയാണു വേണ്ടത്. ഇതിന്, സ്നിഗ്ധമായ വാതാനുലോമനമായ ഔഷധങ്ങൾ നിത്യേന ഉപയോഗിക്കണം.
ഗന്ധർവഹസ്ത ഏരണ്ഡ തൈലം,സിന്ദുവാരൈരണ്‌ഡം തൈലം എന്നിവയൊക്കെ യുക്തിയനുസരിച്ചു വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം. അവിപത്തി ചൂർണം പോലെ പിത്തഹരമായ ഔഷധങ്ങളും നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ മുതലായവയോടു കൂടെയുള്ള മലബന്ധത്തിൽ പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ രോഗാവസ്ഥയും രോഗിയുടെ അവസ്ഥയും അനുസരിച്ചു ധാന്വന്തരം ഗുളിക, ഹിംഗുവചാദി ഗുളിക മുതലായ വാതാനുലോമന ഔഷധങ്ങളും ചികിത്സാവിധികളിൽ ഉൾപ്പെടുത്തി വരുന്നു
.
ഡോ. നന്മ എസ്.
മെഡിക്കൽ സൂപ്രണ്ട്
എസ്എൻഎ ആയുർവേദ നഴ്സിങ് ഹോം,
തൃശൂർ