Tuesday 30 January 2024 04:40 PM IST : By സ്വന്തം ലേഖകൻ

രോഗം കുറയ്ക്കാനെന്നു പറഞ്ഞ് വർഷങ്ങൾ മരുന്ന് കഴിപ്പിക്കും. സമയത്ത് ശസ്ത്രക്രിയ ചെയ്യാത്തതിനാൽ രോഗം കൂടുതൽ പടർന്ന് അപകടത്തിലാകും: കാന്‍സറിന് സമാന്തര ചികിത്സകള്‍ തേടിപ്പോകുന്നവര്‍ അറിയാന്‍

cancer23423 ഇന്‍സെറ്റില്‍ ഡോ. എസ്. എസ്. ലാല്‍

ആരോഗ്യ രംഗത്ത് നിരവധി സമാന്തര ചികിത്സകൾ നിലനിൽക്കുന്നു എന്നതും അവയോട് ഒരു വിഭാഗം ജനങ്ങൾക്ക് ആഭിമുഖ്യമുണ്ടെന്നതും പല നാടുകളിലും ഒരു യാഥാർത്ഥ്യമാണ്. അതത് നാടുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രവും ശാസ്ത്ര പുരോഗതിയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നതാണ് സമാന്തര ചികിത്സകളുടെ ഉത്ഭവങ്ങളും വ്യാപനവും നിലനിൽപും. ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇന്ത്യയിൽ ആയൂർവേദവ ചികിത്സാരീതികളും ചൈനയിൽ അക്യുപംക്ചർ ചികിത്സയുമൊക്കെ വ്യാപകമായി കാണപ്പെടുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമൊക്കെ സസ്യൗഷധങ്ങൾ പാരമ്പര്യ ചികിത്സയുടെ ഭാഗമാണ്. പാരമ്പര്യ ചികിത്സകൾ കൂടാതെ അധുനിക ചികിത്സയ്ക്ക് സമാന്തരമായി ഉത്ഭവിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ചിലയിനം ചികിത്സാരീതികളുമുണ്ട്. കോംപ്ലിമെന്ററി ആന്റ് ആൾട്ടർനേറ്റീവ് മെഡിസിൻ (CAM) എന്ന പേരിൽ അറിയപ്പെടുന്ന ചികിത്സാരീതികൾ കാൻസർ ബാധിച്ചവരിലും പ്രയോഗിക്കപ്പെടാറുണ്ട്. ഇതിൽ ശരീരത്തിന് പുറമേയുള്ള തിരുമ്മൽ പോലെയുള്ള ചികിത്സകളും ഗ്രീൻ ടീ കുടിക്കുന്നത് പോലെയുളള രീതികളും സുരക്ഷിതമായിരിക്കും. എന്നാൽ സമാന്തര ചികിത്സയുടെ പേരിൽ ആധികാരികമല്ലാത്ത മരുന്നകൾ കഴിക്കുന്നത് പലപ്പോഴും അപകങ്ങൾ ഉണ്ടാക്കാറുണ്ട്. അത് മനസിലാകണമെങ്കിൽ ചില അടിസ്ഥാന ശാസ്ത്ര സത്യങ്ങൾ അറിഞ്ഞിരിക്കണം.

പാരമ്പര്യ ചികിത്സകൾ ഉൾപ്പെടെ പലയിനം ചികിത്സകൾ ലോകത്ത് പ്രയോഗിക്കപ്പെടുന്നുണ്ട്. ഇവയിൽ പാരമ്പര്യ ചികിത്സകൾ പൊതുവേ മനുഷ്യരാശിയുടെ അതിജീവനത്തിന്റെ ഭാഗമായുണ്ടായതാണ്. സ്വന്തം ചുറ്റുപാടിൽ ലഭ്യമായ ചെടികളെയും ജീവികളെയും വസ്തുക്കളെയുമൊക്കെ രോഗചികിത്സക്കായി ഉപയോഗിച്ചത് കാലക്രമത്തിൽ സ്വാഭാവികമായി സമൂഹങ്ങളിൽ സംഭവിച്ചതാണ്. അവയിൽ ചിലവ ഫലപ്രദമായ മരുന്നുകൾ ആയിരുന്നെങ്കിൽ മറ്റു ചിലവ വിശ്വാസത്തിന്റെ പേരിൽ മാത്രം ബലപ്പെട്ടവയായിരുന്നു. എങ്കിലും അവ മാത്രമായിരുന്നു ഒരു കാലത്ത് ലഭ്യമായ ചികിത്സകൾ. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ വിവിധ രംഗങ്ങളിൽ ഉണ്ടായ ശാസ്ത്രവളർച്ചയുടെ തത്വങ്ങളും ഉല്പന്നങ്ങളും ഉപയോഗിച്ച് ആധുനിക വൈദ്യശാസ്ത്രം ജന്മമെടുക്കുകയും അതിവേഗത്തിൽ വളരുകയുമായിരുന്നു. 1928 - ൽ പെനിസിലിൽ കണ്ടുപിടിക്കുന്നതുവരെ അണുബാധകളെ ചികിത്സിക്കാൻ ആന്റിബയോട്ടിക് മരുന്നുകൾ ഇല്ലായിരുന്നു. പെനിസിലിൻ രക്ഷിച്ചത് കുറഞ്ഞത് ഇരുപത് കോടി ജീവനുകളാണെന്ന് കണക്കാക്കപ്പെടുന്നു. 1943 - ൽ കണ്ടുപിടിച്ച സെപ്റ്റോമൈസിൽ മരുന്ന് അടുത്ത വർഷം തന്നെ ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗപ്പെട്ടപ്പോൾ ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ക്ഷയരോഗ ചികിത്സയ്ക്ക് ആദ്യ മരുന്ന് ഉണ്ടാകുകയായിരുന്നു. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ഉപയോഗത്തിൽ വന്നിട്ട് നൂറോളം വർഷങ്ങളേ ആകുന്നുള്ളൂ. അതിനു മുമ്പ് വിഷമുള്ള പാമ്പ് കടിച്ചാൽ മരണം ഉറപ്പായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിത്തറ

ശാസ്ത്രീയ തത്വങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആധുനിക വൈദ്യശാസ്ത്രം വളർന്നത്. അതുകൊണ്ട് തന്നെ സ്വയം വിമർശനാത്മകമായ നിലപാടുകളാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. അക്കാരണത്താലാണ് മെച്ചപ്പെട്ട മരുന്നുകളും ചികിത്സകളും വരുമ്പോൾ ഒരു കാലത്ത് ജീവൻ രക്ഷാ ഉപാധികളായി അവതരിച്ച പല മരുന്നുകളും ചികിത്സകളും അധുനിക വൈദ്യശാസ്ത്രം തന്നെ പിന്തള്ളള്ളുന്നത്.

ക്ഷയരോഗത്തിനെതിരെ വന്ന ആദ്യ മരുന്നായ സ്ട്രെപ്റ്റോമൈസിൻ ഇപ്പോൾ സാധാരണമായി ഉപയോഗിക്കപ്പെടാത്തതിന് കാരണം ഇതാണ്.സമാന്തര ചികിത്സകളിലെ പല മരുന്നുകളും ചികിത്സാ രീതികളും പലപ്പോഴും ശാസ്ത്രീയ വിശകലനത്തിന് വിധേയമായിട്ടുണ്ട്. അങ്ങനെ ഉപയോഗപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവ ആധുനിക ചികിത്സയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. ഉപയോഗമില്ലാത്തതോ അപകടകാരികളോ ആയ ചികിത്സകളെ തള്ളിക്കളയുകയും ചെയ്തു. സമാന്തര ചികിത്സകളിൽ ഉപയോഗിക്കുന്ന ചില മരുന്നുകളും രീതികളും രോഗികൾക്ക് മുഖ്യചികിത്സയായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും ആധുനിക ചികിത്സയ്ക്ക് പിന്തുണയായി നൽകാൻ കഴിയുന്നവയാണെന്ന് തിരിച്ചറിയുന്നുണ്ട്. അവയെ ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ ആധുനിക ചികിത്സയ്ക്ക് പിന്തുണയായി കൊണ്ടുവരാനുളള ശ്രമങ്ങൾ ആഗോള തലത്തിൽ തന്നെ നടക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയും ഇതിനെ പിന്തുണയ്ക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സമാന്തര ചികിത്സയുടെ ഭാഗമായതിനാൽ ഒരു മരുന്നിനേയും ചികിത്സാ വിധിയേയും അപ്പാടേ ഉൾക്കൊള്ളാനോ തള്ളിക്കളയാനോ ശാസ്ത്രത്തിന് കഴിയില്ല. ശാസ്ത്രീയ തെളിവുകളുടെ പിൻബലമാണ് തീരുമാനത്തിന് നിദാനം.ഇതുവരെ പറഞ്ഞ പശ്ചാത്തലത്തിലാണ് കാൻസറിന്റെ സമാന്തര ചികിത്സകളെയും കാണേണ്ടത്. എന്നാൽ കാൻസർ ചികിത്സയുടെ കാര്യത്തിൽ പലപ്പോഴും അഭിപ്രായ പ്രകടനങ്ങളുണ്ടാകുന്നത് ഗൗരവമായ ഇത്തരം ആലോചനകളില്ലാതെയാണ്. കാൻസർ എന്നത് ഒരു ഒറ്റ അസുഖമാണെന്ന തെറ്റായ ധാരണയാണ് ഇതിനാധാരം. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വരുന്ന വിവിധയിനം കാൻസറുകൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. രക്ത കോശങ്ങളിൽ വരുന്ന രക്താർബുദങ്ങൾ മുതൽ മറ്റ് ശരീര ഭാഗങ്ങളിലോ അവയവങ്ങളിലോ വരുന്ന കാൻസറുകളുമുണ്ട്.

ശരീരത്തിൽ ഉടലെടുക്കുന്നതിന്റെയും വളരുന്നതിന്റെയും പടരുന്നതിന്റെയും രീതികളുടെ കാര്യത്തിൽ വ്യത്യസ്ത കാൻസറുകൾക്ക് വ്യത്യസ്ത സ്വഭാവങ്ങളാണ്. ചില കാൻസറുകൾ സാവകാശം വളരുമ്പോൾ മറ്റു ചിലവ അതിവേഗത്തിൽ വളരും. സ്തനാർബുദം പോലുള്ള പല കാൻസറുകളും തുടക്കത്തിലേ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാൻ കഴിയും. ചിലയിനം കാൻസറുകൾക്ക് മരുന്നുകൾ കൊണ്ടുള്ള ചികിത്സ തന്നെ വേണം. മറ്റ് ചില കാൻസറുകൾക്ക് റേഡിയേഷൻ ചികിത്സ വേണ്ടി വരും. ചില രോഗികൾക്ക് ഇവയുടെ മിശ്രണവും വേണ്ടിവരും.കാൻസറുകൾ ചികിത്സകളോട് പ്രതികരിക്കുന്ന രീതികളും വിഭിന്നമാണ്. രോഗം വന്നയാളുടെ ശരീരത്തിന്റെ രാസഘടന ഇക്കാര്യത്തിൽ ഒരു പ്രധാന ഘടകമാണ്. അതായത് ഒരേ അവയവത്തിലെ ഒരേയിനം കാൻസറിനോട് രണ്ട് മനുഷരുടെ ശരീരങ്ങൾ പ്രതികരിക്കുന്നത് രണ്ടു തരത്തിലായിരിക്കും. അതുകൊണ്ടാണ് പുകവലിക്കാരിൽ ചിലർക്ക് അതിവേഗം ശ്വാസകോശ കാൻസർ വരുമ്പോൾ മറ്റു ചിലർക്ക് ഒരിക്കലും വരാതിരിക്കുന്നത്. അതുകൊണ്ടാണ് കാൻസർ ചികിത്സ ഫലിക്കുന്നതും വ്യത്യസ്ത മനുഷ്യരിൽ വിഭിന്ന രീതികളിൽ ആകുന്നത്.

എല്ലാ വളർച്ചയും കാൻസർ അല്ല

ശരീരത്തിൽ വളരെ പതിയെ ഉണ്ടാക്കുന്ന ചില വളർച്ചകൾ കാൻസർ ആകണമെന്നില്ല. അവ ഉപദ്രവമില്ലാത്ത വളർച്ചകൾ ആയിരിക്കും. മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാത്തവയാണ് ഇത്തരം വളർച്ചകൾ. പലപ്പോഴും ഇവയ്ക്ക് ചികിത്സയും വേണ്ടി വരില്ല. എന്നാൽ കാൻസറുകൾ വ്യത്യസ്തമാണ്. അവ സമീപ ഭാഗങ്ങളിലേയ്ക്ക് പടരുന്നത് കൂടാതെ കാൻസർ ബാധിച്ച ഭാഗത്തു നിന്ന് കോശങ്ങൾ വേർപെട്ട് രക്തത്തിലൂടെയോ ലിംഫ് വ്യവസ്ഥയിലൂടെയോ സഞ്ചരിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്തിപ്പെട്ട് അവിടെയും കാൻസർ ഉണ്ടാക്കാം. അത്തരം കാൻസുകൾക്ക് ശസ്ത്രക്രിയയോ റേഡിയേഷൻ ചികിത്സയോ മരുന്നുകൾ ഉപയോഗിച്ചുള്ള കീമോതെറപ്പിയോ ഒക്കെ വേണ്ടി വന്നേയ്ക്കും.

ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസർ നിർണ്ണയവും ചികിത്സയും ഒക്കെ നടത്തുന്നത് ഇന്ന് ലഭ്യമായ ഏറ്റവും ആധുനികമായ സങ്കേതങ്ങൾ ഉപയോഗിച്ചാണ്. അതുകൊണ്ടാണ് ഏറെക്കുറെ കൃത്യമായ രോഗനിർണയവും ചികിത്സയും സാദ്ധ്യമാകുന്നത്. ചില കാൻസറുകൾ ചികിത്സ കൊണ്ട് പൂർണമായും ഭേദമാകുന്നതും ഇതുകൊണ്ടാണ്. അതുപോലെ ചില കാൻസറുകൾ പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയാത്തവയാണെന്ന് പറയാൻ നേരത്തേ കൂട്ടി കഴിയുന്നതും ഈ ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തിലാണ്.ഒരു കാൻസർ രോഗിയ്ക്ക് നിലവിലുള്ള സാഹചര്യത്തിൽ ഫലപ്രദമായ ചികിത്സയില്ലെന്ന് അയാളെ ചികിത്സിക്കുന്ന കാൻസർ വിദഗ്ദ്ധൻ പറയുമ്പോഴാണ് പലപ്പോഴും സമാന്തര ചികിത്സകളെപ്പറ്റി രോഗിയുടെ കുടുംബങ്ങളിൽ ചർച്ച തുടങ്ങുന്നത്.

അത്തരം സാഹചര്യങ്ങളിൽ സമാന്തര ചികിത്സകളെ പലരും എതിർക്കാറില്ല. മരണം ഉറപ്പായ ഒരു മനുഷ്യന് മനസിനെങ്കിലും ആശ്വാസം നൽകാൻ ഏതെങ്കിലും സമാന്തര ചികിത്സയ്ക്ക് കഴിയുന്നെങ്കിൽ അത് അനുവദിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും അത്തരം ചികിത്സകർ കാൻസർ മാറ്റിയെടുക്കാമെന്ന പ്രതീക്ഷ നൽകുകയും രോഗിയെക്കൊണ്ട് പലയിനം മരുന്നുകൾ കഴിപ്പിക്കുകയും ചെയ്യാറുണ്ട്. രോഗിയുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഉറപ്പില്ലാത്ത ഇത്തരം മരുന്നുകൾ പലപ്പോഴും രോഗിയുടെ ശാരീരിക അവസ്ഥ വഷളാക്കും. ആന്തരികാവയവങ്ങളുടെ സന്തുലാനവസ്ഥ നഷ്ടപ്പെട്ട അവസ്ഥയിലുളള രോഗി നേരത്തേ മരിച്ചു പോകാൻ പോലും ഈ മരുന്നുകൾ കാരണമാകാറുണ്ട്. അബോധാവസ്ഥയിൽ കിടന്ന രോഗിയുടെ വായിലേയ്ക്ക് മരുന്നെന്ന പേരിൽ ഏതോ പൊടി വിതറിയത് കാരണം ശ്വാസതടസമുണ്ടായി മരണം വേഗത്തിലായ കേസുകൾ രേഖപ്പെടുത്തായിട്ടുണ്ട്. ഇത് കൂടാതെ അത്ഭുത മരുന്ന് എന്ന പേരിൽ ചികിത്സയ്ക്ക് വലിയ തുകകൾ ഈടാക്കുന്ന സംഭവങ്ങളും ഉണ്ട്.

കാൻസർ ചികിത്സ മൂലം സാമ്പത്തികമായി തകർന്ന രോഗിയേയും കുടുംബത്തേയും ഈ ചികിത്സകൾ കൂടുതൽ തകർക്കും. പ്രതീക്ഷയറ്റ് നിൽക്കുന്ന രോഗികളും ബന്ധുക്കളും ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കടമെടുത്തും സമ്പത്തുകൾ വിറ്റും അജ്ഞാത ചികിത്സകൾ തേടാൻ ശ്രമിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ശരിയായ അറിവില്ലാത്തതാണ് കാരണം.ഇതിലും ഗുരുതരമാണ് ഒരു രോഗിയിലെ കാൻസർ രോഗലക്ഷണങ്ങൾ തിരിച്ചറിയാതെ അയാളെ സമാന്തര ചികിത്സകൾക്ക് വിധേയമാക്കുന്നത്. രോഗാവസ്ഥയുടെ മൂലകാരണമായ കാൻസർ കണ്ടുപിടിക്കാതെ സമാന്തര ചികിത്സകർ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നത് അപകടങ്ങളുണ്ടാക്കാറുണ്ട്. ഒടുവിൽ വിദഗ്ദ്ധനായ ഡോക്ടർ കാൻസർ രോഗം കണ്ടുപിടിക്കുമ്പോഴേയ്ക്കും വൈകിക്കഴിഞ്ഞിരിക്കും. കാൻസർ ആണെന്ന് വിദഗ്ദ്ധ ഡോക്ടർ കണ്ടുപിടിച്ചിട്ടും അദ്ദേഹം നിർദ്ദേശിക്കുന്ന ചികിത്സകൾ സ്വീകരിക്കാതെ രോഗിയെ സമാന്തര ചികിത്സകർക്കടുത്ത് എത്തിക്കുന്ന സംഭവങ്ങളും നിരവധിയാണ്. പി.എസ്.എ എന്ന പേരിൽ അറിയപ്പെടുന്ന ആന്റിജന്റെ അളവ് പുരുഷമാരുടെ രക്തപരിശ്രാധനയിൽ കണ്ടെത്താം. പി.എസ്.എ യുടെ അളവ് കൂടുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസറിന്റെ സൂചനയാണ്.

വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശം പ്രകാരം രക്തം പരിശോധിച്ചപ്പോൾ അധിക അളവിൽ പി.എസ്.എ കണ്ട പുരുഷന്മാർ ശസ്ത്രക്രിയ ഭയന്ന് സമാന്തര ചികിത്സകരുടെയുത്ത് എത്താറുണ്ട്. പി.എസ്.എ കുറയ്ക്കാനെന്ന് പറഞ്ഞ് രോഗിയെക്കൊണ്ട് വർഷങ്ങൾ മരുന്ന് കഴിപ്പിക്കുന്ന സമാന്തര ചികിത്സകരെക്കുറിച്ചും റിപ്പോർട്ടുണ്ട്. സമയത്ത് ശസ്ത്രക്രിയ ചെയ്യാത്തതിനാൽ രോഗം കൂടുതൽ പടർന്ന് അപകടത്തിലായവർ ഉണ്ട്. സമാന്തര ചികിത്സകന്റെ അറിവല്ലായ്മയോ കാപട്യമോ കാരണമാണ് രോഗികൾ ദുരിതമനുഭവിക്കേണ്ടി വരുന്നത്.വിദഗ്ദ്ധന്റെ കാൻസർ ചികിത്സ ലഭിക്കുന്ന മനുഷ്യർക്ക് സമാന്തര ചികിത്സകന്റെ മരുന്ന് കൂടി നൽകിയാൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരുണ്ട്. അവർ അറിയേണ്ട കാര്യമുണ്ട്. ഒന്നിലധികം മരുന്നുകൾ ശരീരത്തിൽ ചെല്ലുമ്പോൾ അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ ചിലപ്പോൾ യഥാർത്ഥ മരുന്നിനെ നിർവീര്യമാക്കിയെന്ന് വരും. ചിലപ്പോൾ സമാന്തര ചികിത്സകൻ നൽകിയ മരുന്നുകൾ രോഗിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും സമാന്തര ചികിത്സകനിൽ നിന്ന് ലഭിച്ച മരുന്ന് എന്താന്നെന്ന് രോഗിയ്ക്ക് തന്നെ അറിവുണ്ടാവില്ല. അറിഞ്ഞാലും ചിലപ്പോൾ രോഗി ആ വിവരം കാൻസർ വിദഗ്ദ്ധനിൽ നിന്നും മറച്ചുവയ്ക്കും. ഇതൊക്കെയാണ് അപകടമുണ്ടാക്കുന്നത്.

കാൻസർ ചികിത്സ ഗൗരവമേറിയതാണ്. ഗുരുതര രോഗം മൂലം ശരീരം മനസും സമ്പത്തും തകർന്നവരായിരിക്കും പലപ്പോഴും കാൻസർ നേരിടുന്നത്. മനുഷ്യന്റെ ജീവൻ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ചികിത്സകർ യോജിക്കുകയാണ് വേണ്ടത്. രോഗിയ്ക്ക് ആശ്വാസം നൽകാൻ ശാസ്ത്രീയും സുരക്ഷവുമായ ചികിത്സ നൽകാൻ എല്ലാ ചികിത്സകർക്കും ഒരുപോലെ ബാദ്ധ്യതയുണ്ട്. അവിടെ ചികിത്സകരുടെ പരസ്പര മത്സരത്തിന് സ്ഥാനമില്ല. അബദ്ധങ്ങൾക്കും.

ഡോ. എസ്. എസ്. ലാൽ

പ്രഫസർ ആന്റ് ഹെഡ് ഒാഫ് പബ്ലിക് ഹെൽത്

ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്

Tags:
  • Daily Life
  • Manorama Arogyam