Wednesday 08 September 2021 05:37 PM IST

29–ാം വയസ്സിൽ ഹൃദയം പണിമുടക്കി, ജോലി രാജിവച്ച് ഹെൽതി സാലഡ് ബിസിനസ്സിലേക്ക്: ഈറ്റ് ഗ്രീൻ സാലഡ് രുചിക്കു പിന്നിലെ അറിയാക്കഥ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

salad3r3r4

പുതിയ നിയോഗങ്ങളിലേക്ക് നമ്മെ ജീവിതം ക്ഷണിക്കുന്നത് ചിലപ്പോൾ ഒരു വേദനയോ, പ്രതിസന്ധിയോ നൽകിക്കൊണ്ടാകും. ആ പോരാട്ടത്തിനൊടുവിൽ അപ്രതീക്ഷിതസമ്മാനമെന്ന പോലെ ഒരു ജീവിതപാത തെളിഞ്ഞു വരും. വിനോജ് കുമാറിനു പറയാനുള്ളത് അത്തരമൊരു കഥയാണ്.

ഒരു പുതിയ സ്വപ്നം

2014 മേയ് മാസത്തിൽ വിനോജിന് ഹൃദയാഘാതസമാനമായ ഒരു നെഞ്ചു വേദന ഉണ്ടായി. പരിശോധനയിൽ ഹൃദയത്തിലെ പ്രധാന ധമനിയിൽ മൂന്നു ബ്ലോക്കുകൾ. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോക്ടർ സജി കുരുട്ടുകുളത്തിന്റെ ചികിത്സയിലായിരുന്നു വിനോജ്. ആൻജിയോപ്ലാസ്റ്റി സാധ്യമാകാതെ ഓപ്പൺ ഹാർട്ട് സർജറിയാണ് ചെയ്‌തത്. അന്ന് വിനോജിന് 29 വയസ്സാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം. മകന് നാലുമാസം പ്രായം. ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

മാർക്കറ്റിങ് ആൻഡ് ഹ്യൂമൻ റിസോഴ്സിൽ എംബിഎ നേടിയ ശേഷം നെസ്‌ലെയിൽ ജോലി ചെയ്യുകയായിരുന്നു വിനോജ് . ഭാര്യ ഗീത ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കോളജ് അധ്യാപിക. രോഗം ഭേദമായി ജീവിതത്തിലേക്കു മടങ്ങുമ്പോൾ ധാരാളം യാത്രകളും സമ്മർദ്ദങ്ങളുമുള്ള തന്റെ ജോലിയെക്കുറിച്ചുള്ള ചിന്തകളാണ് വിനോജിനെ അലട്ടിയത്. അങ്ങനെ ഒരു ബിസിനസ് ചെയ്യാം എന്നൊരു തീരുമാനത്തിൽ വിനോജും ഗീതയും എത്തിച്ചേർന്നു.

“ ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ ഫൂഡുമായി ബന്ധപ്പെട്ടു ചെയ്യണം എന്നുണ്ടായിരുന്നു. ആരോഗ്യഭക്ഷണം നൽകുന്ന ഒരിടമായിരുന്നു എന്റെ മനസ്സിൽ.എന്റെ രോഗം തന്നെയായിരുന്നു എനിക്കു മോട്ടിവേഷൻ ആയത്. ’’ വിനോജ് പറയുന്നു. ഹെൽത്തി ഫൂഡ് എന്ന സാധ്യതയെക്കുറിച്ച് വിനോജും ഗീതയും ഒരുപാടു ഗവേഷണം നടത്തി. “ സാലഡ് ഹെൽത്തിയാണെന്നറിയാം. എന്നാൽ നമ്മുടെ നാട്ടിൽ സാലഡ് ആരും മെയിൻ മീൽ ആയി കഴിക്കാറില്ല. സാലഡ് നമുക്ക് സൈഡ് ഡിഷാണ്” വിനോജ് പറയുന്നു.

സാലഡ് വിപണി ഒരുങ്ങുന്നു

സാലഡിനെ എങ്ങനെ പ്രധാന ആഹാരം ആക്കാം എന്നതായി വിനോജിന്റെയും ഗീതയുടെയും ചിന്ത. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇരുവരും സാലഡിൽ പരീക്ഷണങ്ങൾ തകൃതിയായി ചെയ്തു. ഡിന്നർ സാലഡിലേക്കു മാറ്റി നോക്കി. “മോൻ ആര്യനും ഇഷ്ടത്തോടെ സാലഡ് കഴിക്കുന്നതായി കണ്ടു. അങ്ങനെ എല്ലാ പ്രായക്കാർക്കും ഇഷ്ടമാകുന്ന മീൽ ആണ് സാലഡ് എന്നു ബോധ്യം കിട്ടി ’’ വിനോജ് പറയുന്നു. ഷെഫുമാരോടും ന്യൂട്രിഷനിസ്റ്റുമാരോടും സംസാരിച്ച് സാലഡിന്റെ പോഷണരുചി വൈവിധ്യത്തെക്കുറിച്ചു നല്ല ധാരണയിലെത്തി. അങ്ങനെ ഇരുവരും ജോലി രാജിവെച്ചു. 2019 ജനുവരിയിൽ ഈറ്റ് ഗ്രീൻ എന്ന പേരിൽ എറണാകുളത്ത് പാലാരിവട്ടത്ത് ഒരു കിച്ചൻ പ്രവർത്തനമാരംഭിച്ചു.

‘‘ 20 ഒാളം സാലഡുകൾ ഉണ്ട്. അതിൽ നോൺ വെജിറ്റേറിയൻ– വെജിറ്റേറിയൻ വിഭാഗങ്ങളുണ്ട്. വെജിറ്റേറിയൻ വിഭാഗത്തിൽ 5–6 തരം സാലഡുകൾ ഉണ്ട്. വീഗൻ എന്നൊരു പുതിയ വിഭാഗവും ഉണ്ട്. ആ വിഭാഗത്തിൽ രണ്ടു തരം സാലഡ് ഉണ്ട്. ( ഗ്രീക്ക് ചോപ്ഡ്, സ്‌പൈസി തൈ). നോൺവെജ് വിഭാഗത്തിൽ ചിക്കൻ, സീഫൂഡ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചിക്കനിൽ തന്നെ മൂന്നു നാലു വേരിയന്റുകൾ ഉണ്ട്. ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതു മെഡിറ്ററേനിയൻ ചിക്കൻ സാലഡാണ്. ട്യൂണ, കൊഞ്ച് എന്നിവ ചേർത്ത സാലഡും എഗ്ഗ് ബേസ്ഡ് സാലഡും ഉണ്ട്. ഗ്രെയിൻ ബൗൾസ് എന്ന പുതിയൊരു വിഭാഗം സാലഡ് ഉണ്ട് . കിനുവ എന്ന ധാന്യം കൊണ്ടും വെജ് നോൺവെജ് രീതിയിൽ സാലഡുകൾ ഉണ്ട്. റൈസ് ന്യൂഡിൽസിന്റെ സാലഡും ഉണ്ട് ’’  വിനോജ് വിശദമാക്കുന്നു.

സൗത്ത് വെസ്റ്റ് സീസർ എന്ന സാലഡിൽ കുക്കുംബർ, ചിക്ക്പീ, കാരറ്റ്, പിക്കിൾഡ് ഒനിയൻ, തക്കാളി, പെപ്പർ ജാക്ക് എന്നിവയാണു ചേരുവകൾ. ചിക്കൻ ബ്രസൽസ് സാലഡിൽ റോസ്റ്റഡ് ചിക്കൻ, ബ്രസൽസ് സ്പ്രൗട്ട്സ്, പർപ്പിൾ കാബേജ്, ബ്രോക്കോളി ഇവയുണ്ട്. സ്വീറ്റ് എഗ്ഗ്‌ വാലി, മെഡിറ്ററേനിയൻ എഗ് സാലഡ്, ബുദ്ധ ബൗൾ എഗ്ഗ്, സാന്റാ ഫെ സാലഡ്, മെഡിറ്ററേനിയൻ കിനുവ ചിക്ക് പീ ബൗൾ, ഫിനിക്കി പിക്കറി, ഗ്രീക്ക് ചോപ്ഡ്, നിക്കോയിസ് ട്യൂണ, മെഡിറ്ററേനിയൻ ചിക്കൻ സാലഡ്, ബുദ്ധ ബൗൾ ചിക്കൻ, ബൂദ്ധ ബൗൾ ടോഫു, ഷ്റിംപ് സ്പിന്നർ, സീസർ ചിക്കൻ, കാഷ്യു ചിക്കൻ ബൗൾ... അങ്ങനെ സാലഡുകളുടെ നിര നീളുന്നു.

ഒരു ക്ലൗഡ് കിച്ചൻ ആയാണ് ഈറ്റ് ഗ്രീൻ പ്രവർത്തിക്കുന്നത്. കിച്ചൻ മാത്രം. ഇരുന്നു കഴിക്കാനുള്ള സംവിധാനമില്ല. സാലഡ് ഡെലിവറിയാണു നടക്കുന്നത്. പാലാരിവട്ടത്തു നിന്ന് 8–10 കി.മീ. ചുറ്റളവിൽ ഡെലിവറി ചെയ്യുന്നുണ്ട്. വെബ്സൈറ്റ് വഴിയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഒാഡർ ചെയ്യാം. ഫൂഡ് ആപ്ലിക്കേഷനുകൾ വഴിയും ഒാഡർ വരാറുണ്ട്. വന്നു വാങ്ങിക്കുന്നവരും ഉണ്ട്.

സബ്സ്ക്രൈബ് ചെയ്യാം

‘‘ ഹെൽതി മീൽ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ കഴിച്ചിട്ടു കാര്യമില്ല. ആരോഗ്യം സംരക്ഷിക്കപ്പെടണമെങ്കിൽ അതു സ്ഥിരമായി കഴിക്കണം. അതിനാണ് സബ്സ്ക്രിപ്ഷൻസ് ഒരുക്കിയിട്ടുള്ളത്. ഈ സാലഡ് വെറുതെ ഒന്നു പരീക്ഷിക്കാം എന്നു കരുതുന്ന പുതിയ കസ്‌റ്റമർക്കു ഫൂഡ് ആപ്പ് വഴി വാങ്ങി സാലഡ് രുചിക്കാം. ഇഷ്ടപ്പെട്ടാൽ ഒരാഴ്ചത്തേക്ക് ഉച്ചഭക്ഷണം സാലഡ് ആകാം എന്നു കരുതിയാൽ സബ്സ്ക്രിപ്ഷൻ എടുക്കാം. ചിലർ ഡിന്നർ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. 5 ദിവസത്തെ പ്ലാൻ മുതൽ 30 ദിവസത്തെ പ്ലാനോ, മൂന്നു മാസത്തെ പ്ലാനോ എടുക്കാം. ആവശ്യപ്പെട്ട അത്രയും കാലയളവിൽ ഉച്ചഭക്ഷണത്തെക്കുറിച്ചോ, അത്താഴത്തെക്കുറിച്ചോ ചിന്തിക്കേണ്ടതില്ല. ഉച്ചഭക്ഷണത്തിന്റെ നേരമാകുമ്പോൾ ഒാഫിസിലും വീട്ടിലും സാലഡ് എത്തിക്കൊള്ളും. സാലഡിൽ ബ്രേക്ഫാസ്‌റ്റ് നിലവിൽ ഇല്ല. ഈറ്റ്ഗ്രീൻ കിച്ചന്റെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 9 വരെയാണ്.

‘‘ സാലഡ് പാകപ്പെടുത്തുന്നതിനായി കിച്ചനിൽ ഒരു ടീം ഉണ്ട്. മെനു കൃത്യമായി അവരെ ഏൽപിക്കുകയാണ്. കാലറിയൊക്കെ കൃത്യമായി ചിട്ടപ്പെടുത്തി അവർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഡെലിവറിക്കായി മറ്റൊരു ടീമും സജ്ജമാണ് ’’ വിനോജ് പറയുന്നു.

സാലഡ് കഴിച്ച് സൗഖ്യാനുഭവങ്ങളുണ്ടായ കുറേ രോഗികളുമുണ്ട്. രക്തത്തിലെ പഞ്ചസാര നില കുറഞ്ഞവരും കൊളസ്ട്രോൾ കുറഞ്ഞവരുമൊക്കെയുണ്ട് ആ ഗണത്തിൽ.

മകൻ ആര്യനെപ്പോലെ തന്നെയാണ് വിനോജിനും ഗീതയ്ക്കും ഈറ്റ് ഗ്രീൻ. രണ്ടു വയസ്സ് മാത്രമുള്ള ഈറ്റ് ഗ്രീൻ എന്ന സ്വപ്നസാഫല്യത്തെക്കുറിച്ചു പറയുമ്പോൾ അതുകൊണ്ടാകാം,അവരുടെ വാക്കുകളിൽ നിറയെ വാത്സല്യം. അന്ന് ഹൃദയത്തിനായി എടുത്ത തീരുമാനത്തിനൊടുവിൽ കാത്തിരുന്നു കിട്ടിയ കുഞ്ഞാണല്ലോ ഈറ്റ് ഗ്രീൻ.

Tags:
  • Manorama Arogyam
  • Diet Tips