Saturday 09 July 2022 12:54 PM IST

ആവശ്യമില്ലാത്ത സാധനമാണെങ്കിലും മോഷ്ടിക്കും; സ്വയം നിയന്ത്രിക്കാൻ വയ്യാതെ നാണംകെടും: ക്ലെപ്േറ്റാമാനിയയെക്കുറിച്ച് അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

543543

പ്രസിദ്ധയായ ഒരു ടെന്നീസ് താരത്തെ പൊലീസ് പിടികൂടിയതു ഡോളർ വിലയുള്ള നിശാവസ്ത്രം മോഷ്ടിച്ചതിനായിരുന്നു. അതിലുമെത്രയോ ഡോളർ മുടക്കാൻ ആസ്തിയുള്ള താരം എന്തിനാണ് ഈ നാണംകെട്ട കവർച്ചയ്ക്കു മുതിർന്നതെന്നു പൊതുസമൂഹം മൂക്കത്ത് വിരൽവച്ചു. ഒടുവിൽ കൂടുതൽ നാണക്കേട് ഒഴിവാക്കാൻ താരത്തിന്റെ മാനേജർ ആ സത്യം തുറന്നുപറഞ്ഞു–ക്ലെപ്റ്റോമാനിയ എന്ന മാനസികരോഗത്തിന് അടിമയാണ് അവർ. ഇതാദ്യമല്ല ഇത്തരമൊരു മോഷണശ്രമം. ഇതിനു മുമ്പും നടന്നിട്ടുള്ള ഇത്തരം പെറ്റിക്കേസുകൾ ഇരുചെവിയറിയാതെ പറഞ്ഞൊതുക്കുകയായിരുന്നത്രേ. ഇതുമാത്രം െെകവിട്ടുപോയി.

തനിക്കത് ആവശ്യമില്ലെന്നറിയാം, അതു വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടെന്നുമറിയാം. പക്ഷേ, മോഷ്ടിക്കാതിരിക്കാൻ വയ്യ. മോഷണത്തിൽ നിന്നു ലഭിക്കുന്ന ആനന്ദാനുഭൂതിക്കായി മാത്രം മോഷ്ടിക്കുക എന്നു വിശേഷിപ്പിക്കാം ക്ലെപ്റ്റോമാനിയ എന്ന മാനസികരോഗത്തെ.

മോഷ്ടിക്കാനുള്ള ആവർത്തിച്ചുണ്ടാകുന്ന ചോദനകളെ സ്വയം നിയന്ത്രിക്കാൻ സാധ്യമല്ലാതെ വരുന്നതാണു ഈ രോഗത്തിനു കാരണം. എന്തെങ്കിലും ഒരു വസ്തുവിനോടോ ഉപകരണത്തോടോ തോന്നുന്ന അതിയായ ആഗ്രഹത്തെ തടഞ്ഞുനിർത്താനാവാതെ വരുന്നതാണു തുടക്കം. ആ സാധനം െെകക്കലാക്കുംവരെ വല്ലാത്തൊരു മാനസിക സമ്മർദത്തിലായിരിക്കും അവർ. കൈകൾ അതെടുക്കാൻ തരിക്കും, നെഞ്ച് പടപടാ മിടിക്കും. ഏതുവിധേനയും െെകവശപ്പെടുത്തുന്നതോടെ വലിയൊരു നേട്ടം െെകവരിച്ച തൃപ്തിയും ആനന്ദവുമുണ്ടാകുന്നു.

മോഷണവസ്തു വിലപിടിപ്പുള്ളതാകണമെന്നോ അപൂർവമാകണമെന്നോ ഇല്ല. െെകവശത്തിലായ വസ്തു പിന്നീട് അവർ ഉപയോഗിക്കണമെന്നുമില്ല. മിക്കവാറും പേർ കുറ്റബോധമുണ്ടായി മോഷ്ടിച്ച വസ്തുവിനെ ക്ഷമാപണത്തോടെ തിരികെ നൽകും. അല്ലെങ്കിൽ ഉപേക്ഷിക്കുകയോ മറ്റാർക്കെങ്കിലും സമ്മാനിക്കുകയോ ചെയ്യും.

19–ാം നൂറ്റാണ്ടിൽ തന്നെ ഇത്തരമൊരു മോഷണഭ്രാന്തിനേക്കുറിച്ച് പരാമർശങ്ങളുണ്ട്. മാനസികപ്രശ്നങ്ങളുള്ളവരെ ചികിത്സിച്ചിരുന്ന സ്വിറ്റ്സർലന്റുകാരനായ മാതേയ് എന്ന ഫിസിഷൻ ആണ് മോഷണത്തിൽ നിന്നും സന്തോഷം നേടുന്ന പ്രത്യേക രോഗത്തെക്കുറിച്ച് ആദ്യം പരാമർശിച്ചതായി കാണുന്നത്. പ്രത്യേക ഉദ്ദേശ്യമോ ആവശ്യമോ ഇല്ലാതെ നടത്തുന്ന ഇത്തരം മോഷണശ്രമങ്ങളെ ക്ലോപെമാനിയ അഥവാ മോഷണഭ്രാന്ത് (Stealing Insanity) എന്നാണ് അദ്ദേഹം പേരുവിളിച്ചത്. ക്ലോപെമാനിയ പിന്നീട് ക്ലെപ്റ്റോമാനിയ ആയി. മാനസികരോഗങ്ങളുടെ ലിസ്റ്റിൽ ഇംപൽസീവ് കൺട്രോൾ ഡിസോഡറുകളുടെ കീഴിലാണ് ക്ലെപ്റ്റോമാനിയ വരുന്നത്.

എന്താണ് ഇത്തരമൊരു മാനസികപ്രശ്നത്തിനു പിന്നിലെ കാരണം എന്നതിന് ഇപ്പോഴും കൃത്യമായ ഒരുത്തരമില്ല. പല കാരണങ്ങൾ പറയുന്നതിൽ ഏറ്റവും ശക്തമായ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നതു െെജവശാസ്ത്രപരമായ സവിശേഷതകളെയാണ്. തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റർ രാസപദാർഥങ്ങളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം തലതിരിഞ്ഞ തോന്നലുകൾക്കു പിന്നിലെന്നാണ് ഒരു തിയറി പറയുന്നത്. പ്രത്യേകിച്ചു സെറടോണിന്റെ അളവിലെ വ്യത്യാസങ്ങൾ.

തുടക്കത്തിലേ ചികിത്സിക്കാം

കൗമാരപ്രായത്തിലാണ് ഇത്തരം മോഷണപ്രവണത കണ്ടുതുടങ്ങുന്നത്. പോക്കറ്റുമണിക്കായി അപ്പന്റെ പഴ്സിൽ നിന്നു കാശു മോഷ്ടിക്കുന്നതല്ല ക്ലെപ്റ്റോമാനിയ. ഇതു മോഷണമാണോ ക്ലെപ്റ്റോമാനിയ ആണോ എന്നു തീർച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. ക്ലെപ്റ്റോമാനിയയുടെ ആദ്യഘട്ടത്തിലേ തന്നെ മനോരോഗവിദഗ്ധന്റെ സഹായം തേടേണ്ടതാണ്. കാലം മുന്നോട്ടു പോകുന്തോറും ഇത്തരം തോന്നലുകൾ ശീലമായി ഇറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഘട്ടത്തിൽ അവയെ തിരുത്താൻ പ്രയാസമായിരിക്കും.

ആദ്യഘട്ടത്തിലേ കണ്ടെത്തിയാൽ തലച്ചോറുമായി ബന്ധപ്പെട്ടുള്ള കാരണമാെണന്നു ബോധ്യപ്പെട്ടാൽ ഒൗഷധചികിത്സ നൽകിത്തുടങ്ങണം. തുടർച്ചയായുള്ള ക്ലിനിക്കൽ കൗൺസലിങ്ങും നൽകണം. മീശ മുളയ്ക്കും മുമ്പേ കക്കാൻ തുടങ്ങി എന്നു കുട്ടിയെ കള്ളനായി മുദ്രകുത്തരുത്. അതു മോഷണപ്രവണതയുടെ സൂചനയല്ല, മാനസികരോഗമാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം.

കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിക്കു ക്ലെപ്റ്റോമാനിയയുടെ ചികിത്സയിൽ വലിയ പ്രാധാന്യമുണ്ട്. സ്വന്തം ചോദനകളെ നിയന്ത്രിക്കാനുള്ള പരിശീലനം രോഗിക്കു നൽകുകയാണ് ഈ തെറപ്പിയിൽ ചെയ്യുന്നത്. ഇതു മറ്റൊരാളുടെ വസ്തുവാണ്, അത് എടുക്കുന്നത് തെറ്റാണ് എന്നു ബോധമനസ്സിനെ തിരുത്തി ഉറപ്പിക്കണം.

ചിലർക്കു ചില പ്രത്യേക വസ്തുക്കളോടായിരിക്കും താൽപര്യം. വ്യക്തികളുടെ ജീവിതരീതിയും വ്യക്തിത്വവും അനുസരിച്ച് ഈ താൽപര്യങ്ങളിൽ വ്യത്യാസംവരാം. പോർണോഗ്രഫിയിൽ തൽപരനായ ഒരു രോഗിയുടെ താൽപര്യം െെലംഗികതയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മോഷ്ടിക്കുകയായിരുന്നു. ചിലർക്ക് പേനകളാകാം ആഭരണങ്ങളാകാം. എന്തിനേറെ സ്പൂണുകളും പ്ലേറ്റുകളും പോലുമാകാം. പൊതുവേ 40 വയസ്സിൽ താഴെയുള്ളവരിലാണ് ക്ലെപ്റ്റോമാനിയ കണ്ടുവരുന്നത്. 40 വയസ്സു കഴിയുന്നതോടെ ഈ പ്രവണത പതിയെ കുറഞ്ഞുവരുന്നതായി കാണുന്നു.

വെറുമൊരു മാനസികരോഗമെന്നതിലുപരി നിയമപരമായ പ്രാധാന്യവുമുണ്ട് ക്ലെപ്റ്റോമാനിയയ്ക്ക്. ചിലപ്പോൾ കുറ്റകൃത്യങ്ങളെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി നിയമത്തിന്റെ കൈകളിൽ നിന്നു രക്ഷപെടാനുള്ള ശ്രമങ്ങളുണ്ടാകാറുണ്ട്. ഇതേപോലെ കവർച്ചാശ്രമങ്ങളെ ക്ലെപ്റ്റോമാനിയയായി തെറ്റിധരിപ്പിച്ച് രക്ഷപെടാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കാറുണ്ട്. പ്രത്യേകിച്ച് സമൂഹത്തിലെ പ്രശസ്തരും പ്രമുഖരുമായ ആളുകൾ പ്രതികളാകുന്ന കേസുകളിൽ. അറിയാതങ്ങു മോഷ്ടിച്ചുപോവുകയാണെന്ന വാദത്തെ തലനാരിഴകീറി പരിശോധിച്ചുവേണം കുറ്റവും രോഗാതുരതയും തമ്മിൽ വേർതിരിച്ചറിയാൻ. ഇതിന് മനോരോഗചികിത്സകരുടെ സഹായം തേടുകതന്നെ വേണ്ടിവരും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എസ്. ഡി. സിങ്, മനോരോഗ വിദഗ്ധൻ, കൊച്ചി

Tags:
  • Manorama Arogyam