Saturday 24 August 2024 03:34 PM IST

ഗര്‍ഭപാത്രത്തിനു പുറത്തു ഗര്‍ഭധാരണം നടന്നാല്‍, വിദഗ്ധ മറുപടി വായിക്കാം

Dr N S Sreedevi, Emeritus Professor, Obstetrics &Gynaecology, Pushpagiri Hospital, Thiruvalla

gyn433

29 വയസ്സ്. അഞ്ചു വയസ്സുള്ള മകൻ ഉണ്ട്. ഇപ്പോൾ രണ്ടാമതും ഗർഭിണിയായി. ഡോക്ടറെ കണ്ടു പരിശോധന നടത്തിയപ്പോൾ ഗർഭപാത്രത്തിനു പുറത്താണു കുഞ്ഞ് എന്നാണു പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. ഇനിയും ഇതുപോലെ ആകാൻ സാധ്യതയുണ്ടോ? ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? ഗർഭപാത്രത്തിനു പുറത്തു ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്? ഇതു തടയാനും പ്രതിരോധിക്കാനും സാധിക്കുമോ? ഇങ്ങനെ സംഭവിച്ചാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലേ?

ആമിന, തിരുവനന്തപുരം

ഗർഭപാത്രത്തിനു പുറത്തു ഗർഭധാരണം നടക്കുന്ന അവസ്ഥയാണ് എക്‌റ്റോപിക് പ്രഗ്നൻസി എന്നു പറയപ്പെടുന്നത്. അണുബാധയാണ് (pelvic infection) ഇതിന്റെ പ്രധാന കാരണം. കൂടാതെ, സാധാരണയായി ഗർഭധാരണം നടക്കാതെ വരുമ്പോൾ അതിനായി ചികിത്സ ചെയ്തു ഗർഭധാരണം സംഭവിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്കു കൂടുതൽ സാധ്യതയുണ്ട്. ഒരിക്കൽ ഇങ്ങനെ ഉണ്ടായാൽ വീണ്ടും വരാനുള്ള സാധ്യത 15% ആണ്. മറ്റു കാരണങ്ങളുമുണ്ട്. ഗർഭം ധരിക്കാത്തതിനു ട്യൂബിൽ എന്തെങ്കിലും ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ സാധ്യതയുണ്ട്. അതുപോലെ പ്രസവം നിർത്താനായി ട്യൂബിൽ ചെയ്യുന്ന ശസ്ത്രക്രിയകളുെട ഫലമായും ചിലപ്പോൾ ഇങ്ങനെ സംഭവിക്കാം.

അണുബാധ, പുകവലി, ഗർഭധാരണം നടക്കാതിരിക്കാൻ കോപ്പർ–ടി പോലെയുള്ളവയുടെ ഉപയോഗം, ഉയർന്ന പ്രായം തുടങ്ങിയ സാഹചര്യങ്ങളിലും ഗർഭപാത്രത്തിനു പുറത്തു ഗർഭധാരണം നടക്കുന്ന അവസ്ഥ ഉണ്ടാകാം. അണ്ഡവാഹിനിക്കുഴലിനുള്ളിൽ വളരെ കനം കുറഞ്ഞ നാരുകൾ പോലെയുള്ള സീലിയകൾ ഉണ്ട്. ഇവയാണു ബീജസങ്കലനത്തിന് അണ്ഡത്തേയും ഭ്രൂണത്തേയും ചലിപ്പിക്കാൻ സഹായിക്കുന്നത്. എന്തെങ്കിലും അണുബാധ വന്നാൽ ഈ സീലിയയുടെ ചലനം നഷ്ടപ്പെടാം. ഈ അവസ്ഥയിൽ ഭ്രൂണത്തിന് അണ്ഡവാഹിനിക്കുഴലിൽ നിന്നും ഗർഭപാത്രത്തിലെത്താൻ സാധിക്കാതെ വരും. അപ്പോൾ ഭ്രൂണം അണ്ഡ‍വാഹിനിക്കുഴലിൽ തന്നെ തങ്ങിനിന്നുവളരുന്നു

ശസ്ത്രക്രിയ എപ്പോൾ

ആറാഴ്ച വരെ മാത്രമേ ഭ്രൂണത്തിനു ട്യൂബിനുള്ളിൽ വളരാന്‍ സാധിക്കൂ. അതിനുശേഷം അണ്ഡവാഹിനിക്കുഴൽ വികസിച്ചു പൊട്ടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വയറിനുള്ളിൽ രക്തസ്രാവം സംഭവിച്ചു ജീവൻ തന്നെ അപകടത്തിലായേക്കാം. ഈ ഘട്ടത്തിൽ അടിയന്തരമായ ശസ്ത്രക്രിയ മാത്രമാണുപോം വഴി. കുഞ്ഞ് ട്യൂബിനുള്ളിലാണ് എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാൽ മരുന്നു ചികിത്സ, ശസ്ത്രക്രിയ എന്നീ രണ്ട് ഓപ്ഷനുകളുണ്ട്. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുള്ള കുത്തിവയ്പുകളിലൂെട പരിഹരിക്കുന്നതാണു മരുന്നു ചികിത്സ. ട്യൂബ് പൊട്ടിയിട്ടില്ലെങ്കിൽ ഇങ്ങനെ ഒരു സാധ്യതയുണ്ട്. പക്ഷേ തീരുമാനം ഡോക്ടറുടേതാണ് എന്നതു മറക്കരുത്. ഒരിക്കൽ ഇത്തരത്തിൽ ഗർഭധാരണമുണ്ടായാൽ അതിനു പ്രത്യേക കാരണങ്ങൾ ഉണ്ടോ എന്നു വിശദമായി പരിശോധിക്കണം. അണുബാധ പോലെ എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കുകയാണെങ്കിൽ അതിനായി ചികിത്സ ചെയ്യണം. അതുമാത്രമാണു പ്രതിരോധമാർഗം.

Tags:
  • Manorama Arogyam