Friday 17 November 2023 12:58 PM IST : By സ്വന്തം ലേഖകൻ

ആർത്തവസമയത്ത് തവിട്ടുനിറത്തിലോ ഇളംചുവപ്പു നിറത്തിലോ കാണുന്ന സ്രവങ്ങൾ... പ്രശ്നമുണ്ടാക്കുമോ ഈ സ്രവങ്ങൾ?: നിസ്സാരമാക്കല്ലേ ശുചിത്വം

women-hygeine

കുട്ടികളായിരിക്കുമ്പോഴേ ശാരീരിക ശുചിത്വത്തിന്റെ ബാലപാഠങ്ങൾ നമ്മൾ പഠിച്ചുതുടങ്ങുന്നു. പക്ഷേ, അപ്പോഴും ലൈംഗിക ശുചിത്വം അഥവാ ജനനേന്ദ്രിയങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതു സംബന്ധിച്ച് ആരും സംസാരിച്ചു കേൾക്കാറില്ല. സ്ത്രീകളുടെ സ്വകാര്യഭാഗ ശുചിത്വത്തെക്കുറിച്ചു കൃത്യമായുള്ള ബോധവൽകരണം നടക്കാത്തതുകൊണ്ടാണു സ്ത്രീകളിലെ അണുബാധകളും രോഗങ്ങളും രഹസ്യമായി വയ്ക്കുന്ന രീതിയും മാറാത്തത്. ഏതു പ്രായത്തിലും സ്ത്രീകൾ നിർബന്ധമായും പുലർത്തേണ്ട ചില ശുചിത്വകാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാം.

അണുബാധയും വൃത്തിയും

ബാഹ്യജനനേന്ദ്രിയഭാഗങ്ങളിൽ സഹജമായി തന്നെ അണുബാധ തടയാനുള്ള പല സുരക്ഷാഘടകങ്ങളുമുണ്ട്. ഈ ഭാഗത്തെ ചർമം സാധാരണ തൊലിയേക്കാൾ കുറച്ചു നേർമ ഉള്ളതാണ്. യോനിയിൽ നിന്നു വരുന്ന സ്രവങ്ങളും ആ സ്രവത്തിന്റെ പിഎച്ചും (ഒരു വസ്തുവിന്റെ അമ്ലതയും ക്ഷാരത്വവും നിശ്ചയിക്കാനുള്ള അളവാണ് പിഎച്ച്) ആന്തരിക അവയവങ്ങളിലേക്ക് അണുബാധ ഉണ്ടാകാതെ തടയുന്നുണ്ട്. പിഎച്ച് അമ്ലമായിരിക്കുന്നത് യോനീഭാഗത്ത് അണുബാധകൾക്കുള്ള സാധ്യത കുറയാൻ കാരണമാകുന്നു. സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ യോനീഭാഗത്തുള്ള ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ചയ്ക്കു പ്രേരകമാകുന്നുണ്ട്. യോനീഭാഗത്തെ പിഎച്ച് ഒരൽപം അമ്ലമായിരിക്കാൻ ഈ ബാക്ടീരിയ സഹായിക്കുന്നു.

സ്ത്രീകളുടെ ഗുഹ്യഭാഗത്തിനു ശാരീരികമായ ചില പ്രത്യേകതകളും ഉണ്ട്. ഇവിടെ രോമവളർച്ച കൂടുതലാണ്. കാലുകളുടെ ഇടയ്ക്കുള്ള ഭാഗമായതുകൊണ്ട് വിയർപ്പും ചൂടും തങ്ങിനിൽക്കാനുള്ള സാധ്യതയും കൂടും. മുന്നിലുള്ള മൂത്രനാളിയും പിറകിലുള്ള മലദ്വാരവും വഴിയാണ് ശരീരത്തിലെ വിസർജ്യ വസ്തുക്കൾ പുറന്തള്ളപ്പെടുന്നത്. ഈ ഭാഗങ്ങളോടു തൊട്ടടുത്തായതുകൊണ്ടുതന്നെ ഗുഹ്യഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇവിടെ ഉണ്ടാകുന്ന അണുബാധക ൾ സാധാരണഗതിയിൽ ആന്തരിക അവയവങ്ങളിലേക്കു വ്യാപിക്കാറില്ല. എന്നിരുന്നാലും തൊലിപ്പുറത്ത് ഉണ്ടാകുന്ന ഫംഗസ് ബാധയ്ക്ക് ഇതു കാരണമാകാം. ഗുഹ്യഭാഗത്തെ ചൊറിച്ചിലും പുകച്ചിലും സ്ത്രീകളുടെ ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടുള്ളതാക്കാം.

ശ്ലേഷ്മഗ്രന്ഥികളുടെ സംരക്ഷണം

സാധാരണയായി നമ്മൾ വജൈന എന്നാണ് ബാഹ്യ ജനനേന്ദ്രിയ ഭാഗത്തെക്കുറിച്ചു പറയാറ്.  ഇതു തെറ്റാണ്.  യഥാർഥത്തിൽ  ബാഹ്യജനനേന്ദ്രിയഭാഗത്തിനു പൊതുവേ വൾവ എന്നാണു പേര്.  വജൈന എന്നത്  ഉൾഭാഗത്തായി കാണുന്ന ഘടനയാണ്. വൾവയുടെ പ്രധാനഭാഗങ്ങളാണ് ലാബിയ മജോറ, ലാബിയ മൈനോറ, ഭഗശിശ്നിക (Clitoris), യോനിയുടെ പ്രവേശനദ്വാരം,  കന്യാചർമം (Hymen) എന്നിവ. ലാബിയ മജോറയുടെ ചർമത്തിലാണ് രോമങ്ങളും വിയർപ്പ്–ശ്ലേഷ്മ (Sweat &Mucous)  ഗ്രന്ഥികളുമുള്ളത്.  ലാബിയ മജോറയ്ക്കുള്ളിലായി വജൈനയുടെ  പ്രവേശനദ്വാരത്തിനു ചുറ്റുമായുള്ള ഭാഗമാണ് ലാബിയ മൈനോറ.  ക്ലിറ്റോറിസ് എന്നത് അതീവസംവേദനക്ഷമമായ ഭാഗമാണ്. വജൈനയുടെ പ്രവേശനദ്വാരത്തെ മൂടിയുള്ള കലകളെയാണ് കന്യാചർമം എന്നു പറയുന്നത്. വജൈന എന്നു പറയുന്നത് ഗർഭാശയമുഖം മുതൽ ബാഹ്യജനനേന്ദ്രിയഭാഗം വരെ നീളുന്ന  പേശീബദ്ധമായ ഒരു കനാലാണ്. ബാഹ്യ ജനനേന്ദ്രിയങ്ങൾ ആന്തരിക ജനനേന്ദ്രിയങ്ങളുടെ വാതിലാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ വൃത്തി പ്രാധാന്യം
 അർഹിക്കുന്നു.

കുട്ടിക്കാലത്തേ തുടങ്ങാം

വായ വൃത്തിയാക്കുന്നതു പോലെ ത ന്നെ പ്രധാനമാണ് ഗുഹ്യഭാഗങ്ങൾ ശുചിയായി വയ്ക്കുന്നതും. മലമൂത്ര വിസ ർജനത്തിനു ശേഷം സ്വകാര്യഭാഗങ്ങൾ ധാരാളം വെള്ളമൊഴിച്ചു കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക. പെൺകുട്ടികളിൽ കഴുകുമ്പോൾ എപ്പോഴും മുൻപിൽ നിന്നും പിന്നിലേക്കു വേണം കഴുകാൻ. ഇല്ലെങ്കിൽ മലദ്വാരത്തിൽ നിന്നുള്ള അ ണുക്കൾ മുൻഭാഗത്തേക്ക് എത്താനും അണുബാധയുണ്ടാകാനുമിടയുണ്ട്. മൂത്രമൊഴിച്ച ശേഷവും വെള്ളമൊഴിച്ചു വൃത്തിയാക്കണം. ഓരോ പ്രാവശ്യവും കഴുകി കഴിഞ്ഞു മൃദുവായ തുണി വച്ചു നനവ് ഒപ്പിയെടുക്കുക. പരുക്കൻ തുണികളും അമർത്തി തുടയ്ക്കുന്നതും ഒഴിവാക്കുക.

ദിവസവും പലതവണ സോപ്പിട്ടു ക ഴുകുന്നതു സ്വകാര്യഭാഗങ്ങളിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കും. ദിവസം ഒരു പ്രാവശ്യം വീര്യം കുറഞ്ഞ സോപ്പും വെള്ളവും കൊണ്ട് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കിയാൽ മതി. ഗുഹ്യഭാഗത്തിന്റെ വശങ്ങളിലുള്ള ഇതളുകളും വിടർത്തി വൃത്തിയാക്കണം. രാവിലെ ഉണർന്ന് മൂത്രമൊഴിച്ചശേഷമോ കുളിക്കുന്ന സമയത്തോ ഇങ്ങനെ ചെയ്യാം. ബാക്കി സമയങ്ങളിൽ വെറും വെള്ളം കൊണ്ടു കഴുകിയാൽ മതിയാകും. ഷവർ ജെല്ലോ ഡെറ്റോൾ പോലുള്ള ആ ന്റിസെപ്റ്റിക് ലോഷനുകളോ കൊണ്ടു കഴുകരുത്.

യോനിയിലേക്കു വെള്ളം ചീറ്റിച്ചൊഴിച്ചു കഴുകുന്നതും ചൂടുള്ള വെള്ളമൊ ഴിച്ചു കഴുകുന്നതും ആവി കൊള്ളിക്കുന്നതുമൊക്കെ ഒഴിവാക്കണം. അമിതവൃത്തിയാക്കലുകൾ ദോഷമേ ചെയ്യൂ.

ആർത്തവം തുടങ്ങിക്കഴിഞ്ഞാൽ

ആർത്തവ സമയത്തെ ആരോഗ്യത്തിനു ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. രക്തസ്രാവം അധികമില്ലെങ്കിലും ദിവസം മൂന്നു നാലു തവണയെങ്കിലും സാനിറ്ററി പാഡ് മാറ്റി ഉപയോഗിക്കണം. ഇല്ലെങ്കിൽ അവിടെ നനവു നിന്നു തൊലിപ്പുറത്തു പുകച്ചിലും ചൊറിച്ചിലും ഉണ്ടാകും.

ഈ സമയത്ത് പലരും വളരെ മുറുക്കമുള്ള അടിവസ്ത്രങ്ങളും പാന്റിലൈനറുകളും ഉപയോഗിക്കാറുണ്ട്. ഇറുക്കമുള്ള അടിവസ്ത്രങ്ങളും പാന്റിലൈനറും ഉപയോഗിക്കുമ്പോൾ ആ പ്രദേശത്തെ താപനിലയും നനവും വർധിക്കും. അതു ചർമത്തിൽ ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാൻ കാരണമാകും. അതിന്റെ കൂടെ തന്നെ അണുബാധയും ഉണ്ടാകാം.

ഈ സമയത്ത് ദുർഗന്ധം ഭയന്ന് പലരും പലതവണ സോപ്പുപയോഗിച്ച് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാറുണ്ട്. ചിലർ ഒന്നിലധികം പാഡുകളും ഉപയോഗിക്കും. ഇതിനു പകരം അധികം നനവാകും മുൻപേ പാഡുകൾ മാറ്റുന്നതാണ് ഉത്തമം.

1459955630

ശുചിത്വത്തിന് ഉൽപന്നങ്ങൾ

സ്ത്രീകളുടെ ശുചിത്വം വലിയ വിപണിസാധ്യതയുള്ള മേഖലയാണ്. അടുത്ത കാലത്തായി ഇത്തരം ഉൽപന്നങ്ങളോടുള്ള സ്ത്രീകളുടെ താൽപര്യം വർധിച്ചു കാണുന്നു. സാധാരണമായി തന്നെ ഉണ്ടാകുന്ന സ്രവങ്ങളും വിയർപ്പും മൂത്രത്തിന്റെ അംശവും ഒക്കെ ചേർന്ന് അനഭിമതമായ ഒരു ഗന്ധം ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാനും ലൈംഗികബന്ധത്തിനു മുൻപായുള്ള ഒരുക്കത്തിന്റെ ഭാഗമായും മറ്റുമാണ് ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. സത്യത്തിൽ ഇത്തരം ഒരുവിധ ഉൽപന്നങ്ങളും സ്വകാര്യഭാഗങ്ങളിൽ ഉപയോഗിക്കാനേ പാടുള്ളതല്ല. ശക്തമായ സോപ്പുകളും ലായനികളും ഷവർജെല്ലും ഉപയോഗിക്കുമ്പോൾ അത് ഈ ഭാഗത്തെ പിഎച്ച് നിരക്കിൽ വ്യത്യാസം വരുത്തുകയും സ്വതവേയുള്ള പ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ആൻറിസെപ്റ്റിക് ക്രീമുകളും ലായനികളും സ്വകാര്യഭാഗങ്ങളിലെ നേർമയേറിയ ചർമത്തിൽ അലോസരം ഉണ്ടാക്കുന്നവയാണ്. ഈ ഭാഗത്ത് ടാൽക്കം പൗഡറോ സുഗന്ധലായനികളോ ഉപയോഗിക്കരുത്.

രോമം നീക്കണോ?

ധാരാളം സ്ത്രീകൾ സ്വകാര്യഭാഗങ്ങളിലെ രോമം പൂർണമായും ഷേവു ചെയ്തു മാറ്റുന്നതായി കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കാണുന്നില്ല. ഈ ഭാഗത്തെ രോമങ്ങൾക്ക് അണുബാധ തടയുന്നതിൽ ഒരു പങ്കുണ്ട്. അതു കൊണ്ടുതന്നെ പൂർണമായും ഷേവു ചെയ്തു മാറ്റുവാൻ പാടില്ല. പക്ഷേ ഈ സ്ഥലത്ത് രോമം കൂടുതൽ വളർന്നു കഴിയുമ്പോൾ രോമവും വിയർപ്പും യോനിസ്രവവും കൂടിച്ചേർന്ന് ചർമത്തിൽ അണുബാധയ്ക്ക് കാരണമായി മാറാം. ഇതു ത ടയാൻ രോമം നീളം കുറച്ചു വെട്ടി സൂക്ഷിക്കുന്നതു നന്നായിരിക്കും.

റേസർ വച്ചു ഷേവ് ചെയ്യുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന അതിസൂക്ഷ്മമായ മുറിവുകൾ അണുബാധയ്ക്കു വഴിതെളിച്ചേക്കാം. മറ്റു ശരീരഭാഗങ്ങളിലെ രോമം നീക്കാൻ ഉപയോഗിച്ച റേസർ സ്വകാര്യഭാഗങ്ങളിൽ ഉപയോഗിക്കരുത്. പ്രത്യേകമായി ഒരു റേസർ കരുതി വയ്ക്കുകയോ ഒാരോ തവണയും പുതിയത് വാങ്ങി ഉപയോഗിക്കുകയോ ചെയ്യുക.

ഉപയോഗശേഷം റേസർ കഴുകി തുട ച്ചുവയ്ക്കണം. ടോയ്‌ലറ്റിൽ വച്ചാൽ ന നവു തട്ടി പൂപ്പൽ പിടിക്കാം. അലമാരയിലോ മറ്റോ അടച്ചു സൂക്ഷിക്കുക. രൂക്ഷതയേറിയ രോമനിവാരണ ക്രീമുകൾ ചർമത്തിൽ അലർജിക്ക് ഇടയാക്കാം.

women-hygiene-3

അടിവസ്ത്രങ്ങളുടെ ഉപയോഗം

നൂറു ശതമാനം കോട്ടൻ ആയ, അധികം ഇറുക്കമില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം. അതാകുമ്പോൾ നനവു വലിച്ചെടുത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും, കാറ്റു നന്നായി കടക്കും. നൈലോൺ, പോളിയെസ്റ്റർ പോലെയുള്ള കൃത്രിമ തുണിത്തരങ്ങൾ അനുയോജ്യമല്ല. അടിവസ്ത്രങ്ങൾ ദിവസവും മാറ്റാൻ ശ്രദ്ധിക്കണം.

രൂക്ഷമായ സോപ്പോ ഡിറ്റർജന്റോ അടിവസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്. തുണികൾ ഫാബ്രിക് കണ്ടീഷനറുകളിൽ മുക്കുകയുമരുത്. ധാരാളം വെള്ളത്തിൽ നന്നായി ഉലച്ചു കഴുകി നല്ല വെയിലത്തിട്ട് ഉണങ്ങിയെടുക്കുക. വെയിലില്ലാത്തപ്പോൾ തിളപ്പിച്ച വെള്ളത്തിൽ മുക്കിവച്ച ശേഷം കഴുകി ഉണക്കി ഉപയോഗിക്കാം.

അടിവസ്ത്രങ്ങൾ മാത്രമല്ല ഇറുകിയ ജീൻസുകളും പാന്റും ധരിക്കുന്നതും നല്ലതല്ല. അയഞ്ഞ തരത്തിലുള്ള പാന്റുകളോ പാവാടയോ ആണ് ഉത്തമം.

ആർത്തവവിരാമശേഷം

ശുചിത്വത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട കാലമാണ് ഗർഭകാലം. എങ്കിലും ഈ ഘട്ടത്തിൽ അമിത വൃത്തിയാക്കലിനു പോകരുത്. അടിവസ്ത്രങ്ങൾ ശുചിത്വമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. ആർത്തവവിരാമത്തിനു ശേഷം ബാഹ്യ ജനനേന്ദ്രിയഭാഗങ്ങളിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. മാത്രമല്ല, ഈസ്ട്രജന്റെ അളവു കുറയുന്നതു കാരണം യോനീഭാഗത്തെ പിഎച്ച് കൂടി സൂക്ഷ്മാണുക്കൾ പെരുകാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നു.

1781601914

ലൈംഗികബന്ധത്തിനു ശേഷം

ബന്ധപ്പെടുന്നതിനു മുൻപ് സ്വകാര്യഭാഗങ്ങൾ കഴുകി തുടച്ചു വൃത്തിയാക്കണം. പക്ഷേ, സുഗന്ധലേപനങ്ങൾ പുര ട്ടരുത്. യോനീഭാഗത്തു പെട്രോളിയം ജെല്ലിയോ തേനോ എണ്ണകളോ പുരട്ടുന്നതും നല്ലതല്ല. ആർത്തവവിരാമശേഷം യോനീഭാഗം വരളുന്നതായി അനുഭവപ്പെടുന്നവർക്കു ഡോക്ടറുടെ നിർദേശപ്രകാരമുള്ള ലൂബ്രിക്കേഷൻ ജെല്ലുകളോ ക്രീമുകളോ പുരട്ടാം.

ബന്ധപ്പെട്ടതിനു ശേഷം ഉടനെ തന്നെ മൂത്രമൊഴിച്ചു കളയുന്നതു വഴി യോനിയിൽ പ്രവേശിച്ചിരിക്കാൻ സാധ്യതയുള്ള ബാക്ടീരിയകളെ കഴുകിക്കളയാവുന്നതാണ്. ശേഷം സ്വകാര്യഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പു കൊണ്ട് കഴുകാം. പക്ഷേ, ഗർഭധാരണത്തിനു ശ്രമിക്കുന്നവർ ബന്ധപ്പെട്ട ശേഷം അര മണിക്കൂറെങ്കിലും കിടന്നിട്ടേ മൂത്രമൊഴിക്കുകയും കഴുകുകയും ചെയ്യാവൂ.

ഗർഭാശയഗള സ്ക്രീനിങ്ങും വാക്സീനും

ആർത്തവകാലത്തെയും മറ്റും വൃത്തിഹീനമായ ശീലങ്ങൾ പ്രത്യുൽപാദന അവയവങ്ങൾക്കു തുടർച്ചയായുള്ള അ ണുബാധകൾക്കും മൂത്രാശയ അണുബാധകൾക്കും ഇടയാക്കാം. ഇതു ഗർഭാശയഗള കാൻസറിനുള്ള (Cervical canc er) സാധ്യത കൂട്ടുന്നു. ഹ്യൂമൻ പാപി ലോമവൈറസ് (എച്ച്പിവി) ആണ് സെർവിക്കൽ കാൻസറിനു കാരണം.

ആർത്തവങ്ങൾക്ക് ഇടയിലോ ലൈംഗിക ബന്ധപ്പെടലിനു ശേഷമോ രക്തസ്രാവം കണ്ടാൽ അതു ഗർഭാശയഗള അർബുദം കാരണമല്ല എന്നുറപ്പാക്കണം. ഇതിനായി ഒരു സ്ത്രീ രോഗവിദഗ്‌ധയെ കണ്ട് പാപ്സ്മിയർ പരിശോധന നടത്താം.

ശുചിത്വം പാലിക്കുന്നതു കൂടാതെ എച്ച്‌പിവിക്ക് എതിരെയുള്ള വാക്സിനേഷൻ എടുക്കുന്നതും ഗർഭാശയഗള കാൻസർ തടയും. 9 തുടങ്ങി 14 വയസ്സു വരെയുള്ള പെൺകുട്ടികൾക്കാണു വാക്സിനേഷൻ കൊടുക്കേണ്ടത്. എച്ച്പിവി വൈറസിനെതിരെയുള്ള പ്രതിരോധം പ്രായപൂർത്തിയാക്കുന്നതിനു മുൻപു കുഞ്ഞുങ്ങൾക്കു കൊടുക്കണം. ലോ കാരോഗ്യസംഘടന ഇക്കാര്യം കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്.

സ്രവങ്ങൾ പ്രശ്നമോ?

വൾവയുടെ ഭാഗത്തെ ചർമത്തിലുള്ള ശ്ലേഷ്മ ഗ്രന്ഥികൾ ചെറിയ തോതിൽ ഒരു സ്രവം ഉൽപാദിപ്പിക്കുന്നുണ്ട്. മൃതമായ കോശങ്ങളെയും ബാക്ടീരിയയേയും ഗർഭാശയമുഖത്തു നിന്നുള്ള സ്രവങ്ങളെയും നീക്കുന്നത് ഈ രീതിയിലാണ്. യോനീഭാഗം വരണ്ടുപോകാതിരിക്കാനും ഇതു സഹായിക്കുന്നു. വെളുത്ത നിറത്തിൽ മുട്ടവെള്ളയുടെ പോലെ, തെളിഞ്ഞാണ് ഈ സ്രവം കാണപ്പെടുന്നത്. ഈ സ്രവം സാധാരണ അളവിലും വളരെ കൂടുതലായാലോ നിറംമാറ്റമോ ദുർഗന്ധമോ കണ്ടാലോ ശ്രദ്ധിക്കണം. എങ്കിലും പേടിക്കേണ്ടതില്ല. ആർത്തവസമയത്ത് തവിട്ടുനിറത്തിലോ ഇളംചുവപ്പു നിറത്തിലോ ഒക്കെ സ്രവങ്ങൾ കാണാം. നേർത്ത മഞ്ഞനിറവും അസാധാരണമല്ല. അതുകൊണ്ടു തന്നെ ഗന്ധവും സ്രവത്തിന്റെ രീതിയും കൂടി കണക്കിലെടുക്കണം. ഇടയ്ക്ക് സ്വകാര്യഭാഗങ്ങൾ കണ്ണാടിയിലൂടെ നോക്കി വീക്കമോ ചർമത്തിൽ പാടുകളോ അരിമ്പാറയോ ഉണ്ടോ എന്നു പരിശോധിക്കുക. സംശയകരമായി എന്തെങ്കിലും കണ്ടാൽ ഉടനെ ഡോക്ടറെ കാണുക.

∙കട്ടിയുള്ള വെള്ളനിറത്തിലുള്ള സ്രവം–സാധാരണം. ചൊറിച്ചിലും അലോസരവുമുണ്ടെങ്കിൽ യീസ്റ്റ് അണുബാധയാകാം.

∙ കടുത്ത മഞ്ഞനിറമുള്ള സ്രവം– ബാക്ടീരിയൽ അണുബാധയോ ലൈംഗികരോഗ ലക്ഷണമോ

∙ തവിട്ടുനിറം– ആർത്തവം ക്രമമല്ലാത്തവരിൽ കാണുന്നു. തുടർച്ചയായി കണ്ടാൽ ഡോക്ടറെ കാണണം.

∙ പച്ചനിറം– ബാക്ടീരിയൽ അണുബാധ /ലൈംഗികരോഗം

∙ ചാരനിറമുള്ള ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള സ്രവം–ബാക്ടീരിയൽ അണുബാധ

സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം ശ്രദ്ധിക്കേണ്ടത്

∙ സോപ്പിട്ടു കഴുകൽ ഒരുനേരം മതി.

∙ ആർത്തവ ദിവസങ്ങളിൽ 3–4 തവണ പാഡ് മാറ്റാം.

∙ കോട്ടൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

∙ സുഗന്ധലേപനങ്ങളും ഇന്റിമേറ്റ് വാഷുകളും ഷവർ ജെല്ലും സ്വകാര്യഭാഗത്തു വേണ്ട.

∙ രോമങ്ങൾ നീക്കേണ്ട. നീളം കുറച്ചു സൂക്ഷിക്കാം.

∙ ബന്ധപ്പെടലിനു ശേഷം മൂത്രമൊഴിക്കുക, സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുക

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ലക്ഷ്മി അമ്മാൾ

ഗൈനക്കോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ
പട്ടം
തിരുവനന്തപുരം