ഏഴു കടലും കടന്ന് ഏഴ് വൻകരകളിൽക്കൂടി സഞ്ചരിക്കുക. പോരാ, ഭൂപടത്തിൽ അതിരടയാളങ്ങൾ കോറിയിട്ട എല്ലാ രാജ്യങ്ങളും കാണുക. അതും ബൈക്കിൽ സഞ്ചരിച്ച്. അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ പാതയിൽ ബൈക്ക് ആക്സിലറേറ്റു ചെയ്യുകയാണ് ഈ പീ ജോസ് എന്ന തൃശൂർകാരൻ. മനുഷ്യായുസ്സിന്റെ മുകളറ്റമെന്ന് 120 വയസ്സിനെ കണക്കാക്കിയാൽ അതിന്റെ പാതിയും പിന്നിട്ടയാളാണ് ഈ ഗഡി എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ലോകസഞ്ചാരം സവിശേഷമാകുന്നത്. ആയിരത്തി ഒരുനൂറോളം ദിവസങ്ങൾ സഞ്ചരിച്ച് 117 അതിർത്തികൾ താണ്ടി 75 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അടുത്ത ഘട്ടം പ്രയാണം തുടങ്ങാൻ സമയം കാത്തു നിൽക്കുമ്പോഴാണ് ഈ ലോകസഞ്ചാരിയെ കണ്ടുമുട്ടുന്നത്. ഏഷ്യയിൽ ഫ്ലാഗ് ഓഫ് ചെയ്ത് യൂറോപ്പ് ഏതാണ്ട് പൂർണമായും കണ്ട് ആഫ്രിക്ക വൻകരയിലൂടെ സഞ്ചരിച്ച ശേഷം തെക്കു കിഴക്കനേഷ്യയിലെ റൈഡ് പുനരാരംഭിക്കും മുൻപ് ഇതുവരെയുള്ള കാഴ്ചകളും അനുഭവങ്ങളും മനോരമ ട്രാവലറിലൂടെ പങ്കുവയ്ക്കുന്നു...
കുട്ടിക്കാലത്തെ ആഗ്രഹം
ദിവസങ്ങളോളം നീളുന്ന യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന കുട്ടിക്കാലത്തു തന്നെ ജ്യേഷ്ഠ സഹോദരന്റെ പഠനത്തോടൊപ്പം കൂടി ലോകത്തിന്റെ ഭൂമിശാസ്ത്രം അരച്ചുകലക്കി പഠിച്ചിരുന്നു. ലോകരാജ്യങ്ങൾ, അറ്റ്ലസിൽ അവയുടെ സ്ഥാനം, തലസ്ഥാനം, പലതിന്റെയും ഭരണാധികാരികൾ ഒക്കെ മനപ്പാഠമാക്കിയ ആ കാലത്തു തന്നെ ലോകം മുഴുവൻ സഞ്ചരിക്കണം എന്ന ആശ രൂപപ്പെട്ടിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കി അമേരിക്കയിലേക്ക് ചേക്കേറിയ ശേഷം ഇരുപതിലേറെ രാജ്യങ്ങൾ സന്ദർശിക്കാനായി. എന്നാൽ അതൊന്നും ലോകസഞ്ചാരം എന്നു പദ്ധതിയിട്ടായിരുന്നില്ല.
ഹാർളി ഡേവിഡ്സണിൽ കറങ്ങി നടക്കുന്ന കാലത്ത് 2016 ൽ, ബൈപാസ് സർജറിക്കു വിധേയനാകേണ്ടി വന്നു. ആരോഗ്യം മെച്ചപ്പെട്ടു, ബൈക്ക് റൈഡ് ചെയ്യാമെന്നു തോന്നിയപ്പോൾ ഗോവയിലേക്ക് ഒരു ട്രിപ്പ് നടത്തി. ക്യാമറയും മറ്റുമായി കാറിൽ ചിലർ അനുഗമിക്കുകയും ചെയ്തു.കൊള്ളി ഹിൽസും ഹംപിയുമൊക്കെ സന്ദർശിച്ച് ഗോവയിലെത്തി, അവിടെ നിന്ന് തിരിച്ച് തൃശൂരേക്കും. ആ റൈഡ് വിജയകരമായി പൂർത്തിയാക്കിയതോടെ ഓൾ ഇന്ത്യ റൈഡ് എന്നൊരു പദ്ധതി തോന്നി. 41 ദിവസം കൊണ്ട് മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കയറി ഇറങ്ങി 16400 കിലോമീറ്റർ നീണ്ട സഞ്ചാരം. ബൈപാസ് സർജറിയെക്കുറിച്ച് മറന്നേ പോയ അവസ്ഥ. അതോടെ ഇനി ലോക പര്യടനമെന്ന സ്വപ്നം വൈകിപ്പിക്കേണ്ട എന്നു തോന്നി.
പ്ലാനും പദ്ധതികളുമായി മൂന്ന് നാല് കൊല്ലം മുൻപോട്ട് പോയി. അതിനിടയ്ക്ക് കോവിഡ് മഹാമാരി ലോകം മുഴുവൻ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ 2022 മാർച്ച് 6 ന് തൃശൂര് വച്ച് എവരി കൺട്രി ഓൺ മോട്ടർസൈക്കിൾ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു.
ബൈക്കിലാകുന്നതിന്റെ ഗുണം
ആറ് വർഷത്തോളം നീളുന്നതായിരുന്നു ആദ്യ പദ്ധതി. എന്നാൽ ചാടുരുണ്ട് തുടങ്ങിയതോടെ പദ്ധതികളെക്കാൾ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട അവസ്ഥയായി. ഷെങ്കൻ വീസ പ്രദേശങ്ങളിൽ 90 ദിവസത്തെ അനുമതി പൂർത്തിയായാൽ പിന്നെ മൂന്നു മാസം ഷെങ്കൻ പ്രദേശത്തിനു പുറത്ത് നിന്നാലേ വീണ്ടും വീസ കിട്ടു. അങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ച് റൂട്ട് നിശ്ചയിച്ചതിനാൽ കാര്യമായ തടസ്സങ്ങൾ ഉണ്ടായില്ല. എങ്കിലും ഇതുവരെ മൂന്ന് ഘട്ടങ്ങളായിട്ടാണ് സഞ്ചരിച്ചത്.
കാർ പോലെയുള്ള മറ്റ് ഓവർലാൻഡിങ് സാധ്യതകൾ മനഃപൂർവം ഒഴിവാക്കിയതായിരുന്നു. കാർ യാത്രകളിൽ പുറംലോകവുമായിട്ടുള്ള ബന്ധം തീരെയുണ്ടാകില്ല. എന്നാൽ സന്ദർശിച്ച രാജ്യങ്ങളുടെ പതാകകളൊക്കെ തൂക്കിയ ബൈക്ക് ഏതു മുക്കിൽ നിർത്തിയാലും ആളുകൾ ചുറ്റും കൂടുക പതിവാണ്. ഏത് ഇടവഴിയിലും പോകാം. ചെറിയ സ്ഥലത്തും പാർക്ക് ചെയ്യാം, ആരുടെയും കണ്ണിൽ പെടാതെ പാർക്ക് ചെയ്യാം അങ്ങനെ ഒട്ടേറെ മുൻതൂക്കങ്ങളുണ്ട് ഇരുചക്രവാഹനങ്ങൾക്ക്.സന്ദർശിച്ച രാജ്യങ്ങളുടെ പതാകകൾ കൊണ്ട് അലങ്കരിക്കുക കൂടി ചെയ്തപ്പോൾ പല ഹോട്ടലുകളും ബൈക്ക് മുൻപിലെ പ്രധാന ഇടത്ത് തന്നെ പാർക്ക് ചെയ്യാൻ അനുവദിച്ച സന്ദർഭങ്ങൾ ഒട്ടേറെയുണ്ടായി ഈ ട്രിപ്പിൽ. അതുപോലെ തന്നെ ഇതേവരെ ഒരിടത്തും യൂറോപ്പിലോ ആഫ്രിക്കയിലോ ഒന്നും ഒറ്റ പൊലിസുകാരൻ പോലും വാഹനപരിശോധനയിൽ കൈക്കൂലി ചോദിച്ചിട്ടില്ല. പല സ്ഥലങ്ങളിലും രേഖകൾ പരിശോധിക്കാൻ പോലും മിനക്കെട്ടില്ല, പൊക്കോളാൻ കൈകാട്ടി വിട്ടിട്ടേയുള്ളു. വാഹനങ്ങളുടെ രേഖയല്ലാതെ രാജ്യാന്തര ഡ്രൈവിങ് ലൈസൻസും ആരും ചോദിച്ചിട്ടില്ല. പലരും വാഹനങ്ങൾക്കായുള്ള രാജ്യാന്തര കസ്റ്റംസ് രേഖയായ കാർനെറ്റ് നോക്കുമ്പോൾ തന്നെ തൃപ്തരാകുന്നതായിട്ടാണ് എന്റെ ഇതുവരെയുള്ള അനുഭവം. ഇടത്തു വശത്തു കൂടി ഡ്രൈവ് ചെയ്യുന്ന റോഡായാലും വലതു വശം ചേർന്നുള്ള ഡ്രൈവിങ് സമ്പ്രദായം ആണെങ്കിലും മോട്ടർ ബൈക്ക് റൈഡർക്ക് കാര്യമായ വ്യത്യാസം അനുഭവപ്പെടുന്നില്ല. നാല് ചക്രവാഹനങ്ങളുടെ കാര്യത്തിൽ അത് അജഗജാന്തരമുണ്ട്.

കെറ്റിഎം 390 അഡ്വഞ്ചർ ബൈക്കിലായിരുന്നു ട്രിപ്പ് ആരംഭിച്ചത്. എന്നാൽ യൂറോപ്യൻ യൂണിയനിലെ എക്സ്പ്രസ് വേകളിൽ പോകുമ്പോൾ അതിന് വേണ്ടത്ര ‘വലിവ്’ ഇല്ലേ എന്നൊരു സംശയം. 36 രാജ്യങ്ങൾ താണ്ടിയപ്പോൾ ആ ബൈക്ക് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തുടർന്ന് ഹോണ്ട എൻസി 750എക്സ് ഡിസിറ്റി മോഡൽ എടുത്തിട്ടാണ് ട്രിപ്പ് തുടർന്നത്. അതായിരുന്നു ഒന്നാംഘട്ടം. ആഫ്രിക്കയിലെ സെനഗലിൽ വച്ച് ബൈക്കിന്റെ ബോക്സ് നഷ്ടമായപ്പോൾ കൂടെ ലാപ്ടോപ്പും സഞ്ചാര രേഖകളും മറ്റും നഷ്ടമായി. അവ ശരിയാക്കി പുതിയ രേഖകൾ സമ്പാദിക്കാൻ നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രണ്ടാമത് അർധവിരാമം കുറിച്ചു. ഇപ്പോൾ ആഫ്രിക്കയിലെ കെനിയയിൽ നിന്ന് എത്യോപ്യയിലേക്കും തുടർന്ന് സൊമാലിയ, എറിത്രിയ, സുഡാൻ എന്നിങ്ങനെ മുൻപോട്ട് പോകാനും അനുമതി കിട്ടാതിരിക്കുന്നതിനാൽ യാത്രാപദ്ധതി തന്നെ മാറ്റുക എന്ന നിലയിൽ മൂന്നാം ഘട്ടം നിൽക്കുന്നു. ഇന്ത്യയിൽ തിരികെ വന്ന് നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ് വഴി നാലാം ഘട്ടത്തിലേക്ക് കടക്കുക എന്ന പ്രായോഗിക പരിഹാരത്തിലാണ് എത്തി നിൽക്കുന്നത്.
വൻകരയോളം അനുഭവങ്ങൾ
മൂന്നു വർഷത്തെ ട്രിപ്പിൽ ഉണ്ടായ അനുഭവങ്ങൾ ഒട്ടേറെയാണ്. യൂറോപ്പിനെക്കാൾ ജീവിതം കണ്ടതും ജനങ്ങളോട് ഇടപെട്ടതും ആഫ്രിക്കൻ വഴികളിലായിരുന്നു. യൂരോപ്യൻ ഓർമകളിൽ പ്രധാനപ്പെട്ട ഒന്ന് ക്രൊയേഷ്യയിൽ സംഭവിച്ച ആക്സിഡന്റാണ്. പെട്രോവ ഗോര എന്ന സ്ഥലത്തെ ലോകമഹായുദ്ധ സ്മാരകം ലക്ഷ്യമാക്കിയാണ് പോയത്. എന്നാൽ എവിടെ വെച്ചോ വഴിതെറ്റിപ്പോയിരുന്നു. ടാർ ചെയ്ത റോഡ് അതിനകം അവസാനിച്ചിരുന്നു. ചരൽ നിറഞ്ഞ മൺറോഡും മലനിരകളും വനങ്ങളും മാത്രമുള്ള പ്രദേശത്തുകൂടിയാണ് സഞ്ചാരം. കാട്ടിൽ നിന്ന് തടിവെട്ടി കൊണ്ടുപോകുന്ന കൂറ്റൻ ട്രക്കുകൾ മാത്രമേ ആ വഴിയിൽ കാണാനുളളു. പൊടുന്നനെ മഴ വീണു. മണ്ണും വെള്ളവും ചേർന്ന് കുത്തിയൊലിച്ചു വരുന്നു. താമസിയാതെ ബൈക്ക് മറിഞ്ഞു താഴേക്കു നിരങ്ങിപ്പോയി.. വണ്ടിയുടെ ബോക്സൊക്കെ ഇളകി എന്നല്ലാതെ മറ്റു കേടുകളോ എനിക്കു പരിക്കുകളോ ഒന്നുമുണ്ടായില്ല. എന്നാൽ ചെളിക്കുളമായ ചെരിവിൽ നിന്ന് വണ്ടി കയറ്റണമെങ്കിൽ ആരെങ്കിലും സഹായിച്ചാലേ പറ്റു. എന്നാൽ ആരേ വിളിക്കും?
സാവധാനം നടന്ന് മലമുകളിലേക്ക് കയറി. ഫോണിലുള്ള യുകെ സിംകാർഡിൽ സിഗ്നൽ കിട്ടുന്നില്ല. നാട്ടിലെ ബിഎസ്എൻഎൽ സിമ്മിന് റോമിങ് സിഗ്നലുണ്ട്, പക്ഷേ നെറ്റ് ഇല്ല. ആരേ വിളിക്കാൻ പറ്റും? ഇന്ത്യയിൽ എമർജൻസി നമ്പരായി 112 സ്വീകരിച്ചത് യൂറോപ്പിന്റെ ചുവടുപിടിച്ചാണെന്ന് എവിടെയോ വായിച്ചത് അപ്പോൾ ഓർത്തു. രണ്ടും കൽപിച്ച് ആ നമ്പർ വിളിച്ചു. ഭാഗ്യം! എമർജൻസി വിഭാഗത്തിൽ കണക്റ്റ് ചെയ്തു. അപ്പോൾ അവിടെ അടുത്ത പ്രശ്നം, അവർക്ക് ക്രൊയേഷ്യൻ ഭാഷയെ അറിയൂ. ആക്സിഡന്റ് എന്നൊക്കെ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുമ്പോൾ മഴയത്ത് സിഗ്നൽ കട്ടാകുന്നു. രണ്ടോ മൂന്നോ തവണ വിളിച്ച് ഒടുവിൽ ഇംഗ്ലിഷ് അറിയുന്ന ഒരാളെ കിട്ടി. കാര്യം പറഞ്ഞപ്പോൾ അവർ ഞാൻ നിൽക്കുന്ന സ്ഥലത്തെത്താൻ മണിക്കൂറുകൾ എടുക്കുമെന്നാണ് അറിയിച്ചത്.

നടന്ന് മുകളിലെത്തിയപ്പോൾ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. തടി വെട്ടാൻ വന്ന യന്ത്രമായിരുന്നു അത്. മഴകാരണം പണി നിർത്തി വച്ചിരുന്ന അവർ എനിക്കൊപ്പം ബൈക്കിനടുത്തേക്കു വന്നു. ഞങ്ങൾ ഇറങ്ങി ചെല്ലുമ്പോൾ രണ്ട് പൊലിസുകാരുണ്ട് അവിടെ. അവർ ആദ്യമേ എന്റെ പാസ്പോർട്ടാണ് ചോദിച്ചത്. പാസ്പോർട്ട് വെരിഫൈ ചെയ്ത് ആരെയൊക്കെയൊ ഫോൺ വിളിച്ച് നി്‌ർദേശങ്ങളൊക്കെ എടുത്ത ശേഷം അവർ കൂടെ കൂടി ബൈക്ക് പൊക്കി വച്ചു. വണ്ടിക്ക് പ്രശ്നമൊന്നുമില്ല, ഓടിച്ചു പോകാം. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ടാറിട്ട റോഡ് ആകുന്നതു വരെ എന്റെ കൂടെ വരണം. അവർ സമ്മതിച്ചു. എന്നാൽ വീണ്ടും മലകയറ്റമായപ്പോൾ വഴി മുഴുവൻ ചെളിക്കുളമായി കിടക്കുകയാണ്. ബൈക്കിന്റെ പിൻ ചക്രങ്ങൾ കറങ്ങുന്നതല്ലാതെ വാഹനം മുൻപോട്ട് നീങ്ങുന്നില്ല. പൊലിസുകാരിൽ ഒരാൾക്ക് ഇംഗ്ലിഷ് അറിയാം. ആൾക്ക് അടുത്ത ഗ്രാമത്തിൽ ഡർട്ടി ബൈക്ക് സ്പെഷലിസ്റ്റായ ഒരാൾ ഉണ്ടെന്ന് അറിയാം. കക്ഷിയെ വിളിച്ചു വരുത്തി. ആ ഗ്രാമീണൻ വന്നിട്ടാണ് ബൈക്ക് റോഡിൽ എത്തിക്കാനായത്. സ്വന്തം ചുമതലകളും ഉത്തരവാദിത്തങ്ങളും മറക്കാതെ തന്നെ അന്യനാട്ടിൽ അപകടത്തിൽ പെട്ട എന്നെ സഹായിച്ച ആ പൊലിസുകാരെ മറക്കാനാവില്ല.
റൊമാനിയയിൽ നാൽപത് അടി നീളമുള്ള ട്രക്കിന് മറികടക്കാൻ ശ്രമിക്കുമ്പോൾ ബൈക്ക് മറിഞ്ഞതായിരുന്നു മറ്റൊരു അപകടം. അന്നും കാര്യമായ പരിക്കുകളൊന്നും പറ്റിയില്ലെന്നത് ഭാഗ്യം.

കാട്ടിനുള്ളിലെ വീട്ടിൽ
ഹൃദയസ്പർശിയായ മറ്റൊരു ഓർമ ഗിനി ബിസാവോയില്്‍ നിന്ന് ഗിനി കൊനാക്രിയിലേക്കുള്ള സഞ്ചാരമായിരുന്നുയ ആഫ്രിക്കയൽ മൂന്ന് ഗിനികളുണ്ട്. വേറിട്ടറിയാൻ തലസ്ഥാനങ്ങളുടെ പേരുകൂടി ചേർത്ത് അറിയുന്ന ഗിനി ബിസാവോയും ഗിനി കൊനാക്രിയും കൂടാതെ ഇക്വിറ്റോറിയൽ ഗിനിയും. ഇതിൽ ബിസാവോയിൽ നിന്ന് കൊനാക്രിയിലേക്കു സഞ്ചരിച്ചത് ദേശീയ പാതയിലൂടെയായിരുന്നു. എന്നാൽ നാഷനൽ ഹൈവേ എന്നു പേരുണ്ടെന്നല്ലാതെ കാട്ടിലൂടെ പോകുന്ന വഴി കാൽനടയാത്രക്കാർ പോലും ഉപയോഗിക്കാൻ ഒന്നു മടിക്കും. വീതിയില്ലാതെ, ഇരുവശത്തും ചെടികൾ പടർന്നു കയറിയ മൺപാത. ചരലോ ടാറോ ആ വഴിയിലൊരിക്കലും പതിഞ്ഞിട്ടില്ല. 88 കിലോമീറ്ററിൽ എട്ടു കിലോമീറ്ററോളം നിബിഡ വനത്തിലൂടെ. ഇടയ്ക്ക് ബൈക്ക് തോണിയിൽ കയറ്റി വിശാലമായ നദി കടത്തി, പലവട്ടം വീണും എണീറ്റും രാജ്യാതിർത്തിയിലെത്തിയപ്പോൾ ഇരുട്ട്, അതും കാട്ടിനകത്ത്. അവിടെ അടുത്ത് കണ്ട വീട്ടുകാർ അന്നു രാത്രി അവിടെ തങ്ങി അടുത്ത ദിവസം പോയാൽ മതി എന്നു പറഞ്ഞു. കുടിലിനകത്ത് നിന്ന് ആടിനെയും കോഴിയെയുമൊക്കെ മാറ്റി ഇടമുണ്ടാക്കി തന്നു. കറന്റില്ലാതെ, ഫോണില്ലാതെ, ആശയവിനിമയ മാധ്യമങ്ങളൊന്നുമില്ലാതെ ഒരു രാത്രി ആ കുടിലിൽ ആ വീട്ടുകാർക്കൊപ്പം താമസിച്ചത് അവിസ്മരണീയമായി.

എന്നാൽ റുവാണ്ട എന്ന ചെറു രാജ്യത്ത് ഒൻപത് ദിവസത്തോളമുണ്ടായിരുന്നു. നമ്മൾ മലയാളികൾ കണ്ടു പഠിക്കേണ്ടതാണ് ആ നാട്ടുകാരുടെ സാമൂഹ്യബോധം. വൃത്തിയും വെടിപ്പുമുള്ള, പ്ലാസ്റ്റിക് ബാഗുകൾ കാണാനില്ലാത്ത നഗരവും ഗ്രാമങ്ങളും മാസത്തിൽ ഒരു ദിവസം, അവസാന ശനിയാഴ്ച, രാജ്യത്തിന്റെ പ്രസിഡന്റ് ഉൾപ്പടെ എല്ലാവരും കമ്യൂണിറ്റി സേവനത്തിനു മാറ്റിവച്ചിരിക്കുകയാണ് ഇവിടെ. ഗതാഗത നിയമങ്ങൾ പാലിച്ച്, വേഗ പരിധിക്കുള്ളിൽ വാഹനങ്ങളോടിക്കുന്ന ഇവിടത്തെ തെരുവുകൾ ഡ്രൈവർമാർക്ക് സ്വർഗമാണ്. അഴിമതിയും കുറ്റകൃത്യങ്ങളും നന്നേ കുറഞ്ഞ റുവാണ്ട ആസൂത്രിത വികസനത്തിലൂടെ വളരുകയാണ്. ഭീകരമായ ദുരന്തങ്ങളെ അഭിമുഖീകരിച്ചും വംശഹത്യകൾ പോലും അതിജീവിച്ചും പുനസ്സംഘടിപ്പിച്ച രാജ്യമാണ് ഇതെന്നു കൂടി അറിയുമ്പോഴാണ് ആ സമൂഹത്തിന്റെ പ്രതിബദ്ധത മനസ്സിലാകുന്നത്.

ലക്ഷം ആനകളുളള കാട്
ആഫ്രിക്കൻ സഞ്ചാരത്തിൽ അദ്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ബോട്സ്വാന. ആ ഭൂഖണ്ഡത്തിലെ വൃത്തിയുള്ള രാജ്യങ്ങളിലൊന്ന്. കേരളത്തിന്റെ മൂന്നിലൊന്ന് വലുപ്പമുള്ള ചോബേ നാഷനൽ പാർക്ക് ഈ രാജ്യത്താണ്. ദക്ഷിണേന്ത്യയിൽ കാട്ടാനകളും നാട്ടാനകളും എല്ലാംകൂട്ടി ഇരുപത്തയ്യായിരം ആനകളുണ്ടെന്നാണ് കണക്ക്. എന്നാൽ 1,20,000 ആനകളുടെ വാസസ്ഥാനമാണ് ചോബേ പാർക്ക്, ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ആനകളുള്ള വനം. ആ കാട്ടിലെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആനകളും ജിറാഫുകളും സീബ്രകളും വഴിക്കിരുവശത്തും മേഞ്ഞു നടക്കുന്നത് കാണാം. ജലാശയങ്ങൾക്കു സമീപം നൂറു കണക്കിന് ആനകളുള്ള കൂട്ടമാകും വെള്ളം കുടിക്കാനെത്തുന്നത്. തികച്ചും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ആ മൃഗങ്ങൾക്ക് മനുഷ്യരുമായി സംഘർഷങ്ങളൊന്നുമില്ല, തിരിച്ചും.
ആഫ്രിക്കൻ രാജ്യങ്ങളിൽ പലതിലും ഇന്ത്യക്കാർ, പ്രത്യേകിച്ചു മലയാളികൾ ധാരാളമുണ്ട്. ബിസിനസ്സുകാരും ജോലിക്കാരും കച്ചവടക്കാരും എല്ലാമായി സമൂഹത്തിന്റെ പല തട്ടുകളിലുള്ളവർ. അവരുടെ കൂട്ടായ്മയും ഓരോ രാജ്യത്തും ശക്തമാണ്, അസോസിയേഷനുകളുടെ നേതാക്കൻമാർ തമ്മിലും ബന്ധമുണ്ട്. അത് എനിക്കീ ട്രിപ്പിൽ പലവട്ടം പലവിധത്തിൽ പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്.
ആഫ്രിക്കൻ നാടുകളിലെ അനുഭവങ്ങൾ കേട്ടിരിക്കവേ ജോസേട്ടന്റെ ഫോണിൽ മെസ്സേജ് എത്തി, കെനിയയിൽ നിന്ന് കയറ്റി അയച്ച ബൈക്ക് മുംബൈ തുറമുഖത്തേക്ക് അടുക്കുന്നു. അത് എത്തിയിട്ട് വേണം ഏഷ്യയുടെ കാണാക്കാഴ്ചകളിലേക്ക് തിരിയാൻ. ‘പത്ത് വർഷം മുൻപ് ഈ പര്യടനം തുടങ്ങാമായിരുന്നു. ആ ഒരു പരിഭവം മാത്രമേ ഇപ്പോൾ തോന്നുന്നുള്ളു.’