കാട്ടിൽ പോകുന്നത് ആരെ കാണാനാ? പുലി, കടുവ, ആന, കാട്ടുപോത്ത്, സിംഹം... മൃഗങ്ങളെ കാണാനല്ലേ പോകുന്നത്? എന്നാൽ മുംബൈക്കാരനായ മലയാളി ഫൊട്ടോഗ്രഫർ രതീഷ് നായരോട് തഡോബയിൽ പോയത് എന്തിനാണെന്നു ചോദിച്ചാൽ ജുനാബായിയെ കാണാനാണെന്നു പറയും. അല്ലെങ്കിൽ ഛോട്ടാമട്കയെ കാണാൻ. ബാന്ധവ്ഗഡിലേക്കായിരുന്നു യാത്രയെങ്കിൽ സ്പോട്ടി, ഡോട്ടി സഹോദരിമാരെ സന്ദർശിക്കാൻ പോയതാണത്രേ. ഓരോ കാട്ടിലും ഒന്നോ രണ്ടോ പ്രത്യേക കടുവകളെ നിശ്ചയിച്ച് അവരുടെ ചിത്രങ്ങൾക്കായി സഫാരി നടത്തുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാണ് രതീഷ് നായർ. ‘ബിഗ് ക്യാറ്റ്സി’നു പ്രാധാന്യം കൊടുത്തു ഫോക്കസു ചെയ്യുന്ന, അവരുടെ വൈകാരിക ഭാവങ്ങളിലേക്കു സൂം ചെയ്യുന്ന ആ ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളുടെയും കാനനയാത്രകളുടെയും വിശേഷങ്ങളിലേക്ക്...
കടുവ തുറിച്ചു നോക്കി, ജീവിതം മാറി
ദുബായിയിലെ പ്രവാസ ജീവിതത്തിനിടയിലാണ് വിനോദത്തിനു ക്യാമറ കയ്യിലെടുക്കുന്നത്. അവിടുത്തെ മണലാരണ്യങ്ങളിലും ചതുപ്പുനിലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമൊക്കെ യാത്ര ചെയ്തു, ചിത്രങ്ങളെടുത്തു. 2015 ലെ തഡോബ യാത്ര ജീവിതത്തെ മാറ്റിമറിച്ചു. അതിനു മുൻപും കാടുകളിലേക്കു സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെ ‘അടിച്ചുപൊളിക്കാനുള്ള’ യാത്രകൾ മാത്രമായിരുന്നു. മകന്റെ മൂന്നാം ജൻമദിനം ആഘോഷിക്കാനാണ് അന്നു കുടുംബത്തോടൊത്ത് തഡോബയിലേക്കു പോയത്. ആ യാത്രയിൽ ഒരു കടുവയെ മുഖാമുഖം കണ്ടു. അത് എന്നെത്തന്നെ തുറിച്ചു നോക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത്. അതുവരെ മൃഗശാലയിലല്ലാതെ കടുവയെ കണ്ടിട്ടില്ല. കാടിനു നടുവിൽ വച്ചുള്ള ആദ്യ കാഴ്ചയിൽത്തന്നെ കടുവ അതിന്റെ ആകർഷകമായ അഴകും പ്രൗഢിയും കൊണ്ട് മനസ്സു കീഴടക്കി. അന്ന് ഏതാനും ചിത്രങ്ങൾ എടുത്തു, മികച്ചത് എന്നൊന്നും പറയാനാകില്ലെങ്കിലും. തുടർന്ന് യാത്രകളെല്ലാം കടുവയുടെ ചിത്രങ്ങൾ തേടി കാടുകളിലേക്കായി. അതിനുശേഷം ഉദ്ദേശം 30 തവണ തഡോബയിലേക്കു മാത്രം സഞ്ചരിച്ചു കടുവ കാഴ്ചകൾക്കായി. പെഞ്ച്, കബനി, ജിംകോർബറ്റ്, ബാന്ധവ്ഗഡ്, നാഗ്ശില, രന്ദംബോർ, കൻഹ... ഇന്ത്യയിൽ കടുവകളുള്ള പ്രധാനപ്പെട്ട കാടുകൾ ഇതിനകം സഞ്ചരിച്ചു. പലവട്ടം സഞ്ചരിച്ചിട്ടുള്ള പാർക്കുകളിൽ ചില കടുവകളെ പ്രത്യേകം ശ്രദ്ധിക്കുകയും അവയെ മാത്രം ചിത്രങ്ങളിലൂടെ ഡോക്യുമെന്റു ചെയ്യുന്നതുമാണ് ഇഷ്ട ശൈലി. അങ്ങനെ തഡോബയിലെ ജുനാബായിയും ബാന്ധവ്ഗഡിൽ സ്പോട്ടിയുമൊക്കെ ക്യാമറയുടെ സ്പെഷ്യൽ ഫോക്കസ് ആയി മാറി.
ജുനാബായി, തഡോബയുടെ റാണി
തഡോബ കാടിനു നടുവിൽ എന്റെ മുഖത്തേക്കു തുറിച്ചു നോക്കിയ കടുവ മട്കാസുർ ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി. തുടർന്നുള്ള തഡോബ സഫാരികളിൽ ജുനാബായി എന്ന പെൺ കടുവയുടെ പിന്നാലെയാണ് ക്യാമറയുമായി സഞ്ചരിച്ചത്. നെറ്റിയിലെ ഡയമണ്ട് ആകൃതിയിലുള്ള അടയാളമാണ് ജുനാബായിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ആ കടുവയെ കാണുന്നതു തന്നെ പറഞ്ഞറിയിക്കാനാകാത്ത സവിശേഷമായ ഒരു അനുഭവമായി തോന്നിയിട്ടുണ്ട് പലപ്പോഴും. ജുനാബായിയേ കാണാനായി തഡോബയിൽ പോയി നിരാശരായി മടങ്ങിയ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്നാൽ എനിക്ക് ഒരു സന്ദർശനത്തിൽപോലും ഈ കടുവയെ കാണാതെ മടങ്ങേണ്ടി വന്നിട്ടില്ല.

അതുമായി ബന്ധപ്പെട്ട് 2019 ജൂണിൽ ഒരു പ്രത്യേക അനുഭവമുണ്ട്. മൺസൂൺ ആരംഭിക്കുന്ന സമയം, അന്നു കാട്ടിലേക്ക് 6 ജീപ്പുകളാണ് സഫാരി പോയത്. എന്നാൽ ജുനാബായി കാണാനുള്ള അവസരം കിട്ടിയത് ഞങ്ങൾക്കു മാത്രമായിരുന്നു. അതു സഫാരി പാതയുടെ പ്രത്യേകതയാണോ ട്രാക്കിങ് രീതിയുടെ ഗുണമാണോ എന്നറിയില്ല, ആ ദിവസം അതൊരു ‘എക്സ്ക്ലുസിവ് സൈറ്റ്’ ആയിരുന്നു. അന്നു ജുനാബായിയെ കണ്ടപ്പോൾ അതു ഗർഭിണിയാണോ എന്നൊരു സംശയം തോന്നി. തഡോബയിലെ എന്റെ സ്ഥിരം ഗൈഡായ രാജേന്ദ്ര ബർഡെയും അതേ സംശയം പ്രകടിപ്പിച്ചു. ജൂണ്‍ അവസാനത്തോടെ തഡോബ സംരക്ഷണകേന്ദ്രം അടയ്ക്കും, മൺസൂണിനു ശേഷം ഒക്ടോബറിലെ സഫാരികൾ പുനരാരംഭിക്കുകയുള്ളു. മൂന്നു മാസം ഗർഭകാലവും പ്രസവാനന്തരം തള്ളക്കടുവ കുട്ടികളെ പുറത്തിറക്കാൻ എടുക്കുന്ന സമയവും കണക്കാക്കി ജനുവരി 10 നാണ് വീണ്ടും തഡോബയിൽ എത്തുന്നത്.
അന്ന് ഒരു മാനിനെ കടുവ കൊന്നിട്ടിട്ടുണ്ട് എന്നു അറിഞ്ഞു. അതെടുക്കാൻ വരുന്ന കടുവയെ കാണാം എന്ന വിചാരത്തിൽ അവിടേക്കു പുറപ്പെട്ടു ഉച്ചസമയത്ത് തുടങ്ങിയ കാത്തിരിപ്പ്. രണ്ടു മണിക്കൂറിലധികം നീണ്ടു. നാലുമണിയോടെ ഒരു കടുവ നാലുകുട്ടികൾക്കൊപ്പം അവിടേക്കു വന്നു, അത് ജുനാബായിയും മക്കളും ആയിരുന്നു. ജീപ്പ് നിർത്തിയിട്ടിരുന്നതിനു മുൻപിൽ ഒരു ചെറിയ വെള്ളക്കെട്ട് ഉണ്ടായിരുന്നു. അതിൽ കിടന്നു കുട്ടികൾ നാലും കളികളാരംഭിച്ചു. അഭിമാനവും വാത്സല്യവും തിളങ്ങുന്ന മുഖത്തോടെ ജുനാബായി കുട്ടികളുടെ വിനോദം ആസ്വദിച്ചു കിടന്നു. മൂന്നു മാസം പ്രായമുള്ള ആ കുട്ടികളുടെ കളികൾ മനസ്സിൽനിന്നു മാഞ്ഞുപോവില്ല.
അമ്മയെ ആദരിക്കുന്ന ഛോട്ടാ മട്ക
തഡോബയിലെ കടുവകളിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് ഛോട്ടാ മട്ക, 4–5 വയസ്സുള്ള ആൺകടുവ. സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു ഒറ്റയാൻ. അതിന്റെ രീതികളൊന്നും ആർക്കും പ്രവചിക്കാനാകില്ല. കാഴ്ചയിൽ നല്ല വലിപ്പവും കരുത്തുമുള്ളവൻ. ഇന്നും തഡോബ കാടിന്റെ ഒരു ഭാഗം അടക്കി വാഴുന്ന മട്കാസുർ എന്ന ആൺ കടുവയുടെയും ഛോട്ടിതാര എന്ന പെൺകടുവയുടെയും മക്കളാണ് ഛൊട്ടാമട്കയും താരാചന്ദും. രണ്ടുപേരും തമ്മിൽ വലിയ സ്നേഹബന്ധവുമായിരുന്നു. രണ്ടു വയസ്സു കഴിഞ്ഞപ്പോൾ വനാതിർത്തിയിൽ ഷോക്കേറ്റ് താരാചന്ദ് ചത്തു, അതിനു ശേഷമാണ് ഛോട്ടാ മട്ക അമ്മയിൽനിന്ന് അകന്നു പോയത്. കുറേക്കാലം സ്വന്തമായി ഒരു ടെറിറ്ററി ഇല്ലാതെ അലഞ്ഞു നടന്നു. ഇടയ്ക്ക് അച്ഛന്റെ ടെറിറ്ററി കയ്യേറാൻ ശ്രമിക്കുകയും പോരടിച്ച് പരാജയപ്പെടുകയും ചെയ്തു. കുറച്ചുകാലത്തിനു ശേഷം മട്കാസുറിന് തഡോബയിലെ ഏറ്റവും പ്രശസ്തയായ കടുവ മായയിൽ രണ്ടു കുട്ടികളുണ്ടായി, സൂര്യയും മീരയും. ഈ കുട്ടികളെ ആക്രമിക്കാൻ ചെന്ന ഛോട്ടയെ മായ രണ്ടു തവണയും അച്ഛൻ മട്കാസുർ ഒരു തവണയും പരാജയപ്പെടുത്തി. കഴിഞ്ഞ മഴക്കാലത്ത് അച്ഛനും മോനും തമ്മിൽ വീണ്ടും ഏറ്റുമുട്ടി, അതിൽ ആരു ജയിച്ചുവെന്ന് ആർക്കും അറിയില്ല. എന്നാൽ കാലൊടിഞ്ഞ മട്കാസുറിനെ ഒട്ടേറെ പേർ കണ്ടിട്ടുണ്ട്.

ഇന്ത്യൻ ഗൗർ എന്നു വിളിക്കുന്ന കാട്ടുപോത്തുകളെ വേട്ടയാടാൻ കടുവകൾക്കു പൊതുവെ വലിയ ബുദ്ധിമുട്ടാണ്. ഉദ്ദേശം ഒരു ടൺ ഭാരമുള്ള വലിയ മൃഗമാണിത്. എന്നാൽ ഛോട്ടമട്കയുടെ വേട്ടകൾ ഏറ്റവുമധികം കണ്ടിട്ടുള്ളത് കാട്ടുപോത്തിനെ പിടിക്കുന്നതാണ്. ഒരിക്കൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നിട്ട ശേഷം മറ്റേതോ മൃഗത്തിന്റെ പിന്നാലെ ഛോട്ടമട്ക പോയി. എന്നാൽ ഛോട്ടാ മട്കയുടെ ഏറ്റവും വലിയ സവിശേഷത സ്വന്തമായൊരു ടെറിറ്ററിയില്ലാതെ ഇത്ര വർഷം കഴിഞ്ഞിട്ടും ഇതുവരെ അമ്മയുടെ ടെറിറ്ററിയിലേക്ക് അതു കടന്നു കയറിയിട്ടില്ല, ഛോട്ടി താരയ്ക്ക് പിന്നീടുണ്ടായ മക്കളെ ഉപദ്രവിച്ചിട്ടില്ല. അതുകൊണ്ടൊക്കെയാണ് തഡോബയിൽ ജുന്നബായിക്കൊപ്പം ഛോട്ടാമട്കയെക്കൂടി ഡോക്യുമെന്റ് ചെയ്യാൻ ആരംഭിച്ചത്.
ഇതെന്റെ തീറ്റയാണേ...
മസായി മാര യാത്രയിലെ ഏറെ രസകരമായൊരു ഓർമ ഒരു പെൺസിംഹത്തെ കണ്ടതുമായി ബന്ധപ്പെട്ടാണ്. സഫാരിക്കിടെ വിശാലമായൊരു പാറപ്പുറത്ത് സിംഹം കിടക്കുന്നതു കണ്ട് ജീപ്പ് നിർത്തി ഫോട്ടോ പകർത്തി. ഞങ്ങൾ നിൽക്കുന്നതിനും സിംഹത്തിനും ഇടയ്ക്ക് അതു വേട്ടയാടി തിന്ന മൃഗത്തിന്റെ അവശിഷ്ടം കിടപ്പുണ്ട്. വയറു നിറഞ്ഞ സംതൃപ്തിയിലുള്ള വിശ്രമമാണ്. സിംഹം പാറപ്പുറത്തു കിടക്കുന്ന ദൃശ്യത്തിനു പശ്ചാത്തല മിഴിവേകി അസ്തമയസൂര്യന്റെ നിറശോഭ മാനത്തു പടരുന്നുണ്ട്. അപ്പോഴേക്ക് സിംഹം ഞങ്ങളെ ശ്രദ്ധിച്ചു, ഒന്നു രണ്ടു തവണ നോക്കിയ ശേഷം പെട്ടന്നു പാറപ്പുറത്തുനിന്ന് ഇറങ്ങി ഞങ്ങളിരുന്ന ഭാഗത്തേക്കു നടന്നു. അതു തിന്നതിനു ശേഷം ബാക്കി കിടന്ന ഇറച്ചി കടിച്ചു വലിച്ച് ആ പാറപ്പുറത്തേക്കു കൊണ്ടുപോയി. ഈ മനുഷ്യരെങ്ങാനും അതിന്റെ തീറ്റ എടുത്തുകൊണ്ടുപോകുമോ എന്നു ഭയന്നിട്ടാകാം.

കണ്ണുകൾ ഇടഞ്ഞാൽ

ബിഗ് ക്യാറ്റ്സിനെ മാത്രം ഫോക്കസ്സു ചെയ്യുന്നതാണ് രതീഷിന്റെ ഫൊട്ടോഗ്രഫി ശൈലി. ലംഗൂർ കുരങ്ങുകൾ, കാട്ടുപോത്ത്, മയിൽ, മസായി മാരയിലെ സെക്രട്ടറി ബേഡ് എന്നിങ്ങനെ മറ്റു ചില ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കടുവയായാലും പുലിയായാലും മുഖത്തിന്റെ ഭാവം പ്രതിഫലിക്കും വിധം ക്ലോസപ് ചിത്രങ്ങളാണ് രതീഷിനെ വ്യത്യസ്തനായ ഫൊട്ടോഗ്രഫറാക്കുന്നത്. ‘‘ഐ കോൺടാക്ട് ഉണ്ടായാലേ ഞാൻ ചിത്രമെടുക്കാറുള്ളു, പ്രത്യേകിച്ചും കടുവയുടേത്. എന്നാൽ സിംഹങ്ങൾ നമ്മുടെ മുഖത്തേക്കു നോക്കില്ല. അപൂർവമായിട്ടേ സിംഹങ്ങളുടെ ഐ കോൺടാക്ട് കിട്ടൂ. കടുവകൾ സിംഹത്തെക്കാൾ ധീരൻമാരും സാഹസപ്രിയരും ആയതിനാലാകും അവ നമ്മെ നേർക്കുനേർ നോക്കാൻ ധൈര്യപ്പെടുന്നത്.’’ എന്നാണ് രതീഷ് നായരുടെ അഭിപ്രായം.