ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ഒരു പകൽയാത്രയുണ്ട് കിന്നര ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന കിന്നൗർ ജില്ലയിലേക്ക്. കുളു, ഷിംല, സ്പിതി ജില്ലകളും ഉത്തരാഖണ്ഡ് സംസ്ഥാനവും ചൈനയും അതിരിടുന്ന സുന്ദര താഴ്‌വര. കിന്നോറിയാണ് പ്രധാനഭാഷ. പഞ്ചകൈലാസങ്ങളിൽ ഒന്നായ കിന്നർ കൈലാസം സന്ദർശിക്കുവാനാണ് ജില്ലാ ആസ്ഥാനമായ "റികോങ് പിയൊ"വിലെത്തിയത്. പക്ഷേ, ജില്ലാ ടൂറിസം ഇൻഫോർമേഷൻ സെന്ററിൽ നിന്ന് കേട്ട വിവരങ്ങൾ ഞങ്ങളെ നിരാശരാക്കി. കിന്നരന്മാരുടെ വിശുദ്ധഭൂമിയുടെ വിലയറിയാതെ ട്രെക്കിങ്ങിനു വന്ന സഞ്ചാരികൾ താഴ്‌വരയാകെ മലിനമാക്കിയതോടെ ഗ്രാമീണർ സീസൺ സമയത്തല്ലാതെയുള്ള കൈലാസയാത്ര തടയാൻ തുടങ്ങി. ഗ്രാമീണരുടെ കണ്ണ് വെട്ടിച്ച് അപകടകരമായ വഴിയിലൂടെ കയറിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ കൊക്കയിൽ വീണു മരണമടഞ്ഞതോടെ അധികൃതർ അവിടേക്കുള്ള ട്രക്കിങ് നിരോധിച്ചു. ശ്രാവണ സംഗമത്തിലെ ജന്മാഷ്ടമി സമയത്ത് 15 ദിവസത്തേക്ക് മാത്രം തീർഥാടകരെ അനുവദിക്കുന്ന നിലയിലേക്ക് കിന്നർ കൈലാസയാത്ര ചുരുങ്ങി.
ഇനിയെന്ത് എന്ന ചിന്തയോടെ നിൽക്കുമ്പോളാണ് റികോങ് പിയോവിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിൽ രാജ്കുമാർ എന്ന ഡ്രൈവറെ കണ്ടുമുട്ടിയത്. 'യുല്ലകണ്ട' പർവതത്തിലേക്ക് പോകുന്നതിനുള്ള സഹായം രാജ് വാഗ്ദാനം ചെയ്തു. അന്നു പകൽ കൽപ, റോഗി മുതലായ സ്ഥലങ്ങളെല്ലാം കറങ്ങി വൈകീട്ട് ടാപ്‌രി എന്ന സ്ഥലത്ത് എത്താം. യുല്ല കണ്ട പർവതത്തിലേക്കുളള യാത്ര ആരംഭിക്കുന്ന ഗ്രാമമാണ് 'യുല്ല ഘാസ്. തന്റെ സഹോദരനായ പ്യാരിലാൽ അവിടെയുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് ട്രെക്കിങിന് ആവശ്യമായ സഹായം ഏർപ്പാടാക്കമെന്നും രാജ്കുമാർ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. റികോങ് പിയോവിൽ നിന്നും ഷിംലയിലേക്കുള്ള പ്രധാന പാതയിലൂടെ 40 കിലോമീറ്റർ ദൂരമുണ്ട് ടാപ് രിയിലേക്ക്. താഴെ കുതിച്ചൊഴുകുന്ന സത്‌ലജ് നദി. കലങ്ങി മറിഞ്ഞ് വല്ലാത്തൊരു നിറമാണ് വെള്ളത്തിന്. കർചം എന്ന സ്ഥലത്തിന് സമീപം ബാസ്പ നദി സത്‌ലജിൽ ചേരുന്നു. ടാപ്‌രി എത്തുന്നതിനു മുൻപ് ചൂലിങ് എന്ന ചെറിയ അങ്ങാടിയിൽ നിന്നും വാഹനം വലത്തേക്ക് തിരിഞ്ഞു. 'ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം' എന്നെഴുതിയ ബോർഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. പതിമൂവായിരം അടി ഉയരത്തിലാണ് യുല്ല കണ്ട ക്ഷേത്രം. ചൂലിങ്ങിൽ നിന്നും നദീ തീരത്തു കൂടി ഒരു കുറുക്കുവഴി യുല്ലഘാസിലേക്ക് പോകുന്നു. പർവത ചരിവിലൂടെ അപാരമായ ഉയരത്തിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴി. മനസ്സിനെ കിടിലം കൊള്ളിക്കുന്ന കാഴ്ചയാണത്.
ടാപ്‌രിയിൽ നിന്നും യുല്ല, മീരു മുതലായ ഗ്രാമങ്ങളിലേക്കുള്ള പ്രധാനപാതയിലേക്കാണ് ഇൗ വഴി ചേരുന്നത്. വലതു വശത്ത് കാണുന്ന വലിയ പർവതത്തിന്റെ മുകളിലാണ് മീരു എന്ന ഗ്രാമം. ഇടത് വശത്ത് മുകളിലായി ഉർണി, ചിഗാവ് തുടങ്ങിയ ഗ്രാമങ്ങൾ. യുല്ല, മീരു, ഉർണി, ചിഗാവ് എന്നീ നാല് ഗ്രാമങ്ങളെയും ചേർത്ത് pangrang എന്നാണ് വിളിക്കുന്നത്. ടാർ റോഡിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ പിന്നെ മൺവഴിയാണ് മുന്നിൽ. കുത്തനെയുള്ള പാറയുടെ ഒരു വശം അരിഞ്ഞ് നിർമിച്ച പാതയിലൂടെ ഉൾകിടിലത്തോടെയല്ലാതെ പോകുവാനാകില്ല. ഒരു വാഹനം മാത്രം പോകുവാനുള്ള വീതി മാത്രമേയുള്ളൂ. രാവിലെയും വൈകിട്ടും ഒരു ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഗ്രാമത്തിലേക്ക് സ്വാഗതമരുളുന്ന വലിയ കമാനവും ഇരുമ്പു ഗെയിറ്റും കടന്ന് യുല്ലഘാസിന്റെ താഴെയുള്ള ചെറിയൊരു കടയുടെ മുന്നിൽ റോഡ് അവസാനിച്ചു.
മൂന്ന്–നാല് കാറുകൾ അവിടെ പാർക് ചെയ്തിട്ടുണ്ട്. കുത്തനെയുള്ള മലഞ്ചെരുവിൽ കല്ലു കെട്ടി അല്പം സ്ഥലം നിരപ്പാക്കിയെടുത്തിരിക്കുകയാണ്. താഴേക്ക് അഗാധമായ ഗർത്തവും. ബസ് വരുമ്പോൾ ഇവിടെങ്ങിനെ തിരിക്കുമെന്ന് ആലോചിച്ചു പോയി. സാധനങ്ങൾ മുകളിലേക്കും താഴേക്കും കൊണ്ട് പോകുന്നതിന് ചെറിയ റോപ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്.
വാഹനം നിർത്തിയപ്പോൾ 20 വയസ് പ്രായമുള്ളൊരു യുവാവ് ഓടിയെത്തി. രാജിന്റെ ചേട്ടന്റെ മകനായ യോഗേഷ് നേഗി. ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ഗൈഡാണ് ഈ ചെറുപ്പക്കാരൻ. കൈയ്യിലെ പ്ലാസ്റ്റിക് കവറിൽ സബോളയും ഉരുളകിഴങ്ങും മുളകുമൊക്കെ കണ്ടൂ. ബാഗുകളെല്ലാമിറക്കി രാജ് യാത്ര പറഞ്ഞ് പോയി. മടങ്ങുന്ന ദിവസം ഞങ്ങൾക്ക് ബസ് കിട്ടിയില്ലെങ്കിൽ മറ്റൊരു വാഹനം ഏർപ്പാട് ചെയ്തു കൊടുക്കണമെന്ന് യോഗേഷിനെ ഓർമിപ്പിക്കാൻ മറന്നില്ല. .
വീട്ടിലേക്ക് അര മണിക്കൂർ നടക്കണം, കുത്തനെയുള്ള കയറ്റമാണ്. ഞങ്ങൾക്ക് ഒരു മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് തോന്നി. തുടക്കം മുതലുള്ള കോൺക്രീറ്റ് പടവുകൾ പഞ്ചായത്തിന്റെ പദ്ധതിയാണെന്ന ബോർഡ് വഴിയിൽ കണ്ടൂ. രണ്ടടി വീതി മാത്രമേ ഇനിയുള്ള വഴിക്കുള്ളൂ. പിരിയൻ ഗോവണി പോലെ വഴിയങ്ങനെ ചുറ്റി വളഞ്ഞ് മേലേക്ക് പോകുന്നു. അത്യധികം ഉത്സാഹത്തോടെയാണ് നടക്കാൻ തുടങ്ങിയെങ്കിലും ഒരു നൂറു മീറ്റർ കയറിയപ്പൊഴേക്കും എല്ലാവരും അവശരായി. വിചാരിച്ചതിനേക്കാൾ കഠിനമാണ് കയറ്റം. ശ്വാസം ക്രമീകരിക്കാൻ നന്നേ പാടുപെട്ടു. നിത്യേന യോഗ ചെയ്യുന്ന ബിജു ചേട്ടൻ പ്രയാസമില്ലാതെ കയറി പോകുന്നു. ഗ്രാമവാസികൾ മുകളിലേക്കും താഴേക്കും ഓടിനടക്കുന്നത് കണ്ടാൽ അത്ഭുതം തോന്നും. ഒന്നര മണിക്കൂർ പടവുകൾ കയറിയിട്ടും വീടെത്തിയില്ല. യോഗേഷിന്റെ അഭിപ്രായത്തിൽ ഇൗ വേഗതയിലാണ് നടക്കുന്നതെങ്കിൽ ഇനി ഒരു മണിക്കൂർ കൂടി വേണ്ടിവരുമത്രേ വീട്ടിലെത്താൻ.
അറുനൂറ് ആളുകൾ മാത്രമുള്ള യുല്ലഘാസ് ഗ്രാമത്തിന്റെ ഉള്ളിലൂടെയാണ് നടവഴി. വീടുകളും ക്ഷേത്രങ്ങളും ഇടതിങ്ങി നിൽക്കുന്നു. വീടുകൾക്കകത്തു കൂടെയാണോ നാം നടക്കുന്നതെന്ന് തോന്നിപ്പോകും. തടി കൊണ്ടുള്ള പുരാതന വീടുകൾക്ക് പ്രത്യേക ഭംഗിയാണ്. അതിനിടയിലും കണ്ണിനു കരടായി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇവിടുത്തെ തനതായ വാസ്തുകലയുടെ ഭംഗിയൊന്നും പുതിയതായി പണിയുന്ന വീടുകൾക്കില്ല. ഗ്രാമത്തിനുള്ളിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും യുല്ലകണ്ടയിലേക്ക് പോകാം. ആ വഴിയും ദുർഘടം പിടിച്ചത് തന്നെയാണ്. പലയിടത്തും റോപ് വേയുടെ ലാൻഡിങ് കണ്ടൂ. പക്ഷേ അതൊന്നും മനുഷ്യർക്ക് സഞ്ചരിക്കാനുള്ളതല്ല.
ഗ്രാമാതിർത്തി കഴിഞ്ഞ് പിന്നെയും കുറെ മുകളിലേക്ക് കയറിയാലേ യോഗേഷിൻെറ വീട്ടിലെത്തൂ. ഒടുവിൽ രാത്രി ഏഴരയോടെ അവിടെയെത്തുമ്പോൾ തീർത്തും അവശരായി മാറിയിരുന്നു. ഇവിടം വരെ കയറാൻ ഇത്രയും ബുദ്ധിമുട്ടിയ നിങ്ങളെങ്ങിനെ കിന്നർ കൈലാസം കയറുമെന്ന യോഗേഷിന്റെ ചോദ്യം ഞങ്ങളെ ചിന്തിപ്പിച്ചു.
കായ്ച്ചു നിൽക്കുന്ന ആപ്പിൾ മരങ്ങൾക്ക് നടുവിലാണ് യോഗേഷിന്റെ വീട്. പഴയ രീതിയിൽ തടിയുപയോഗിച്ച് രണ്ട് നിലകളിലായി പണിത വീടിന്റെ താഴത്തെ ഭാഗം കന്നുകാലികൾക്ക് ഉള്ളതാണ്. തൊട്ടടുത്ത് പുതിയ രീതിയിൽ നിർമിച്ച മറ്റൊരു വീട്ടിലാണ് ഞങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം. മുകളിലെ രണ്ട് മുറികൾ ഹോം സ്റ്റേ ആക്കിയിരിക്കുന്നു. കിന്നറിലെ അറിയപ്പെടുന്ന കോൺട്രാക്ടർ ആയ പ്യാരിലാലിന്റെ ജോലിക്കാരാണ് താഴെ താമസിക്കുന്നത്. തടിയിൽ കൊത്തുപണികൾ ചെയ്ത മനോഹരമായ മുറികൾ. രാത്രി അത്താഴത്തിന് ചപ്പാത്തിയും ചോറും രുചികരമായ കറികളുമായി യോഗേഷ് വന്നു. കൂടെ ചുള്ളിപ്പഴം പുളിപ്പിച്ച് തയ്യാറാക്കിയ വീഞ്ഞും. നഷ്ടമായ കിന്നർ കൈലാസ യാത്രാനുഭവത്തിനു പകരം ഹിമാലയം കനിഞ്ഞു നൽകിയേക്കാവുന്ന യുല്ല കണ്ട പർവതത്തെയും ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വിസ്മയക്കാഴ്ചകളും സ്വപ്നം കണ്ട് ഉറങ്ങാൻ കിടന്നു.