മഹീന്ദ്ര ക്യാംപർ കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിലെത്തുമ്പോൾ ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞിരുന്നു. ആകാശത്ത് മഴ മേഘങ്ങൾ ഉരുണ്ടു കൂടുന്നത് കണ്ട് ആധിയോടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ അനുകൃഷ്ണൻ ഞങ്ങളെ കാത്ത് നിന്നിരുന്നു. അവിടെ നിന്ന് രണ്ടുമണിക്കൂർ യാത്രയുണ്ട് റോക്ക് വുഡിലേക്ക്.
കാനന പാതയുടെ ഇടതുവശം തെന്മല റേഞ്ചിന്റെയും വലതു വശം കുളത്തൂപ്പുഴ റേഞ്ചിന്റെയും ഭാഗങ്ങളാണ്. നാലു കിലോമീറ്റർ കഴിഞ്ഞപ്പോൾ വലതുവശത്ത് അതീവ സംരക്ഷണ പ്രാധാന്യമുള്ള ‘മെരിസ്റ്റിക്ക സ്വാമ്പ്’ എന്നറിയപ്പെടുന്ന നിത്യഹരിത വനങ്ങളുടെ കാഴ്ച ആരംഭിച്ചു. സ്ഥിരമായി വെള്ളം കെട്ടി നിൽക്കുന്ന വനപ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ സസ്യജാലങ്ങളാണിത്. വെള്ളത്തിന്റെ നിത്യ സാന്നിധ്യം കാരണം വേരുകൾക്ക് മണ്ണിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കാനാവാത്തതിനാൽ ഈ സസ്യങ്ങളുടെ വേരുകൾ മണ്ണിൽനിന്നു മുകളിലേക്ക് ഉയർന്നുനിൽക്കും. ‘ശ്വസന വേരുകൾ’ എന്നറിയപ്പെടുന്ന ഇവയിലെ ‘ലെന്റിക്കിൾസ്’ എന്ന സൂക്ഷ്മ സുഷിരങ്ങളാണ് അന്തരീക്ഷത്തിൽനിന്ന് ഓക്സിജനെ ആഗിരണം ചെയ്ത് മണ്ണിനടിയിലെ വേരുകളിലെ കോശങ്ങൾക്ക് ലഭ്യമാക്കുന്നത്.

വനം പോലെ തോട്ടം
കല്ല് നിറഞ്ഞ പാതയിലൂടെ കുലുങ്ങിക്കുലുങ്ങി ഓടിയ വാഹനം അവസാനം ഗേറ്റിലെത്തി. ‘റോക്ക് വുഡ്’ എന്ന് സായിപ്പന്മാർ ആ സ്ഥലത്തിനു പേരുകൊടുക്കാനെന്തായിരിക്കും കാരണം? എങ്ങും നിറഞ്ഞ വലിയ പാറക്കൂട്ടങ്ങൾ കണ്ടിട്ടായിരിക്കാമെന്ന് ഡ്രൈവർ കൂടിയായ ഞങ്ങളുടെ സഹായി സതീഷ് പറഞ്ഞു. ഒരു കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു റോക്ക്‌വുഡ് എസ്‌റ്റേറ്റ്. പിന്നീട് അവഗണനയിലായി. തോട്ടപ്പയർ വള്ളികൾ ചുറ്റിവരിഞ്ഞ് അവശരാക്കിയ റബ്ബർ മരങ്ങളും വളർച്ച മുരടിച്ചുനിൽക്കുന്ന കാപ്പിച്ചെടികളും തഴയ്ക്കുന്ന ശീമക്കൊന്നകളും ഒക്കെ നിറഞ്ഞ് തോട്ടം കാഴ്ചയിൽ വനം തന്നെ.

എസ്‌റ്റേറ്റിൽ കാര്യങ്ങൾ നോക്കി നടത്താൻ ഒരാളും ഒപ്പം രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികളും മാത്രമാണ് ഇപ്പോഴുള്ളത്. ഗേറ്റ് കടന്നുചെല്ലുമ്പോൾ സ്വാഗതം ചെയ്ത് കാവൽക്കാരൻ മുത്തു. കൂടെ നന്നെ മെലിഞ്ഞൊട്ടിയ ശരീരവുമായി ‘രാജപാളയം ബ്രീഡിനെ’ അനുസ്മരിപ്പിക്കുന്ന നായ. ‘ബുള്ളറ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അത് അറബി രാജ്യങ്ങളിൽ വേട്ടയ്ക്കും മത്സര ഓട്ടത്തിനായും ഉപയോഗിക്കുന്ന ‘സലൂക്കി (saluki) ഇനത്തിലെ നായയാണെന്ന് പറഞ്ഞറിഞ്ഞു. ആ ഇനത്തിൽപെട്ട ആറ് നായകൾ എസ്‌റ്റേറ്റിൽ ഉണ്ടായിരുന്നത്രേ. ബാക്കി എല്ലാത്തിനേയും പലപ്പോഴായി പുലി പിടിച്ചു. നാലുപ്രാവശ്യം പുലി ആക്രമിച്ചിട്ടും ആയുസ്സിന്റെ ബലം കൊണ്ടുമാത്രം രക്ഷപ്പെട്ടതാണത്രേ ബുള്ളറ്റ്.
പഴയ പ്രതാപത്തോടെ നിൽക്കുന്ന സായിപ്പിന്റെ ചിത്രം കെട്ടിടത്തിന്റെ പൂമുഖം അലങ്കരിക്കുന്നു. കരിങ്കൽ കെട്ടിടത്തിനു ചുറ്റും പാകമെത്തിയ ഫലങ്ങളുടെ ഭാരം താങ്ങാനാവാതെ തല കുമ്പിട്ടു നിൽക്കുന്ന പേരയും ഓറഞ്ചും ആനപ്പുളിഞ്ചിയും (Averrhoa carambola) പനീർ ചാമ്പയും (Syzygium jambos). ഓറഞ്ചിൽ നിന്നും പഴുത്ത ഒന്ന് പറിച്ചെടുത്ത് കടിച്ചുനോക്കി. പല്ലുകൾ കൂടി തുളയുന്ന പുളിപ്പ്.
ഓർമകളുടെ കുടീരം
പ്രായാധിക്യത്തിന്റെയും അവഗണനയുടെയും സാക്ഷ്യമായി ഗതകാല ഓർമകളും പേറി നിൽക്കുന്ന പ്രാർഥനാലയത്തിന്റെ ശേഷിപ്പിനു മുൻപിൽ വണ്ടി നിന്നു. മേൽക്കൂരയറ്റുപോയ പഴയ ആരാധനാലയം! ഉള്ളിലേയ്ക്കു കടക്കാനായി ദ്രവിച്ച വാതിൽപ്പാളികൾ തള്ളിത്തുറന്നപ്പോഴത്തെ കരകര ശബ്ദത്തിൽ കടവാതിലുകളുടെ ചിറകടിയൊച്ചയ്ക്കായും ഇഴജന്തുക്കളുടെ മരണപ്പാച്ചിലുകൾക്കായും ഒരു വേള വെറുതെ കാതോർത്തു. ഇംഗ്ലിഷുകാർ തോട്ടമേൽപ്പിച്ചുപോയ കങ്കാണിമാർ എസ്‌റ്റേറ്റിൽ തന്നെ വസിച്ച വിദേശ വനിതയെ വിഷം നൽകിയോ പട്ടിണിക്കിട്ടോ കൊലപ്പെടുത്തി എന്നൊക്കെ സ്ഥിരീകരിക്കാത്ത കഥയുണ്ടത്രേ.

കപ്പേളയുടെ വലതുവശത്തു കണ്ട മാർബിൾ ഫലകത്തിലെ പായൽപ്പടർപ്പിനിടയിൽ തെളിഞ്ഞുകാണുന്ന ‘VIOLET GUILTT LIZLY’ എന്ന പേരുകൊത്തിയ കല്ലറയ്ക്കുള്ളിൽ നെടുവീർപ്പുകൾ നേർത്തൊടുങ്ങുന്നതുപോലെ തോന്നി അപ്പോൾ! ഓരോന്നോർത്തു നിൽക്കെ ഞങ്ങളെയാകെ നടുക്കിക്കൊണ്ട് അവിടെ നിറഞ്ഞുനിന്ന കാട്ടുപൊന്തകൾക്കിടയിൽ നിന്ന് ചാരനിറത്തിലെ ഒരു കാട്ടുമുയൽ പുറത്തുചാടി ഓടി!
മുൻപോട്ട് നീങ്ങവേ ഓയിൽപാം പനകൾ കാവൽ നിൽക്കുന്ന കുന്നുകൾ. ‘വ്യൂ പോയിൻറ്’ എന്ന് പേരുകേട്ട സ്ഥലമെത്തുമ്പോൾ കോടമഞ്ഞില്ലാത്തതിനാൽ അങ്ങുദൂരെ ശെന്തുരുണി റിസർവോയറും സമതലങ്ങളും അതിരിടുന്ന വശ്യതയാർന്ന ഭൂപ്രകൃതിയുടെ ഭ്രമാത്മകമായ ആകർഷണം.
ക്യാംപ് ഷെഡിന്റെ സുരക്ഷയിൽ
ഇനി ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ പ്രദേശങ്ങളാണ്. ഇടതൂർന്ന ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നെത്താൻ ബുദ്ധിമുട്ടുന്നു. സാന്ദ്രതയേറിയ അടിക്കാടുകളും ഈർപ്പം വിട്ടുമാറാത്ത മണ്ണുമാണ്. നിലത്ത് ഇരകളുടെ ചോരയൂറ്റിക്കുടിക്കാൻ കാത്തിരിക്കുന്ന അട്ടകള്‍. അവ കടിക്കുമ്പോൾ പലപ്പോഴും അറിയാൻ തന്നെ പറ്റില്ല. കടിയേൽക്കുന്നവരുടെ മുറിപാടിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ‘ഹിറുഡിൻ’ എന്ന ആന്റി കൊയാഗുലന്റ് അട്ടകൾ കടിക്കുമ്പോൾ കുത്തിവയ്ക്കും. മനുഷ്യന്റെയോ മറ്റ് കാട്ടുമൃഗങ്ങളുടേയോ ചോര ആവോളം കുടിച്ചുവീർത്ത് ഏതാണ്ട് ഗോളാകൃതിയിലാകുമ്പോൾ ജീവിയുടെ ദേഹത്തുനിന്നും അട്ടകൾ സ്വയം പിടി വിട്ട് നിലത്തുവീഴുകയാണ് പതിവ്.

അഞ്ചുമണിയോടുകൂടി വനം വകുപ്പിന്റെ ക്യാംപ് ഷെഡിനു മുൻപിൽ വണ്ടിയെത്തി. ഇരുനില ഷെഡിനു ചുറ്റും സോളർ വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന കമ്പി വേലിയും അതിനുള്ളിൽ ആനക്കിടങ്ങും സംരക്ഷണം തീർത്തിരിക്കുന്നു.
ആവി പറക്കുന്ന കട്ടൻ ചായ എത്തിയപ്പോഴേക്ക് മഴച്ചാറ്റൽ തുടങ്ങി. എങ്കിലും താഴെ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ റെഡിയായി. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം കാതോർത്തുകൊണ്ട് പാറയിടുക്കുകളിലൂടെ താഴേക്കിറങ്ങി. ചെറുതെങ്കിലും ആർത്തലച്ചുവീഴുന്ന ജലപാതത്തിനു കീഴിൽ സ്വയം മറന്നിരിക്കുമ്പോൾ ക്ഷീണം പമ്പ കടന്നു. കാടിന്റെ രാത്രി സൂര്യപ്രകാശം കുറയുന്നതനുസരിച്ച് അന്തരീക്ഷമെങ്ങും നിറയുന്ന ചീവിടുകളുടെ സിംഫണി. കരിങ്കുരങ്ങുകളുടെ തിമിർപ്പിൽ ഉലഞ്ഞാടുന്ന മരച്ചില്ലകൾ. രാത്രിയുടെ കമ്പളം പരക്കുന്നു. ഇരുട്ടിന്റെ മറവിൽ കാട് കാഴ്ചവയ്ക്കുന്നത് മറ്റൊരു മുഖമാണ്. വന്യതയിലെ തമസ്സ് തീർത്തും പ്രവചനങ്ങൾക്കതീതവും. പരിചിതമെന്ന് കരുതുന്ന ഇടങ്ങളും അപകടങ്ങൾ ഒളിപ്പിച്ചുവയ്ക്കും. ഹിംസ്ര മൃഗങ്ങളും മറ്റ് ജന്തുജാലങ്ങളും മാത്രമാണ് പിന്നീട് അതിലെ ചാലക ശക്തികൾ. വൈകാതെ ക്യാംപിന്റെ സുരക്ഷിതത്വത്തിലേക്ക് തിരികെ നടന്നു.

മുറികളിൽ സോളർ പാനലുകൾ ഉപയോഗിച്ചുള്ള ലൈറ്റുകൾ. നനഞ്ഞ തുണികൾ വിരിച്ചിട്ട് കെട്ടിടത്തിനുതാഴെ തറയോടുകൾ പാകിയ മുറ്റത്ത് കസേര നിരത്തിയിട്ട കസേരകളിൽ ആഹാരത്തിന് ഇരുന്നു. ചെറിയ മഴച്ചാറ്റലിനൊപ്പം പുറത്ത് മഞ്ഞിന്റെ മൂടുപടം വീഴുകയാണ്. പുറം കാഴ്ചകൾ ഒന്നൊന്നായി ചുരുങ്ങി ഇല്ലാതാകുന്നു.
നേരം പുലർന്നിട്ടും നല്ല തണുപ്പാണ്. ഇടയ്ക്ക് മലമുഴക്കി വേഴാമ്പലുകളുടെ ശബ്ദം അകലെ ദിഗന്തങ്ങളിൽ ഉച്ചത്തിൽ പ്രതിധ്വനിക്കുന്നു. ഒപ്പം പല വിധം പക്ഷികളുടെ കളകൂജനങ്ങൾ. ലഘുവായ പ്രഭാത ഭക്ഷണത്തിനുശേഷം കുളിക്കാൻ അരുവി തേടി ഇറങ്ങി. വഴിയിൽ വിളഞ്ഞുകിടക്കുന്ന ചൂരൽ വള്ളികൾ. അതിനിടയിൽ അങ്ങിങ്ങ് മധുരവും പുളിയും കലർന്ന മൂട്ടിപ്പഴം കായ്ക്കുന്ന (Baccaurea courtalensis) വൃക്ഷങ്ങൾ. വഴിയിൽ വീണുകിടക്കുന്ന ഒരു വലിയ ചെങ്കുറിഞ്ഞി മരത്തിന്റെ (Gluta travancorica) ദ്രവിച്ച് നിറം മങ്ങി പായൽ മൂടിയ തടി കണ്ടു. പശ്ചിമഘട്ടത്തിലെ നിത്യ ഹരിത വനങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ വൃക്ഷമാണ് ചെങ്കുറിഞ്ഞി. ശെന്തുരുണി വന്യജീവി സങ്കേതത്തിന് ആ പേര് കിട്ടാൻ കാരണം തന്നെ ഈ അപൂർവ വൃക്ഷങ്ങളുടെ സാന്നിധ്യമാണ്.
കാട്ടാറിലെ പെഡിക്യൂർ
കാട്ടരുവിയിൽ നെഞ്ചൊപ്പം വെള്ളത്തിൽ മുങ്ങിയപ്പോൾ അസ്ഥികൾ തുളയുന്ന ശീതം. അപ്പോഴാണ് സതീഷ് ആ വിശേഷം പങ്കുവച്ചത്. കാലുകൾ മാത്രം വെള്ളത്തിലാക്കി തെല്ലിട അനങ്ങാതെ നിൽക്കുക. കൂട്ടമായെത്തുന്ന ‘കല്ലേനക്കി’ (doctor fish/ nibble fish) എന്ന ഓമനപ്പേരുള്ള ചെറുമീനുകൾ (Garra mullya എന്ന് ശാസ്ത്ര നാമം) കാലുകളെ ഒന്നാകെ നക്കിത്തുവർത്തും. ഇക്കിളി സഹിച്ച് നിൽക്കുകയേ വേണ്ടൂ. കുഞ്ഞുവായകൾ കൊണ്ട് അവറ്റകൾ നഖങ്ങളെയും വിരലുകളേയുമൊക്കെ വൃത്തിയാക്കും. (ശരിക്കും ‘പെഡിക്യൂറിന്’ ഈ വർഗ്ഗത്തിൽത്തന്നെയുള്ള Garra rufa എന്ന വിദേശ മത്സ്യങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നുമാത്രം). . ഉച്ചയ്ക്ക് ആഹാരവും കഴിഞ്ഞ് ക്യാംപിനോട് യാത്ര പറയുമ്പോഴും ചീവിടുകളുടെ നിലയ്ക്കാത്ത ഒച്ച. അരണ്യത്തിന്റെ നെഞ്ചകത്തിൽ സൂര്യ കിരണങ്ങൾ ഇനിയും കരുത്താർജ്ജിച്ചിട്ടില്ല. താമസം വിനാ വീണ്ടും ഒരു തിരിച്ചുവരവുണ്ടാകുമെന്ന് മനസ്സിലുറപ്പിച്ചു തന്നെയാണിറങ്ങിയത്.

How To Reach
അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് വനം സർക്കിളിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് റോക്ക് വുഡ്ഡിലെ ആൻറീ പോച്ചിംഗ് ക്യമ്പ് ഷെഡ്ഡ്. തെന്മലയിൽ നിന്നും 27 കിലോമീറ്ററുണ്ട് ക്യാമ്പ് ഷെഡ്ഡിലേക്ക്. ആനയും പുലിയും കടുവയുമൊക്കെയുള്ള കാട്ടിലെ ദുർഘട പാതകളിലൂടെ രണ്ട് മണിക്കൂർ സഞ്ചരിക്കണം അവിടെത്താൻ.
പൊതു അവധി ദിവസങ്ങളിൽ നാലു പേർക്ക് 15,000/- രൂപയും പ്രവൃത്തി ദിവസങ്ങളിൽ 14,000/- രൂപയും ആണ് ചാർജ്. പരമാവധി എട്ടുപേർക്ക് ഇവിടെ തങ്ങാം. എട്ടുപേരിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ അധികമായുള്ളവർക്ക് ഓരോരുത്തർക്കും 2000/- രൂപ വീതം.
വനം വകുപ്പിൻറെ ജീപ്പിൽ സന്ദർശകരെ ഇവിടെത്തിക്കും. ക്യാംപിൽ വെജിറ്റേറിയൻ ആഹാരമാണ് ഉള്ളത്. ആദ്യ ദിനം ഉച്ചയ്ക്ക് തുടങ്ങുന്ന യാത്ര പിറ്റേന്ന് ഉച്ച ഭക്ഷണത്തിനു ശേഷമാണ് അവസാനിക്കുന്നത്. ഇതിനിടെ റോക്ക് വുഡ്ഡിലും പരിസര പ്രദേശത്തുമായി ഒരു മണിക്കൂറോളം ട്രെക്കിങ്ങിനും അവസരമുണ്ട്.
ബുക്കിങ്ങിന് വനം വകുപ്പിൻറെ keralaforestecotourism.com സൈറ്റ്. സഹായത്തിനായി 8547602931, 8547602937, 8547602943, 9048789779 എന്നീ മൊബൈൽ നമ്പരുകളിലേതിലെങ്കിലും ബന്ധപ്പെടാം.