വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ബോർഡ് വയ്ക്കാതെ തന്നെ തിരിച്ചറിയാം എന്ന നിലയിലാണ് പല സ്ഥലങ്ങളിലുമുള്ളത്, പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. എന്നാൽ ഡെൻമാർക്കിൽ കോപ്പൻഹിൽ എന്ന വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പിക്നിക്ക് സംഘടിപ്പിക്കുന്നവരാണ് സമീപവാസികൾ. അവിടെ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ സ്കീയിങ് വിനോദം, റോക്ക് ക്ലൈംബിങ്, പ്ലാന്റിന്റെ പുകക്കുഴലിനുകീഴെ കഫെ, കോൺഫറൻസ് ഹാൾ... മാലിന്യ കൂമ്പാരത്തിൽ പിറന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കോപ്പൻഹിൽ. സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിൽ സെക്രട്ടറി തല പദവികൾ വഹിച്ചിരുന്ന ബിജു പ്രഭാകർ ഐഎഎസ് തന്റെ ഒരു സഞ്ചാരത്തിനിടെ കണ്ടറിഞ്ഞ ഈ വേസ്റ്റ്ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വിശേഷങ്ങൾ കുറിക്കുന്നു.
ഹാംബർഗ് വഴി കോപ്പൻ ഹേഗൻ
2024 സെപ്റ്റംബറിൽ വിൻഡ് എനർജിയുമായി ബന്ധപ്പെട്ട കോൺഫറൻസിന് ജർമൻ നഗരമായ ഹാംബർഗിലെത്തി. തൊട്ടടുത്ത രാജ്യം ഡെന്മാർക്കിലെ കോപ്പൻ ഹേഗൻ കൂടി സന്ദർശിക്കാൻ അത് അവസരമൊരുക്കി. "കോപ്പൻ ഹിൽ" എന്ന ആകർഷണമാണ് അവിടേക്കു പോകാനുള്ള കാരണം. കെമിക്കൽ എഞ്ചിനീയറിങ് പഠനത്തിന്റെ അവസാന വർഷ പ്രോജക്റ്റിന് ഞാൻ തിരഞ്ഞെടുത്തത് മുൻസിപ്പൽ വേസ്റ്റിൽ നിന്ന് ഡീസൽ പോലുള്ള ഇന്ധനം പൈറോളിസിസ് എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. അന്നുമുതൽ ഇന്നുവരെ വേസ്റ്റ് ട്രീറ്റ്മെൻറ് കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്. കേരളത്തിൽ ഈ വിഷയം വളരെ വികലമായി കൈകാര്യം ചെയ്യുന്നതു കാണുമ്പോൾ പ്രയാസം തോന്നിയിട്ടുമുണ്ട്.

പല രാജ്യങ്ങളുടെയും വേസ്റ്റ് ട്രീറ്റ്മെന്റ് സംവിധാനങ്ങൾ പഠിക്കുന്നതിനിടെയാണ് കോപ്പൻഹിൽ ശ്രദ്ധയിൽ പെട്ടത്. കോപ്പൻഹിൽ മാലിന്യ സംസ്കരണ പ്ലാന്റാണ്, വളരെയേറെ പ്രത്യേകതകളുളള ഒന്ന്. അവിടെ മുനിസിപ്പാലിറ്റി സംഭരിക്കുന്ന മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ആ പ്ലാന്റ് നിർമിച്ച ആർക്കിടെക്ടുകളുടെ സർഗാത്മകത ലോകമെങ്ങും അംഗീകരിച്ചിട്ടുണ്ട്. മറ്റൊരു മാലിന്യ നിർമാർജന പ്ലാന്റിലും കാണാനിടയില്ലാത്ത വിധം സാധാരണ ജനങ്ങൾ ഇവിടേക്കെത്തുന്നു, വിനോദത്തിനായി.
കോപ്പൻഹേഗനിലെ ഏറ്റവും ഉയരം കൂടിയ നിർമിതി. അതിനേക്കാൾ പ്രധാനം ഫാക്ടറി കെട്ടിടത്തിന്റെ യാതൊരു മട്ടും ഭാവവും ഇല്ലാത്ത ഒന്നാണ് ഈ പ്ലാന്റ് എന്നതാണ്. രാജ്യാന്തര തലത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് ബിഗ് എന്നറിയപ്പെടുന്ന Bjarke Ingels Group കമ്പനിയുടെ ഡിസൈൻ ഈ പ്ലാന്റിന് തിരഞ്ഞെടുത്തത്.
മഞ്ഞുമലയുടെ കുറവിന് പരിഹാരം
മറ്റു യൂറോപ്യൻ രാജ്യങ്ങളെ പോലെ സമ്പന്നമാണ് ഡെന്മാർക്ക്. സാങ്കേതികമായി ഏറെ ഉന്നതിയിലും. എങ്കിലും സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഈ രാജ്യത്തിന് ചില കുറവുകളുണ്ട്, ഇവിടെ കുന്നുകളോ മലകളോ ഇല്ല. മഞ്ഞും മഞ്ഞിലൂടെയുള്ള സ്‌കീയിങ്ങും ഏറെ ഇഷ്ടപ്പെടുന്ന ഡെന്മാർക്ക് ജനങ്ങൾക്ക് സ്കീ ചെയ്യാൻ സ്ഥലം ഇല്ല. ഇതിനൊരു പരിഹാരമാണ് കോപ്പൻഹിൽ. മഞ്ഞ് ഇല്ലാത്തപ്പോഴും സ്കീ ചെയ്യാം എന്നതാണ് പ്രത്യേകത. അതും ഏതാണ്ട് 400 മീറ്റർ നീളത്തിൽ, 85 മീറ്റർ ഉയരത്തിൽ. വർഷം മുഴുവനും.

താമസിച്ച ഹോട്ടലിൽ നിന്നിറങ്ങി, ആദ്യം മെട്രോയിലും പിന്നീട് ബസ്സിലും കയറി കോപൻഹില്ലിനു സമീപത്തുള്ള അമയ്ജർ എന്ന സ്ഥലത്ത് ഇറങ്ങി. പിന്നെ ഏതാണ്ട് 50 മീറ്റർ നടന്നു. ആദ്യം എന്നെ ആകർഷിച്ചത് അവിടെ കണ്ട കുടുംബങ്ങളാണ്. കുട്ടികളുമായി അവരുടെ സായാഹ്നങ്ങൾ ചെലവഴിക്കാൻ വരുന്ന പ്രധാന കേന്ദ്രമാണ് ഈ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്. തൊട്ടടുത്തുതന്നെ ധാരാളം ഫ്ലാറ്റ് സമുച്ചയങ്ങൾ ഉണ്ട്. സമീപവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ഈ പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് വ്യക്തം.
കോപ്പൻഹില്ലിൽ കയറാന്‍ ടിക്കറ്റോ ഫീസോ ഒന്നുമില്ല. മുകളിലേക്ക് വളരെയധികം ആൾക്കാർ കയറി പോകുന്നത് കണ്ടു. ഭാരമേറിയ ക്യാമറയും മറ്റുമായി ഞാനും നടന്നു. നടപ്പാതയുടെ ഇടതുവശത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ സ്കീയിങ് വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നു. കാൽപാദത്തിൽ സ്കീ എന്ന ബോർഡും കൈകളിൽ സ്കീയിങ് പോളും ഉപയോഗിച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കുള്ള ചരിവിലൂടെ ഇവർ തെന്നിയിറങ്ങുന്നു. നാട്ടിൽ കാണുന്ന പച്ചപ്പുല്ലുപോലെ മുള്ളുകളുള്ള പച്ചനിറത്തിലുള്ള കൃത്രിമ പ്രതലമാണ് മഞ്ഞില്ലാത്തപ്പോൾ സ്കീയിങ്ങിനുള്ളത്. താഴെ എത്തുന്നവരെ മുകളിലേക്ക് കൊണ്ടുപോകാനായി സാധാരണ സ്കീയിങ് സെൻററുകളിൽ ഉള്ളതുപോലെ ലിഫ്റ്റുകൾ ഉണ്ട്. മഞ്ഞു കാലത്ത് കൃത്രിമ പ്രതലത്തിനു പകരം ഐസിലൂടെയുള്ള സ്കീയിങ് ആയിരിക്കും നടക്കുക.

വലിയൊരു വിനോദ കേന്ദ്രമാണ് ഈ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്. സിറ്റിക്ക് അഭിമുഖമായിട്ടുള്ള ഭാഗത്തു കുത്തനെയുള്ള ഭിത്തിയിൽ പല നിറങ്ങളിലുള്ള കല്ലുകൾ പതിച്ചത് കണ്ടപ്പോൾ അത് എന്താണെന്ന് മനസ്സിലായില്ല. അടുത്ത് എത്തിയപ്പോൾ അതൊരു പാറ്റേൺ ആയി തോന്നി. എന്നാൽ മുകളിൽ എത്തിയപ്പോൾ താഴേക്ക് കിടക്കുന്ന റോപ്പും മറ്റും കണ്ടു. ഒപ്പം ഗൂഗിളിൽ പരതിയപ്പോൾ റോക്ക് ക്ലൈമ്പിങ്ങിനുള്ള സജ്ജീകരണങ്ങളാണ് അവിടെ നടത്തിയിരിക്കുന്നത് എന്ന് മനസ്സിലായി. ഞാൻ ചെന്ന സമയത്ത് റോക്ക് ക്ലൈമ്പിങ് ഉണ്ടായിരുന്നില്ല. ആ പ്ലാന്റിന്റെ ഡിസൈനർമാരുടെ ഭാവന അത്ഭുതപ്പെടുത്തി.
മാലിന്യ പ്ലാന്റിലെ കഫെറ്റീരിയ
എന്നെ അക്ഷരാർഥത്തിൽ അദ്ഭുതപ്പെടുത്തിയ കാഴ്ച ഈ വേസ്റ്റ് ട്രീറ്റ്മെൻറ് പ്ലാന്റിന്റെ മുകൾ നിലയിൽ, പ്ലാന്റിന്റെ ചിമ്മിനിക്ക് സമീപത്ത് കണ്ട കഫെറ്റിരിയ ആയിരുന്നു. ഒട്ടേറെ പേർ അവിടിരുന്നു ബീർ, കാപ്പി തുടങ്ങിയ പാനീയങ്ങൾ രുചിക്കുന്നു. ഒരു വേസ്റ്റ് പ്ലാന്റിന്റെ പുക കുഴലിനു കീഴിൽ കഫെറ്റീരിയ അല്ലെങ്കിൽ ബാർ എന്നത് നമ്മുടെ സ്വപ്നത്തിൽ പോലും ഉണ്ടാകില്ലല്ലോ. നാം നിർമിക്കുന്ന ഏതെങ്കിലും വേസ്റ്റ് പ്ലാന്റിൽ ചായ കുടിക്കുന്നത് പോയിട്ട് അതിനു പരിസരത്തു കൂടി നടന്നു പോകുന്നത് ചിന്തിക്കുമ്പോൾ തന്നെ വിമ്മിട്ടമുണ്ടാകുന്ന അവസ്ഥയായിരിക്കും. കോപ്പൻഹിൽ പ്ലാന്റിൽ ഒരു കോൺഫറൻസ് ഹാളും ഉണ്ട്.

കോപ്പൻഹില്ലിന്റെ മട്ടുപ്പാവിൽ നിന്നാൽ കോപ്പൻ ഹേഗൻ നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ഒരു വശത്ത് ആധുനിക രീതിയിലുള്ള നൗകകൾ (യാട്ടുകൾ) - മാളിലും മറ്റുമുള്ള കാർ പാർക്കിങിൽ കിടക്കുന്നതുപോലെ നൂറുകണക്കിന് ഉല്ലാസ നൗകകൾ അടുക്കിയിട്ടിരിക്കുന്നു. വേറൊരു സ്ഥലത്ത് കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നു. ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ ഒരു സീപ്ലെയിൻ താഴ്ന്നു പറന്നു ഹാർബറിൽ ഇറങ്ങുന്നു. ക്യാമറയുടെ സൂം ലെൻസിലൂടെ നോക്കിയപ്പോൾ ഏതോ ഹോട്ടലിനു മുന്നിലാണ് അത് പോയി നിന്നതെന്നു തോന്നി. താഴെയുള്ള ജലാശയത്തിൽ ബോട്ടിന്റെ സഹായം ഇല്ലാതെ തൂണുകളിൽ അതിവേഗത്തിൽ കെട്ടിവലിക്കുന്ന കമ്പിയിലൂടെ വാട്ടർ സ്കീയിങ്ങിൽ ഏർപ്പെടുന്ന ആൾക്കാരെയും കാണാം. നഗരത്തിലെ മനോഹരമായ കെട്ടിട സമുച്ചയം മാത്രമല്ല വളരെയധികം വൃക്ഷ പടർപ്പുകളും സുന്ദരമായ മറ്റ് സ്ഥലങ്ങളും ഇവിടെ നിന്ന് കാണാം.
ഹാംബർഗിലെ കോൺഫറൻസും എക്സിബിഷൻ കഴിഞ്ഞ് ശനിയും ഞായറും കോപൻഹേഗനിൽ ചെലവിട്ട് തിങ്കളാഴ്ച തിരികെ പോരാനായിരുന്നു പരിപാടി. അതുകൊണ്ട് ഞായറാഴ്ചയാണ് കോപ്പൻ ഹില്ലിൽ എത്തിയത്. പ്ലാൻറ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ അകത്തു കയറാൻ സാധിച്ചില്ല. എങ്കിലും അവിടെ നടക്കുന്ന പ്രോസസിനെപ്പറ്റി ധാരണയുള്ളതുകൊണ്ട് അതൊരു നഷ്ടമായി തോന്നിയില്ല.
സുന്ദര നഗരം
ഞാൻ കണ്ടിട്ടുള്ളതിൽ മനോഹരമായ വിധം പ്രകൃതിയുടെ വർണച്ചായങ്ങൾ ചാലിച്ച മേഘങ്ങൾ, അതും പ്രത്യേകിച്ച് ഒരു നഗരത്തിൽ കണ്ടു എന്നതും കോപൻഹേഗനെ സദാ ഓർമിപ്പിക്കും. ലിറ്റിൽ മെർമെയ്‌ഡ് ചെറിയ വെങ്കല പ്രതിമയാണ് - കോപ്പൻഹേഗിന്റെ ലാൻഡ് മാർക്ക് എന്നു പറയാം. അതിന്റെ വലുപ്പം നിരാശപ്പെടുത്തിയെങ്കിലും അവിടെ എത്തിയത് ഏറെ കഷ്ടപ്പെട്ട് ആണെങ്കിലും ലിറ്റിൽ മെർമെയ്‌ഡിനെ കണ്ടപ്പോൾ സന്തോഷം തോന്നി.
നമ്മുടെ ആലപ്പുഴയെപ്പോലെ കനാലിന്റെ രണ്ടുവശത്തും റോഡുകളും കെട്ടിടങ്ങളും ഉള്ള ഒരു സ്ഥലം. ഒരു പക്ഷേ, ആലപ്പുഴയ്ക്ക് അതിനേക്കാളും സൗന്ദര്യമുണ്ട്. കാരണം ന്യൂഹെവൻ റോഡിന്റെ ഓരത്തൊന്നും മരങ്ങളില്ല. അവിടത്തെ പ്രത്യേകത വിവിധതരത്തിലുള്ള വർണചായങ്ങൾ പൂശി മനോഹരമാക്കിയ കെട്ടിടങ്ങളാണ്. റോഡിന് ഒരു വശം മുഴുവൻ താൽക്കാലിക നിർമിതികളായി ടെന്റ് കെട്ടി അതിൽ ഏതാണ്ട് എക്കാലവും പ്രവർത്തിക്കുന്ന ഹോട്ടലുകളും മദ്യം വിളമ്പുന്ന ചെറുകിട ബാർ ഹോട്ടലുകളുമാണ്.

നമ്മുടെ ആലപ്പുഴ ഈ രീതിയിൽ മാറ്റണമെന്നെങ്ങാനും അഭിപ്രായപ്പെട്ടാൽ തന്നെ റോഡിലിരുന്ന് പരസ്യമായി മദ്യപിക്കുന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് പറഞ്ഞു പ്രക്ഷോഭം ഉണ്ടാകും, സംശയം ഇല്ല. എന്നാൽ, അവിടെ ഉണ്ടാകുന്ന വരുമാനം, ആ പ്രദേശത്തെ ജനങ്ങൾക്കുള്ള തൊഴിൽ ലഭ്യത, അതിെനക്കാളൊക്കെ പ്രധാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു കാഴ്ച കണ്ടു സായാഹ്നമാസ്വദിക്കുന്നവർക്ക് ഭക്ഷണം കഴിച്ചു തങ്ങളുടെ തനത് ശൈലിയിൽ അൽപം മദ്യവും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുക.
നമ്മുടെ അബ്കാരി നിയമമനുസരിച്ച് 10 മുറിയും ഏസിയും ഒക്കെയുള്ള സ്ഥലത്തു മാത്രമേ ബാർ ലൈസൻസ് കൊടുക്കുകയുള്ളൂ. യൂറോപ്പിൽ മാത്രമല്ല എന്തിന് നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പോലും ചെറിയ കടകളിൽ മദ്യം കിട്ടുന്നത് നമുക്ക് മറക്കാം. ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കാതെ, കുറഞ്ഞത് ബീർ, വൈൻ ഇവിടെ ലഭ്യമാക്കുന്ന രീതിയിലുള്ള അബ്കാരി പോളിസി ഉണ്ടെങ്കിൽ നമ്മുടെ കനാലുകളൊക്കെ തന്നെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കാം. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് തന്നെ ഈ കനാലുകളുടെ വശങ്ങൾ കെട്ടി നടപ്പാത ഉണ്ടാക്കി വളരെ ഭംഗിയായി സൂക്ഷിക്കാനും സാധിക്കും. കോപ്പൻഹേഗൻ ജീവിതത്തിൽ ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട നഗരം തന്നെയാണ്..