കേദാർകാന്തയിലെ സൂര്യോദയ ദൃശ്യം ഒരു മോഹമായി മനസ്സിൽ കയറിക്കൂടിയത് എന്നാണെന്ന് ഓർക്കുന്നില്ല. പക്ഷേ ഒന്നറിയാം, മിന്നിമാഞ്ഞുപോയ ആ വീഡിയോ ദൃശ്യം കണ്ട ദിവസം മുതൽ കേദാർ കാന്ത എന്നെ മാടി വിളിച്ചു കൊണ്ടേയിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സംക്രി വില്ലേജിൽ 12500 അടി ഉയരത്തിലുള്ള ഹിമാലയൻ കൊടുമുടിയാണ് കേദാർകാന്ത. പല സീസണിലും ട്രെക്ക് ചെയ്യാമെങ്കിലും ഡിസംബർ –മാർച്ചിലെ വിന്റർ ട്രെക്കാണ് ഏറ്റവും മനോഹരം, ഒപ്പം കഠിനവും.

2025 ജനുവരി 11 ന് കേദാരകാന്ത കീഴടക്കാൻ തീരുമാനിച്ചു യാത്ര തുടങ്ങി. ഹിമാലയൻ ട്രെക്കുകൾ സംഘടിപ്പിക്കുന്ന ബെൻ ബൻജാരയുടെ വെബ്സൈറ്റ് വഴിയാണ് ട്രെക്കിങ് ബുക്ക് ചെയ്തത്. ഒപ്പമുള്ളത് ട്രെക്കിങ്ങിൽ ഒരു മുൻപരിചയവും ഇല്ലാത്ത ആളാണ്. കുറച്ച് വർഷമായി ഹിമാലയൻ യാത്രകൾ ചെയ്തതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ഈ യാത്ര.
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ
തണുപ്പിനെ തോൽപ്പിച്ച് മുന്നേറാനുള്ള തയാറെടുപ്പിന്റെ ദിനങ്ങളായിരുന്നു പിന്നീട്. തിരുവനന്തപുരത്ത് നിന്ന് ഡൽഹി വരെ വിമാനത്തിൽ. ഇവിടെ നിന്ന് ബസ്സിൽ ഡെഹ്‌റാഡൂണിലേക്ക്. ഡെഹ്റാഡൂൺ ബസ് ടെർമിനലിൽ നിന്ന് ഉദ്ദേശം അഞ്ച് കിലോമീറ്റർ മാറിയാണ് പ്രിൻസ് ചൗക്ക്. ഇവിടെ നിന്നാണ് കേദാർകാന്തയുടെ ബസ് ക്യാംപ് ആയ സംക്രിയിലേക്കുള്ള ട്രാവലർ പുറപ്പെടുന്നത്.
ഞങ്ങൾ ഉൾപ്പെടെ 14 പേരായിരുന്നു ട്രാവലറിലുണ്ടായിരുന്നത് .അവരൊക്കെ ഒരു ഗ്രൂപ്പ് ആണെന്ന് തോന്നി. ആ അപരിചിതമായ അന്തരീക്ഷത്തിൽ ഞങ്ങൾ യാത്ര തുടങ്ങി. ഡെഹ്റാഡൂണിൽ നിന്നു സാംക്രിയിലേക്ക് 200 കിലോമീറ്ററുണ്ട്. ഉദ്ദേശം ഏഴുമണിക്കൂറോളം യാത്ര. പ്രാതലിന് വേണ്ടി നിർത്തിയപ്പോൾ ഒരു ഹൈദരാബാദുകാരനെ പരിചയപ്പെട്ടു. തെക്കേ ഇന്ത്യക്കാരായി ഞങ്ങൾ മൂന്നുപേർ മാത്രമേ ആ വണ്ടിയിലുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം ഡൽഹിയിൽ നിന്നുള്ള വിദ്യാർത്ഥികളും ജോലി ചെയ്യുന്ന ചെറുപ്പക്കാരുമാണ്. വൈകിട്ട് ആറുമണി. സഹിക്കാൻ പറ്റാത്ത കൊടുംതണുപ്പ് സമ്മാനിച്ചാണ് സാംക്രി സ്വാഗതമരുളിയത്. ഇവിടുത്തെ അവസ്ഥ ഇതെങ്കിൽ മുകളിലോട്ട് പോകുമ്പോൾ എന്തായിരിക്കും! സുഹൃത്തിന്റെ മുഖത്ത് വ്യാകുലത നിഴലിച്ചു.

‘കേദാർ കാന്ത വിന്റർ ട്രെക്ക് പൂർണമായും കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത് .മഞ്ഞു വീഴ്ച അധികമായാൽ പാതകൾ ദുർഘടമാകും. ഒപ്പം ടെന്റിലെ താമസവും ബുദ്ധിമുട്ടാകും. ഇതൊരു കൊടുമുടി കീഴടക്കലാണ് , ആഡംബര യാത്രയല്ല. ആ ഒരു ഗൗരവം എല്ലാവർക്കും ഉണ്ടായിരിക്കണം . ടെന്റിലും ക്യാംപിലും പരിമിത സൗകര്യങ്ങളായിരിക്കും. ചൂട് വെള്ളം വളരെ അമൂല്യ വസ്തു ആയിരിക്കും. ആകെ രണ്ട് ബോട്ടിലാണ് ഒരു ദിവസം ലഭിക്കുക. ട്രെക്ക് പൂർത്തിയാക്കാൻ എല്ലാവർക്കും സാധ്യമാകണം എന്നില്ല’....
ഗൈഡിന്റെ ഈ വിവരണം കേട്ട് ഞങ്ങൾ ആശങ്കയിലായി. അനുകൂല കാലാവസ്ഥയായിരിക്കണേ എന്ന് മനസ്സിൽ പ്രാർഥിച്ച് ഉറങ്ങാൻ കിടന്നു.
നടന്ന് നടന്ന് കയറാം

പിറ്റേന്ന് രാവിലെ 9 മണിക്ക് ട്രെക്ക് തുടങ്ങി. സാംക്രിയിൽ നിന്നും 9,100 അടി ഉയരത്തിലുള്ള ഫസ്റ്റ് കാമ്പിങ് സൈറ്റായ ജൂദ ക തലാബിലേക്കാണ് ആദ്യ യാത്ര. നാലുകിലോമീറ്റർ ദൂരം. അഞ്ചു മണിക്കൂറുകൊണ്ട് താണ്ടണമെന്ന് കേട്ടപ്പോൾ വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ ആദ്യത്തെ അരമണിക്കൂറിനുള്ളിൽ കയറ്റം തുടങ്ങി. തൂക്കായ പാറക്കെട്ടുകൾ കയറിത്തുടങ്ങിയപ്പോൾ തന്നെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായി. നടക്കാൻ നന്നേ പാടുപെടുന്നതുകൊണ്ട് ട്രെക്ക് ലീഡർ ദയാൽ റാവത് ഞങ്ങളുടെ അടുത്തെത്തി. ട്രെക്കിങ്ങിന്റെ ബാലപാഠങ്ങൾ പോലുമറിയാതെ തെർമൽസും ഫ്‌ളീസും ജാക്കെറ്റുമൊക്കെ ധരിച്ചിറങ്ങിയ ഞങ്ങളെക്കണ്ട് അയാൾ ഞെട്ടി. ട്രെക്കിങ് സമയത്ത് തെർമൽസ് ധരിക്കാൻ പാടില്ലായിരുന്നു. .നടത്തത്തിനിടയിൽ ശരീരം ചൂടാകുന്നതിനാൽ അവ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കുക മാത്രമല്ല, മുന്നോട്ടുള്ള ഓരോ കാൽവയ്പ്പിനെയും പ്രയാസകരമാക്കുകയും ചെയ്യും. അതെല്ലാം ഊരിമാറ്റിയപ്പോൾ തന്നെ ശ്വാസമെടുക്കാമെന്നായി. പിന്നീടുള്ള നടത്തം അൽപം ആയാസരഹിതമായി.
കുറേദൂരം പിന്നിട്ടപ്പോഴേക്കും തൂക്കായ പാറക്കൂട്ടങ്ങൾക്കിടയിൽ മഞ്ഞുകണ്ടുതുടങ്ങി. വിന്റർ ട്രെക്ക് സമ്മാനിക്കുന്ന മാസ്മരിക സൗന്ദര്യം. ഒരു വശത്ത് മഞ്ഞുമൂടിക്കിടക്കുന്ന ഉത്തരകാശിയിലെ മലനിരകൾ. മറുവശത്ത് കത്തിനിൽക്കുന്ന സൂര്യന് താഴെ, തലപ്പൊക്കത്തിൽ കേദാർകാന്ത കൊടുമുടി. ഇതായിരുന്നല്ലോ ഞാൻ സ്വപ്നം കണ്ടിരുന്ന കേദാർകാന്ത. നടന്നും കിതച്ചും ഉച്ചകഴിഞ്ഞപ്പോൾ ഞങ്ങൾ ആദ്യ ക്യാംപായ ജൂദ കാ തലാബിലെത്തി.

ക്യാൻവാസ് ടെന്റുകളിലാണ് യാത്രികർക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്.മഞ്ഞിന് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ്, അതിന് മുകളിൽ രണ്ടുപേർക്കുള്ള സ്ലീപ്പിങ് ബാഗ്. ഉയരം കുറഞ്ഞ ടെന്റിനുള്ളിൽ കയറുന്നതും ഇറങ്ങുന്നതും പ്രയാസമേറിയ കാര്യമാണ്.
ഭാരിച്ച ട്രെക്കിങ്ങ് ബൂട്ടുകൾ അഴിക്കുന്നത് അതിലും പ്രയാസം. ടെന്റിനുള്ളിൽ അധികനേരം ചിലവഴിക്കരുത്. ശരീരം തണുപ്പിനോടും അവിടുത്തെ കാലാവസ്ഥയോടും പൊരുത്തപ്പെടേണ്ടതുണ്ട്. അക്ക്ലൈമറ്റിസേഷൻ എന്നാണതിന് പറയുക. എങ്കിൽ മാത്രമേ ഹൈ ആൾട്ടിട്യൂഡിനോട് പൊരുതിനിൽക്കാനാകൂ.

പിറ്റേന്ന് ഒൻപതരയോടെ ജൂദ കാ തലാബിൽ നിന്നും 11250 അടി ഉയരത്തിലുള്ള അവസാന ബേസ് ക്യാംപിലേക്ക് ട്രെക്ക് തുടങ്ങി. ദൂരം കുറവാണെങ്കിലും നല്ല കീഴ്ക്കാംതൂക്കായ പാതയാണത്രെ ! മഞ്ഞിന്റെ ഗാഢത കൂടിയതിനാൽ ഷൂസിനടിയിൽ ധരിക്കാനായി എല്ലാവർക്കും ക്രാംപോൺസ് നൽകി മഞ്ഞിൽ ഗ്രിപ്പ് കിട്ടാനായി ഷൂസിനടിയിൽ ധരിക്കുന്ന കൂർത്ത മുള്ളുകളുള്ള ചങ്ങലകളാണ് ക്രാംപോൺസ്. എങ്ങോട്ട് തിരിഞ്ഞാലും മഞ്ഞുപുതച്ച മലഞ്ചെരിവുകളും മഞ്ഞുമൂടിയ മരങ്ങളും മാത്രം. വാക്കുകളിൽ വർണ്ണിക്കാനാകാത്ത ചാരുത.
മോഹിച്ചതെല്ലാം മുന്നിൽ
എവിടെ തിരിഞ്ഞാലും ശുഭ്രവസ്ത്രധാരികളായ മലനിരകൾ മാത്രം. എത്ര പകർത്തിയാലും മതിവരാത്ത ഭംഗി. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുകൾ പരാജയപ്പെടുന്ന അവസ്ഥ. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉച്ചയോടെ ബേസ്‌ക്യാംപിൽ എത്തി.
നാളെയാണ് ട്രെക്കിങ്ങിലെ ഏറ്റവും നിർണായകമായ ദിനം. അതിരാവിലെ രണ്ടുമണിക്ക് ട്രെക്ക് തുടങ്ങണം. എങ്കിൽ മാത്രമേ സൂര്യോദയത്തിന് മുൻപ് കൊടുമുടിയിലെത്താനാകൂ. രണ്ടരകിലോമീറ്റർ കുത്തനെയുള്ള മഞ്ഞുനിറഞ്ഞ പാറക്കെട്ടുകളിലൂടെ ഇരുട്ടിൽ ഹെഡ് ലാംപിന്റെ വെളിച്ചത്തിലാണ് നടത്തം. യാത്രയ്ക്ക് മുൻപ് ഇതൊരു കൊടുമുടി കീഴടക്കലാണെന്ന ഓർമ്മപ്പെടുത്തലിലൂടെ പരസ്പരം സഹായിച്ച് മുന്നോട്ട് പോകണം എന്ന സന്ദേശത്തോടെ ട്രെക്ക് ഗൈഡ് ഞങ്ങളെ നയിച്ചു. കാലാവസ്ഥ ഞങ്ങൾക്ക് അനുകൂലമായിരുന്നു. നല്ല നിലാവുള്ള ദിനം. തുടക്കം മുതൽ അതികഠിനമായ കയറ്റമാണ്. കുറച്ചുദൂരം പിന്നിട്ടപ്പോൾ തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. യാത്രയുടെ പലഘട്ടങ്ങളിലും സൂര്യോദയത്തിന് മുന്നേ കൊടുമുടിയിൽ എത്താൻ കഴിയുമോ എന്ന ചിന്ത ഞങ്ങളെ അലട്ടി. എന്തായാലും മുകളിലെത്തണം എന്ന ചിന്തയോടെ നടത്തം തുടർന്നു.

കൊടുമുടിയുടെ രണ്ടാം പകുതി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.മഞ്ഞുമൂടിയ ചെങ്കുത്തായ പാറക്കെട്ടുകൾ ,ഒരാൾക്കു മാത്രം കയറാനാകുന്ന വീതിയുള്ള പാത. ഇരുട്ട്, കൊടുംതണുപ്പ്, തീവ്രമായ മഞ്ഞുകാറ്റും. ശ്വാസം എടുക്കാൻ നന്നേ പാട് ,വെള്ളം കുടിക്കാൻ പോലും പറ്റാത്ത അവസ്ഥ .ഇത്രയും എത്തിയിട്ട് കൊടുമുടിയുടെ മുകളിലെത്താതെ മടങ്ങേണ്ടി വരുന്നതോർത്ത് ആകെ പ്രയാസപ്പെട്ടു . എന്ത് ചെയ്യണം എന്നറിയാതെ നിന്ന നിമിഷത്തിലാണ്'ദൈവത്തിന്റെ കരങ്ങൾ പോലെ ദയാൽ ഭായ് വന്നെന്റെ കൈ പിടിച്ചത്. മാഡം ,ആ ജാവോ എന്ന പറഞ്ഞ് ഒറ്റ നടത്താമായിരുന്നു .ഭ്രാന്തമായ ഒരാവേശത്തോടെ, സിരകളിലൂടെ കയറിയ ഊർജത്തിൽ കൊടുമുടിയുടെ മുകളിലേക്കു നടന്നു .ഉദയത്തിനു തൊട്ട് മുൻപ് നെറുകയിലെത്തി.
ഒടുവിലിതാ കേദാർകാന്തയിലെ സൂര്യോദയം എന്ന സ്വപ്നം കണ്മുന്നിൽ യാഥാർഥ്യമാകുന്നു. അതൊരു സ്വർഗീയ ദൃശ്യമായിരുന്നു. ഒരു വശത്തു തെളിഞ്ഞു നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ മറുവശത്തു ഉദയ സൂര്യന്റെ വരവറിയിച്ചു ചുവന്ന മേഘക്കീറുകൾ. മുന്നിലതാ തിളങ്ങുന്നു ആത്മവിശ്വാസത്തിന്റെ കരുത്തിൽ നേടിയെടുത്ത വിജയത്തിന്റെ അടയാളം, കേദാർകാന്തയിലെ സൂര്യോദയം.
അതി തീവ്രമായ മഞ്ഞു കാറ്റിൽ മരവിക്കുന്ന കൈകളുപയോഗിച്ച് ചിതങ്ങൾ പകർത്തുക വളരെ പ്രയാസകരമായിരുന്നു. എങ്കിലും കുറച്ചധികം ചിത്രങ്ങൾ പകർത്തി, മലയിറങ്ങി.
മറ്റൊരു വഴിയിലൂടെയാണ് മടക്കം. മഞ്ഞിൽ മൂടിക്കിടക്കുന്ന പാറകൾ നിറഞ്ഞ വഴിയിലൂടെ നടന്നും സ്കീയിങ് ചെയ്തും ഉല്ലസിച്ചുമൊക്കെ ഇറക്കം രസകരമാക്കി. മനസ് നിറയെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ അഭിമാനം നിറഞ്ഞു.