Saturday 31 July 2021 01:03 PM IST

മുള മാത്രം ഉപയോഗിച്ച് ഒരു ഗ്രാമം: വയനാടും സ്വിറ്റ്സർലൻഡുമായുള്ള പ്രണയത്തിന്റെ കഥ

Baiju Govind

Sub Editor Manorama Traveller

1 -bamboo2

വയനാടിന്റെ മലയോരങ്ങളെ നിറമണമയിക്കുന്ന ഇല്ലിമുളയിൽ ജീവിതത്തിന്റെ ഉറവ കണ്ടെത്തിയിരിക്കുന്നു ഉറവ് ബാംബു ഗ്രോവ് വില്ലേജിന്റെ അണിയറക്കാർ. ഇല്ലിമുളയ്ക്ക് അൻപതിൽപരം ഇനങ്ങളുണ്ടെന്നും മുളയെ മാത്രം ആശ്രയിച്ച് ഒരു സമൂഹത്തിനു ജീവിക്കാമെന്നും കാണിച്ചു തരുകയാണ് ഉറവ് ഗ്രാമം. നാട്ടുകാരുടെ കരവിരുതിൽ ഒരുങ്ങുന്ന മുളയുൽപന്നങ്ങളിൽ തൃക്കേപ്പറ്റ എന്ന പ്രദേശം വിനോദസഞ്ചാര ഭൂപടത്തിലേക്ക് ഉയർന്നു. ഉറവ് ഗ്രാമം കാണാനും മുളയിൽ കൗതുക വസ്തുക്കൾ സൃഷ്ടിക്കുന്നതു കണ്ടു പഠിക്കാനും ഉത്തരേന്ത്യക്കാരും വിദേശികളും നാലും അഞ്ചും മാസം വയനാട്ടിൽ താമസിക്കുകയാണ്. ഒരു ഗ്രാമത്തിന്റെ തനതുരൂപത്തെ ‘റെസ്പോൺസിബിൾ ടൂറിസം’ വിലാസത്തിലേക്ക് ഉയർത്തിയ ഉറവ് കേരളത്തിലെ എല്ലാ പഞ്ചായത്തുകൾക്കും മാതൃകയാണ്.

സ്വിസ് ബന്ധത്തിന്റെ കഥ

സ്വിറ്റ്സർലാൻഡിലെ ബേണിൽ ജനിച്ചു വളർന്ന്, വയനാട് സ്വദേശി ശിവരാജിനെ വിവാഹം കഴിച്ച് തൃക്കേപ്പറ്റയിൽ സ്ഥിരതാമസമാക്കിയ കൊറിൻ കാർലഗനിസാണ് ഉറവ് ബാംബു ഗ്രോവ് റിസോർട്ടിന്റെ ടൂറിസം മേധാവി. കൊറിന്റെ ലൈഫ് ഹിസ്റ്ററി ശരിക്കും മനസ്സിലാവണമെങ്കിൽ ബാംബു ഗ്രോവ് റിസോർട്ടിന്റെ മാനെജിങ് ഡയറക്ടർ ശിവരാജിന്റെ ജീവിതകഥ അറിയണം.

2 -bamboo2

മലബാർ ക്രിസ്ത്യൻ കോളെജിൽ പഠിക്കുന്ന കാലം മുതൽ ശിവരാജിന് ജനസേവനമായിരുന്നു താൽപര്യം. വയനാട്ടിലെ മലയോരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം കണ്ടു മനസ്സിലാക്കാനിറങ്ങിയ ശിവരാജിനൊപ്പം കൂടെ പഠിച്ചിരുന്ന ശ്രീലതയുമുണ്ടായിരുന്നു. മുളയിൽ ജീവിതം നെയ്യുന്നവർക്കായി അവർ ഒരു സംഘടന രൂപീകരിച്ച് അതിന് ‘ഉറവ്’ എന്നു പേരിട്ടു. മുള ഉപയോഗിച്ചുള്ള ഇന്റീരിയർ ഡിസൈനിങ്ങും കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും ലക്ഷ്യം കണ്ടു. ബാംബു ആർട് ആൻഡ് ക്രാഫ്റ്റ് പരിശീലിക്കാൻ വിദേശികൾ ഒഴുകിയെത്തി. ഇതിനിടെ ശ്രീലതയെ ശിവരാജ് ജീവിതത്തിലേക്കു ക്ഷണിച്ചു, അവർക്ക് ഒരു മകനുണ്ടായി – സിദ്ധാർഥ്. വയനാട്ടിലെ ഒരു കോളെജിൽ ജോലി ചെയ്തിരുന്ന ശ്രീലത രോഗബാധിതയായി മരണത്തിനു കീഴടങ്ങി. പിന്നീട് ശിവരാജ് മുഴുവൻ സമയം ഉറവിന്റെ പ്രവർത്തനങ്ങൾക്കു നീക്കിവച്ചു. ഈ സമയത്താണ് വയനാടിന്റെ ജീവിതം പഠിക്കാൻ കൊറിൻ തൃക്കേപ്പറ്റയിലെത്തിയത്. ഗ്രാമജീവിതത്തിന്റെ വേരോട്ടം തേടിയുള്ള ശിവരാജിന്റെ പാതയിൽ കൊറിൻ സഹയാത്രികയായി. അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.

ഉറവ് രൂപീകരിച്ചിട്ട് പതിനാലു വർഷം. തൃക്കേപ്പറ്റ ഗ്രാമത്തിന്റെ വിലാസം ഉറവിന്റെ വലിയ സങ്കൽപ്പത്തിലേക്ക് ഉയർന്നിട്ടും അത്രയായി. ‘‘ഉറവ് ബാംബു ഗ്രോവ് പൂർണമായും വിനോദ സഞ്ചാരികൾക്കായി തുറന്നിട്ട് അഞ്ചു വർഷം. മുള ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥലമാണ് ഉറവിന്റെ കലാശാല. ഞങ്ങൾ ആർട് ഗാലറി എന്നു ഞങ്ങൾ വിളിക്കുന്നു. മണ്ണിക്കുന്ന് മല, പക്ഷി നീരീക്ഷണം, ട്രെക്കിങ്, കർഷകരോടൊപ്പം ഒരു ദിവസം, ആയുർവേദ ചികിത്സ, നാട്ടു പാചക പരിശീലനം, ബാംബു നഴ്സറി സന്ദർശനം എന്നിവ ഉൾപ്പെടുന്നതാണ് ഉറവ് പാക്കേജ്. സന്ദർശകർക്ക് ഉറവ് ബാംബു ഗ്രോവ് റിസോർട്ടിൽ താമസിക്കാം. മുളങ്കാടിനിടയിൽ മുള ഉപയോഗിച്ചു നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ റിസോർട്ടാണ് ബാംബൂ ഗ്രോവ്.’’ ബാംബു റിസോർട്ടിൽ എത്തുന്നവർക്ക് കാണാനുള്ള കാര്യങ്ങൾ കൊറിൻ വിശദീകരിച്ചു. ശിവരാജിന്റെയും കൊറിന്റെയുമൊപ്പം ഉറവിന്റെ കേന്ദ്രങ്ങൾ കാണാനുള്ള യാത്രയിൽ അവരുടെ മകൾ നാലു വയസ്സുകാരി ശാലിനിയും കൂടെയുണ്ട്.

5 - bamboo3

50 ഇനം മുളകൾ

തൃക്കേപ്പറ്റ ഗ്രാമത്തിന്റെ അതിർത്തിയിലെ കുന്നുകൾ നിറയെ മുളയുണ്ട്. ഇന്നുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത പല നിറമുള്ള മുള. ഇല്ലിമുള, വള്ളിമുള, നീളൻ മുള, മഞ്ഞമുള, കുള്ളൻ മുള, കുറ്റി മുള അങ്ങനെ. അൻപതിലേറെ ഇനം മുളകൾ നട്ടു വളർത്തുന്ന നഴ്സറിയിൽ അതെല്ലാം കാണാം. മുള വെട്ടി ഇല്ലികൾ വകഞ്ഞ് നാരു ചീന്തി പനമ്പും പായയും കുട്ടയും വട്ടിയും നിർമിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവിടത്തുകാർ പണ്ട് പട്ടിണി മാറ്റിയിരുന്നത്. അവരുടെ കരവിരുതിന്റെ കലാഭംഗി പ്രദർശിപ്പിക്കാൻ ഉറവ് വേദിയൊരുക്കി. മുള ഉപയോഗിച്ചു നിർമിച്ച പുസ്തകം, മഴയുടെ ശബ്ദം പൊഴിക്കുന്ന കുഴൽ, ഗ്രാമഫോണിന്റെ കോളാമ്പി പോലെ സംഗീതത്തിനു പിൻബലം നൽകുന്ന ഉപകരണം തുടങ്ങി അലങ്കാര വസ്തുക്കളുമായി തൃക്കേപ്പറ്റിയിലുള്ളവർ ഉറവിന്റെ ഭാഗമായി.

3 - bambo

ഇരുനൂറ് കുടുംബങ്ങൾക്ക് ആശ്രയമാണ് ഉറവ്. അവർ നേരിട്ടും അല്ലാതെയും ഉറവിൽ പങ്കാളികളാകുന്നു. തൃക്കേപ്പറ്റയിലെ വലിയ കാഴ്ചയും അതാണ്. ജൈവ മിശ്രിതം ചേർത്ത് പച്ച മുളയുടെ ആയുസ്സ് കൂട്ടുന്നിടത്തു നിന്ന് ഉറവിന്റെ പ്രവർത്തനങ്ങൾ കണ്ടു തുടങ്ങാം. ജൈവലായനി മുക്കിയ മുള ഉണക്കിയെടുത്താൽ ഇരുപതു വർഷം ആയുസ്സ് ഗ്യാരണ്ടി. കോൺക്രീറ്റിൽ ഇരുമ്പിനു പകരം മുള ഉപയോഗിച്ച് വിജയകരമായി ഇവിടെ വീടുകൾ നിർമിച്ചു. മുള ചീന്തിയ നാരിൽ നിർമിച്ച കർട്ടന്റെ വയനാടൻ സൗന്ദര്യം അതിഗംഭീരം. അമ്പും വില്ലും കെട്ടുവള്ളവും ആഭരണങ്ങളും മുളയിൽ നിന്നു രൂപപ്പെടുന്നതാണ് മറ്റു കാഴ്ച. ഇന്ത്യയുടെ പലഭാഗങ്ങളിൽ വളരുന്ന മുളയുടെ തൈകൾ നട്ടു വളർത്തുന്ന നഴ്സറിയാണ് മറ്റൊരു ആകർഷണ കേന്ദ്രം. കുട്ടികളുടെ കൂട്ടായ്മയ്ക്കും കൂടിയിരുന്നു പഠനത്തിനും നിർമിച്ച കമ്യൂണിറ്റി സെന്ററാണ് മറ്റൊരു നിർമിതി. ഒപേറ തിയറ്ററിന്റെ വാസ്തുവൈദഗ്ധ്യവുമായി കിടപിടിക്കുന്നതാണ് കമ്യൂണിറ്റി സെന്ററിന്റെ എൻജിനിയറിങ് വൈഭവം. കയറും മുളയും മാത്രം ഉപയോഗിച്ച് തൂണും മേൽക്കൂരയും ഡിസൈൻ ചെയ്തത് ഉറവിലെ എൻജിനീയർമാരാണ്.

ബാംബു ഗ്രോവ് റിസോർട്ട്

6 - bambo

വയനാട്ടിലേക്ക് ടൂർ പോകുന്നവർക്ക് ബാംബു ഗ്രോവ് റിസോർട്ട് ബുക്ക് ചെയ്യാം. തൂണും ചുമരും മേൽക്കൂരയും മുളയിൽ നിർമിച്ച റിസോർ‌ട്ട് നിലനിൽക്കുന്നത് മുളങ്കാടിനുള്ളിലാണ്. ഗ്രാമത്തിലെ കുന്നിൻ ചെരിവിൽ മുള വച്ചു പിടിപ്പിച്ച് അതിനിടയിൽ മുള ഉപയോഗിച്ച് റിസോർട്ട് നിർമിച്ചുവെന്നു പറയുന്നതാണു ശരി. വേഴാമ്പലും മരംകൊത്തിയും അണ്ണാനും തത്തയും കൂടുവച്ചിട്ടുള്ള മുളങ്കാടിനുള്ളിലെ റിസോർട്ടുകളുടെ ഇന്റീരിയർ ആധുനികം. കിടപ്പുമുറിയും വരാന്തയും ശുചിമുറിയുമുള്ള റിസോർട്ടുകൾ സിമന്റ് നിറച്ചുണ്ടാക്കിയ പനങ്കുറ്റികളാണ് താങ്ങി നിർത്തുന്നത്. ഇന്തോ – സ്വിസ് ആർക്കിടെക്ടുമാർ ഡിസൈൻ ചെയ്ത ഹണിമൂൺ കോട്ടേജ്, ട്രീടോപ്പ് ഹൗസ് മാതൃകയിലുള്ള ഇക്കോ നെസ്റ്റ്, പാറപ്പുറത്തു നിർമിച്ചിട്ടുള്ള റോക്ക് ദ ജംഗിൾ, കാടിന്റെ ഫീൽ നൽകുന്ന ൈസ്റ്റൽ ഇൻ വൈൽഡ് എന്നിവയാണ് ബാംബു റിസോർട്ടുകൾ. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ പിറ്റേന്ന് ഉച്ചവരെ ദിവസ പാക്കേജുകളാണെങ്കിലും ബാംബു ഗ്രോവ് റിസോർട്ടിൽ വരുന്നവർ ഒരാഴ്ച കഴിഞ്ഞേ മടങ്ങാറുള്ളൂ. തൃക്കേപ്പറ്റിയിലെ വീട്ടമ്മമാർ തയാറാക്കുന്ന വിഭവങ്ങളാണ് അതിഥികൾക്ക് വിളമ്പുന്നത്.

4 - bambo

ഉറവ് പാക്കേജ് ടൂർ

മണ്ണിക്കുന്ന് ട്രെക്കിങ്, ബാംബു ക്രാഫ്റ്റ് ക്ലാസ്, പെയിന്റിങ് പരിശീലന ക്ലാസ്, പക്ഷി നിരീക്ഷണം, യോഗ, കുക്കിങ് ക്ലാസ്, ആയുർവേദ പരിചരണം, ആർട് ഗാലറി ടൂർ.

ഉറവിൽ താമസിച്ച് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ

ഇടയ്ക്കൽ ഗുഹ, ബാണാസുര ഡാം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, കാരാപ്പുഴ ഡ‍ാം, സുൽത്താൻബത്തേരി ജൈനക്ഷേത്രം, വയനാട് ഹെറിറ്റേജ് മ്യൂസിയം, കുറുവ ദ്വീപ്, ചെമ്പ്രമല, കർലാട് തടാകം, പൂക്കോട് തടാകം, മുത്തങ്ങ വനം, തോൽപ്പെട്ടി വന്യജീവി സങ്കേതം, തിരുനെല്ലി ക്ഷേത്രം, ബ്രഹ്മഗിരിമലനിര.