Saturday 22 June 2024 02:45 PM IST

വെങ്കലത്തിളക്കത്തിൽ കുഞ്ഞിമംഗലം

Easwaran Namboothiri H

Sub Editor, Manorama Traveller

kunhimangalam bronze1

ആളിക്കത്തുന്ന മൂശയിലെ പാത്രത്തിൽ കനൽക്കട്ട നിറത്തിൽ വെങ്കലം ഉരുകി തിളയ്ക്കുന്നു. ശിൽപി സുരേശേട്ടൻ മണിച്ചിത്രത്താഴ് വാർത്ത് എടുക്കാനുള്ള കരു പഴുപ്പിച്ച് മണ്ണിൽ കുഴിച്ചിട്ടു. മൂശയിലിരുന്ന് തിളയ്ക്കുന്ന ലോഹസങ്കരത്തിന്റെ പാത്രം കൊടിലുകൊണ്ടെടുത്ത് ഈ കരുവിനുള്ളിലേക്ക് ശ്രദ്ധയോടെ ഒഴിച്ചു .... ചുറ്റും നിൽക്കുന്നവരുടെ മുഖത്ത് നിഴലിച്ച ആകാംക്ഷയുടെ കനൽ തിളക്കം സൃഷ്ടിയുടെ ഒരു ഘട്ടം അവസാനിച്ച തൃപ്തിക്കു വഴിമാറി. ഇനി അൽപം കാത്തിരിപ്പ് ...

ഏഴിമലയുടെ മടിയിൽ

കേരളത്തിന്റെ വടക്കേ അറ്റത്ത്, ചരിത്രമുറങ്ങുന്ന ഏഴിമലയുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കുഞ്ഞിമംഗലം. ഗ്രാമസൗന്ദര്യം വിടർത്തിയ ഏഴിമല റെയിൽവേ ഗേറ്റിൽ നിന്നാണ് വെങ്കല ഗ്രാമം തേടി സഞ്ചാരം തുടങ്ങിയത്. പടർന്നു പന്തലിച്ച ഭൂതകാലത്തു നിന്ന് നീണ്ടുകിടക്കുന്ന ചൊൽക്കഥകൾ പോലെ നിലത്തേക്കു വേരു നീട്ടിയ വടവൃക്ഷത്തിനരികിൽ ഗോപാലൻ മാഷ് കാത്തു നിന്നിരുന്നു. റെയിൽ പാളത്തിനു സമാന്തരമായി മൂശാരികൊവ്വൽ വഴിയിലൂടെ മുന്നോട്ട്. ഏകദേശം 600 മീറ്റർ. വലതു വശത്ത് ബോർഡ് കാണാം വിഗ്രഹ, കുഞ്ഞിമംഗലം ബെൽമെറ്റൽ ക്ലസ്റ്റർ.

kunhimangalam bronze2 Photos : Krishnaprasad P.M.

‘ആഴി ചുരന്നുള്ള ഭൂമിലേഴി മന്നൻ വാഴുന്ന ഏഴിമലയിൽ’ എല്ലാ വിധത്തിലും ഐശ്വര്യ സമൃദ്ധമായ ഗ്രാമമായിട്ടാണ് കുഞ്ഞിമംഗലത്തെ പഴയ പാട്ടുകളിൽ ചിത്രീകരിച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതായി കരുതുന്ന ‘കുഞ്ഞാംങ്ങലം’ പട്ട് നെയ്യുന്നവരും പരമ്പരാഗത സാങ്കേതിക വിദ്യ കൈവിടാത്ത മൺപാത്രനിർമാതാക്കളും കുട്ടയും പായും മെടയുന്നവരുമൊക്കെ പഴയകാല ജീവിതത്തിന്റെ തുടർച്ചയായി അവിടെ കാണാം.

ശിൽപഗ്രാമം

ശിൽപ ഗ്രാമം എന്നാണ് കുഞ്ഞിമംഗലത്തിന്റെ വിശേഷണം. ഏഴായിരം വർഷത്തോളം പഴക്കമുള്ള ‘ലോസ്റ്റ് വാക്സ് സാങ്കേതിക വിദ്യ’ ഉപയോഗിച്ച് വിളക്കുകളും വിഗ്രഹങ്ങളും പാത്രങ്ങളും വാർത്തെടുക്കുന്നവരാണ് ഇവിടത്തെ മൂശാരിമാർ. ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രശസ്തമായ ചോള ശിൽപശൈലിയിൽ നിന്നും കേരളത്തിലെ തന്നെ മാന്നാർ വെങ്കല സൃഷ്ടികളിൽ നിന്നും വേറിട്ടു നിൽക്കുന്നു കുഞ്ഞിമംഗലത്തിന്റെ വെങ്കല തനിമ . വെങ്കലം, പിച്ചള, പഞ്ചലോഹം തുടങ്ങി വിവിധ പദാർഥങ്ങളിലായി ഇരുന്നൂറിലേറെ വസ്തുക്കൾ പരമ്പരാഗതമായി നിർമിച്ചു വരുന്നു ഇവർ. ക്ഷേത്രങ്ങളിലേക്കായി വിഗ്രഹങ്ങൾ, കൊടിമരം ദേവവാഹനങ്ങൾ, അഷ്ടദിക്പാലകർ; വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ, ആഭരണങ്ങൾ, തെയ്യച്ചമയങ്ങൾ തുടങ്ങി ഇരുന്നൂറിലേറെ വസ്തുക്കൾ ഇവരുടെ കരവിരുതിൽ മെനഞ്ഞെടുക്കുന്നുണ്ട് പാരമ്പര്യമായി വെങ്കല നിർമാണത്തിൽ ഏർപ്പെടുന്ന നൂറോളം കുടുംബങ്ങളുള്ള പ്രദേശത്ത്. താമസസ്ഥലം ചേർന്ന് വെട്ടുകല്ലുകൊണ്ട് തറയും തൂണുകളും തീർത്ത തുറസായ നീണ്ട മുറികളാണ് പരമ്പരാഗത നിർമാണ സ്ഥലം. കൊട്ടിൽ എന്നാണ് ഇവയെ വിളിക്കുന്നത്.

kunhimangalam bronze3 1ദേവിയുടെ ചെറു രൂപത്തിനായി മെഴുകിൽ ഡിസൈൻ ചെയ്യുന്നു 2മണി വാർക്കാനുള്ള കരു തയാറാക്കുന്നു 3ആനയുടെ മെഴുക് കരു തയാറാക്കുന്നു

വിഗ്രഹ എന്നു പേരിട്ടിരിക്കുന്ന ബെൽമെറ്റൽ ക്ലസ്റ്റർ യൂണിറ്റിലേക്കു ചെല്ലുമ്പോൾ അവിടെ എല്ലാവരും പണിത്തിരക്കിലാണ്. ദേവിയുടെ ചെറു രൂപത്തിനായി മെഴുകിൽ ഡിസൈൻ ചെയ്യുന്നതിനിടെ വൽസൻ കുഞ്ഞിമംഗലം പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ‘കുഞ്ഞിമംഗലത്തെ വെങ്കലഗ്രാമത്തിന് ആയിരം വർഷത്തെ എങ്കിലും പഴക്കം കാണും. എങ്ങും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇവിടത്തെ സൃഷ്ടികൾ, അത് ഓട്ടു വിളക്കായാലും പഞ്ചലോഹ വിഗ്രഹമായാലും വെള്ളീയത്തിലുള്ള പാത്രങ്ങളായാലും ഞങ്ങൾക്ക് തിരിച്ചറിയാനാകും. അതാണ് കുഞ്ഞിമംഗലം ശൈലി.’ വൽസേട്ടൻ അവരുടെ ചരിത്രത്തിൽ നിന്നാണ് ഗ്രാമത്തിന്റെ പരിചയപ്പെടുത്തൽ തുടങ്ങിയത്. ‘ആദ്യത്തെ പാലോട്ട് കാവെന്ന് അറിയപ്പെടുന്ന അഴീക്കോട് പാലോട്ട് കാവിൽ ഉത്സവകാലത്ത് മാത്രം എഴുന്നള്ളിക്കുന്ന ഒരു വിളക്കുണ്ട്. ഏകദേശം ആയിരം വർഷം പഴക്കമുള്ള അതു കണ്ടാല്‍ അറിയാം കുഞ്ഞിമംഗലം ശൈലിയോട് ബന്ധപ്പെട്ട ആരോ ആണ് അതിന്റെ നിർമാതാവെന്ന്.’

മണ്ണും മെഴുകും ലോഹങ്ങളും

തടിയിൽ കൊത്തുമ്പോൾ അല്ലെങ്കിൽ കല്ലില്‍ ചെത്തി എടുക്കുമ്പോൾ ഓരോ ഘട്ടത്തിലും ആ കലാസൃഷ്ടിയുടെ രൂപപ്പെടൽ കണ്ടുകൊണ്ട് പ്രവർത്തിക്കാം. എന്നാൽ ലോഹത്തിൽ വാർത്തെടുക്കുന്ന വിദ്യയിൽ അതു പറ്റില്ല. ജോലി ഏകദേശം മുഴുമിപ്പിക്കാറാകുമ്പോഴേ അതിന്റെ രൂപം കാണാൻ സാധിക്കൂ. കാലങ്ങൾക്കു മുൻപ് മഹാക്ഷേത്രങ്ങളുടെയോ കൊട്ടാരങ്ങളുടെയോ ജോലികൾ ഏറ്റെടുത്ത് ഓരോ പ്രദേശത്തെത്തുന്ന മൂശാരി കുടുംബങ്ങൾ വർഷങ്ങൾ നീണ്ട ജോലി അവസാനിക്കുമ്പോഴേക്ക് ആ നാട്ടിലെ മറ്റു ക്ഷേത്രങ്ങളോ തറവാടുകളോ ആയി ബന്ധപ്പെട്ട് തൊഴിൽ ലഭിക്കുമെന്നതിനാല്‍ അവിടെ സ്ഥിരവാസമാകും. അങ്ങനെയാണ് കുഞ്ഞിമംഗലം ശൈലി പരിസരപ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. എവിടെയായാലും ഏറ്റവും പ്രധാനം വിശേഷമായ കളിമണ്ണിന്റെ ലഭ്യത ഉറപ്പാക്കുന്ന സ്ഥലമായിരിക്കണം. കുഞ്ഞിമംഗലത്തിന്റെ വിശേഷതയും അതു തന്നെ . മാത്രമല്ല, മുൻകാലത്ത് ചൈനീസ് കച്ചവടക്കാർ വഴി ലഭിച്ചിരുന്ന, ലോഹപ്പണിക്ക് ആവശ്യമായ ചെമ്പ്, വെള്ളി, നാകം മുതലായവ ചങ്കൂരിച്ചാൽ എന്ന ആറിലൂടെ കുഞ്ഞിമംഗലത്ത് എത്തിക്കാനും എളുപ്പമായിരുന്നു.

തടിയും കല്ലുമല്ല, ഇത് ലോഹം

ഒട്ടേറെ ഘട്ടങ്ങളും അസംസ്കൃത പദാർഥങ്ങളും ഉപയോഗിക്കുന്ന സങ്കീർണമായ ജോലിയാണ് ലോഹത്തിൽ വാർത്തെടുക്കുന്നത്. ഒന്നാംഘട്ടത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ തനി പകർപ്പ് മണ്ണിൽ തയാറാക്കുന്നു. കളിമണ്ണും പൂഴിയും ചാക്ക്നൂലും ഒക്കെ ചേർത്ത മിശ്രിതമാണ് ഉൾക്കരു തയാറാക്കാൻ ഉപയോഗിക്കുക.

kunhimangalam bronze4 1 ക്ഷേത്രത്തിലെ ശിവേലി വിഗ്രഹം നിർമിക്കാൻ തയാറാക്കിയ കരു 2വിളക്കു കരു തയ്യാറാകുന്നു 3ശിൽപി ഭാസ്കരൻ നിർമിച്ച തെയ്യത്തിന്റെ ചമയങ്ങൾ

വിഗ്രഹങ്ങൾക്ക് പ്രത്യേക താലക്കണക്കുണ്ട്. മുഖത്തിന്റെ അളവാണ് ഒരു താലം. ഏകതാലം, ദ്വിതാലം തുടങ്ങി 10 താലം വരെയുള്ള ശിൽപങ്ങൾ കുഞ്ഞിമംഗലത്ത് നിർമിച്ചിട്ടുണ്ട്. ഉൾക്കരുവിൽ നന്നായി ഉരുക്കിയ മെഴുക് തേച്ചു പിടിപ്പിക്കും. അതിൽ അവസാന രൂപത്തിൽ വേണ്ട എല്ലാ ഡിസൈനും രേഖപ്പെടുത്തും. വിഗ്രഹങ്ങളും മറ്റുമാണെങ്കിൽ അതിന്റെ ആകാരവടിവും ഭംഗിയും മെഴുകിൽ അതേപടി സൃഷ്ടിക്കണം. ഈ മെഴുക് തയാറാക്കുന്നതിനുപോലും പ്രത്യേകതയുണ്ട്. കൃത്യമായി പറഞ്ഞാൽ നിർമിക്കാൻ പോകുന്ന വസ്തുവിന്റെ ഒരു മെഴുകുരൂപമാണ് ഉൾക്കരുവിനു മുകളിൽ സൃഷ്ടിക്കുന്നത്.

മെഴുക് പുരട്ടി ഡിസൈൻ പൂർത്തിയാക്കിയാൽ അതിൻമേൽ കരുവോടിന്റെ കഷ്ണങ്ങളും ചാണകവും ചേർത്ത് അരച്ച് പുരട്ടും. ഈ ഘട്ടത്തിൽ ഒരു ദ്വാരം കരുവിൽ ഉണ്ടാക്കും. വെള്ളംപോലെ ഉരുകിയ ലോഹം ഒഴിക്കാനും അതിനു മുൻപ് ആദ്യം തേച്ച മെഴുക് ഉരുക്കി എടുക്കാനും വേണ്ടിയാണ് അസ്ത്രക്കാല് എന്ന ഈ ദ്വാരം.

മെഴുക് ചോർത്തൽ

ഉണങ്ങിയ കരുവിന് വേണ്ട ബലം നൽകാൻ ഇരുമ്പ് പട്ടയും ചണനൂലും മറ്റും വീണ്ടും പല മൂന്നു നാല് പാളികളായി മണ്ണ് തേച്ചു പിടിപ്പിച്ചു. അത് വൃത്തിയായി ഉണങ്ങി എടുക്കുന്നതോടെ ലോഹ സങ്കരം ഉരുക്കി ഒഴിക്കാനുള്ള അച്ച് ഏകദേശം തയാറായി.

വാർപ്പിന്റെ ഘട്ടത്തിലേക്കു കടക്കും മുൻപ് കരുവിനുള്ളിലെ മെഴുക് ഉരുക്കി പുറത്തെടുക്കണം. അതിനായി അസ്ത്രക്കാൽ തുറന്ന് വച്ച് കരുവിന് അടിയിൽ തീകത്തിക്കുന്നു. മെഴുക് പൂർണമായും മൺപാളികൾക്കിടയിൽ ചോർത്തിക്കളയുന്നതോടെ ഉള്ളുപൊള്ളയായ അച്ച് തയാറായി. മൂശയിൽ വച്ച് കരു ചുട്ടെടുക്കുന്നതാണ് അടുത്ത ഘട്ടം. പുറത്തെ മണ്ണ് ചുട്ടു തിളങ്ങുന്നതാണ് പാകമാകുന്നതിന്റെ ലക്ഷണം. ഈ സമയത്ത് തന്നെ ലോഹക്കൂട്ട് മറ്റൊരു മൂശയിൽ ഉരുക്കുന്നുണ്ട്. കരു പാകമായെന്നു കാണുമ്പോൾ അത് മൂശയിൽ നിന്ന് എടുത്ത് നനഞ്ഞ മണ്ണിൽ കുഴിച്ചിടും. ഉരുകിയ ലോഹം ഒഴിക്കാനുള്ള ദ്വാരം മാത്രമേ പുറമേക്ക് കാണൂ. ആയിരക്കണക്കിന് ഡിഗ്രി സെന്റിഗ്രേഡിൽ തിളയ്ക്കുന്ന ലോഹം ശ്രദ്ധയോടെ മൂശയിൽ നിന്നെടുത്ത് ഈ കരുവിലേക്ക് ഒഴിക്കുന്നതോടെ പകുതി ജോലി പൂർത്തിയായി. ഇനി ഇത് തണുക്കണം. നിർമിക്കുന്ന വസ്തുവിന്റെ വലുപ്പം അനുസരിച്ച് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ എടുക്കും തണുക്കാൻ. വലിയൊരു പ്രത്യേകത ഇവിടെ എന്തൊക്കെ ശിൽപങ്ങൾ എത്ര നിർമിച്ചാലും ഒരു തരിപോലും മാലിന്യമില്ല എന്നതാണ്.

kunhimangalam bronze5 1ആയിരക്കണക്കിന് ഡിഗ്രി സെന്റിഗ്രേഡിൽ തിളയ്ക്കുന്ന ലോഹം കരുവിലേക്ക് ഒഴിക്കുന്നു 2ഉരുകിയ ലോഹം

നന്നായി തണുക്കുമ്പോഴേക്ക് അച്ചിന്റെ പുറത്തെ മണ്ണ് തല്ലിപ്പൊട്ടിക്കുമ്പോൾ ആ രൂപത്തിൽ ഉറച്ച ലോഹസങ്കരം ലഭിക്കും. അത് ചെത്തിയും രാകിയും മിനുക്കിയും എടുക്കുമ്പോൾ രൂപഭംഗിയൊത്ത തിളങ്ങുന്ന വിളക്കോ ശിൽപമോ മണിയോ വിഗ്രഹമോ എന്താണോ മെഴുകിൽ തയാറാക്കിയത് അത് അവസാന സൃഷ്ടിയായി റെഡി.

‘ഇങ്ങോട്ട് വന്നോളൂ, മണിച്ചിത്രത്താഴ് ഇപ്പോൾ പൊട്ടിക്കാനായിട്ടുണ്ടാകും’, വത്സൻ ചേട്ടൻ ലോഹം വാർത്തെടുക്കുന്ന ഘട്ടങ്ങൾ ഇത്രയും വിവരിച്ച് പറഞ്ഞപ്പോഴേക്ക് ആദ്യം വാർത്തു വച്ച മണിച്ചിത്രത്താഴിന്റെ കാര്യം സുരേശൻ ചേട്ടൻ ഓർമിപ്പിച്ചു. മണ്ണിൽ വെള്ളമൊഴിച്ച് കുഴിച്ചിട്ട കരു പുറത്തെടുത്ത് വച്ചിരുന്നു. വെന്ത് മേച്ചിലോടിന്റെ നിറമായിരുന്ന കരുവിൽ കൂടംകൊണ്ടടിച്ച് മൺ ശകലങ്ങൾ നിലത്തിട്ടപ്പോൾ അൽപം നിറം മങ്ങിയതെങ്കിലും ശിൽപഭംഗി തെളിഞ്ഞ ഓടാമ്പൽ നവജാതശിശുവിനെപ്പോലെ അവിടെ കിടന്നു.

kunhimangalam bronze6 1തണുത്ത കരു പൊട്ടിക്കുന്നു 2മെഴുക് ഉരുക്കി അരിക്കുന്നു

പാരമ്പര്യം മുറുകെപ്പിടിച്ച്

പാരമ്പര്യ വഴിയിൽ നിന്ന് കാര്യമായി മാറി നടക്കാതെയാണ് ഇപ്പോഴും ഇവിടെ ലോഹ വാർപ്പ് നടക്കുന്നത്. വലിയ തുകകൾ മുതൽമുടക്കാനില്ലാത്തതിനാൽ ഇപ്പോഴും ഓർഡർ അനുസരിച്ചാണ് നിർമാണം. കൂടുതലായി ഉൽപന്നങ്ങൾ നിർമിച്ചു വയ്ക്കാൻ സാധിക്കുന്നില്ല. സർക്കാർ കരകൗശല വികസന കോർപറേഷനും വ്യവസായ വകുപ്പും വഴി ചില സഹായങ്ങൾ നൽകുന്നതിലൂടെയാണ് പൈതൃകഗ്രാമമായി സൊസൈറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നത്. കുഞ്ഞിമംഗലം വെങ്കല നിർമിതികൾക്ക് ദേശസൂചക പദവിക്കായി ശ്രമം നടത്തുന്നുണ്ട്,

kunhimangalam bronze7 1കുഞ്ഞിമംഗലം ലക്ഷ്മി വിളക്ക് 2വടക്കൻ മൂശാരിക്കൊവ്വൽ, വെങ്കല ഗ്രാമത്തിന്റെ ക്ഷേത്രം

പഴമയുടെ ഗരിമ നഷ്ടപ്പെടാതെ തന്നെ ആധുനിക സാങ്കേതിക വിദ്യകളെക്കൂടി തങ്ങളുടെ നിർമാണചാതുരിയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞിമംഗലത്തെ വെങ്കല ശിൽപികൾ. അതിന്റെ ഭാഗമായി ഇവർ ഏറ്റവും പുതിയ ത്രീ ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് ശിൽപനിർമിതിക്കുള്ള കരു തയാറാക്കുന്നതിന് പരിശീലനം നേടുന്നുണ്ട്. ഡിസൈനിങ്ങിലെ സൂക്ഷ്മമായ വിശദാംശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സമയലാഭം നേടാം എന്നതാണ് ഇതിലൂടെ ലഭിക്കുന്ന നേട്ടം.

മാധ്യമങ്ങളിലൂടെ കുഞ്ഞിമംഗലത്തെക്കുറിച്ച് അറിഞ്ഞ് വരുന്നവർ ഒട്ടേറെ. ജർമനി, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുപോലും സന്ദർശകർ എത്തിയിട്ടുണ്ട്. അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ചെറിയ അളവിൽ മ്യൂസിയം തയാറാക്കുകയും ഒക്കെ ഇവരുടെ സ്വപ്നങ്ങളാണ്. കുഞ്ഞിമംഗലം സ്കൂളിൽ അധ്യാപകനും പൊതുപ്രവർത്തകനുമായ ഗോപാലൻ മാഷിനൊപ്പം പുറത്തേക്കു നടക്കുമ്പോൾ പൈതൃകത്തിന്റെ ഭാരം തലയിലെടുത്തുവച്ച ആ മനുഷ്യരെപ്പറ്റിയായിരുന്നു സംസാരിച്ചത്. ആ സമയത്തെ പോക്കുവെയിലിന്റെ തിളക്കത്തിനു പോലും അവിടെ കണ്ട കുഞ്ഞിമംഗലം വിളക്കിന്റെ പ്രഭയ്ക്കൊപ്പം നിൽക്കാനാകുമായിരുന്നില്ല..

How to reach

കണ്ണൂർ ജില്ലയിൽ പയ്യന്നൂര് നിന്ന് 10 കിലോമീറ്ററുണ്ട് കുഞ്ഞിമംഗലത്തേക്ക്. ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്ന് അര കിലോമീറ്ററുണ്ട് ബെൽമെറ്റൽ ക്രാഫ്റ്റ് ഗ്രാമത്തിലേക്ക്. കണ്ണൂർ–പയ്യന്നൂർ റൂട്ടിൽ ഏഴിലോട് ഇറങ്ങിയും ഇവിടെത്താം. കണ്ണൂർ, പറശ്ശിനിക്കടവ്, തളിപ്പറമ്പ്, പയ്യന്നൂർ യാത്രകൾക്കൊപ്പം കുഞ്ഞിമംഗലവും സന്ദർശിക്കാം.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories