ADVERTISEMENT

അത്രനേരം ശാന്തമായിരുന്നു ആ തീവണ്ടിപ്പാതയിലെ ചന്ത. ചെറിയ ഊന്നുവടികൾ താങ്ങിനിർത്തിയ ഷീറ്റുകടകൾ. അതിനുതാഴെ പലവിധ പഴങ്ങളും പച്ചക്കറികളും. അവ വാങ്ങാനായെത്തുന്ന ആളുകളുടെ തിരക്കും കലപില സംസാരവും. പെട്ടെന്നാണ് ഒരു ചൂളം വിളിയുയർന്നത്. ആ ശബ്ദം കേട്ട മാത്രയിൽ ആളുകൾ തെന്നിമാറി. റെയിൽപ്പാതയോട് ചേർത്ത് വച്ചിരുന്ന സാധനസാമഗ്രികൾ വലിച്ച് പുറകിലേക്ക് നീക്കി. ഒട്ടും വൈകിയില്ല, ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന മാർക്കറ്റിനിടയിലൂടെ ഒരു ട്രെയിൻ കടന്നുവന്നു. ഏതാനും സെക്കന്റുകൾ, ആ മാർക്കറ്റ് നിശ്ചലമായി. ട്രെയിൻ അതിന്റെ അവസാന ബോഗിയും വലിച്ച് പോയെന്നുറപ്പായ നിമിഷം, ഒന്നും സംഭവിക്കാത്ത പോലെ മാർക്കറ്റ് പഴയപടിയായി. ആളുകൾ സാധനങ്ങൾ വാങ്ങാൻ തിക്കിതിരക്കി തുടങ്ങി.... തായ്‌ലൻഡില്‍ ബാങ്കോക്കിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് 80 കിലോമീറ്റർ അകലെ സമുദ് സോങ്ഖരം പ്രവിശ്യയിലാണ് മെയ് ക്ലോംങ് റെയിൽവേ മാർക്കറ്റ്. തായ്‌ലൻഡ് യാത്രയിൽ ഈ കൗതുകക്കാഴ്ച ആസ്വദിക്കാതെ സഞ്ചാരികൾ മടങ്ങാറില്ല. ചൂളമടിച്ച് ചന്തയ്ക്കുള്ളിലൂടെ ‘കൂളായി’ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റെയിൽവേ റൂട്ടുകളിലൊന്നായി അറിയപ്പെടുന്ന മെയ് ക്ലോങ്ങിന്റെ വിസ്മയക്കാഴ്ചകളിതാ....


ട്രെയിൻ വരുന്നു, മാർക്കറ്റ് മാറ്റാം...

ബാങ്കോക്കിൽ നിന്ന് ഉദ്ദേശം ഒന്നര മണിക്കൂർ യാത്രയുണ്ട് മെയ് ക്ലോങ് റെയിൽവേ േസ്റ്റഷനിലേക്ക്. നമ്മുടെ നാട്ടിലേതു പോലെ റോഡ് ക്രോസ് ചെയ്ത് നിലകൊള്ളുന്ന റെയിൽപ്പാത. അതിനു മുകളിലായാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ ഗേറ്റ് അടച്ചിടാറുണ്ട്. 8.30 am, 11.00 am, 2.30 pm, 5.00 pm എന്നിങ്ങനെ ദിവസേന നാലു തവണയാണ് മെയ് ക്ലോങ് മാർക്കറ്റിലൂടെ ട്രെയിൻ സർവീസ് നടത്തുന്നത്.

അടുക്കളയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും മെയ് ക്ലോങ് ചന്തയിൽ ലഭിക്കും. അതിൽ പ്രധാനമാണ് കടൽവിഭവങ്ങൾ. മീൻ, ഞണ്ട്, കൂന്തൾ, ഉണക്കമീൻ തുടങ്ങി കടലിലിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളും, മാംസം, പഴവും പച്ചക്കറികളും മധുരപലഹാരങ്ങളും തനത് തായ് വിഭവങ്ങളും റെയിൽപ്പാളത്തിനോട് ചേർന്ന കടകളിൽ വിൽക്കുന്നുണ്ട്. ഫാൻസി, ചെരുപ്പുകട, തുണിക്കട തുടങ്ങിയവയും ഈ കടകളുടെ കൂട്ടത്തിൽ കാണാം. സ്ത്രീകളാണ് കച്ചവടക്കാരിലേറെയും.


തായ്‌ലൻഡുക്കാരുടെ അംബ്രല്ലാ മാർക്കറ്റ്

അംബ്രല്ലാ മാർക്കറ്റ് എന്നതാണ് മെയ് ക്ലോങ് പ്രാദേശികമായി അറിയപ്പെടുന്നത്. റെയിൽപ്പാതയെ മൂടിക്കൊണ്ട് കുട പോലെയാണ് കടകളുടെ പടുത ഇട്ടിരിക്കുന്നത്. ട്രെയിൻ വരുമ്പോൾ സെക്കന്റുകൾ കൊണ്ട് കുട പോലെ മടക്കിവയ്ക്കാൻ കഴിയും. ഇക്കാരണമാണത്രേ ഈ പേരിനുകാരണം. 1905 ലാണ് ഈ വഴി റെയിൽപ്പാത നിർമിക്കുന്നത്. പക്ഷേ, അതിലും എത്രയോ വർഷം മുൻപ് ഇവിടെ മെയ് ക്ലോങ് ചന്ത പ്രവർത്തിക്കുന്നുണ്ട്. റെയിൽപ്പാത വരുന്നതിന്റെ പേരിൽ പാരമ്പര്യതൊഴിൽ ഉപേക്ഷിക്കാൻ ഇന്നാട്ടുകാർ തയാറാകാതിരുന്നപ്പോഴാണ് ‘ഈ കൗതുക റെയിൽപ്പാത’ പിറവിയെടുത്തത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും സഞ്ചാരികൾ ഈ വിസ്മയക്കാഴ്ച ആസ്വദിക്കാൻ മെയ് ക്ലോങ്ങിലേക്ക് എത്താൻ തുടങ്ങിയതോടെ ഈ റെയിൽപ്പാത കേന്ദ്രീകരിച്ചുള്ള ടൂറിസസാധ്യത ഉയർന്നു. മുപ്പത് കിലോമീറ്റർ പർ മണിക്കൂർ വേഗതയിലാണ് ട്രെയിൻ ട്രാക്കിലൂടെ നീങ്ങുന്നത്. ട്രെയിനിനു മുന്നിലായി നടന്നുനീങ്ങി സെക്യൂരിറ്റി ഗാർഡ് റെയിൽപ്പാതയിലെ ആളുകളെ മാറ്റുന്നു.

വലിയ അപകടങ്ങളൊന്നും മെയ് ക്ലോങ്ങിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും അപകടം പിടിച്ച റെയിൽവേ റൂട്ടായി തന്നെയാണ് ഇപ്പോഴും ഈ മാർക്കറ്റ് ട്രെയിൻ അറിയപ്പെടുന്നത്. ഇനി തായ്‌ലൻഡ് സന്ദർശിക്കുമ്പോൾ മെയ് ക്ലോങ് ട്രെയിൻ മിസ്സാക്കരുതേ...



ADVERTISEMENT
ADVERTISEMENT
ADVERTISEMENT