Friday 11 February 2022 03:31 PM IST : By C. U. Sreeni

റബർ മരം ഒടിച്ചു തിന്നുന്ന ചിമ്മിനിയിലെ ആനകൾ

chimmini-elephant-rubber-eating-cover Photo: C. U. Sreeni

കഴിഞ്ഞ ഡിസംബർ ആദ്യത്തെ ശനിയാഴ്‌ച വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് യാത്ര പുറപ്പെട്ടാലോ എന്ന ആലോചന ഉണ്ടായത് ...ഉടനെ കുറച്ച് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ചിമ്മിനിക്ക് പോയാലോ എന്ന് ചോദിച്ചു. ആർക്കും സൗകര്യപെടാത്തതുകൊണ്ട് ഒറ്റക്കായി യാത്ര...

ഉച്ചക്ക് 12 മണികഴിഞ്ഞാണ് യാത്ര പുറപ്പെട്ടത്. കാരണം സാധാരണ അവിടെ ആനകൾ ഇറങ്ങുന്നത് വെയിലാറിയ ശേഷവും അതിരാവിലേയുമാണ്. ഏകദേശം 2.30ന് ഞാൻ ചിമ്മിനി കാടിനു മുന്നേയുള്ള റബർ പ്ലാന്റേഷനിൽ എത്തി. 2013 മുതൽ ഒട്ടുമിക്ക ദിവസങ്ങളിലും പ്ലാന്റേഷന്റെ ഇരുവശത്തും ആനകൾ സർവസാധരണമായി ഇറങ്ങുന്നുണ്ട്. ആനത്താര മുറിച്ചുകൊണ്ടാണ് ചിമ്മിനി ഡാമിലേക്കുള്ള റോഡ് പോകുന്നത്. കൂടാതെ റോഡിന് ഇരുവശവും പുല്ലുകൾ അധികമായി വളർന്ന് നിൽക്കുന്നതുകൊണ്ട് ആനകൾ റോഡിന് ഇരുവശവും നിന്നാലും ശ്രദ്ധയിൽ പെട്ടെന്ന് വരില്ല, അതുമാത്രമല്ല ആനകൾ ഒരു ഇലക്ക് മറയാൻ കഴിവുള്ളവരാണെന്ന് കാടിനോട് ചേർന്നു താമസിക്കുന്നവർ പറഞ്ഞുകേട്ടിട്ടുണ്ട്. ശത്രുക്കളുടെ സാമീപ്യം തിരിച്ചറിഞ്ഞാൽ ചെവികൾ ആട്ടാതെ, അനങ്ങാതെ മണിക്കൂറുകളോളം ആനകൾ നിന്ന നിൽപ്പ് നിൽക്കും. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് യാത്ര .

ഫ്രെയിമിലേക്ക് ആനകൾ

റോഡിന് ഇരുവശവും ആനകൾ ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ വണ്ടി ഫെൻസിങ് ഇട്ടിരിക്കുന്ന ഭാഗത്ത് സുരക്ഷിതമായി നിർത്തി. ഏകദേശം 3 മണി കഴിഞ്ഞുകാണും കാട്ടിൽ നിന്നും ആനകൾ പ്ലാന്റേഷൻ ഭാഗത്തേക്ക് ഇറങ്ങിവരുന്നത് ഒരു ദൂരകാഴ്ചയായി കണ്ടു. കണ്ടപാടെ ക്യാമറ തയാറാക്കി വച്ച് ആനകൾ കുറച്ചുകൂടി അടുത്ത് വരുവാൻ നോക്കിയിരുന്നു.

കുട്ടികളും മുതിർന്നവരും അടക്കം 7 ആനകൾ ഉള്ള കൂട്ടമായിരുന്നു അത് .അതിൽ 2 ഇളം പ്രായക്കാരായ കൊമ്പൻമാർ ഉണ്ടായിരുന്നു. കൂട്ടത്തിൽ മുതിർന്ന പിടിയാനയാണ് ആ കൂട്ടത്തിന്റെ നേതാവ്. മാത്രമല്ല അവൾ പൂർണ ഗർഭിണിയാണ്.

പ്ലാന്റേഷനിൽ ഇറങ്ങിയ ആനകൾ അവിടെ കൂടിനിന്ന് അവിടുത്തെ പുല്ലുകൾ പറിച്ച് സ്വന്തം ശരീരത്തിൽ അടിച്ച് വൃത്തിയാക്കി ഭക്ഷിക്കാൻ തുടങ്ങി. ആനകൾ പൊതുവെ ഭക്ഷണം കഴിക്കുമ്പോൾ അതിലുള്ള മണ്ണും, ചെളിയും, ചെറിയ കീടങ്ങളും പോകുവാനായി സ്വന്തം ശരീരത്തിൽ അടിച്ച് വൃത്തിയാക്കിയേ കഴിക്കൂ.

കുറച്ച് സമയം പിന്നിട്ടപ്പോൾ അതിലെ മുതിർന്ന ആന തൊട്ടപ്പുറത്തുനിൽക്കുന്ന ഒരു റബ്ബർമരം തലകൊണ്ട് ഇടിച്ച് മറിക്കാനായി ശ്രമിക്കുന്നതാണ് കണ്ടത് .വളരെയധികം പണിപ്പെടാതെ ആ മരം ഒടിഞ്ഞ് താഴെ വീണു. പിന്നീട് കണ്ട കാഴ്ചയാണ് അത്ഭുതപ്പെടുത്തിയത്! കൂട്ടമായി നിന്ന ആനകൾ എല്ലാംകൂടി ആ റബ്ബർമരത്തിന്റെ തൊലിയും ഇലകളും ഭക്ഷിക്കാൻ തുടങ്ങി. ആ മരത്തിന്റെ തോലും ഇലയും തീർന്നപ്പോൾ അടുത്ത മരവും ഒടിച്ച് ഭക്ഷിക്കുന്നു.

chimmini-elephant-rubber-plantation

ആനകൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഒന്നാണ് റബ്ബർ, കാരണം അതിലെ ചെറം അഥവാ പാല് ഇവറ്റകളുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. പ്ലാസ്റ്റിക്ക് പോലെ മാരകമാണ് റബ്ബർ. റബ്ബറിന്റെ തൊലിയിൽ ഉള്ള മധുരമാണ് ആനകൾ റബ്ബർ കൂടുതലായി ഭക്ഷിക്കാൻ കാരണമാകുന്നത്.

ഇതിന്റെ ദൂഷ്യഫലങ്ങൾ രണ്ടാണ്. ആനകളുടെ ശരീരത്തിൽ ഇവ കൂടുതലായി ചെന്നാലുള്ള കുഴപ്പവും, രണ്ട് ആനകൾ കൂടുതലായി ഇവ കഴിക്കാൻ തുടങ്ങിയാൽ റബ്ബർ കർഷകന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും.

ഒരു മുതിർന്ന ആന ഒരുദിവസം 140 മുതൽ 270 കിലോഗ്രാംവരെ ഭക്ഷണം കഴിക്കും .ഇതിൽ റബ്ബറും ഉൾപ്പെട്ടാലോ? ഇത് ഇന്ന് ചിമ്മിനിയുടെ പരിസരങ്ങളിൽ മാത്രമുള്ള പ്രതിഭാസമാണെങ്കിൽ നാളെ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും നടന്നുകൂടായികയില്ല .കാരണം കാട്ടിലെ ഭക്ഷണത്തിന്റെ അളവ് കുറയുകയും ആനകൾ നാട്ടിൽ ഇറങ്ങാൻ തുടങ്ങുകയും ചെയ്താൽ , നമ്മുടെ നാട്ടിൽ ഒട്ടുമിക്ക ഫോറസ്റ്റിനോടും ചേർന്ന് കാണുന്നത് റബർ പ്ലാന്റേഷനുകൾ ആണ ല്ലോ??? ..സ്വാഭാവികമായും ചിമ്മിനിയിലെ കാഴ്ചകൾപോലെ മറ്റുപല ഇടങ്ങളിലും നമുക്ക് ഇത് കാണേണ്ടിവരും...