ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ അവസാനം. പുരാതന ഈജിപ്ത്–നൂബിയ പ്രദേശങ്ങളുടെ അതിർത്തിയായിരുന്ന ഭാഗത്ത് ആഫ്രിക്കയിലെ വലിയ നദി നൈലിനു കുറുകെ അസ്വാൻ ഹൈ ഡാമിന്റെ നിർമാണം ആരംഭിക്കുന്ന സമയം. ചരിത്രപരമായി ലോവർ നൂബിയ എന്നറിയപ്പെടുന്ന ഒരു പ്രദേശത്തെയൊന്നാകെ വെള്ളത്തിനടിയിലാഴ്ത്തുന്ന അണക്കെട്ടാണ് ഉയരുന്നത്. അബു സിംബൽ ക്ഷേത്രസമുച്ചയവും ഫിലെ സമുച്ചയവും ഉൾപ്പടെ മാനവരാശിയുടെ അഭിമാന സ്തംഭങ്ങളായ പലതും ജലസമാധിയിലാകും. അവയുടെ രക്ഷയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോ എന്നാരാഞ്ഞ് ഈജിപ്ത്, സുഡാൻ, സിറിയ സർക്കാറുകൾ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചു.
ലോകം അതുവരെ കാണാത്ത വിധത്തിൽ പുരാവസ്തുക്കളുടെ രക്ഷാപ്രവർത്തനമാണ് തുടർന്ന് സംഭവിച്ചത്.
നൈൽ നദീതീരത്തെ ഒട്ടേറെ സൈറ്റുകളിൽ ഉദ്ഖനനം നടന്നു, നുബിയൻ സാമ്രാജ്യങ്ങളുടെ നവീന ശേഷിപ്പുകൾ കണ്ടെത്തി, ചരിത്രത്തിലേക്കു പുതുവെളിച്ചം പകർന്ന ചുരുളുകൾ വീണ്ടെടുത്തു, എല്ലാത്തിലുമുപരി, മൂവായിരത്തിലേറെ വർഷം പഴക്കമുള്ള, വലിയ പുരാനിർമിതികളെ കിലോമീറ്ററുകൾ അപ്പുറത്തേക്ക് സുരക്ഷിതമായി മാറ്റിവെച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക മേഖലകൾക്കു വേണ്ടി നിലകൊള്ളുന്ന യുനെസ്കോയുടെ മുൻകയ്യിൽ 50 ലേറെ രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് നൂബിയൻ സ്മാരകങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ അരങ്ങേറിയത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ മാനവരാശിക്കു മുഴുവൻ പ്രധാനപ്പെട്ട പല സാമൂഹ്യ, സാംസ്കാരിക, പ്രകൃതി തനിമകളുണ്ടെന്നും അവയിൽ പലതും പലവിധ ഭീഷണികൾ നേരിടുന്നവയാണെന്നും അന്ന് ലോകം തിരിച്ചറിഞ്ഞു. രാജ്യാന്തര തലത്തിൽ അഭിസംബോധന ചെയ്യപ്പെടേണ്ടതാണ് ഈ വിഷയമെന്നും ബോധ്യമായി. 1966 ൽ ഭീകരപ്രളയം നാശംവിതച്ച വെനീസിന്റെ സംരക്ഷണവും 70കളിൽ ജാവയിലെ ബോറോബുദുർ ബുദ്ധക്ഷേത്രത്തിന്റെ പുനരുദ്ധാരണവും യുനെസ്കോയുടെ ഉദ്യമങ്ങളിലേക്ക് എത്തിയതോടെ ലോക പൈതൃക സംരക്ഷണത്തിന് ഒരു വേദി നിലവിൽ വരാൻ കാലതാമസമുണ്ടായില്ല.
ഗലപഗോസ് ആദ്യ ലോകപൈതൃകം
1972 നവംബർ 16 യുനെസ്കോയുടെ പൊതുസമ്മേളനം ‘നൈസർഗികവും സാംസ്കാരികവുമായ ലോക പൈതൃകങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട’ ഉടമ്പടി അംഗീകരിച്ചു. പ്രകൃതി സംരക്ഷണവും സാംസ്കാരിക തനിമകളുടെ സംരക്ഷണവും ഒരുമിപ്പിക്കുന്ന, അവയ്ക്കിടയിൽ സന്തുലനാവസ്ഥ കണ്ടെത്തുന്ന ഉടമ്പടിയായിരുന്നു ആദ്യ സമ്മേളനം മുൻപോട്ട് വച്ചത്. 20 രാജ്യങ്ങൾ ഉടമ്പടി അംഗീകരിച്ചതോടെ 1975 ൽ ലോകപൈതൃക പദവി അർഹിക്കുന്ന സ്മാരകങ്ങളുടെ അന്വേഷണം ആരംഭിച്ചു. 1978 ൽ ആണ് ആദ്യ ലോകപൈതൃകങ്ങളെ പ്രഖ്യാപിക്കുന്നത്.

ജർമനിയിലെ ആക്കെൻ കതീഡ്രൽ, കാനഡയിലെ ലാൻസെ ഓക്സ് മീഡോസ്, നഹാനി നാഷനൽ പാർക്ക്, ഇക്വഡോറിലെ ക്വിറ്റോ നഗരം, എത്യോപ്യയിലെ സീമിയെൻ നാഷനൽ പാർക്ക്, ലാലിബേലയിലെ കരിങ്കൽ പള്ളികൾ, പോളണ്ടിലെ ക്രാക്കോ ചരിത്ര കേന്ദ്രം, വിലിക്സ്ക–ബോഷ്നിയ ഉപ്പു ഖനികൾ, സെനഗലിലെ ഗോറി ദ്വീപ് അമേരിക്കയിലെ മെസ വെർദെ നാഷനൽപാർക്ക്, യെല്ലോസ്‌റ്റോൺ നാഷനൽ പാർക്ക് എന്നിവയടക്കം 12 കേന്ദ്രങ്ങളെയാണ് ആദ്യ പട്ടികയിൽ ലോക പൈതൃക പദവി നൽകിയത്. എങ്കിലും ‘പരിണാമത്തിന്റെ പ്രദർശനശാലയും ജീവിക്കുന്ന മ്യൂസിയവു’മായ ഗലപഗോസ് ദ്വീപിനെയാണ് പ്രഥമ ലോകപൈതൃകമായി പ്രഖ്യാപിച്ചത്.
അൻപതാണ്ട്, ആയിരത്തിലേറെ പൈതൃക കേന്ദ്രങ്ങൾ
അൻപതു വർഷത്തിനിപ്പുറം 1947 രാജ്യങ്ങൾ യുനെസ്കോയുടെ ലോക പൈതൃക ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്. സാംസ്കാരികം, പ്രകൃതിദത്തം, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 167 രാജ്യങ്ങളിലെ 1154 സ്ഥലങ്ങൾ പൈതൃക പദവിയുണ്ട് ഇപ്പോൾ. കൂടാതെ ലോക പൈതൃക പദവി നഷ്ടമായ 3 സ്ഥലങ്ങളും ലോകപൈതൃക പദവി ലഭിച്ചിട്ടും വേണ്ടത്ര സംരക്ഷണമില്ലാതെ, അപകടാവസ്ഥയിലുള്ള 52 ഇടങ്ങളുമുണ്ട്.
സാംസ്കാരിക പ്രാധാന്യമുള്ള 897 സ്ഥലങ്ങളും പ്രകൃത്യ ഉള്ള 218 ഇടങ്ങളും ഇവ രണ്ടും കലർന്ന 39 എണ്ണവും ചേരുന്നതാണ് 1154 കേന്ദ്രങ്ങൾ.
ലോകസമൂഹത്തെ സംബന്ധിച്ച് വിശേഷ മൂല്യമുള്ളതും യുനെസ്കോ നിശ്ചയിച്ചിട്ടുള്ള പത്തോളം മാനദണ്ഡങ്ങളിൽ ഒന്നെങ്കിലും പാലിക്കുന്നതുമാണ് ലോക പൈതൃപദവിയിലെത്തുന്ന ഇടങ്ങൾ ഓരോന്നും. വേൾഡ് ഹെറിറ്റേജ് കൺവൻഷൻ നിശ്ചയിച്ചിരിക്കുന്ന മാതൃകയിൽ, അവർ ആവശ്യപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ അപേക്ഷകൾ ഓരോ രാജ്യവും സമർപ്പിക്കുകയാണ് പതിവ്. വർഷത്തിൽ ഒരിക്കൽ യോഗം ചേരുന്ന വേൾഡ് ഹെറിറ്റേജ് കൗൺസിൽ അതാത് വർഷങ്ങളിൽ ഈ ബഹുമതി ലഭിക്കുന്ന ഇടങ്ങളെ തിരഞ്ഞെടുക്കും. ലോകപൈതൃകമായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളും നിർമിതികളും മറ്റും കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുന്നതും പതിവാണ്.

ലോകപൈതൃക പദവിക്കായി അപേക്ഷ സമർപ്പിക്കുന്നതിന് ദീർഘമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കും മുൻപ് തന്നെ താൽക്കാലിക പട്ടികയിലേക്ക് അപേക്ഷിക്കാം. ലോകമെങ്ങും അംഗീകരിക്കത്തക്ക മൂല്യമുണ്ട് എന്ന് കണക്കാക്കുന്ന പ്രകൃതി, സാംസ്കാരിക സൈറ്റുകളുടെ പേരും അതിന്റെ മൂല്യവും പാലിക്കപ്പെട്ടിട്ടുള്ള മാനദണ്ഡവും ചൂണ്ടിക്കാട്ടി ഹെറിറ്റേജ് കൗൺസിലിനു മുൻപിൽ സമർപിക്കാം. അവർ അതു പരിശോധിച്ച് താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തുക പതിവാണ്. ഇപ്പോൾ, താൽക്കാലിക പട്ടികയിൽ ഉൾപ്പെടാത്തവയെ ലോകപൈതൃക പദവിക്കു പരിഗണിക്കില്ല.
വംശനാശ ഭീഷണിയിലുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസസ്ഥാനം നേപ്പാളിലെ ചിത്‌വൻ നാഷനൽ പാർക്കിനു ബാധിക്കാവുന്ന അണക്കെട്ട് പദ്ധതി നീങ്ങിപ്പോയതും റോമിലെ ചരിത്രപ്രസിദ്ധമായ ഡെൽഫിയുടെ സമീപത്തു നിന്ന് അലുമീനിയം പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചതും കെനിയയിലെ പ്രകൃതിദത്ത വനങ്ങളിലെ അനധികൃത മരംമുറിക്കൽ നിയന്ത്രിക്കാനായതും ഒക്കെ ലോകപൈതൃക പദവി സംരക്ഷിക്കാനായിട്ടായിരുന്നു. ബോറോബുദുരിലെ ബുദ്ധക്ഷേത്ര സംരക്ഷണം അത്യപൂർവമായ നേട്ടമായി കണക്കാക്കുന്നു.
പൈതൃക കേന്ദ്രങ്ങളുടെ എണ്ണത്തിൽ ആറാമത്
ഏറ്റവും കൂടുതൽ ലോകപൈതൃകങ്ങളുള്ള ഇറ്റലി (58), ചൈന (56), ജർമനി(51), ഫ്രാൻസ്(49), സ്പെയിൻ(49) എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിലാണ് ഏറെ ലോകപൈതൃക സ്ഥലങ്ങളുള്ളത്–40. 1977 നവംബറിലാണ് ഇന്ത്യ ലോകപൈതൃക ഉടമ്പടിയുടെ ഭാഗമായത്. ആഗ്ര കോട്ടയും അജന്ത, എല്ലോറ ഗുഹകളും താജ്മഹലും ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോകപൈതൃകങ്ങളായി പ്രഖ്യാപിച്ചു. 32 സാംസ്കാരിക പൈതൃകങ്ങളും 7 പ്രകൃതി പൈതൃകങ്ങളും സാംസ്കാരിക–പ്രകൃതി പൈതൃകങ്ങൾ ഇടകലർന്ന കാഞ്ചൻ ജംഗ ദേശീയോദ്യാനവും ആണ് ഇപ്പോൾ പട്ടികയിലുള്ളത്.

കാസിരംഗ, മാനസ്, കിയോലഡിയോ, സുന്ദർബൻ, മഹാഹിമാലയൻ ദേശീയോദ്യാനങ്ങളും നന്ദാദേവി ദേശീയോദ്യാനവും പൂക്കളുടെ താഴ്‌വരയും ചേർന്നതും പശ്ചിമഘട്ടവുമാണ് രാജ്യത്തെ ഏഴ് പ്രകൃതിദത്ത ലോക പൈതൃകങ്ങൾ.
സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെക്കൂടി പ്രതിനിധീകരിക്കുന്നവയാണ്. ഹംപി, പട്ടഡക്കൽ, കൊണാർക്ക് സൂര്യക്ഷേത്രം, മഹാബലിപുരം ക്ഷേത്രങ്ങൾ, ഖജുരഹോ, ചോളക്ഷേത്രങ്ങൾ, രാമപ്പക്ഷേത്രം, സാഞ്ചി, എലഫന്റ ഗുഹ, ഫത്തേപുർ സിക്രി, ഹുമയൂണിന്റെ ടോംബ്, കുത്തുബ് മിനാർ, മഹാബോധി ക്ഷേത്രം, ഭീംബേട്ക, ചംപനീർ പാവ്ഗഡ്, റെഡ്ഫോർട്, ജന്തർ മന്ദർ, രാജസ്ഥാൻ കോട്ടകൾ, റാണി കി വാവ്, അഹമ്മദാബാദ് നഗരം, മുംബൈയിലെ ഗോഥിക് നിർമിതികൾ, സിന്ധുനദീതട സംസ്കാര ശേഷിപ്പായ ധോലാവിര, ഗോവയിലെ പള്ളികളും കവനന്റുകളും മൗണ്ടൻ റെയിൽവേ, മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.

ചണ്ഡിഗഡ് ക്യാപിറ്റൽ സമുച്ചയം ഇന്ത്യയിലെ ലോകപൈതൃകങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്. ആധുനികതാ പ്രസ്ഥാനത്തിൽ നിർമാണരംഗത്ത് ഏറെ സംഭാവന നൽകിയ ഫ്രഞ്ച് ആർകിടെക്റ്റ് ലെ കുർബൂസിയറിന്റെ സംഭാവനകളെ ഒരുമിച്ച് ലോകപൈതൃകമായി പ്രഖ്യാപിച്ചപ്പോൾ അർജന്റി, ബെൽജിയം, സ്വിറ്റ്സർലാൻഡ്, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നിർമിതികൾക്കൊപ്പം കുർബുസിയർ രൂപകൽപന നിർവഹിച്ച ചണ്ഡിഗഡ് നഗരത്തിനും ആ ബഹുമതി ലഭിച്ചു. വിവിധരാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക ലോകപൈതൃകമാണ് ഇത്.
ഇന്ത്യയിൽ നിന്ന് നാമനിർദേശം ചെയ്ത ഇടങ്ങളിൽ 49 എണ്ണം ഇപ്പോൾ താൽക്കാലിക പട്ടികയിലുള്ളത്. അതിൽ പദ്മനാഭപുരം കൊട്ടാരവും മട്ടാഞ്ചേരി പാലസും കേരളവുമായി ചേർന്നു നിൽക്കുന്നവയാണ്.

കെട്ടിടങ്ങളും ചരിത്രശേഷിപ്പുകളും മാത്രമല്ല പൈതൃകം
മനുഷ്യ നിർമിതികളും പ്രകൃതിയുടെ സമ്മാനങ്ങളുമായ പൈതൃകങ്ങളെ അടയാളപ്പെടുത്തി വരുമ്പോഴാണ് ഭൂമിയ പല ഭാഗത്തായി കിടക്കുന്ന വിവിധ സമൂഹങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും നാട്ടറിവുകളുമായ പല കാര്യങ്ങളും നഷ്ടമാകുന്നു, രേഖപ്പെടുത്താതെ പോകുന്നു എന്നു തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഇൻടാൻജിബ്ൾ പൈതൃകങ്ങൾക്കായി 2003 ൽ പ്രത്യേകം ഉടമ്പടി തയാറാക്കി. കൊൽക്കത്തയിലെ ദുർഗാപൂജ, കുംഭമേള, പാഴ്സികളുടെ പുതുവർഷം നൗറോസ്, യോഗ, പഞ്ചാബിലെ പരമ്പരാഗത ചെമ്പ്, ഓട് പാത്രനിർമാണം, മണിപ്പുരിലെ പ്രാർഥനാ ആചാരമായ സങ്കീർത്തനം, ലഡാക്കിലെ ബുദ്ധമത വിശ്വാസികളുടെ ജപം, ഛൗനൃത്തം,

രാജസ്ഥാനിലെ കൽബേലിയ നാടൻ ഗാനങ്ങൾ, മുടിയേറ്റ്, ഗഡ്‌വാളിലെ രമ്മൺ, പരമ്പരാഗത വേദാലാപന ശൈലി, കൂടിയാട്ടം, രാംലീല ആഘോഷം എന്നിവ ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ഇതുവരെ.
സഞ്ചാരികൾക്കു ചെല്ലാനാകാത്ത പൈതൃക കേന്ദ്രം
മനുഷ്യരുടെ വളർച്ചയുടെയും പുരോഗതിയുടെയും നാഴികക്കല്ലായി അടയാളപ്പെടുത്തേണ്ട സ്ഥലങ്ങളെ ലോകപൈതൃകമായി പ്രഖ്യാപിക്കുന്നതിലൂടെ അതിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് യുനെസ്കോ ചെയ്യുന്നത്. മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ പോകുന്നതിനാലും സ്മാരകങ്ങൾ ജീർണമായതിനാലും ലോകപൈതൃപദവി നീക്കം ചെയ്യപ്പെട്ട ഏതാനും സ്മാരകങ്ങളുണ്ട്. സംരക്ഷണയ്ക്കും പരിപാലനത്തിലും ഏറെ ശ്രദ്ധ ആവശ്യമായ സൈറ്റുകൾ എന്ന പട്ടികയിലുള്ളവ ഒട്ടേറെ. ലോകപൈതൃകമായി പ്രഖ്യാപിക്കുന്നതോടെ അവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കാണുന്നത്. അത് ആ പ്രദേശത്തെ ജനങ്ങളുടെ പലവിധ വരുമാന മാർഗങ്ങളിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ട്.
ഭൂമിയുടെ തെക്കേ അറ്റത്തുള്ള പൈതൃക കേന്ദ്രം ഓസ്ട്രേലിയൻ തീരത്തെ മക്കാറി ദ്വീപ് മുതൽ വടക്കേ അറ്റത്തെ റാങ്ഗ്ലർ ദ്വീപ് വരെയുള്ള പൈതൃക കേന്ദ്രങ്ങളിൽ ചൈനയിലെ വിലക്കപ്പെട്ട നഗരവും വൻമതിലും റോമിലെ പൈതൃകങ്ങളും ആണ് ഏറ്റവുമധികം സന്ദർശകർ എത്തുന്ന ഇടങ്ങൾ. എന്നാൽ സന്ദർശകർക്ക് ചെല്ലാനാകാത്ത ലോകപൈതൃകം കേന്ദ്രമാണ് ഐസ്‌ലൻഡിന്റെ ഭാഗമായ സർട്സെ ദ്വീപ്. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെട്ട ദ്വീപിലേക്ക് വർഷത്തിൽ ഒന്നോ രണ്ടോ വട്ടം ഗവേഷണ ആവശ്യങ്ങൾക്ക് പത്ത് ശാസ്ത്രജ്ഞൻമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
ഒരുകാലത്ത് ഏഴ് അദ്ഭുതങ്ങളായിരുന്നു ലോകത്തുണ്ടായിരുന്നതെങ്കിൽ ഇന്ന് യുനെസ്കോയുടെ ലോകപൈതൃകങ്ങളെല്ലാം ഓരോ വിധത്തിൽ അദ്ഭുതക്കാഴ്ചകളാകുകയാണ്. അൻപതു വർഷത്തിനിപ്പുറം ഇനിയും പ്രാതിനിധ്യമേറെ ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റും കൂടുതൽ പ്രതിനിധാനങ്ങളെത്തുന്നതോടെ ലോകചരിത്രത്തിന്റെ വേറിട്ട ആഖ്യാനമായി മാറും ലോകപൈതൃകങ്ങൾ.