ബ്രഹ്മപുത്ര നദിയുടെ ഓരം ചേർന്നുളള നിലാചലകുന്നിൻ മുകളിലാണ് കാമദേവൻ പണി കഴിപ്പിച്ചതെന്ന് കരുതുന്ന കാമാഖ്യ ക്ഷേത്രം. ശക്തിയാണ് ഇവിടുത്തെ ദേവ സങ്കൽപം. സ്ത്രീകൾക്കാണ് ഈ ക്ഷേത്രത്തിൽ പ്രഥമ പരിഗണന. ചില ദിവസങ്ങളിൽ സ്ത്രീകൾക്കു മാത്രമേ പ്രവേശനമുള്ളൂ. സ്ത്രീ ഇവിടെ ശക്തി സ്വരൂപിണിയാണ്, ആരാധ്യയാണ്.
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണു കാമാഖ്യ ക്ഷേത്രം, ഇന്ത്യയിലെ മഹാനദികളിൽ ഒരേയൊരു പുരുഷനാമധാരിയായ ‘ബ്രഹ്മപുത്ര’യാണ് സമീപത്തുകൂടി ഒഴുകുന്നത്. കാമാഖ്യ ദേവിയെപ്പറ്റി ദേവീ പുരാണത്തിലും ദേവീഭാഗവതത്തിലും കലിക പുരാണത്തിലും യോഗിനീതന്ത്രത്തിലും ഹെവജ്യതന്ത്രത്തിലും പരാമർശങ്ങളുണ്ട്.
ഐതിഹ്യങ്ങളാൽ സമൃദ്ധമാണു കാമാഖ്യ. ക്ഷേത്രവും അനുബന്ധങ്ങളും പതിനേഴാം നൂറ്റാണ്ടിലാണു നിർമിച്ചതെന്നു കരുതപ്പെടുന്നു. ചരിത്രത്തെക്കുറിച്ച് പുരാവസ്തു വകുപ്പ് കൃത്യമായൊരു നിഗമനത്തിൽ എത്തിയിട്ടില്ല. അതിനാൽത്തന്നെ കാമാഖ്യ ക്ഷേത്രത്തിന്റെ ഉൽപത്തി ചരിത്രവും ഐതിഹ്യങ്ങളുമായി ഗാഢബന്ധം തുടരുന്നു.
ബ്രഹ്മപുത്ര നദിയുടെ സാമീപ്യവും നിലാചല കുന്നിന്റെ ഭംഗിയും ക്ഷേത്രത്തിന് ചാരുത പകരുന്നു. ഇവിടെയെത്തുന്ന ഭക്തരിൽ സ്ത്രീകൾ നിരവധി നേട്ടങ്ങൾക്കായി പ്രാർഥിക്കുന്നു. മുറതെറ്റിയ ആർത്തവം, സന്താനലബ്ധി, ഉന്നതവിദ്യാഭ്യാസം, സ്ഥാനലബ്ധി എന്നിവയ്ക്കെല്ലാം പരിഹാരം നൽകുന്ന ദൈവിക സാന്നിധ്യം ക്ഷേത്രത്തിലുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു.
ഇല്ല, അവിടെ നരബലിയില്ല
ഒരൽപം ഭീതിയോടെയും എന്നാൽ വിശ്വാസങ്ങളെ കൂട്ടുപിടിച്ചും അവിടത്തുകാരിലൊരാൾ കാമാഖ്യയിലെ ആചാരങ്ങളെക്കുറിച്ചു ചില കാര്യങ്ങൾ പങ്കുവച്ചു.
‘‘സംഹാരരുദ്രയാണു കാമാഖ്യ ദേവി. പണ്ട് ദേവീപ്രീതിക്കായി കുഞ്ഞുങ്ങളെ ബലികൊടുത്തിരുന്നത്രേ. അതിനാൽത്തന്നെ പണ്ട് അമ്മമാർ കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ വരാറില്ല’’
ക്ഷേത്രത്തിനു സമീപത്തു ജനിച്ചു വളർന്നയാൾ പറയുന്നത് അദ്ദേഹം കേട്ടറിഞ്ഞ കഥകളാണ്. അവിടേക്ക് കുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകൾ ദർശനത്തിനു വരുന്നതു നേരിൽ കാണാൻ സാധിച്ചു. ക്ഷേത്രം തുറക്കുന്നതിനു മുൻപ് ബലി ചടങ്ങ് നടത്താറുണ്ട്. ബലി പൂജ നടക്കുന്ന സമയത്ത് ഭക്തർക്ക് പ്രവേശനമില്ല.
അസമിന്റെ പുരോഗതിക്കു തറക്കല്ലിട്ടത് കോച്ച്, അഹോം രാജവംശങ്ങളാണ്. അവരുടെ ഭരണകാലത്താണ് കാമാഖ്യ ക്ഷേത്രത്തിനു വലിയ പ്രാധാന്യം ലഭിച്ചത്. രാജാക്കന്മാർ കാമാഖ്യയിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തി. രണ്ടോ മൂന്നോ തവണ ക്ഷേത്രത്തിന്റെ വലിപ്പം കുറഞ്ഞതായി പഠനങ്ങളിൽ തെളിഞ്ഞു. അതെന്തായാലും ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ വാസ്തുഭംഗി മനോമോഹനമാണ്.
കാമാഖ്യ എന്ന പേരിന്റെ ഐതിഹ്യം പ്രണയത്തിന്റെ മൂർത്തിയായി കരുതപ്പെടുന്ന കാമദേവനാണ്. അസമിലെ കഥകൾ പ്രകാരം പണ്ടു കാലത്തു കാമദേവൻ സുന്ദരനല്ല. നിലാചലയിൽ എത്തിയപ്പോഴാണത്രേ കാമദേവൻ സുന്ദരനായത്. ആ കഥ ഇങ്ങനെ:
ബാഹ്യസൗന്ദര്യം ഇല്ലാത്ത കാമദേവൻ കറങ്ങിത്തിരിഞ്ഞ് നിലാചല കുന്നിലെത്തി. അവിടെ എത്തിയപ്പോൾ കാമദേവനു സൗന്ദര്യം വർധിച്ചു. ‘ഗ്ലാമർ’ നേടിയ കാമദേവനിൽ ആകൃഷ്ടരായി യുവതികൾ തിക്കിത്തിരക്കി. തനിക്കു വന്നു ചേർന്ന ഐശ്വര്യത്തിൽ സന്തോഷവാനായ കാമദേവൻ ഉടൻ തന്നെ വിശ്വകർമാവിനെ സമീപിച്ചു. കാമദേവന്റെ ആഗ്രഹ പ്രകാരം വിശ്വകർമാവ് ക്ഷേത്രം നിർമിച്ചു നൽകി.
ഇതേ ക്ഷേത്രത്തിനു നരകാസുരനുമായി ബന്ധമുള്ളൊരു കഥയുമുണ്ട്. നരകാസുരനെ നിഗ്രഹിച്ചത് കാമാഖ്യ ദേവിയാണെന്നു വശ്വസിക്കുന്നവർ നിരവധിയുണ്ട്. ദേവിയുടെ കൈകളാൽ നിഗ്രഹിക്കപ്പെട്ടപ്പോൾ അസുരനു മോക്ഷം കിട്ടി. തനിക്കു മോക്ഷം നൽകിയ ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കാൻ നരകാസുരൻ ഒരു ക്ഷേത്രം നിർമിച്ചു.
ജൂണിലെ അംബുബാച്ചി
കാമാഖ്യ ക്ഷേത്രത്തിന്റെ പുരാണത്തിൽ ഏറ്റവും പ്രചാരം നേടിയ കഥ പരമശിവനുമായി ബന്ധമുള്ളതാണ്. ദക്ഷപുത്രിയായ സതിയാണ് ശിവന്റെ ആദ്യ ഭാര്യ. ചുടലയിലെ ചാരം വാരിയണിഞ്ഞ് പാമ്പിനെ കഴുത്തിലിട്ടു നടക്കുന്ന ശിവനു തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുന്ന കാര്യത്തിൽ ദക്ഷന് വിയോജിപ്പുണ്ടായിരുന്നു. പക്ഷേ, ദക്ഷൻ കരുതിയതു പോലെയല്ല പിന്നീടുള്ള കാര്യങ്ങൾ നടന്നത്. അതിനാൽത്തന്നെ, താൻ നടത്തുന്ന യാഗത്തിലേക്ക് അതിഥികളായി ദേവലോകത്തുള്ള എല്ലാവരേയും ക്ഷണിച്ചപ്പോൾ ശിവനെ മാത്രം ദക്ഷൻ ഒഴിവാക്കി.
കാര്യം മനസ്സിലാക്കിയ ശിവൻ കുപിതനായി. ഭർത്താവിനു നേരിട്ട അപമാനത്തിൽ മനംനൊന്ത സതി അഗ്നിയിൽ ചാടി ജീവനൊടുക്കി. ദുഖവും ദേഷ്യവും സഹിക്ക വയ്യാതെ ശിവൻ അഗ്നിക്ണ്ഡത്തിൽ നിന്നു സതിയുടെ മൃതദേഹ കോരിയെടുത്ത് സർവനാശം വരുത്തും വിധം താണ്ഡവ നൃത്തം ആരംഭിച്ചു. ശിവതാണ്ഡവത്തിൽ ഏഴു ലോകങ്ങളും വിറച്ചു. യാതൊരു തരത്തിലും ശിവനെ തടയുവാനാവാനാകില്ലെന്ന് ഉറപ്പായതോടെ മഹാവിഷ്ണു ചക്രായുധം പ്രയോഗിച്ചു. സതിയുടെ മൃതദേഹം അൻപത്തൊന്നു കഷണങ്ങളായി ചിതറിത്തെറിച്ച് ഭൂമിയിൽ പതിച്ചു. ദക്ഷപുത്രിയുടെ മാംസഭാഗങ്ങൾ വന്നു വീണ സ്ഥലങ്ങളെല്ലാം ശക്തി കേന്ദ്രങ്ങളായി. സതിയുടെ ജനനേന്ദ്രിയം നിലാചലത്തിലാണു ചെന്നു പതിച്ചത്.
യോനിയുടെ ആകൃതിയിലുള്ള പാറയാണ് കാമാഖ്യയിലെ പ്രധാന പ്രതിഷ്ഠ. ദേവി രജസ്വലയാകുന്ന ദിനത്തിൽ ഇവിടെ വിശേഷ ചടങ്ങളുകളോടെ ആചരിക്കപ്പെടുന്നു. യോനിയുടെ സ്ഥാനത്തുള്ള ഒരു പാറവിടവിൽ നീരുറവയുണ്ട്. ഇതിലെ ജലവും ബ്രഹ്മപുത്രയിലെ ജലവും ചില മാസങ്ങളിൽ ചുവപ്പു നിറമാകും. കാമാഖ്യ ദേവിക്ക് ആർത്തവമുണ്ടാകുമ്പോൾ രക്തം കലർന്നാണ് ബ്രഹ്പുത്ര ചുവപ്പു നിറമാകുന്നതെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്.
‘ദേവി തൃപ്പുത്താകുന്ന’ ദിനം വിശ്വാസികൾക്ക് അദ്ഭുതക്കാഴ്ചയാണ്. അപ്പോഴാണ് അംബുബാച്ചി ഉത്സവം ആഘോഷിക്കാറുള്ളത്. ജൂൺ മാസത്തിലാണ് ഈ ആഘോഷം നടത്താറുള്ളത്,
കോസ്മിക് രശ്മികളുടെ തീവ്രമായ പ്രവർത്തനം മൂലം ശക്തിസ്വരൂപിണിയായ സ്ത്രീയിലുണ്ടാവുന്ന ഊർജത്തിന്റെ ശക്തിയും ഭൂമിയുടെ ഭ്രമണോർജവും ചേർന്ന പ്രക്രിയയാണ് ഇതെന്നു ഭക്തർ വിശ്വസിക്കുന്നു. ഭൂമി പുത്തനുണർവോടെ ഉൽപാദനക്ഷമാവുമെന്നുള്ള വിശ്വാസത്തോടെ അവർ തൃപ്പുത്ത് ആഘോഷിക്കുന്നു.
അതേസമയം, ബ്രഹ്മപുത്രയിലെ വെള്ളം ചുവക്കുന്നതിനു ശാസ്ത്ര വിശദീകരണമുണ്ട്. നിലാചലയിലും പരിസരത്തും മണ്ണിൽ ഇരുമ്പിന്റെ അംശം കൂട്ടതലാണ്. മെർക്കുറി ഓക്സൈഡുകളുടെയും സാന്നിധ്യമുണ്ട്. അതിനാലാണു വെള്ളത്തിനു ചുവപ്പു നിറമെന്നു ഗവേഷകർ പറയുന്നു. ഭൂഗർഭ മർദം വ്യത്യാസപ്പെടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും അവർ വിശദീകരിക്കുന്നു.
അസമീസ് ചിത്രകല ആകർഷകമാണ്. കാമാഖ്യ ക്ഷേത്രത്തിന്റെ മുകൾ ഭാഗം ശിൽപചാതുരി വ്യക്തമാക്കുന്നു. താഴികക്കുടമുള്ളതും അർധഗോള കൃതിയിലുള്ളതുമാണ് ക്ഷേത്രത്തിന്റെ മുകൾഭാഗം. ശ്രീകോവിലിനുള്ളിൽ ദേവീദേവന്മാരുടെ രൂപങ്ങളുണ്ട്. ചുമരുകളിൽ മനോഹരമായ കൊത്തുപണികൾ.
ദർശനത്തിന് എത്തുന്നവരെ പ്രതീക്ഷിച്ച് ക്ഷേത്രത്തിനു സമീപം വലിയ വിപണിയായി മാറിയിട്ടുണ്ട്. അവിടേ എത്തുന്നതു വരെയുള്ള യാത്രയ്ക്കിടയിലും ഷോപ്പിങ്ങിന് നിരവധി അവസരങ്ങളുണ്ട്.
നിറം മങ്ങാത്ത കാഴ്ചകൾ
കൊൽക്കത്തയിൽ നിന്നും 1000 കിലോമീറ്റർ അകലെയാണു ഗുവാഹത്തി. ട്രെയിൻ യാത്രയിൽ ബാവുൽ ഗായകരുടെ സംഗീതം കേൾക്കാം. തുഛമായ വിലക്ക് ബംഗ്ളാദേശി കോട്ടൻ ഉൽപന്നങ്ങളുമായി കച്ചവടക്കാരെത്തും. ധാരാളം തട്ടുകടകളും പച്ചക്കറി വണ്ടികളും ചന്തകളും ഗുവാഹത്തിയിലുണ്ട്. നാടൽ പച്ചക്കറികളും തേങ്ങയും, മാങ്ങയും ചക്കയുമെല്ലാം വഴിയോരക്കടകളിൽ സുലഭം. പോക്കറ്റിന്റെ കനത്തിനൊത്ത് താമസ സൗകര്യങ്ങളുമുണ്ട്.
റെയിൽവെ സ്റ്റേഷനിൽ നിന്ന് ക്ഷേത്രത്തിലേക്ക് 8 കിലോമീറ്റർ. ബസ് സ്റ്റേഷനിൽ നിന്ന് 9 കിലോമീറ്റർ. 18 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. പ്രാദേശിക സഞ്ചാരത്തിന് ഷെയർ ഓട്ടോ, പ്രീപെയ്ഡ് ഓട്ടോ, ടാക്സി, ബസ്, റിക്ഷ എന്നിവയുണ്ട്.
ബ്രഹ്മപുത്രയിലെ ബോട്ട് സവാരി മറക്കാനാവാത്ത അനുഭവമാണ്. ആളുകളെ കുത്തിനിറച്ച് ബ്രഹ്മപുത്രയിലൂടെ ഒഴുകി നീങ്ങുന്ന ബോട്ടുകൾ കൗതുകകരമായ കാഴ്ച തന്നെ. കഷ്ടപ്പാടുകളിൽ നിന്നു കരകയറാനുള്ള മനുഷ്യരുടെ പ്രയാണമാണ് അവിടെ കണ്ടത്. നിറമുള്ളതും മങ്ങിയതുമായ ജീവിതത്തിന്റെ നേർചിത്രങ്ങൾ എക്കാലത്തും ഓർമയിൽ നിൽക്കും.